ആഗോള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ മുൻനിര കമ്പനിയായ ആന്ത്രോപിക്കിന്റെ സിഇഒ ഡാരിയോ അമോഡെയുടെ ഭാര്യ കാമി ക്ലാർക്കിനെ ചുറ്റിപറ്റിയുള്ള പുതിയ വെളിപ്പെടുത്തലുകൾ സിലിക്കൺ വാലിയിൽ വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. കുപ്രസിദ്ധനായ കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായി കാമി ക്ലാർക്കിന് വർഷങ്ങൾക്ക് മുൻപ് ബന്ധമുണ്ടായിരുന്നുവെന്നാണ് അടുത്തിടെ പുറത്തുവന്ന വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ടും ഫയലുകളും വ്യക്തമാക്കുന്നത്. ഇന്നത്തെ എഐ വിപ്ലവത്തിന്റെ കേന്ദ്രബിന്ദുക്കളിൽ ഒരാളായി മാറുന്നതിന് മുൻപുള്ള കാമിയുടെ ജീവിതത്തിലെ അസാധാരണമായ അധ്യായങ്ങളാണ് ഇതിലൂടെ മറനീക്കി പുറത്തുവന്നിരിക്കുന്നത്.
2011 കാലഘട്ടത്തിലാണ് സംഭവങ്ങളുടെ തുടക്കം. കാമി ക്ലാർക്കും അവരുടെ ബിസിനസ് പങ്കാളിയായ മിഷേൽ കപ്പോസെഫലോയും ചേർന്ന് എഡിസ് എന്ന പേരിൽ സ്ത്രീകൾക്കായി ഒരു പോൺ കമ്പനി തുടങ്ങാൻ പദ്ധതിയിട്ടിരുന്നു. ബൗദ്ധികമായി അഴിഞ്ഞാടുന്ന എന്ന ടാഗ്‌ലൈനോടെ സ്ത്രീകളെ ലക്ഷ്യംവെച്ചുള്ള ഒരു ലക്ഷ്വറി പോൺ കമ്പനിയായാണ് ഇതിനെ അവർ അവതരിപ്പിച്ചത്.
ഈ സംരംഭത്തിന്റെ ആദ്യ നാല് സിനിമകൾ നിർമിക്കാൻ ആവശ്യമായ 3.5 ലക്ഷം ഡോളർ കണ്ടെത്താനാണ് അവർ എപ്‌സ്റ്റീനിനെ സമീപിച്ചത്. ലിറ്റററി ഏജന്റായ ജോൺ ബ്രോക്ക്മാൻ വഴിയാണ് ഇവർ എപ്സ്റ്റീനെ പരിചയപ്പെടുന്നത്. എപ്സ്റ്റീൻ അപ്പോഴേക്കും ഒരു ലൈംഗിക കുറ്റവാളിയായി കോടതി ശിക്ഷിച്ചിരുന്ന വ്യക്തിയായിരുന്നു എന്നത് ഈ സമ്പർക്കത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.
തങ്ങളുടെ കമ്പനിയെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് കാമി ക്ലാർക്ക് എപ്‍സ്റ്റീന് നിരന്തരം ഇമെയിലുകൾ അയച്ചിരുന്നു. "ഞങ്ങളുടെ ആദ്യത്തെ നാല് സിനിമകളിലൊന്നായ അമേരിക്കൻ ഗേൾ ഇൻ പാരീസ് എന്ന ചിത്രത്തിന്റെ സ്ക്രിപ്റ്റ് താങ്കൾക്കും സുഹൃത്തുക്കൾക്കും ഇഷ്ടപ്പെടുമെന്ന് കരുതുന്നു" തുടങ്ങിയ സന്ദേശങ്ങൾ ഇതിലുണ്ട്. എന്നാൽ ഈ പ്രോജക്റ്റിൽ നിക്ഷേപിക്കാൻ എപ്സ്റ്റീൻ തയ്യാറായില്ലെന്നാണ് വിവരം.
