'ഞങ്ങളെ എന്തിനാണ് ഇങ്ങനെ ലോകത്തിന് മുന്നിൽ ഒളിച്ചുവെക്കുന്നത്?'; ബ്രിക്‌സ് ഉച്ചകോടിയും പാവപ്പെട്ടവരെ മറയ്ക്കുന്ന വികസന നാടകവും

ദാരിദ്ര്യം പുറംലോകം കാണാതിരിക്കാൻ പാവപ്പെട്ട മനുഷ്യരെ കർട്ടനുകൾക്ക് പിന്നിൽ മറയ്ക്കുന്ന ഭരണകൂടത്തിന്റെ അപകർഷതാബോധമാണ് ഇതിൽ പ്രതിഫലിക്കുന്നത്
'ഞങ്ങളെ എന്തിനാണ് ഇങ്ങനെ ലോകത്തിന് മുന്നിൽ ഒളിച്ചുവെക്കുന്നത്?'; ബ്രിക്‌സ് ഉച്ചകോടിയും പാവപ്പെട്ടവരെ മറയ്ക്കുന്ന വികസന നാടകവും
Published on

ഡൽഹിയിൽ ആരംഭിച്ച പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടി ലോകരാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യയുടെ വലിപ്പവും ആ​ഗോള സ്വാധീനവും പ്രദർശിപ്പിക്കാനുള്ള വേദിയാകുമ്പോഴും, തലസ്ഥാന ​ന​ഗരിയിൽ അതിനുവേണ്ടി അരങ്ങേറുന്ന അസാധാരണ നടപടികൾ ഭരണകൂടത്തിന്റെ ആശങ്കകളെയും ജനാധിപത്യപരമായ വിരോധാഭാസങ്ങളെയുമാണ് തുറന്നുകാട്ടുന്നത്. വിദേശ പ്രതിനിധികൾക്ക് മുന്നിൽ ഒരു തിളങ്ങുന്ന നഗരത്തെ കൃത്രിമമായി അവതരിപ്പിക്കാൻ തലസ്ഥാനത്തെ ജനജീവിതം സ്തംഭിപ്പിക്കുകയും, പാവപ്പെട്ട മനുഷ്യരെ കൂറ്റൻ മറകൾ തീർത്ത് അദൃശ്യരാക്കുകയും ചെയ്യുന്ന വിചിത്രമായ സമീപനമാണ് ഭരണകൂടം സ്വീകരിച്ചിരിക്കുന്നത്. വികസനത്തിന്റെ യഥാർത്ഥ നേട്ടങ്ങൾ ഉയർത്തിക്കാട്ടുന്നതിന് പകരം, സ്വന്തം ജനതയെ ലോകത്തിന് മുന്നിൽ നിന്ന് ഒളിപ്പിക്കാനുള്ള വ്യഗ്രത വലിയ രാഷ്ട്രീയ-സാമൂഹിക വിമർശനങ്ങൾക്കാണ് വഴിതുറന്നിരിക്കുന്നത്.

ഉച്ചകോടിയുടെ ഭാ​ഗമായി സെപ്റ്റംബർ 11 മുതൽ 13 വരെ ഡൽഹി പൊലീസ് ഏർപ്പെടുത്തിയിരിക്കുന്ന അതിരൂ​ക്ഷമായ ​ഗതാ​ഗത നിയന്ത്രണങ്ങൾ രണ്ടരക്കോടിയോളം വരുന്ന ന​ഗരവാസികളുടെ ദൈനംദിന ജീവിതത്തെ അക്ഷരാർത്ഥത്തിൽ നിശ്ചലമാക്കി. കേന്ദ്ര-സംസ്ഥാന സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, എന്തിന് രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രീം കോടതിയുടെ പ്രവർത്തനങ്ങൾ പോലും ഈ ദിവസങ്ങളിൽ നിർത്തിവെക്കുകയോ നിയന്ത്രിക്കുകയോ ചെയ്തിരിക്കുകയാണ്.

നഗരത്തിലെ പ്രധാനപ്പെട്ട 35 റോഡുകളിൽ ഗതാഗതം വഴിതിരിച്ചുവിട്ടതോടെ നിരത്തുകൾ വൻ ഗതാഗതക്കുരുക്കിലായി. മണിക്കൂറുകളോളം നിരത്തിൽ കിടക്കുന്ന വാഹനങ്ങൾ മൂലം ജനങ്ങൾക്ക് സമയവും ഇന്ധനവും നഷ്ടപ്പെടുന്നതിനൊപ്പം ഡൽഹിയിലെ വായുമലിനീകരണം ക്രമാതീതമായി വർധിക്കുകയും ചെയ്യുന്നു.

