അനീതിയുടെ 8 വർഷങ്ങൾ: 'ഏകാധിപത്യ ഭരണകൂടത്തിനെതിരെ അച്ഛന്‍ ഇപ്പോഴും പോരാടുന്നു, ഞങ്ങള്‍ തകരില്ല, തലകുനിക്കില്ല'; സഞ്ജീവ് ഭട്ടിന്റെ മക്കള്‍

എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം, ഈ ഭരണകൂടത്തിന് തടവിലിടാന്‍ കഴിയാതെ പോയ ഒന്നുണ്ട്, അദ്ദേഹത്തെ അവര്‍ക്ക് അപകടകാരിയാക്കി മാറ്റിയ ആ ഒരു കാര്യം ... തന്റെ മനസ്സാക്ഷിയെ അടിയറവ് വെക്കാനുള്ള അദ്ദേഹത്തിന്റെ വിസമ്മതം.
അനീതിയുടെ 8 വർഷങ്ങൾ: 'ഏകാധിപത്യ ഭരണകൂടത്തിനെതിരെ അച്ഛന്‍ ഇപ്പോഴും പോരാടുന്നു, ഞങ്ങള്‍ തകരില്ല,  തലകുനിക്കില്ല'; സഞ്ജീവ് ഭട്ടിന്റെ മക്കള്‍
Published on

അധികാരത്തിന്റെ ഇടനാഴികളില്‍ സത്യം വിളിച്ചുപറഞ്ഞതിന്, സ്വന്തം മനസ്സാക്ഷിയെ അടിയറവ് വെക്കാന്‍ തയ്യാറാകാത്തതിന് ഒരു മനുഷ്യനും അദ്ദേഹത്തിന്റെ കുടുംബവും അനുഭവിക്കേണ്ടി വന്ന ക്രൂരമായ പ്രതികാരത്തിന്റെ എട്ട് വര്‍ഷങ്ങള്‍. മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് തടവറയിലായിട്ട് സെപ്റ്റംബര്‍ 5-ന് എട്ട് വര്‍ഷം (2,923 ദിവസങ്ങള്‍) തികയുകയാണ്. ഈ വേളയില്‍, നീതിക്കായുള്ള പോരാട്ടത്തിന്റെ വഴികളില്‍ തങ്ങള്‍ നേരിട്ട വേദനകളെക്കുറിച്ചും പിതാവ് ഉയര്‍ത്തിപ്പിടിച്ച തത്ത്വങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് മക്കളായ ആകാശി ഭട്ടും ശന്തനു ഭട്ടും. സഞ്ജീവ് ഭട്ടിന്റെ എക്‌സ് അക്കൌണ്ടില്‍ പങ്കുവെച്ച വികാരനിര്‍ഭരമായ കുറിപ്പിലൂടെയാണ് ഭരണകൂട വേട്ടയെയും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെയും ചോദ്യം ചെയ്ത് ഇരുവരും രംഗത്തെത്തിയത്. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം.

ഒരു സെപ്റ്റംബറിലെ പ്രഭാതത്തില്‍ തകര്‍ന്ന ഞങ്ങളുടെ ലോകം

ഇത് ആകാശി ഭട്ടും ശന്തനു ഭട്ടുമാണ്.

ഞങ്ങളുടെ പിതാവ് സഞ്ജീവ് ഭട്ടിന്റെ അന്യായമായ തടവറയുടെ 8 വര്‍ഷങ്ങള്‍- 2,923 ദിനങ്ങള്‍.

