സഖ്യകക്ഷികളുടെ പ്രതിഷേധം അവഗണിച്ച് ട്രംപ്; എണ്‍പതിലധികം രാജ്യങ്ങള്‍ക്കുമേല്‍ വീണ്ടും വന്‍ നികുതി ഭാരം, ആഗോള വ്യാപാരത്തില്‍ 'തീരുവ യുദ്ധം'

അടിയന്തിര അധികാരങ്ങളും പ്രത്യേക വ്യാപാര നിയമങ്ങളും ഉപയോഗിച്ച് പ്രസിഡന്റ് നടത്തുന്ന ഇത്തരം ഇടപെടലുകൾ അധികാര ദുർവിനിയോഗമാണെന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം.
സഖ്യകക്ഷികളുടെ പ്രതിഷേധം അവഗണിച്ച് ട്രംപ്; എണ്‍പതിലധികം രാജ്യങ്ങള്‍ക്കുമേല്‍ വീണ്ടും വന്‍ നികുതി ഭാരം, ആഗോള വ്യാപാരത്തില്‍ 'തീരുവ യുദ്ധം'
Published on

ആഗോളതലത്തില്‍ ചുമത്തിയിരുന്ന 10 ശതമാനം താല്‍ക്കാലിക ഇറക്കുമതി തീരുവയുടെ കാലാവധി അവസാനിക്കാനിരിക്കെ, വിവിധ രാജ്യങ്ങള്‍ക്കുമേല്‍ വീണ്ടും വന്‍തോതില്‍ നികുതി ചുമത്തി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ലോക രാജ്യങ്ങളില്‍ നിന്നും, പ്രത്യേകിച്ച് അമേരിക്കയുടെ അടുത്ത സഖ്യകക്ഷികളില്‍ നിന്നും ശക്തമായ പ്രതിഷേധമാണ് ഈ തീരുമാനത്തിനെതിരെ ഉയരുന്നത്. യു.കെ, മെക്‌സിക്കോ, കാനഡ, ഓസ്‌ട്രേലിയ, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനിലെ 27 രാജ്യങ്ങളും ഉള്‍പ്പെടെ 80-ലധികം രാജ്യങ്ങള്‍ക്ക് മേല്‍ 10 ശതമാനം മുതല്‍ 12.5 ശതമാനം വരെ പുതിയ തീരുവയാണ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. ട്രംപിന്റെ മുന്‍കാല തീരുവകളില്‍ പലതും നിയമവിരുദ്ധമാണെന്ന് യു.എസ് സുപ്രീം കോടതി വിധിച്ചതിനെ തുടര്‍ന്ന് ഫെബ്രുവരിയില്‍ താല്‍ക്കാലികമായി കൊണ്ടുവന്ന 10 ശതമാനം തീരുവയ്ക്ക് പകരമാണ് പുതിയ നടപടി.

'തൊഴില്‍ ചൂഷണം' ചൂണ്ടിക്കാട്ടി പുതിയ നീക്കം

തൊഴില്‍ ചൂഷണത്തിലൂടെയും അന്യായമായ മാര്‍ഗങ്ങളിലൂടെയും നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തടയാന്‍ ലക്ഷ്യമിടുന്ന, 1974-ലെ ട്രേഡ് ആക്ടിലെ 'സെക്ഷന്‍ 301' പ്രകാരമാണ് പുതിയ നികുതികള്‍ ചുമത്തുന്നതെന്ന് യുഎസ് ട്രേഡ് പ്രതിനിധി ജാമിയേസണ്‍ ഗ്രീര്‍ വ്യക്തമാക്കി. അമേരിക്കയില്‍ ഇത്തരം ഉല്‍പ്പന്നങ്ങള്‍ക്ക് നൂറ്റാണ്ടുകളായി നിരോധനമുണ്ടെന്നും വ്യാപാര പങ്കാളികളും സമാനമായ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 'അമേരിക്കയില്‍ ഒരു നൂറ്റാണ്ടോളമായി തൊഴില്‍ ചൂഷണത്തിലൂടെ നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്ക് നിരോധനമുണ്ട്. ഞങ്ങള്‍ അത് കര്‍ശനമായി നടപ്പാക്കുന്നുമുണ്ട്. ഞങ്ങളുടെ വ്യാപാര പങ്കാളികളും ഇതുതന്നെ ചെയ്യേണ്ട സമയം എന്നേ അതിക്രമിച്ചിരിക്കുന്നു,' ഗ്രീര്‍ പ്രസ്താവനയില്‍ പറഞ്ഞു. അന്യായമായ വ്യാപാര രീതികളെക്കുറിച്ച് അന്വേഷിച്ച് സ്ഥിരമായ തീരുവകള്‍ ചുമത്തുമെന്ന് ഫെബ്രുവരിയില്‍ ട്രംപ് വ്യക്തമാക്കിയിരുന്നു.

