

ഹരിയാണയിലെ കുരുക്ഷേത്രയിൽ ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം വയർ കീറി ആന്തരികാവയവങ്ങൾ പുറത്തെടുത്തെന്ന കേസിൽ ഭാര്യ പൊലീസ് കസ്റ്റഡിയിൽ. ഉത്തർപ്രദേശിലെ സീതാപുർ സ്വദേശിയായ രാജേഷാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ ഭാര്യ വിമലാദേവി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചുമണിയോടെയാണ് ദമ്പതികൾ താമസിച്ചിരുന്ന വാടകവീട്ടിൽ സംഭവം നടന്നതെന്നാണ് പൊലീസ് പറയുന്നത്. ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നതായി വീട്ടുടമ റിങ്കു പൊലീസിന് മൊഴി നൽകി. പിന്നീട് വീടിന്റെ ടെറസിൽ എത്തിയ റിങ്കു രാജേഷ് രക്തത്തിൽ കുളിച്ചനിലയിൽ കിടക്കുന്നതാണ് കണ്ടത്. വയറിന് ഗുരുതരമായി പരിക്കേറ്റിരുന്നു.
സമീപത്തുണ്ടായിരുന്ന വിമലാദേവി ഭർത്താവിന്റെ വയറിലെ മുറിവിൽ തൊടുന്നത് കണ്ടതായും റിങ്കു പൊലീസിനോട് പറഞ്ഞു. വീട്ടുടമയെ കണ്ടതോടെ ഭയന്ന വിമലാദേവി ടെറസിൽനിന്ന് താഴേക്ക് ചാടിയെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില മെച്ചപ്പെട്ടാൽ വിശദമായ മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
35 സെന്റിമീറ്റർ ആഴത്തിലുള്ള മുറിവ്
രാജേഷിന്റെ വയറിന്റെ ഭാഗത്ത് മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ഏകദേശം 35 സെന്റിമീറ്റർ ആഴത്തിൽ മുറിവേൽപ്പിച്ചതായി പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. കരളിന്റെ ഒരു ഭാഗവും ഒരു വൃക്കയും ശരീരത്തിൽനിന്ന് കാണാതായതായും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
സംഭവസ്ഥലത്തുനിന്ന് മൂന്ന് കത്തികൾ പൊലീസ് കണ്ടെടുത്തു. ഫൊറൻസിക് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിക്കുകയും പരിശോധന നടത്തുകയും ചെയ്തു.
മന്ത്രവാദം നടത്തിയിരുന്നെന്ന് മൊഴി
വിമലാദേവിയും രാജേഷും തമ്മിൽ പതിവായി തർക്കമുണ്ടാകാറുണ്ടായിരുന്നു. വിമലാദേവി ബാധയൊഴിപ്പിക്കൽ, മന്ത്രവാദം തുടങ്ങിയവ നടത്തിയിരുന്നതായും പരമ്പരാഗത ചികിത്സയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നതായും ഇയാൾ മൊഴി നൽകിയിട്ടുണ്ട്.
വർഷങ്ങൾക്ക് മുമ്പ് വിവാഹിതരായ ദമ്പതികൾക്ക് മക്കളില്ലായിരുന്നുവെന്നും വീട്ടുടമ പറഞ്ഞു. ഭർത്താവിന്റെ ആന്തരികാവയവങ്ങൾ പുറത്തെടുത്തതിന് പിന്നിൽ ദുർമന്ത്രവാദമോ മറ്റേതെങ്കിലും അന്ധവിശ്വാസപരമായ കാരണമോ ഉണ്ടായിരുന്നോ എന്നതടക്കം പൊലീസ് പരിശോധിച്ചുവരികയാണ്. കൊലപാതകത്തിന്റെ യഥാർഥ കാരണം കണ്ടെത്തുന്നതിനായി അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.
Kurukshetra crime, Haryana crime news, wife arrested, husband murder, murder case, black magic angle, crime news, Haryana news, Kurukshetra news, shocking crime, India crime news, murder investigation, police investigation, wife kills husband, crime story