സത്യസന്ധമായ ശബ്ദത്തെ നിശ്ശബ്ദമാക്കാന്‍ കെട്ടിച്ചമച്ച വ്യാജ ആരോപണങ്ങളുടെ മറവില്‍, ഈ ഭരണകൂടം ഞങ്ങളുടെ വീട്ടില്‍ അതിക്രമിച്ചു കയറി ഞങ്ങളുടെ അച്ഛനെ ഞങ്ങളില്‍ നിന്ന് തട്ടിയെടുക്കുകയും ഞങ്ങളുടെ കുടുംബത്തെ തകര്‍ത്തെറിയുകയും ചെയ്തിട്ട് ഇന്ന്, സെപ്റ്റംബര്‍ അഞ്ചിന് എട്ട് വര്‍ഷ തികയുകയാണ്. ഒരു കുടുംബത്തിന് ഈ എട്ട് വര്‍ഷം എന്നത് വളരെ വലിയൊരു കാലയളവാണ്. എന്നാല്‍ സമയം അര്‍ത്ഥശൂന്യവും വിചിത്രവുമായി മാറിയ ചില നിമിഷങ്ങളുണ്ട്. എട്ട് വര്‍ഷം കടന്നുപോയെന്ന് കലണ്ടര്‍ ശാഠ്യം പിടിക്കുമ്പോഴും ഞങ്ങളുടെ ലോകം കീഴ്മേല്‍ മറിയുകയും തകര്‍ന്നുപോവുകയും ചെയ്ത ആ സെപ്റ്റംബറിലെ പ്രഭാതത്തിലാണ് ഞങ്ങളുടെ ഹൃദയവും ആത്മാവും ഇപ്പോഴും തങ്ങിനില്‍ക്കുന്നത്.

കഴിഞ്ഞുപോയ ഈ വര്‍ഷങ്ങളിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍, ഞങ്ങളുടെ പിതാവ് എന്തിനുവേണ്ടിയാണ് നിലകൊണ്ടതെന്ന് ഞാന്‍ പലപ്പോഴും ചിന്തിക്കാറുണ്ട്. തുടര്‍ന്ന് സംഭവിച്ച എല്ലാത്തിനും അര്‍ത്ഥം നല്‍കിയ അദ്ദേഹത്തിന്റെ തത്വങ്ങളെക്കുറിച്ചും. സ്വന്തം മനസ്സാക്ഷിയെ പണയം വെച്ചുകൊണ്ട്, നിശ്ശബ്ദതയുടെ സുരക്ഷിതത്വം തിരഞ്ഞെടുക്കണോ എന്ന് ഒരു വ്യക്തി തീരുമാനിക്കേണ്ട ചില നിമിഷങ്ങളുണ്ടെന്ന് ഞങ്ങള്‍ അദ്ദേഹത്തില്‍ നിന്നാണ് പഠിച്ചത്. ചോദ്യം ചെയ്യപ്പെടാന്‍ ആഗ്രഹിക്കാത്ത അധികാരത്തിന്റെ പാതയില്‍ നേര്‍ക്കുനേര്‍ നില്‍ക്കുക എന്നതിന്റെ യഥാര്‍ത്ഥ അര്‍ത്ഥമെന്താണെന്ന് ഞങ്ങള്‍ മനസ്സിലാക്കിയത് അദ്ദേഹത്തില്‍ നിന്നാണ്.

അനീതിയുടെ 8 വർഷങ്ങൾ: 'ഏകാധിപത്യ ഭരണകൂടത്തിനെതിരെ അച്ഛന്‍ ഇപ്പോഴും പോരാടുന്നു, ഞങ്ങള്‍ തകരില്ല,  തലകുനിക്കില്ല'; സഞ്ജീവ് ഭട്ടിന്റെ മക്കള്‍
ഗൗരി ലങ്കേഷ്: മരണത്തിനും ഫാസിസത്തിനും കീഴ്‌പ്പെടുത്താനാവാത്ത പോരാട്ടവീര്യം; കെ.ടി കുഞ്ഞിക്കണ്ണന്‍

തന്റെ മുന്നിലുള്ള പോരാട്ടം തികച്ചും അസമത്വങ്ങള്‍ നിറഞ്ഞതും പ്രയാസമേറിയതും ഏകാന്തവുമാണെന്ന് ഞങ്ങളുടെ അച്ഛന് അറിയാമായിരുന്നു. സമൂഹത്തെ സംരക്ഷിക്കാന്‍ ശേഷിയുള്ള പ്രസ്ഥാനങ്ങള്‍ അധികാരത്താല്‍ കീഴടക്കപ്പെടുകയും അവയുടെ സ്വയംഭരണാധികാരം നഷ്ടപ്പെടുകയും ചെയ്യുമ്പോള്‍, അതേ സമൂഹത്തെ നശിപ്പിക്കാന്‍ ശേഷിയുള്ള മാരകായുധങ്ങളായി അവ മാറുമെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. ഈ ഏകാധിപത്യ ഭരണകൂടത്തിന് മുന്നില്‍ വഴങ്ങാന്‍ വിസമ്മതിക്കുന്നതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധവാനായിരുന്നിട്ടും അദ്ദേഹം പിന്തിരിഞ്ഞില്ല. ഇപ്പോഴും തന്റെ സര്‍വ്വശക്തിയും ഉപയോഗിച്ച് അതിനെതിരെ പോരാടുന്നത് തുടരുന്നു.