പെട്ടെന്നുണ്ടായേക്കാവുന്ന മിന്നൽ പ്രതിഷേധങ്ങളെയും, പ്രത്യേകിച്ച് പശ്ചിമേഷ്യൻ പ്രതിസന്ധി, ഇസ്രായേൽ-ഗസ്സ സംഘർഷം, മനുഷ്യാവകാശ വിഷയങ്ങൾ എന്നിവ ഉയർത്തി വിദ്യാർഥി സംഘടനകൾ തെരുവിലിറങ്ങുമോ എന്ന ഭയവുമാണ് ഈ അപ്രഖ്യാപിത അടച്ചുപൂട്ടലിന് പിന്നിലെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മുൻകാലങ്ങളിൽ NAM പോലെയോ ജി-20 പോലെയോ ഉള്ള വൻ ഉച്ചകോടികൾ നടന്നപ്പോൾ പോലും കാണാത്ത തരത്തിലുള്ള അമിതമായ ഭയവും ജാഗ്രതയുമാണ് നഗരത്തെ വീടുകൾക്കുള്ളിൽ തളച്ചിടാൻ പൊലീസിനെ പ്രേരിപ്പിച്ചത്.

മുൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ യശോവർധൻ ആസാദ് ചൂണ്ടിക്കാണിച്ചതുപോലെ, കോടിക്കണക്കിന് ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഡൽഹിയെ പൂർണ്ണമായി സ്തംഭിപ്പിക്കുന്നതിന് പകരം ഇത്തരം അന്താരാഷ്ട്ര പരിപാടികൾ അഹമ്മദാബാദ് പോലെയുള്ള മറ്റ് നഗരങ്ങളിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ഭരണാധികാരികൾ ഇനിയെങ്കിലും ചിന്തിക്കേണ്ടിയിരിക്കുന്നു.

ഈ സുരക്ഷാഭീതിയുടെ മറ്റൊരു ക്രൂരമായ മുഖമാണ് വിദേശ പ്രതിനിധികൾ കടന്നുപോകുന്ന വഴികളിൽ ഉയർന്നിരിക്കുന്ന കൂറ്റൻ തിരശ്ശീലകൾ. 2023ലെ ജി-20 ഉച്ചകോടി കാലത്തെ ഓർമ്മിപ്പിച്ചുകൊണ്ട്, വസന്ത് വിഹാറിലെ കൂലി ക്യാമ്പ് ഉൾപ്പെടെയുള്ള ചേരി പ്രദേശങ്ങൾക്ക് ചുറ്റും നീലയും വെള്ളയും പച്ചയും നിറങ്ങളിലുള്ള മറകൾ വീണ്ടും ഉയർന്നിരിക്കുന്നു. "ഞങ്ങളെ എന്തിനാണ് ഇങ്ങനെ ലോകത്തിന് മുന്നിൽ ഒളിച്ചുവെക്കുന്നത്?" എന്ന് ചോദിച്ചുകൊണ്ട് പ്രദേശവാസികളും പൊതുസമൂഹവും ഇതിനെതിരെ രോഷത്തോടെ രംഗത്തെത്തിയിട്ടുണ്ട്. ഈ നടപടി നഗരസൗന്ദര്യവൽക്കരണത്തിന്റെ ഭാഗമാണെന്ന് അധികൃതർ വാദിക്കുമ്പോൾ, ദാരിദ്ര്യം പുറംലോകം കാണാതിരിക്കാൻ പാവപ്പെട്ട മനുഷ്യരെ കർട്ടനുകൾക്ക് പിന്നിൽ മറയ്ക്കുന്ന ഭരണകൂടത്തിന്റെ അപകർഷതാബോധമാണ് ഇതിൽ പ്രതിഫലിക്കുന്നത്.

ദിവസവേദനത്തെ ആശ്രയിച്ച് ജീവിക്കുന്ന അരികുവൽക്കരിക്കപ്പെട്ട മനുഷ്യർക്ക് ഈ നടപടി ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ചെറുതല്ല. ഒരു സാധനം വാങ്ങാനോ പണിക്ക് പോകാനോ പോലും വഴിയടച്ച് കെട്ടിയിരിക്കുന്ന ഈ വലിയ സ്ക്രീനുകൾ കൈകൊണ്ട് ഉയർത്തിപ്പിടിച്ച് ഇഴഞ്ഞുനീങ്ങേണ്ട അവസ്ഥയിലാണ് അവർ. "ഞങ്ങളെ കാണാൻ അത്രയ്ക്ക് അറപ്പാണെങ്കിൽ ഞങ്ങൾക്ക് നല്ലൊരു പാർപ്പിടം നിർമ്മിച്ചു തരൂ" എന്നാണ് കുട്ടിക്കാലം മുതൽ കൂലി ക്യാമ്പിൽ ജീവിക്കുന്ന ഒരു സ്ത്രീ രോഷത്തോടെ പറയുന്നത്.

