

കഴിഞ്ഞ മെയ് മാസത്തില്‍ വെനസ്വേലയില്‍ വെച്ച് മരണപ്പെട്ട ഇന്ത്യന്‍ നാവികന്റെ മൃതദേഹം ആന്തരികാവയവങ്ങള്‍ ഒന്നുമില്ലാത്ത നിലയില്‍ നാട്ടിലെത്തിച്ചു. ഉത്തര്‍പ്രദേശ് ദേവരീയ സ്വദേശിയായ മുപ്പത്തിമൂന്നുകാരനായ രാകേഷ് ചൗഹാന്‍ ഡ്യൂട്ടിക്കിടെ ഹൃദയാഘാതം മൂലം മരണപ്പെട്ടുവെന്നാണ് കുടുംബത്തെ അറിയിച്ചത്. തലച്ചോറും ഹൃദയവും കരളും ഉള്‍പ്പെടെയുള്ള പ്രധാന അവയവങ്ങള്‍ പൂര്‍ണ്ണമായും നീക്കം ചെയ്ത നിലയിലാണ് മൃതദേഹം ജന്മനാട്ടില്‍ എത്തിച്ചത്. വെനസ്വേലന്‍ അധികൃതരുടെ ഭാഗത്തുനിന്നുള്ള ഔദ്യോഗിക വിശദീകരണമോ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടോ ഇല്ലാതെ മൃതദേഹം ഇന്ത്യയിലേക്ക് അയച്ചതിനെതിരെ 'ഫെഡറേഷന്‍ ഓഫ് സീഫെറേഴ്‌സ് യൂണിയന്‍സ് ഓഫ് ഇന്ത്യ' (എഫ്എസ്‌യുഐ) ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. സംഭവത്തില്‍ അന്താരാഷ്ട്ര തലത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നാണ് യൂണിയന്റെ ആവശ്യം.
അപ്രതീക്ഷിതമായി എത്തിയ മരണവാര്‍ത്ത
മുംബൈയില്‍ ഭാര്യയും ആറുമാസം പ്രായമുള്ള മകനും പിതാവും സഹോദരനുമൊപ്പം താമസിച്ചിരുന്ന രാകേഷ് ചൗഹാന്‍, കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത ലക്ഷ്യമിട്ടാണ് ലക്ഷങ്ങള്‍ കടം വാങ്ങി 2025 നവംബറില്‍ മര്‍ച്ചന്റ് നേവിയില്‍ ചേരുന്നത്. വെനസ്വേലയില്‍ അസിസ്റ്റന്റ് മറൈന്‍ ഫിറ്റര്‍ ആയി ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. 'എക്‌സ്ഫിനിറ്റി' (Xfinity) എന്ന കമ്പനിയാണ് രാകേഷിനെ കപ്പലിലേക്ക് അയച്ചത്. മെയ് ഏഴിന് രാകേഷിന്റെ പിതാവ് രാംദേവ് ചൗഹാന് കമ്പനിയില്‍ നിന്ന് ഒരു ഫോണ്‍ കോള്‍ വന്നു. കപ്പലില്‍ വെച്ച് രാകേഷ് തലകറങ്ങി വീണതായും പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും കമ്പനി അറിയിച്ചു. തൊട്ടടുത്ത ദിവസം രാവിലെ, രാകേഷിന്റെ നില അതീവ ഗുരുതരമാണെന്നും ജീവന്‍ രക്ഷിക്കാന്‍ അഞ്ചു ശതമാനം മാത്രമാണ് സാധ്യതയെന്നും കമ്പനി അധികൃതര്‍ കുടുംബത്തെ അറിയിച്ചു. അന്ന് വൈകുന്നേരത്തോടെ രാകേഷ് മരണപ്പെട്ടതായി കമ്പനി സ്ഥിരീകരിച്ചു. കപ്പലില്‍ വീണതിനെ തുടര്‍ന്നുണ്ടായ പരിക്കുകളും ചികിത്സയ്ക്കിടെയുണ്ടായ ഹൃദയാഘാതവുമാണ് മരണകാരണമെന്നാണ് കമ്പനി അവകാശപ്പെട്ടത്.
ഇന്ത്യയില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍
മരണവിവരം അറിഞ്ഞ് ഏകദേശം ഒരു മാസത്തിന് ശേഷമാണ് മൃതദേഹം ജന്മനാടായ ദേവരീയയില്‍ എത്തിച്ചത്. വിദേശത്തുവെച്ച് പോസ്റ്റ്മോര്‍ട്ടം നടത്തിയിട്ടുണ്ടെന്ന വിവരം കമ്പനി കുടുംബത്തില്‍ നിന്ന് മറച്ചുവെച്ചിരുന്നു. അതിനാല്‍ മൃതദേഹം പരിശോധിച്ച ഇന്ത്യയിലെ ഡോക്ടര്‍മാര്‍ രണ്ടാമതൊരു പോസ്റ്റ്മോര്‍ട്ടം നടത്താന്‍ വിസമ്മതിച്ചു. എന്നാല്‍ കുടുംബത്തിന്റെ പരാതിയെ തുടര്‍ന്ന് ദേവരീയ ജില്ലാ മജിസ്ട്രേറ്റ് മധുസൂദന്‍ ഹുല്‍ഗി പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചതോടെയാണ് രണ്ടാമത്തെ പോസ്റ്റ്മോര്‍ട്ടം നടന്നത്. പോസ്റ്റ്മോര്‍ട്ടത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്.