അതാണ് സഞ്ജീവ് ഭട്ട് ...

പത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന വെറുമൊരു പേരോ വലിയൊരു പോരാട്ടത്തിന്റെ പ്രതീകമായി മാറിയ ഒരു ഐ.പി.എസ് ഉദ്യോഗസ്ഥനോ മാത്രമല്ല അദ്ദേഹം. എല്ലാം നഷ്ടപ്പെടേണ്ടിവരുമെന്ന് അറിഞ്ഞുകൊണ്ടുതന്നെ ഒരു പോരാട്ടം തുടരാനുള്ള അസാധാരണമായ ശക്തിയും അതിജീവനശേഷിയുമുള്ള, സ്വന്തം സൗകര്യങ്ങള്‍, കരിയര്‍, സ്വാതന്ത്ര്യം എന്നിവയ്ക്ക് മുകളിലായി ചില തത്ത്വങ്ങളുണ്ടെന്ന് വിശ്വസിച്ച ഞങ്ങളുടെ പിതാവാണ് അദ്ദേഹം.

അദ്ദേഹത്തിന്റെ ത്യാഗങ്ങള്‍ ഒരിക്കലും തനിക്കുവേണ്ടി മാത്രമായിരുന്നില്ല. ഒരാളുടെ രാഷ്ട്രീയ അഭിലാഷങ്ങള്‍ക്ക് വേണ്ടി വെറുപ്പും അക്രമവും സഹിക്കേണ്ടി വന്ന മനുഷ്യര്‍ക്ക് വേണ്ടിയാണ് അദ്ദേഹം പോരാടിയത്. നിശ്ശബ്ദനായിരിക്കുക എന്നത് വളരെ എളുപ്പമായിരുന്ന ഒരു സമയത്താണ് അദ്ദേഹം ശബ്ദമുയര്‍ത്തിയത്. വന്‍ അധികാരം കയ്യാളുന്നവര്‍ ആ അധികാരത്തിന് തക്കതായ ഉത്തരവാദിത്തം കാണിക്കണമെന്ന് വിശ്വസിച്ചതുകൊണ്ടാണ് അദ്ദേഹം തന്റെ കരിയറും പ്രശസ്തിയും സ്വാതന്ത്ര്യവും ഒടുവില്‍ തന്റെ ജീവിതവും പണയം വെച്ചത്.

