

കർണാടക തലസ്ഥാനമായ ബെംഗളൂരുവിൽ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെയും അഞ്ച് വയസ്സുള്ള മകനെയും കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് മരിച്ച അഭിനന്ദന്റെ ഭാര്യ ഹിരണിയെയും ഇവരുടെ കാമുകൻ വിനയിനെയും പൊലീസ് അറസ്റ്റ് ചെയ്തു.
കുനിഗൽ സ്വദേശിയായ അഭിനന്ദൻ എന്ന 35കാരന്‍, മകൻ യദുവീർ എന്നിവരെയാണ് കഴിഞ്ഞ ദിവസം വീട്ടിലെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മകന്റെ മരണത്തിൽ സംശയമുണ്ടെന്ന് ചൂണ്ടിക്കാട്ടി അഭിനന്ദന്റെ അമ്മ പൊലീസിൽ പരാതി നൽകിയതോടെയാണ് അന്വേഷണം കൂടുതൽ ശക്തമാക്കിയത്. 2021ലാണ് അഭിനന്ദനും ഹിരണിയും വിവാഹിതരായത്.
തിങ്കളാഴ്ച രാവിലെയാണ് ഭർത്താവിനെയും മകനെയും മരിച്ചനിലയിൽ കണ്ടെത്തിയതായി ഹിരണി പൊലീസ് ഹെൽപ് ലൈനിൽ അറിയിച്ചത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി. ഞായറാഴ്ച വൈകിട്ട് ബന്ധുവിന്റെ വീട്ടിലേക്ക് പോയിരുന്നെന്നും പിന്നീട് വീട്ടിൽ തിരിച്ചെത്തി മറ്റൊരു മുറിയിൽ ഉറങ്ങുകയായിരുന്നെന്നും ഹിരണി പൊലീസിനോട് പറഞ്ഞു. തിങ്കളാഴ്ച രാവിലെ എഴുന്നേറ്റപ്പോഴാണ് ഭർത്താവിനെയും മകനെയും മരിച്ചനിലയിൽ കണ്ടതെന്നായിരുന്നു മൊഴി.
എന്നാൽ സംഭവത്തിൽ ദുരൂഹത തോന്നിയതോടെ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. മൃതദേഹങ്ങളിലുണ്ടായിരുന്ന ചെറിയ പരുക്കുകളും പരിശോധിച്ചു. ഇതിനിടെ ദമ്പതികൾക്കിടയിൽ നിരന്തരം തർക്കങ്ങൾ ഉണ്ടായിരുന്നതായും പൊലീസ് കണ്ടെത്തി. അഭിനന്ദന്റെ അമ്മയും ഹിരണിക്കെതിരെ സംശയം ഉന്നയിച്ച് മൊഴി നൽകിയിരുന്നു.
ഹിരണിയുടെ മൊബൈൽ ഫോൺ വിവരങ്ങളും കോളുകളും പൊലീസ് പരിശോധിച്ചു. ഇതോടെയാണ് വിനയ് എന്നയാളുമായുള്ള യുവതിയുടെ അടുത്ത ബന്ധത്തെക്കുറിച്ചുള്ള വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചത്.
തുടരന്വേഷണത്തിൽ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ ഹിരണിയെ ചോദ്യം ചെയ്തപ്പോൾ പൊലീസ് പറയുന്നതനുസരിച്ച് യുവതി കുറ്റം സമ്മതിച്ചു. ഭർത്താവുമായി ഏറെക്കാലമായി അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നെന്നും വിവാഹമോചനം ആവശ്യപ്പെട്ടിരുന്നെന്നും ഹിരണി മൊഴി നൽകിയതായി പൊലീസ് അറിയിച്ചു.
ഏകദേശം രണ്ട് വർഷമായി ഇരുവരും വീട്ടിൽ പ്രത്യേകം മുറികളിലാണ് താമസിച്ചിരുന്നതെന്നും അടുത്തിടെ മറ്റൊരാളുമായി തനിക്ക് ബന്ധമുണ്ടെന്ന് അഭിനന്ദൻ മനസ്സിലാക്കിയിരുന്നെന്നും പൊലീസ് പറയുന്നു. ഇതിന് പിന്നാലെ ദമ്പതികൾ തമ്മിലുള്ള തർക്കങ്ങൾ പതിവായി.
പൊലീസ് പറയുന്നതനുസരിച്ച്, കാമുകന്റെ സഹായത്തോടെയാണ് ഭർത്താവിനെ കൊലപ്പെടുത്താൻ ഹിരണി പദ്ധതിയിട്ടത്. ഞായറാഴ്ച രാത്രി വിനയിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം ഉറങ്ങിക്കിടന്ന അഭിനന്ദനെ ഇരുവരും ചേർന്ന് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
എന്നാൽ ഇതിനിടെ സമീപത്ത് ഉറങ്ങിക്കിടന്നിരുന്ന അഞ്ച് വയസ്സുകാരൻ ഉണർന്നു. സംഭവത്തിന് സാക്ഷിയാകുമെന്ന ഭയത്തിൽ കുട്ടിയെയും കൊലപ്പെടുത്തിയെന്നാണ് ഹിരണി പൊലീസിനോട് സമ്മതിച്ചതായാണ് റിപ്പോർട്ട്.
തുടർന്ന് ഇരുവരും സ്ഥലത്തുനിന്ന് രക്ഷപ്പെട്ടതായും പൊലീസ് പറയുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഹിരണിയെയും കൃത്യത്തിൽ സഹായിച്ച കാമുകൻ വിനയിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
Police have confirmed that the deaths of Abhinandan, an employee of a private firm in Bengaluru, and his five-year-old son Yaduveer, who were found dead in their bedroom, were murders. The investigation revealed that Abhinandan’s wife Hirani, who had been involved in long-standing disputes with her husband and had sought a divorce, allegedly killed her sleeping husband by suffocating him with the help of her lover Vinay. The couple then allegedly killed the child as well to silence him as a witness.