രാകേഷിന്റെ ശരീരത്തില്‍ ഒരു ആന്തരികാവയവം പോലും ബാക്കിയുണ്ടായിരുന്നില്ല. തലച്ചോറ്, ഹൃദയം, പ്ലീഹ, കരള്‍, പാന്‍ക്രിയാസ്, പിത്തസഞ്ചി, രണ്ട് വൃക്കകള്‍, ശ്വാസകോശം, കുടലുകള്‍, കൊറോണറി ധമനികള്‍, മൂത്രസഞ്ചി എന്നിവയെല്ലാം ശരീരത്തില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടിരുന്നു. രാസപരിശോധനയ്ക്കായി ശരീരത്തില്‍ ഒരു അവയവവും ഇല്ലാത്തതിനാല്‍ ഡോക്ടര്‍മാര്‍ക്ക് മരണകാരണം കണ്ടെത്താനായില്ല. കൂടാതെ, മൃതദേഹത്തിന്റെ കഴുത്ത് മുതല്‍ അടിവയര്‍ വരെ 22 തുന്നലുകളും, ഇടത് ചെവി മുതല്‍ വലത് ചെവി വരെ തലയുടെ പിന്‍ഭാഗത്തുകൂടി 21 തുന്നലുകളും ഉള്‍പ്പെടെ ആകെ 43 തുന്നലുകള്‍ കണ്ടെത്തിയിട്ടുണ്ട്.
'രണ്ട് കണ്ണുകളും വായും അടഞ്ഞ നിലയിലായിരുന്നു. ശരീരം നീലനിറമായി മാറിയിരുന്നു, ചില ഭാഗങ്ങളില്‍ ചര്‍മ്മം അടര്‍ന്നുപോന്നിട്ടുണ്ട്. മൃതദേഹം 07-05-2026 മുതല്‍ 05-06-2026 വരെ ഡീപ് ഫ്രീസറിലാണ് സൂക്ഷിച്ചിരുന്നത്', റിപ്പോര്‍ട്ടില്‍ ഡോക്ടര്‍മാര്‍ ഇങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട്. തലച്ചോറിനെ മൂടിയിരിക്കുന്ന പാളികളും രക്തക്കുഴലുകളും കാണാനില്ലെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മരണകാരണം വ്യക്തമാകുന്നതിനുള്ള പരിശോധനകള്‍ക്കായി ഹൃദയം, പിത്തസഞ്ചി, വൃക്കകള്‍ തുടങ്ങിയ മിക്ക അവയവങ്ങളും മാറ്റാറുണ്ട്. എന്നാല്‍, രാകേഷ് എങ്ങനെയാണ് മരിച്ചതെന്നതിനെക്കുറിച്ച് വെനസ്വേലന്‍ അധികൃതരോ കപ്പല്‍ കമ്പനിയോ വ്യക്തമായ വിശദീകരണം നല്‍കാത്തതാണ് സംശയങ്ങള്‍ക്ക് കാരണമായത്.
കൂടാതെ മൃതദേഹം കൈപ്പറ്റിയതുമായി ബന്ധപ്പെട്ട രേഖകളില്‍ രാകേഷിന്റെ ഭാര്യ രഞ്ജന ചൗരസ്യയ്ക്ക് പകരം അഞ്ജന ചൗരസ്യ എന്ന വ്യാജ പേരിലാണ് ഒപ്പിട്ടിരിക്കുന്നത്. തൊഴില്‍ കരാറില്‍ പറഞ്ഞിരിക്കുന്ന കപ്പലിന്റെ പേരല്ല രേഖകളില്‍ ഉള്ളതെന്നും എഫ്എസ്‌യുഐ ആരോപിക്കുന്നു.
The body of 33-year-old Indian seafarer Rakesh Chauhan, who died while on duty in Venezuela in May 2026, was returned to India with several major internal organs missing, triggering outrage and demands for an international investigation. His family was initially informed that he had suffered a heart attack after collapsing aboard the vessel. However, a second post-mortem conducted in India revealed that vital organs, including the brain, heart, liver, lungs, kidneys, spleen, pancreas, intestines, gallbladder, bladder, and coronary arteries, had been removed.