അതിന്റെ പേരില്‍, അദ്ദേഹത്തിന്റെ ജീവിതത്തിലെ വിലപ്പെട്ട വര്‍ഷങ്ങളും സ്വാതന്ത്ര്യവും ക്രൂരമായി തട്ടിയെടുക്കപ്പെട്ടു. എങ്കിലും, ഈ എട്ട് വര്‍ഷങ്ങള്‍ കടന്നുപോയപ്പോള്‍ എനിക്ക് കൂടുതല്‍ വ്യക്തമായ ഒരു കാര്യമുണ്ട്, അടിച്ചമര്‍ത്തലിന്റെ ഏറ്റവും വലിയ വിജയം എന്നത് അത് ലക്ഷ്യമിടുന്ന വ്യക്തിയെ തകര്‍ക്കുക എന്നതല്ല, മറിച്ച് ഇത് നോക്കിനില്‍ക്കുന്ന എല്ലാവരെയും 'തങ്ങള്‍ക്ക് ഒന്നും ചെയ്യാനാവില്ല' എന്ന് വിശ്വസിപ്പിക്കുന്നതിലാണ്. കാരണം ഒരൊറ്റ നാടകീയ നിമിഷത്തില്‍ അപ്രത്യക്ഷമാവുന്ന ഒന്നല്ല ജനാധിപത്യം. അധികാരത്തെ തടഞ്ഞുനിര്‍ത്തേണ്ട സ്ഥാപനങ്ങള്‍ അതിനെ സേവിക്കാന്‍ തുടങ്ങുമ്പോള്‍, സാധാരണക്കാരുടെ അവസാനത്തെ അഭയകേന്ദ്രമാകേണ്ട നീതിന്യായ വ്യവസ്ഥ അവരെ സംരക്ഷിക്കുന്നതില്‍ പരാജയപ്പെടുമ്പോള്‍, നിയമനടപടികള്‍ ദുരുപയോഗം ചെയ്യാവുന്ന ഒന്നായി മാറുമ്പോള്‍, സത്യം അസൗകര്യമുള്ളതും അപകടകരവുമായ ഒന്നായി മാറുമ്പോള്‍, അതിലുപരി അനീതിക്ക് മുന്നില്‍ ശബ്ദമുയര്‍ത്തുന്നതിന് പകരം കണ്ണടച്ചിരിക്കുന്നതാണ് സുരക്ഷിതമെന്ന് സാധാരണ പൗരന്മാര്‍ കരുതുമ്പോള്‍, അവിടെയാണ് ജനാധിപത്യത്തിന്റെ അടിത്തറ നിശ്ശബ്ദമായി തകരുന്നത്. എന്താണ് സംഭവിക്കുന്നതെന്ന് ആളുകള്‍ക്ക് അറിയാത്തതുകൊണ്ടല്ല ഇങ്ങനെ സംഭവിക്കുന്നത്, മറിച്ച് ബോധപൂര്‍വം അറിയാത്ത ഭാവം നടിക്കുന്നതാണ് കൂടുതല്‍ 'സുരക്ഷിതം' എന്ന് കരുതുന്നത് കൊണ്ടാണ്.

അനീതിയുടെ 8 വർഷങ്ങൾ: 'ഏകാധിപത്യ ഭരണകൂടത്തിനെതിരെ അച്ഛന്‍ ഇപ്പോഴും പോരാടുന്നു, ഞങ്ങള്‍ തകരില്ല,  തലകുനിക്കില്ല'; സഞ്ജീവ് ഭട്ടിന്റെ മക്കള്‍
മണിപ്പൂര്‍ കലാപം: 2023 മുതല്‍ കൊല്ലപ്പെട്ടത് 306 പേര്‍, ഇപ്പോഴും അണയാതെ സംഘര്‍ഷം, വീഴ്ചകള്‍ തുറന്നുകാട്ടി കണക്കുകള്‍

നീണ്ട എട്ട് വര്‍ഷങ്ങളായി ഞങ്ങളുടെ പിതാവിന് ചുറ്റും ഇതെല്ലം സംഭവിക്കുന്നത് ഞങ്ങള്‍ കണ്ടുനില്‍ക്കുകയാണ്. അതിശക്തമായ ഭരണകൂട യന്ത്രം ഒരു മനുഷ്യനു മേല്‍ പതിക്കുന്നത് ഞങ്ങള്‍ കണ്ടു, പൗരനും ഭരണകൂടത്തിനും ഇടയില്‍ സംരക്ഷണമായി നില്‍ക്കേണ്ട സ്ഥാപനങ്ങള്‍, അവയുടെ വാഗ്ദാനം പാലിക്കുന്നതില്‍ വീണ്ടും വീണ്ടും പരാജയപ്പെടുന്നത് ഞങ്ങള്‍ കണ്ടു. എന്നിട്ടും, ഞങ്ങളുടെ അച്ഛന്‍ പോരാട്ടം തുടരുകയാണ് ... മറ്റെന്തിനേക്കാളും അതാണ് അദ്ദേഹത്തിന്റെ ധൈര്യത്തിന്റെ, അദ്ദേഹത്തിന്റെ പാരമ്പര്യത്തിന്റെ അളവുകോല്‍. ലോകം കേള്‍ക്കുമ്പോള്‍ ഒരാള്‍ എത്ര ഉച്ചത്തില്‍ സംസാരിക്കുന്നു എന്നതിലൂടെയല്ല ധൈര്യം അളക്കുന്നത്, മറിച്ച് ലോകം കേള്‍ക്കുന്നത് നിര്‍ത്തുമ്പോള്‍ അവര്‍ എന്തൊക്കെ സഹിക്കാന്‍ തയ്യാറാകുന്നു എന്നതിലൂടെയാണ്.