കടുത്ത പ്രതിഷേധവുമായി സഖ്യകക്ഷികള്‍

അമേരിക്കയുടെ ഈ പുതിയ തീരുമാനത്തിനെതിരെ ആഗോളതലത്തില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. പുതിയ തീരുവകള്‍ നീതീകരിക്കാന്‍ കഴിയാത്തതാണെന്നും അവ പിന്‍വലിക്കാന്‍ ആവശ്യപ്പെടുമെന്നും ഓസ്‌ട്രേലിയയും ബ്രസീലും വ്യക്തമാക്കി. തൊഴില്‍ ചൂഷണത്തിനെതിരെ പോരാടുന്നതില്‍ തങ്ങള്‍ മുന്നിലാണെന്നും പുതിയ തീരുവകള്‍ ചുമത്തേണ്ട ഒരു സാഹചര്യവും തങ്ങള്‍ക്കില്ലെന്നും അമേരിക്കയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിലൊന്നായ കാനഡ പ്രതികരിച്ചു. പഴയ തീരുവകളുടെ കാലാവധി തീരുന്ന സമയത്തുതന്നെ ഇത് വന്നതില്‍ സംശയമുണ്ടെന്ന് കനേഡിയന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് വ്യക്തമാക്കി.

സഖ്യകക്ഷികളുടെ പ്രതിഷേധം അവഗണിച്ച് ട്രംപ്; എണ്‍പതിലധികം രാജ്യങ്ങള്‍ക്കുമേല്‍ വീണ്ടും വന്‍ നികുതി ഭാരം, ആഗോള വ്യാപാരത്തില്‍ 'തീരുവ യുദ്ധം'
നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്; വിദ്യാര്‍ഥികള്‍ക്കെതിരെ കേസ് എടുക്കില്ലെന്ന് സര്‍ക്കാര്‍, ചോദ്യപേപ്പര്‍ ചോര്‍ച്ച തടയാന്‍ പുതിയ നിയമം?

പുതിയ നികുതി ചുമത്തുന്നതിന് യാതൊരു അടിസ്ഥാനവുമില്ലെന്നാണ് നോര്‍വേയുടെ വിദേശകാര്യ മന്ത്രി പ്രതികരിച്ചത്. ട്രാന്‍സ്-അറ്റ്‌ലാന്റിക് വ്യാപാര കരാറിലെ വാഗ്ദാനങ്ങള്‍ യൂറോപ്യന്‍ യൂണിയന്‍ പാലിച്ചിട്ടുണ്ടെന്നും പുതിയ നികുതികള്‍ ഞെട്ടിക്കുന്നതാണെന്നും യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യ മേധാവി കാജ കല്ലാസ് പറഞ്ഞു. വിഷയത്തില്‍ അമേരിക്കയില്‍ നിന്ന് വ്യക്തത തേടുമെന്നും അവര്‍ വ്യക്തമാക്കി.

നിയമപരമായ ചോദ്യങ്ങളും ആഭ്യന്തര തിരിച്ചടിയും

അമേരിക്കൻ ജോലികളും ഉൽപ്പാദന മേഖലയും സംരക്ഷിക്കുന്നതിനും വ്യാപാര കമ്മി കുറയ്ക്കുന്നതിനും പങ്കാളിത്ത രാജ്യങ്ങളുടെ 'അന്യായമായ' നയങ്ങൾ തിരുത്തുന്നതിനുമുള്ള പ്രധാന ആയുധമായാണ് ട്രംപ് തീരുവകളെ കാണുന്നത്. 'ഡിക്ഷ്ണറിയിലെ ഏറ്റവും മനോഹരമായ വാക്ക്' എന്നാണ് അദ്ദേഹം പലപ്പോഴും നികുതിയെ വിശേഷിപ്പിച്ചിട്ടുള്ളത്. ഭരണഘടനയനുസരിച്ച് നികുതികൾ ചുമത്താനുള്ള അധികാരം യുഎസ് കോൺഗ്രസിന് മാത്രമാണുള്ളത്. എന്നാൽ അടിയന്തിര അധികാരങ്ങളും പ്രത്യേക വ്യാപാര നിയമങ്ങളും ഉപയോഗിച്ച് പ്രസിഡന്റ് നടത്തുന്ന ഇത്തരം ഇടപെടലുകൾ അധികാര ദുർവിനിയോഗമാണെന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം. പുതിയ നികുതി തീരുമാനവും കോടതിയിൽ ചോദ്യം ചെയ്യപ്പെടാൻ സാധ്യതയുണ്ട്.

