

അട്ടപ്പാടിയിൽ യുവതിയുടെയും പെൺകുട്ടിയുടെയും മൃതദേഹങ്ങൾ ചാക്കിൽ കെട്ടിയ നിലയിൽ ഭവാനിപ്പുഴയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. കേസിന്റെ അന്വേഷണത്തിനായി അഗളി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.
കൊലപാതകം പുഴയിലെ വെള്ളത്തിൽ വെച്ചുതന്നെ നടത്തിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. യുവതിയും കുട്ടിയും താമസിച്ചിരുന്ന ഷെഡിലും സമീപത്തെ തോട്ടത്തിലും സംഘർഷം നടന്നതിന്റെ ലക്ഷണങ്ങളൊന്നും കണ്ടെത്താനായിട്ടില്ല. ഇതാണ് കൊലപാതകം മറ്റൊരിടത്ത് നടന്നിരിക്കാമെന്ന സംശയത്തിലേക്ക് അന്വേഷണ സംഘത്തെ നയിക്കുന്നത്.
മരിച്ചവർ പശ്ചിമ ബംഗാൾ സ്വദേശിയായ തോട്ടം തൊഴിലാളിയുടെ ഭാര്യയും മകളുമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇയാൾ തന്നെയാണ് കൊലപാതകത്തിന് പിന്നിലെന്നും ഭാര്യയ്ക്ക് മറ്റുപുരുഷന്മാരുമായി ബന്ധമുണ്ടെന്ന സംശയമാണ് കൃത്യത്തിന് കാരണമായതെന്നുമാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. സംഭവത്തിന് പിന്നാലെ പ്രതി പശ്ചിമ ബംഗാളിലേക്ക് കടന്നതായും പൊലീസ് പറയുന്നു. ഏകദേശം 20 ദിവസം മുൻപാണ് ഇയാളും കുടുംബവും അട്ടപ്പാടിയിലെത്തിയത്.
അതേസമയം, മൃതദേഹങ്ങൾ കണ്ടെത്തിയ ചാക്കുകളിലൊന്നിനെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. ചാക്കിൽ പതിച്ചിരുന്ന എഴുത്തുകളിൽനിന്ന് അത് കോയമ്പത്തൂരിൽ നിന്ന് അട്ടപ്പാടി കോട്ടത്തറയിലെ ഒരു കടയിലേക്ക് സാധനങ്ങൾ എത്തിക്കാൻ ഉപയോഗിച്ചിരുന്നതാകാമെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ പുതൂർ പൊലീസ് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്.
ഭവാനിപ്പുഴയിൽ കണ്ടെത്തിയ ചാക്കുകളിൽ അമ്മയുടെയും പെൺകുഞ്ഞിന്റെയും മൃതദേഹങ്ങളാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് ചാക്കുകളിലായാണ് മൃതദേഹഭാഗങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾക്ക് കുറഞ്ഞത് നാല് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. പശുവിനെ മേയ്ക്കാൻ പോയ പ്രദേശവാസികളാണ് പുഴയരികിൽ ചാക്കുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൊലീസിനെ വിവരമറിയിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തറിയുന്നത്. കേസിൽ പ്രതിയെ കണ്ടെത്തുന്നതിനും കൊലപാതകത്തിന്റെ കൃത്യമായ കാരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ വ്യക്തമാക്കുന്നതിനുമായി വിവിധ കോണുകളിൽ അന്വേഷണം തുടരുകയാണ്.
The bodies of a woman from West Bengal and her daughter, found stuffed in sacks in the Bhavani River in Attappadi, have been confirmed by police to be a case of murder. The preliminary suspicion is that they may have been beheaded near the riverbank itself. A special investigation team led by the Agali DySP has been formed, and the probe has been intensified. The woman's husband, who is suspected to be the accused, is believed to have fled to West Bengal.