തെലങ്കാനയില്‍ കൂട്ടക്കുരുതി; ജാമ്യത്തിലിറങ്ങിയ പോക്‌സോ കേസ് പ്രതി ആറുപേരെ കൊലപ്പെടുത്തി, ഇരകളില്‍ പരാതിക്കാരിയും ഭാര്യയും മക്കളും

കൗമാരക്കാരിയെ ബലമായി കാറില്‍ കയറ്റി പ്രതി സ്വന്തം ഗ്രാമത്തിലെ ഒരു തടാകക്കരയിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച് പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം മൃതദേഹം തടാകക്കരയില്‍ ഉപേക്ഷിച്ചു
തെലങ്കാനയില്‍ കൂട്ടക്കുരുതി;  ജാമ്യത്തിലിറങ്ങിയ പോക്‌സോ കേസ് പ്രതി ആറുപേരെ കൊലപ്പെടുത്തി, ഇരകളില്‍ പരാതിക്കാരിയും ഭാര്യയും മക്കളും
Published on

തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയില്‍ 16 വയസ്സുകാരിയെ പിന്തുടര്‍ന്ന് ശല്യം ചെയ്ത കേസില്‍ പ്രതിയായ 35-കാരന്‍ ആറ് പേരെ ക്രൂരമായി കൊലപ്പെടുത്തി. പരാതിക്കാരി, പരാതിക്കാരിയുടെ അമ്മ, മുത്തശ്ശി എന്നിവരെ കൊലപ്പെടുത്തിയ ശേഷം രാജ്കുമാര്‍ സ്വന്തം ഭാര്യയെയും രണ്ട് ആണ്‍മക്കളെയും കൊലപ്പെടുത്തി. കഴിഞ്ഞ മാസമാണ് രാജ്കുമാരിന് പോക്‌സോ കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചത്. ഹൈദരാബാദില്‍ നിന്ന് ഏതാനും കിലോമീറ്ററുകള്‍ മാത്രം അകലെയുള്ള ഒരു ടൗണിലും പ്രതിയുടെ സ്വന്തം ഗ്രാമത്തിലുമായാണ് വെള്ളിയാഴ്ച രാത്രി ഈ ദാരുണ സംഭവം നടന്നത്. ഒളിവില്‍ പോയ പ്രതിക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.

തെലങ്കാന പൊലീസിന്റെ വിവരങ്ങള്‍ പ്രകാരം, രാത്രി 10.45-ഓടെയാണ് പ്രതി തന്റെ ഗ്രാമത്തില്‍ നിന്ന് ആറു കിലോമീറ്റര്‍ അകലെയുള്ള പരാതിക്കാരിയുടെ വീട്ടില്‍ എത്തിയത്. പെണ്‍കുട്ടിയുടെ അമ്മ വാതില്‍ തുറന്നയുടന്‍ പ്രതി കത്തികൊണ്ട് അവരെ ആക്രമിക്കുകയും അവര്‍ സംഭവസ്ഥലത്തുതന്നെ മരിക്കുകയും ചെയ്തു. തുടര്‍ന്ന് വീടിനുള്ളില്‍ കടന്ന പ്രതി, ഉറങ്ങിക്കിടക്കുകയായിരുന്ന പെണ്‍കുട്ടിയുടെ 60 വയസ്സുള്ള മുത്തശ്ശിയെയും കുത്തിക്കൊലപ്പെടുത്തി. ഇതിനുശേഷം കൗമാരക്കാരിയെ ബലമായി കാറില്‍ കയറ്റി പ്രതി സ്വന്തം ഗ്രാമത്തിലെ ഒരു തടാകക്കരയിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച് പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം മൃതദേഹം തടാകക്കരയില്‍ ഉപേക്ഷിച്ചു. പെണ്‍കുട്ടിയുടെ മാനസിക വെല്ലുവിളി നേരിടുന്ന സഹോദരിയെ മാത്രമാണ് പ്രതി ഉപദ്രവിക്കാതെ വിട്ടത്.

ഭാര്യയെയും രണ്ട് ആണ്‍മക്കളെയും കൊലപ്പെടുത്തി

തുടര്‍ന്ന് പ്രതി സ്വന്തം വീട്ടിലെത്തി ഭാര്യയുടെയും നാലും ഒന്നരയും വയസ്സുള്ള രണ്ട് ആണ്‍മക്കളുടെയും കഴുത്തറുത്തു കൊലപ്പെടുത്തി. കുട്ടികള്‍ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ഈ ക്രൂരമായ ആക്രമണം നടന്നതെന്ന് പൊലീസ് പറഞ്ഞു. കൊലപാതകങ്ങള്‍ക്ക് ശേഷം പ്രതി സ്വന്തം പിതാവിനെ ഫോണില്‍ വിളിച്ച് കുറ്റം സമ്മതിച്ചു. തുടര്‍ന്ന് ഗ്രാമത്തില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ മെയ് മാസത്തിലാണ് ഇയാള്‍ക്കെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് പ്രതി ഒളിവില്‍ പോവുകയും പിന്നീട് ജൂണില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിക്കുകയുമായിരുന്നുവെന്ന് തെലങ്കാന പൊലീസ് പറഞ്ഞു. ഈ കുറ്റകൃത്യത്തിന് ലഭിക്കാവുന്ന പരമാവധി ശിക്ഷ ഏഴ് വര്‍ഷത്തില്‍ താഴെയായതിനാല്‍ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയും വ്യക്തിഗത ബോണ്ടില്‍ ഇയാളെ വിട്ടയക്കുകയുമായിരുന്നു. കൊലപാതകത്തിന് പിന്നിലെ കൃത്യമായ കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു.

തെലങ്കാനയില്‍ കൂട്ടക്കുരുതി;  ജാമ്യത്തിലിറങ്ങിയ പോക്‌സോ കേസ് പ്രതി ആറുപേരെ കൊലപ്പെടുത്തി, ഇരകളില്‍ പരാതിക്കാരിയും ഭാര്യയും മക്കളും
യുഎസുമായുള്ള ധാരണ ലംഘിച്ചോ? ഇറാന്റെ ആണവ-മിസൈല്‍ കേന്ദ്രങ്ങളില്‍ വീണ്ടും നിര്‍മാണം നടക്കുന്നതായി സൂചന; ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്
Summary

A 35-year-old man accused in a POCSO case allegedly murdered six people in Telangana's Ranga Reddy district after stalking and harassing a 16-year-old girl. The victims included the teenage complainant, her mother, grandmother, the accused's wife, and his two young sons. Police said the accused, Rajkumar, had recently obtained anticipatory bail in the POCSO case. After allegedly killing the complainant's family, he abducted and murdered the girl before returning home and killing his own family

Madism Digital
madismdigital.com