

ലോകത്തിൽ സന്തോഷം നിറയ്ക്കുന്നവരാണ് കുഞ്ഞുങ്ങൾ. അവർക്ക് നേരെയുള്ള ഒരതിക്രവും കണ്ടില്ലെന്ന് നടിച്ചുകൂടാ. വാടക ഗർഭധാരണത്തിലൂടെ ജനിച്ച കുഞ്ഞുങ്ങൾക്ക് നേരെ അതിക്രൂരമായ പീഡനങ്ങളഴിച്ചു വിട്ട ദമ്പതികളുടെ വാർത്ത അതുകൊണ്ടു തന്നെ കണ്ണീരോടെയല്ലാതെ വായിച്ചു തീർക്കാനാവില്ല.
യുഎസിൽ നിന്നാണ് ഈ കണ്ണില്ലാ ക്രൂരതയുടെ വാർത്തയെത്തുന്നത്. കാലിഫോർണിയ സ്വദേശികളായ ചൈനീസ് ദമ്പതികൾ ഗൂജുൻ ഷുവാനും സിൽവിയ ഷാങ്ങുമാണ് പ്രതിപ്പട്ടികയിൽ. വാടകഗർഭധാരണത്തിലൂടെ ലഭിച്ച പതിനാല് കുഞ്ഞുങ്ങളെ അതിക്രൂരമായ പീഡനങ്ങൾക്ക് ഇരുവരും വിധേയരാക്കിയതായാണ് പൊലീസിന്റെ കണ്ടെത്തൽ.
66കാരനാണ് ഷുവാൻ, ഷാങ് 39കാരിയും. ഇരുവരും കാലിഫോർണിയയിൽ ഒരു വാടകഗർഭധാരണ കമ്പനി നടത്തുന്നുണ്ട്. ഷാങ്ങിന് പ്രസവിക്കാനാവില്ലെന്നും അതിനാൽ തങ്ങൾക്ക് വേണ്ടിയും തങ്ങളെ പോലെ ബുദ്ധിമുട്ടുന്ന ആളുകൾക്ക് വേണ്ടിയുമാണ് കമ്പനിയെന്നാണ് ഇവർ നൽകിയിരുന്ന വിശദീകരണം.
വാടക ഗർഭധാരണത്തിന് തയ്യാറായി എത്തുന്ന സ്ത്രീകളെ തെറ്റിദ്ധരിപ്പിച്ച്, കുഞ്ഞുങ്ങളെ ഇരുവരുടെയും കസ്റ്റഡിയിൽ രജിസ്റ്റർ ചെയ്യുകയായിരുന്നു ദമ്പതികളുടെ രീതി. യുവതികൾ ആവശ്യപ്പെട്ടാലും അച്ഛനമ്മമാരെ കാണാൻ ഇരുവരും സമ്മതിച്ചിരുന്നില്ല. കാരണം, മറ്റാർക്കും ഇവർ ഈ സേവനം ചെയ്തുനൽകിയിരുന്നില്ല എന്നത് തന്നെ.
പിറക്കുന്ന കുഞ്ഞുങ്ങളെയെല്ലാം കൊട്ടാരസമാനമായ ബംഗ്ലാവിലാണ് ദമ്പതികൾ പാർപ്പിച്ചിരുന്നത്. അനവധി മുറികളുള്ള ഈ ബംഗ്ലാവിൽ ലേണിംഗ് സെന്റെഴ്സ് എന്ന പേരിൽ പ്രത്യേകം മുറികളുണ്ടായിരുന്നു. ഇവിടെയാണ് കൊടും ക്രൂരത അരങ്ങേറിയിരുന്നത്. ഹൌസ് ഓഫ് ഹൊറേഴ്സ് എന്നേ ഈ മുറികളെ വിശേഷിപ്പിക്കാൻ സാധിക്കൂ എന്ന് ലോസ് ആഞ്ചലോസ് ജില്ലാ ജഡ്ജി നാതൻ ജെ ഹോച്ച്മാൻ പറയുന്നു.
കുഞ്ഞുങ്ങളെ നോക്കാനായി 21ഓളം ആയമാർ വീട്ടിലുണ്ടായിരുന്നു. ഇവരെല്ലാവരും തന്നെ അതിക്രൂര മർദനമാണ് കുഞ്ഞുങ്ങളിലേൽപിച്ചിരുന്നത്. രണ്ട് വയസ്സുള്ള കുഞ്ഞിനെ പോലും മുഖത്തടിച്ചും നുള്ളിയുമൊക്കെ പരിക്കേൽപിക്കും. 32ഓളം വരുന്ന സിസിടിവിയിലൂടെ ഇതെല്ലാം കണ്ട് ദമ്പതികൾ ആസ്വദിക്കും.
രണ്ട് ദിവസം മുമ്പ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ്, രണ്ട് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ ദമ്പതികൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കുട്ടി ബെഡിൽ നിന്ന് വീണതാണെന്നായിരുന്നു ഷാങ്ങ് ആശുപത്രി അധികൃതരോട് പറഞ്ഞത്. എന്നാൽ സംശയം തോന്നിയ ഡോക്ടർമാർ വിവരം പൊലീസിനെ അറിയിച്ചു.
തുടർന്ന് ഷാങ്ങിന്റെ റെക്കോർഡുകൾ പരിശോധിച്ച പൊലീസ് കഴിഞ്ഞ വർഷം 21 കുട്ടികളെ ദമ്പതികളുടെ കസ്റ്റഡിയിൽ നിന്ന് നീക്കിയതായി കണ്ടെത്തി. ഇതിന്ർറെ ചുവട് പിടിച്ച് നടത്തിയ അന്വേഷണമാണ് ഇവരെ കുടുക്കിയത്.
കുഞ്ഞുങ്ങളെ ഇരുവരും നേരിട്ട് ഉപദ്രവിച്ചിട്ടുണ്ടോ എന്നതിൽ പൊലീസ് അന്വേഷണം നടത്തി വരികയാണ്. ആഢംബര ബംഗ്ലാവിൽ നിന്ന് 15 കുഞ്ഞുങ്ങളെ പൊലീസ് കെയർ ഹോമുകളിലേക്ക് മാറ്റിയിട്ടുണ്ട്. കുറ്റം തെളിഞ്ഞാൽ 17 വർഷം വരെ കഠിനതടവാണ് ശിക്ഷ.
Children bring joy to the world, and no abuse against them should ever be ignored. That is why the news of a couple inflicting brutal abuse on children born through surrogacy is heartbreaking and impossible to read without tears.