അന്താരാഷ്ട്ര ഇടപാടുകൾ നിയന്ത്രിക്കാൻ പ്രസിഡന്റിന് അധികാരം നൽകുന്ന 'ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്സ് ആക്ട്' ഉപയോഗിച്ച് കഴിഞ്ഞ വര്‍ഷം ഏപ്രിലിൽ ട്രംപ് 10 ശതമാനം ബേസ്‌ലൈൻ തീരുവ പ്രഖ്യാപിക്കുകയായിരുന്നു. എന്നാല്‍, ഈ അധികാരം കോൺഗ്രസിനാണെന്ന് സുപ്രിംകോടതി വിധിച്ചതോടെ തിരിച്ചടിനേരിട്ടു. ഇതിന് പിന്നാലെ 150 ദിവസത്തെ കാലാവധിയുള്ള മറ്റൊരു വ്യാപാര നിയമം ഉപയോഗിച്ച് ട്രംപ് വീണ്ടും 10 ശതമാനം തീരുവ ഏർപ്പെടുത്തി. ഈ കാലാവധി വെള്ളിയാഴ്ച അർദ്ധരാത്രിയോടെ അവസാനിച്ചു. തുടർന്നാണ് ഇപ്പോൾ സെക്ഷൻ 301 ഉപയോഗിച്ച് പുതിയ നികുതികൾ വന്നിരിക്കുന്നത്.

സഖ്യകക്ഷികളുടെ പ്രതിഷേധം അവഗണിച്ച് ട്രംപ്; എണ്‍പതിലധികം രാജ്യങ്ങള്‍ക്കുമേല്‍ വീണ്ടും വന്‍ നികുതി ഭാരം, ആഗോള വ്യാപാരത്തില്‍ 'തീരുവ യുദ്ധം'
ജീവനെടുക്കുന്നത് ഇരുചക്ര വാഹനങ്ങള്‍; ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ സുരക്ഷ വര്‍ധിക്കുമ്പോള്‍ ഇന്ത്യയില്‍ ആശങ്കയേറുന്നത് എന്തുകൊണ്ട്?

കോടതി തിരിച്ചടികൾക്ക് പുറമെ, അമേരിക്കൻ ജനങ്ങൾക്കിടയിലും ഈ തീരുവകൾക്ക് വലിയ പിന്തുണയില്ല. ഹാരിസ് പോൾ നടത്തിയ സർവേ പ്രകാരം, പത്തിൽ ഏഴ് അമേരിക്കക്കാരും ട്രംപിന്റെ തീരുവകൾ കാരണം സാധനങ്ങൾക്ക് ഉയർന്ന വില നൽകേണ്ടി വന്നതായി അഭിപ്രായപ്പെട്ടു. 72% ആളുകൾ തീരുവകൾ ഉപഭോക്താക്കൾക്ക് പ്രതികൂലമായാണ് ബാധിച്ചതെന്ന് കരുതുന്നു. റിപ്പബ്ലിക്കൻ പാർട്ടി വോട്ടർമാരിൽ 64% പേരും ഈ നയം വിലക്കയറ്റത്തിന് കാരണമായെന്ന് സമ്മതിക്കുന്നു. 60% പേർ ഇത് ജനങ്ങളെ പ്രതികൂലമായി ബാധിച്ചുവെന്ന് പറഞ്ഞു. വരാനിരിക്കുന്ന മിഡ്‌ടേം തിരഞ്ഞെടുപ്പിൽ ഈ വിലക്കയറ്റവും ജനരോഷവും റിപ്പബ്ലിക്കൻ പാർട്ടിക്ക് വലിയ തിരിച്ചടിയായേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.

Summary

US President Donald Trump has announced a fresh round of import tariffs ranging from 10% to 12.5% on goods from more than 80 countries, including key allies such as the UK, Canada, Mexico, Australia, India, China, and the European Union. The new tariffs replace the temporary 10% duty that was introduced earlier this year after legal challenges to Trump's previous trade measures. The administration said the tariffs are being imposed under Section 301 of the Trade Act of 1974, citing unfair trade practices and products allegedly made through forced labour. Several US allies have condemned the move as unjustified, while legal experts argue the policy could face fresh constitutional challenges. Public opinion has also turned against the tariffs, with surveys showing most Americans believe they have contributed to higher prices and inflation.

Madism Digital
madismdigital.com