പോൺ കമ്പനിയെന്ന ആശയം നടക്കാതെ വന്നതോടെ സ്ത്രീകൾക്കായുള്ള ഒരു സോഷ്യൽ ഡേറ്റിങ് ആപ്പ് നിർമിക്കുന്നതിനുള്ള നിക്ഷേപത്തിനായും കാമി ക്ലാർക്ക് എപ്‍സ്റ്റീനെ സമീപിച്ചു. ഫിറ്റ്നസ് ട്രാക്കറുകളിൽ നിന്നുള്ള ആരോഗ്യ വിവരങ്ങൾ കോർത്തിണക്കിയുള്ള ഒരു ആപ്പായിരുന്നു ഇത്. എപ്സ്റ്റീൻ ഇതിലും നിക്ഷേപിച്ചതായി രേഖകളില്ല.പക്ഷേ, ഇവരുടെ ആശയവിനിമയം രണ്ട് വർഷത്തോളം തുടർന്നു. ഒരു ഗൃഹപ്രവേശ ചടങ്ങിലേക്ക് കാമി അദ്ദേഹത്തെ ക്ഷണിക്കുകയും, ലിങ്ക്ഡ്ഇൻ വഴി ഇരുവരും ബന്ധം നിലനിർത്തുകയും ചെയ്തിരുന്നു.
കാമി ക്ലാർക്കിന്റെ സിലിക്കൺ വാലിയിലെ വളർച്ച വളരെ നാടകീയമായിരുന്നു. 1979ൽ നെവാഡയിൽ ജനിച്ച അവർക്ക് കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. ഇരുപതാം വയസിൽ അറുപത്തിനാലുകാരനായ ഒരു ആർക്കിടെക്റ്റിനെ വിവാഹം കഴിച്ചെങ്കിലും മൂന്ന് വർഷത്തിന് ഷേഷം വിവാഹമോചനം നേടി. പിന്നീട് സാമ്പത്തികമായി പാപ്പരാകുന്ന അവസ്ഥയിൽ നിന്നാണ് അവർ ടെക് ലോകത്തേക്ക് ചുവടുവെക്കുന്നത്. 2011 മുതൽ ഗൂഗിൾ സിഇഒ എറിക് ഷ്മിഡിറ്റുമായി മൂന്ന് വർഷത്തോളം പ്രണയത്തിലായിരുന്നു. ഇത് സിലിക്കൺ വാലിയിലെ ഉന്നതങ്ങളിലേക്കുള്ള അവരുടെ പ്രവേശനത്തിന് വഴിയൊരുക്കി.
2014ലാണ് കാമി ക്ലാർക്ക് ഡാരിയോ അമോഡെയെ കണ്ടുമുട്ടുന്നത്. ഡാരിയോ ഓപ്പൺഎഐയിൽ പ്രവർത്തിക്കുന്ന കാലത്ത് അവർ അദ്ദേഹത്തിന്റെ അനൗദ്യോഗിക ഉപദേശകയായി മാറി. ഓപ്പൺഎഐയുടെ ഇന്നത്തെ ചീഫ് ടെക്നോളജി ഓഫീസറായ മിറ മുരാട്ടിയെ ഓപ്പൺഎഐ സഹസ്ഥാപകനായ ഗ്രെഗ് ബ്രോക്ക്മാന് പരിചയപ്പെടുത്തിയത് കാമിയായിരുന്നു. അതുപോലെ, ഡാരിയോ അമോഡെയെ എറിക് ഷ്മിഡിറ്റിന് പരിചയപ്പെടുത്തി കൊടുത്തതും അവരാണ്. ഈ ബന്ധമാണ് പിന്നീട് 2020-ൽ ഓപ്പൺഎഐ വിട്ട് ആന്ത്രോപിക് എന്ന സ്വന്തം എഐ കമ്പനി തുടങ്ങാൻ ഡാരിയോയെ സഹായിച്ചതും, ഷ്മിഡിറ്റിൽ നിന്ന് കമ്പനിക്ക് വലിയൊരു നിക്ഷേപം നേടിക്കൊടുത്തതും. 2022-ൽ കാമിയും ഡാരിയോയും ഇറ്റലിയിൽ വെച്ച് വിവാഹിതരായി.
