

കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ ഷാൾ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം സ്വന്തം നാടായ ബിഹാറിലേക്ക് രക്ഷപ്പെട്ട 24 വയസുകാരനെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായും തുടർന്ന് ഇയാളെ ബെംഗളൂരുവിലെത്തിച്ചതായും പൊലീസ് അറിയിച്ചു.
ജൂലൈ 25ന് ബെംഗളൂരുവിലെ കുംബളഗോഡുവിലാണ് കേസിനാസ്പതമായ സംഭവം നടന്നത്. ധീരജ് കുമാർ എന്ന യുവാവാണ് ഭാര്യ റീമ കുമാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ബെഡ്ഷീറ്റിൽ പൊതിഞ്ഞ് വാടകവീട്ടിൽ ഉപേക്ഷിച്ച് രക്ഷപ്പെട്ടത്.
പ്രണയത്തിലായിരുന്ന ധീരജും റീമയും പത്ത് മാസം മുമ്പാണ് വിവാഹിതരായത്. റീമയുടെ വീട്ടുകാരുടെ സമ്മതമില്ലാതെയായിരുന്നു വിവാഹം. തുടർന്ന് ഇരുവരും ബെംഗളൂരുവിൽ താമസം ആരംഭിച്ചു. എന്നാൽ കാര്യങ്ങൾ മാറിമറിഞ്ഞത് വിവാഹശേഷമായിരുന്നു. ഇരുവരും തമ്മിൽ തർക്കവും വഴക്കും നിത്യസംഭവമായി.
വിവാഹം കഴിഞ്ഞതോടെ റീമക്ക് തന്നോടുള്ള ശ്രദ്ധ കുറഞ്ഞെന്നും മുഴുവൻ സമയവും മൊബൈൽ ഫോണിൽ റീൽസ് ചിത്രീകരിക്കലായിരുന്നുവെന്നും വീട്ടുജോലികളിലോ ഭക്ഷണം തയ്യാറാക്കുന്നതിലോ താൽപര്യം കാണിച്ചിരുന്നില്ലെന്നും ധീരജ് പൊലീസിനോട് പറഞ്ഞു. കൂടാതെ റീമ നിരന്തരം ബിഹാറിലേക്ക് മടങ്ങിപ്പോകണമെന്ന് ആവശ്യപ്പെട്ടിരുന്നതും ദമ്പതികൾക്കിടയിലെ അഭിപ്രായവ്യത്യാസം രൂക്ഷമാക്കി. അങ്ങനെയാണ് പത്ത് മാസത്തെ ദാമ്പത്യത്തിനൊടുവിൽ ധീരജ് റീമയെ കൊലപ്പെടുത്തിയത്.
കൊലപാതകത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ
സംഭവദിവസം ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ധീരജ്, ഭക്ഷണം തയ്യാറാക്കിയിട്ടില്ലെന്ന് കണ്ടതിനെ തുടർന്ന് റീമയുമായി തർക്കത്തിലായി. തുടർന്ന് ഉറങ്ങാൻ ആവശ്യപ്പെട്ടെങ്കിലും റീമ തയ്യാറായില്ലെന്നും തടിക്കഷ്ണം കൊണ്ട് തന്നെ ആക്രമിച്ചതായും ധീരജ് പറഞ്ഞു. തുടർന്ന് പ്രകോപിതനായി താൻ ഷാൾ ഉപയോഗിച്ച് റിമയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നതാണ് ധീരജിന്റെ മൊഴി.
കൊലപാതകത്തിന് ശേഷം റീമയുടെ മുഖം പ്ലാസ്റ്റിക് കവർ കൊണ്ട് മൂടിയ പ്രതി, മൃതദേഹം ബെഡ്ഷീറ്റിൽ പൊതിഞ്ഞ് ടോയ്‌ലറ്റിന് സമീപം ഉപേക്ഷിച്ചശേഷം ബിഹാറിലേക്ക് കടന്നു. ജൂലൈ 29ന് മുറിയിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി റീമയുടെ പരിചയക്കാരൻ കെട്ടിട ഉടമയെ അറിയിച്ചതിനെ തുടർന്നാണ് മുറി തുറന്ന് പരിശോധിച്ചത്. അപ്പോഴാണ് ജീർണിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്.
തുടർന്ന് പൊലീസ്, കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. ശാസ്ത്രീയ തെളിവുകളും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചാണ് പ്രതി ബീഹാറിലുണ്ടെന്ന് കണ്ടെത്തി അറസ്റ്റ് ചെയ്തത്. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
A 24-year-old man who fled to his native Bihar after allegedly strangling his wife to death with a shawl following a domestic dispute has been arrested by the Bengaluru Police. Police said the accused confessed to the crime during interrogation and has since been brought back to Bengaluru.
The incident took place on July 25 in Kumbalagodu, Bengaluru. The accused, identified as Dheeraj Kumar, allegedly strangled his wife Reema Kumari to death, wrapped her body in a bedsheet, abandoned it inside their rented house, and fled the city.