"ദാരിദ്ര്യത്തിൽ ഞങ്ങൾ ജീവിക്കുന്നത് നിങ്ങളുടെ പ്രശ്നമാണെങ്കിൽ ഞങ്ങൾക്ക് മറ്റൊരു ഇടം തരൂ, ഞങ്ങൾ അവിടേക്ക് മാറിക്കൊള്ളാം. അല്ലാതെ പണക്കാരെ മാത്രം ലോകത്തിന് കാണിച്ച് പാവങ്ങളെ ഇങ്ങനെ മറച്ചുവെക്കുകയാണോ വേണ്ടത്?" എന്ന മറ്റൊരു പ്രദേശവാസിയുടെ ചോദ്യം ഭരണകൂടത്തിന്റെ കാപട്യത്തിന് നേരെ ഉയരുന്ന കനത്ത താക്കീതാണ്.

തങ്ങളെ മൂടിവെക്കുന്നതിനേക്കാൾ അവരുടെ ചുറ്റുമുള്ള മാലിന്യങ്ങളും ഓടകളും വൃത്തിയാക്കാനാണ് അധികാരികൾ മുൻകൈ എടുക്കേണ്ടതെന്നും, പുറത്ത് റോഡിൽ മാലിന്യം കുന്നുകൂടിയാൽ ചേരിനിവാസികളെ പഴിചാരുന്ന പ്രവണതയാണ് നിലനിൽക്കുന്നതെന്നും ഇവർ ഓർമ്മിപ്പിക്കുന്നു.

കൂലി ക്യാമ്പിലെ ഒരു താമസക്കാരൻ ഉന്നയിച്ച മറ്റൊരു പ്രധാന വിഷയം ആഗോള ഉച്ചകോടികളിലെ നയരൂപീകരണങ്ങളുടെ പൊള്ളത്തരത്തെ തുറന്നുകാട്ടുന്നതാണ്. ബ്രിക്‌സ് പോലുള്ള വേദികളിൽ പരിസ്ഥിതിയെയും കാലാവസ്ഥാ വ്യതിയാനത്തെയും കുറിച്ച് ലോകനേതാക്കൾ ഗൗരവമായി സംസാരിക്കുമ്പോൾ, ആഗോള മലിനീകരണത്തിന് ഒരു പങ്കും വഹിക്കാത്ത ചേരിയിലെ ഇത്തരം സാധാരണ മനുഷ്യരാണ് പ്രകൃതിദുരന്തങ്ങളുടെയും പാരിസ്ഥിതിക ആഘാതങ്ങളുടെയും ആദ്യ ഇരകളാകുന്നത്. എന്നാൽ ആഗോള നയങ്ങൾ രൂപീകരിക്കുമ്പോൾ ഈ മനുഷ്യരുടെ ശബ്ദങ്ങൾ ആരും കേൾക്കാറില്ല.

'ഞങ്ങളെ എന്തിനാണ് ഇങ്ങനെ ലോകത്തിന് മുന്നിൽ ഒളിച്ചുവെക്കുന്നത്?'; ബ്രിക്‌സ് ഉച്ചകോടിയും പാവപ്പെട്ടവരെ മറയ്ക്കുന്ന വികസന നാടകവും
ഡോളറിന് പകരം സ്വന്തം കറൻസി; അമേരിക്കയ്ക്കും ട്രംപിനും ശക്തമായ സന്ദേശവുമായി ബ്രിക്സ് രാജ്യങ്ങൾ

ആഡംബര കാറുകളിൽ കടന്നുപോകുന്ന ലോകനേതാക്കൾക്ക് മുന്നിൽ നിന്ന് ദാരിദ്ര്യത്തെ കർട്ടനുകൾ കൊണ്ട് മൂടിവെച്ചാൽ ഇല്ലാതാകുന്നതല്ല ഇന്ത്യയുടെ കയ്‌പേറിയ സാമൂഹിക യാഥാർത്ഥ്യങ്ങൾ. ഉച്ചകോടി കഴിയുമ്പോൾ ഈ താൽക്കാലിക മറകൾ അഴിഞ്ഞുവീണേക്കാം. എന്നാൽ, വികസന മുദ്രാവാക്യങ്ങൾക്കിടയിലും പരിഹരിക്കപ്പെടാത്ത കൂലി ക്യാമ്പിലെ ദുരിതജീവിതങ്ങളും സ്വന്തം പൗരന്മാരുടെ സഞ്ചാരസ്വാതന്ത്ര്യത്തെ തടവിലാക്കിയ ഭരണകൂടത്തിന്റെ ഭയവും ഇവിടെത്തന്നെ ബാക്കിയാകും.

Summary

The BRICS Summit in Delhi has sparked severe criticism as the government imposes strict traffic restrictions, shuts down schools, and halts daily life to prevent potential flash mob protests. Furthermore, slums like Vasant Vihar's Coolie Camp have been concealed behind giant screens to hide poverty from visiting foreign dignitaries. Residents are actively protesting this superficial beautification, demanding basic sanitation, infrastructure, and permanent housing solutions rather than being hidden away and stripped of their daily livelihoods.

Madism Digital
madismdigital.com