ഞങ്ങളുടെ അച്ഛന്‍ എല്ലാം സഹിച്ചു, ഇപ്പോഴും സഹിച്ചുകൊണ്ടിരിക്കുന്നു ...

തന്റെ സ്വാതന്ത്ര്യത്തിന്റെ നഷ്ടം, കരിയറിന്റെ തകര്‍ച്ച, കുടുംബത്തില്‍ നിന്ന് കവര്‍ന്നെടുക്കപ്പെട്ട വര്‍ഷങ്ങള്‍, തന്നെ തകര്‍ക്കാന്‍ ഉറപ്പിച്ച ഒരു വ്യവസ്ഥിതിയുടെ ഭാരം എന്നിവയെല്ലാം അദ്ദേഹം സഹിച്ചു.

എന്നിട്ടും, എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം, ഈ ഭരണകൂടത്തിന് തടവിലിടാന്‍ കഴിയാതെ പോയ ഒന്നുണ്ട്, അദ്ദേഹത്തെ അവര്‍ക്ക് അപകടകാരിയാക്കി മാറ്റിയ ആ ഒരു കാര്യം ... തന്റെ മനസ്സാക്ഷിയെ അടിയറവ് വെക്കാനുള്ള അദ്ദേഹത്തിന്റെ വിസമ്മതം.

ഒരുപക്ഷേ അതുകൊണ്ടായിരിക്കാം അദ്ദേഹത്തിന്റെ പോരാട്ടം എപ്പോഴത്തേക്കാളും ഇപ്പോള്‍ കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നത്. വര്‍ഷങ്ങളായി, സംസാരിക്കുന്നതിന് മുന്‍പ് തന്നെ സ്വന്തം ശബ്ദം താഴ്ത്താന്‍ ഒട്ടനവധി ആളുകള്‍ ശീലിച്ചുപോയി. ചോദ്യങ്ങള്‍ക്ക് പകരം നിശ്ശബ്ദമായ അംഗീകാരങ്ങളും അമര്‍ഷത്തിന് പകരം ഉദാസീനതയും, ധൈര്യത്തിന് പകരം ഭീരുത്വവും വന്നുചേര്‍ന്നു. ഈ ഭരണകൂടത്തിനെതിരെ നിലകൊള്ളാന്‍ ധൈര്യപ്പെട്ട മാതൃകാപരമായ വ്യക്തികള്‍ വേട്ടയാടപ്പെടുന്നത് നോക്കിനിന്ന ഒരു തലമുറ, ജീവിക്കാനുള്ള ഏറ്റവും സുരക്ഷിതമായ വഴി നിശ്ശബ്ദത പാലിക്കുകയാണെന്ന് വിശ്വസിക്കാന്‍ തുടങ്ങി ... എന്നാല്‍ ആ നിശ്ശബ്ദതയ്ക്ക് വലിയൊരു വില നല്‍കേണ്ടി വരും.