ആന്ത്രോപിക്കിൽ കാമി ക്ലാർക്കിന് ഔദ്യോഗിക പദവികളൊന്നും ഇല്ല. എന്നാൽ അവർക്ക് കമ്പനിയിൽ സാമ്പത്തികമായ പങ്കാളിത്തം ഉറപ്പിക്കുന്നതിനായി മദർ ഓഫ് എജിഐ ഫണ്ട് എന്ന പേരിൽ ഒരു വെഞ്ച്വർ ഫണ്ട് രൂപീകരിക്കാൻ അവർ എറിക് ഷ്മിഡിറ്റിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ മറ്റ് അധികൃതരുടെ എതിർപ്പിനെ തുടർന്ന് അത് നടപ്പായില്ല.
ഔദ്യോഗിക പദവികളില്ലെങ്കിലും, ഡാവോസ് ഉച്ചകോടി പോലെയുള്ള ലോകത്തെ ഏറ്റവും വലിയ ടെക്-രാഷ്ട്രീയ വേദികളിൽ ഡാരിയോയ്ക്കൊപ്പം കാമി സജീവ സാന്നിധ്യമാണ്. കമ്പനിയുടെ നയതന്ത്ര ഉപദേശകയായാണ് അവർ പ്രവർത്തിക്കുന്നത്. അടുത്തിടെ ഡൽഹിയിൽ നടന്ന എഐ സമ്മിറ്റിലും, സൺ വാലി കോൺഫറൻസിലും ഇവർ പങ്കെടുത്തിരുന്നു. സൺ വാലിയിൽ വെച്ച് ട്രംപിന്റെ മകൾ ഇവാങ്ക ട്രംപ്, ജാരെഡ് കുഷ്‌നർ എന്നിവരുമായും അവർ സുപ്രധാന രാഷ്ട്രീയ ചർച്ചകൾ നടത്തിയിരുന്നു.
ഇത്രയധികം സ്വാധീനമുള്ള വ്യക്തിയായിട്ടും കാമി ക്ലാർക്കിനെ കുറിച്ചുള്ള വിവരങ്ങൾ ഇന്റർനെറ്റിൽ നിന്ന് ബോധപൂർവം മറച്ചുവെക്കാൻ വലിയ ശ്രമങ്ങൾ നടന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ആന്ത്രോപിക്കിന്റെ സ്വന്തം എഐ ടൂളായ ക്ലോഡിനോട് ഡാരിയോയുടെ ഭാര്യയെക്കുറിച്ച് ചോദിച്ചാൽ പോലും വ്യക്തമായ ഉത്തരം ലഭിക്കാത്തവിധം വിവരങ്ങൾ നിയന്ത്രിക്കപ്പെട്ടിരുന്നു. വിക്കിപീഡിയയിലടക്കം ഇവരെക്കുറിച്ചുള്ള വിവരങ്ങൾ അടുത്തിടെ മാത്രമാണ് ചേർക്കപ്പെട്ടത്. അമേരിക്കൻ പ്രതിരോധ വിഭാഗമായ പെന്റഗണുമായുള്ള ആന്ത്രോപിക്കിന്റെ എഐ ഉപയോഗം സംബന്ധിച്ച നയങ്ങൾ വലിയ ചർച്ചയാകുന്ന ഈ നിർണ്ണായക വേളയിൽ, കമ്പനിയുടെ തലവന്റെ ഭാര്യക്ക് ലൈംഗിക കുറ്റവാളിയായ എപ്സ്റ്റീനുമായുള്ള പഴയകാല ബന്ധം പുറത്തുവന്നത് ആന്ത്രോപിക്കിന്റെ രാഷ്ട്രീയമായ നിലനിൽപ്പിനെയും പ്രതിച്ഛായയെയും സാരമായി ബാധിക്കാനാണ് സാധ്യത.
Cami Clark, the wife of Anthropic CEO Dario Amodei and a prominent (though unofficial) strategic advisor in Silicon Valley's AI sector, is facing scrutiny following revelations about her past association with convicted sex offender Jeffrey Epstein. According to recently surfaced Epstein files and a Wall Street Journal report, Clark pitched her "luxury porn" startup, Eddice, to Epstein in 2011 seeking funding. While Epstein declined the investment, their correspondence continued for about two years as she pitched another venture—a women's social dieting app.