അധികാരത്തെ ചോദ്യം ചെയ്യാന്‍ ജനങ്ങള്‍ ഭയപ്പെടുമ്പോള്‍ ഒരു രാജ്യത്തിന് സ്വതന്ത്രമായി നിലനില്‍ക്കാന്‍ കഴിയില്ല. പൗരന്മാര്‍ ഉത്തരവാദിത്തം ആവശ്യപ്പെടുന്നത് നിര്‍ത്തുമ്പോള്‍ സ്ഥാപനങ്ങള്‍ക്ക് സ്വയംഭരണാധികാരത്തോടെ നിലനില്‍ക്കാന്‍ കഴിയില്ല. നീതിന്യായ വ്യവസ്ഥ ജനങ്ങള്‍ക്ക് ഒരു സംരക്ഷണ കവചമാകുന്നതിന് പകരം വിയോജിക്കുന്നവര്‍ക്കെതിരെയുള്ള ആയുധമായി മാറുമ്പോള്‍ നീതിക്ക് വിജയിക്കാനാവില്ല. യാതൊരു അധികാരവും നിയമത്തിന് മുകളിലല്ലെന്നും സുരക്ഷിതമായിരിക്കാന്‍ ഒരു പൗരനും തന്റെ സ്വാതന്ത്ര്യമോ അന്തസ്സോ ശബ്ദമോ അടിയറവ് വെക്കേണ്ടതില്ലെന്നുമുള്ള ജനാധിപത്യത്തിന്റെ മൗലിക വാഗ്ദാനം സംരക്ഷിക്കാന്‍ സാധാരണ മനുഷ്യര്‍ തയ്യാറാകുമ്പോള്‍ മാത്രമേ ജനാധിപത്യം അതിജീവിക്കുകയുള്ളൂ.

അനീതിയുടെ 8 വർഷങ്ങൾ: 'ഏകാധിപത്യ ഭരണകൂടത്തിനെതിരെ അച്ഛന്‍ ഇപ്പോഴും പോരാടുന്നു, ഞങ്ങള്‍ തകരില്ല,  തലകുനിക്കില്ല'; സഞ്ജീവ് ഭട്ടിന്റെ മക്കള്‍
കൊല്ലാനാവില്ല ആ ചിന്തകളെ! ഓഗസ്റ്റ് 30, കൽബുർഗി രക്തസാക്ഷി ദിനം

അധികാരത്തോട് സത്യം വിളിച്ചുപറയാനുള്ള ആ ആര്‍ജ്ജവം വീണ്ടും തിരിച്ചുവരാന്‍ തുടങ്ങുകയാണ്. രാജ്യത്തുടനീളം, ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ട് ജനങ്ങള്‍ വീണ്ടും ശബ്ദമുയര്‍ത്തുന്നു. വെറും ബഹളങ്ങള്‍ക്കും, പ്രചാരണങ്ങള്‍ക്കും, നിര്‍മ്മിത കഥകള്‍ക്കുമപ്പുറം ചിന്തിക്കാന്‍ ജനങ്ങള്‍ തങ്ങളുടെ ചിന്താശേഷി ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നു! തലകുനിച്ചു ജീവിക്കാന്‍ പഠിപ്പിക്കപ്പെട്ട ഒരു തലമുറ, ധൈര്യത്തോടെയും പ്രതിഷേധത്തോടെയും വീണ്ടും തലയുയര്‍ത്താന്‍ തുടങ്ങുകയാണ്. ചോദ്യം ചെയ്യാനുള്ള തങ്ങളുടെ ശേഷി ഇനി അടിയറവ് വെക്കില്ലെന്ന് ദശലക്ഷക്കണക്കിന് സാധാരണ മനുഷ്യര്‍ സ്വന്തം നിലയില്‍ തീരുമാനിക്കുന്നതിലൂടെയാണ് ആ ഇരുണ്ട രാത്രി മാറി പുതിയൊരു പ്രഭാതം പുലരുന്നത്!

ഒരു ഭരണകൂടത്തിനെതിരെ ഒറ്റയ്ക്ക് നില്‍ക്കുന്ന ഒരാള്‍ നിസ്സാരനായി തോന്നാം. അധികാരത്തിന്റെ കൂറ്റന്‍ യന്ത്രങ്ങള്‍ക്ക് മുന്നില്‍ ആ ഒറ്റ ശബ്ദം വളരെ ചെറുതായി തോന്നാം. എന്നാല്‍ വഴങ്ങാന്‍ വിസമ്മതിച്ചവരെ ചരിത്രം ഓര്‍ത്തു വെക്കുക തന്നെ ചെയ്യും. ഒരു മനുഷ്യന്റെ ധൈര്യത്തിന് ദശലക്ഷക്കണക്കിന് ആളുകളുടെ ധൈര്യത്തെ എങ്ങനെ ഉണര്‍ത്താന്‍ കഴിയുമെന്ന് ചരിത്രം കാണിച്ചുതന്നിട്ടുണ്ട്.

താന്‍ എന്താണ് പണയം വെക്കുന്നതെന്ന് കൃത്യമായി അറിഞ്ഞുകൊണ്ടുതന്നെയാണ് ഞങ്ങളുടെ അച്ഛന്‍ സ്വാര്‍ത്ഥതയേക്കാള്‍ ധൈര്യവും നിശ്ശബ്ദതയേക്കാള്‍ സത്യവും ഭയത്തേക്കാള്‍ മനസ്സാക്ഷിയും തിരഞ്ഞെടുത്തത്. താന്‍ പരാജയപ്പെടാത്തവനാണെന്ന് കരുതിയല്ല അദ്ദേഹം ഈ ഭരണകൂടത്തിനെതിരെ നിലകൊണ്ടത്, മറിച്ച്, എന്തൊക്കെ വില കൊടുക്കേണ്ടി വന്നാലും ചില കാര്യങ്ങള്‍ക്ക് വേണ്ടി പോരാടേണ്ടതുണ്ടെന്ന് അദ്ദേഹം വിശ്വസിച്ചതുകൊണ്ടാണ്.

ഇന്ന്, 2,923 ദിവസത്തെ വേര്‍പിരിയല്‍ മാത്രമല്ല, നീതിക്കുവേണ്ടിയുള്ള ഞങ്ങളുടെ വിട്ടുവീഴ്ചയില്ലാത്ത 8 വര്‍ഷത്തെ പോരാട്ടത്തെക്കൂടിയാണ് അടയാളപ്പെടുത്തുന്നത്...

ഇന്ന് ഇത് വായിക്കുന്ന എല്ലാവരും സഞ്ജീവ് ഭട്ടിനെ ഒരിക്കല്‍ കൂടി ഓര്‍ക്കുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു...

വ്യക്തിപരവും തൊഴില്‍പരവുമായ വലിയ വില നല്‍കേണ്ടി വന്നപ്പോഴും അധികാരത്തെ നേര്‍ക്കുനേര്‍ നേരിടാന്‍ അദ്ദേഹം കാണിച്ച ആ ധൈര്യം ഓര്‍ക്കുക ...

പൗരന്മാരെ സംരക്ഷിക്കാന്‍ ഉണ്ടാക്കിയ സ്ഥാപനങ്ങള്‍ അവര്‍ക്കെതിരെ തന്നെ ആയുധമാക്കപ്പെടുമ്പോള്‍ എന്താണ് സംഭവിക്കുന്നതെന്ന് ഓര്‍ക്കുക ...

നീതിന്യായ വ്യവസ്ഥയുടെ സ്വതന്ത്രതയും സ്ഥാപനങ്ങളുടെ സുതാര്യതയും നിയമവാഴ്ചയും കേവലം ഭരണഘടനാപരമായ വാക്കുകളല്ലെന്നും ഒരു സാധാരണ പൗരനും ഭരണകൂടത്തിന്റെ അനിയന്ത്രിതമായ അധികാരത്തിനും ഇടയില്‍ നില്‍ക്കുന്ന പ്രതിരോധ മതിലുകളാണെന്നും ഓര്‍ക്കുക. ആ മതിലുകള്‍ സംരക്ഷിക്കാനുള്ള ധൈര്യം നമ്മള്‍ കാണിക്കുന്നിടത്തോളം കാലം മാത്രമേ അവ നിലനില്‍ക്കൂ എന്നും ഓര്‍ക്കുക!

ഞങ്ങളുടെ അച്ഛന്റെ സത്യത്തിന്റെ ശബ്ദം നിശ്ശബ്ദമാക്കാന്‍ അവര്‍ ശ്രമിച്ചിട്ട് എട്ട് വര്‍ഷങ്ങള്‍ കടന്നുപോയി.

അദ്ദേഹത്തിന്റെ സ്വാതന്ത്ര്യം കവര്‍ന്നെടുത്തിട്ടും അദ്ദേഹത്തിന്റെ ധൈര്യത്തെ തളര്‍ത്താന്‍ കഴിയാതെ പോയിട്ടും എട്ട് വര്‍ഷങ്ങളായി

അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യത്തെ കുഴിച്ചുമൂടാന്‍ അവര്‍ ശ്രമിച്ചിട്ട് എട്ട് വര്‍ഷം, എന്നാല്‍ അദ്ദേഹത്തിന്റെ അചഞ്ചലമായ വീര്യത്തെ തകര്‍ക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.

അനീതിയുടെ 8 വർഷങ്ങൾ: 'ഏകാധിപത്യ ഭരണകൂടത്തിനെതിരെ അച്ഛന്‍ ഇപ്പോഴും പോരാടുന്നു, ഞങ്ങള്‍ തകരില്ല,  തലകുനിക്കില്ല'; സഞ്ജീവ് ഭട്ടിന്റെ മക്കള്‍
'ഗൾഫ്‌ സ്വാധീനവും പാരമ്പര്യ പൗരോഹിത്യത്തിന്റെ രൂപാന്തരങ്ങളും'

വൈകുന്ന നീതി വെറുതെ നഷ്ടപ്പെടുന്ന സമയമല്ല, മറിച്ച് നീതി ആവശ്യപ്പെടാനുള്ള ധൈര്യം ഈ സമൂഹത്തിന് ഇപ്പോഴുമുണ്ടോ എന്നതിന്റെ പരീക്ഷണമാണെന്ന് വീണ്ടും വീണ്ടും നമ്മെ ഓര്‍മ്മിപ്പിച്ച എട്ട് വര്‍ഷങ്ങള്‍.

നമ്മുടെ രാജ്യത്തിന്റെ, സമൂഹത്തിന്റെ മതേതര-ജനാധിപത്യ ഘടനയെ സംരക്ഷിക്കാന്‍ വേണ്ടി തന്റെ ജീവിതം സമര്‍പ്പിച്ചയാളാണ് ഞങ്ങളുടെ അച്ഛന്‍. അദ്ദേഹത്തിന്റെ ശബ്ദം ഒറ്റപ്പെട്ടുപോകാന്‍ സമ്മതിക്കാതിരിക്കുക എന്നതാണ് നമുക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും കുറഞ്ഞ കാര്യം.

നമ്മള്‍ ഒന്നിച്ചുനില്‍ക്കണം, ശബ്ദമുയര്‍ത്തണം... ഞങ്ങളുടെ അച്ഛന്‍ സഞ്ജീവ് ഭട്ടിന് വേണ്ടി മാത്രമല്ല, നമ്മുടെ രാജ്യത്തെ ഓരോ പൗരന്റെയും അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും മൂല്യങ്ങളും സംരക്ഷിക്കാന്‍ തങ്ങളുടെ സകലതും ത്യജിച്ച എല്ലാവര്‍ക്കും വേണ്ടി.

എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷവും ഞങ്ങളുടെ അച്ഛന്‍ തലയുയര്‍ത്തി, മനസ്സാക്ഷി പണയം വെക്കാതെ, തളരാത്ത നിശ്ചയദാര്‍ഢ്യത്തോടെ ഉറച്ചുനില്‍ക്കുകയാണ്!

വഴങ്ങാനോ, നിശ്ശബ്ദനാകാനോ, കീഴടങ്ങാനോ അദ്ദേഹം തയ്യാറല്ല... ഞങ്ങളും അതിന് തയ്യാറല്ല!

നീതിക്കായുള്ള ഞങ്ങളുടെ പോരാട്ടം തുടരും!

ഞങ്ങള്‍ പരിക്കേറ്റവരും, തളര്‍ന്നവരും ആകാം ... എന്നാല്‍ ഞങ്ങള്‍ തകര്‍ന്നിട്ടില്ല, തലകുനിച്ചിട്ടില്ല, കീഴടങ്ങിയിട്ടുമില്ല!

Summary

Former IPS officer Sanjiv Bhatt has completed eight years in prison, with his children Akashi Bhatt and Shantanu Bhatt marking the occasion with an emotional statement about their father's imprisonment and their family's long struggle for justice. In the statement shared through Sanjiv Bhatt's X account, his children reflect on the personal cost of his decision to stand by his principles and challenge those in power. They describe how his imprisonment affected their family and argue that the larger issue extends beyond one individual to questions of democracy, institutional independence, the rule of law and the right to dissent.

Madism Digital
madismdigital.com