'ഗൾഫ്‌ സ്വാധീനവും പാരമ്പര്യ പൗരോഹിത്യത്തിന്റെ രൂപാന്തരങ്ങളും'

തങ്ങൾ എതിർത്തുപോന്ന സലഫിസത്തിന്റെ അതേ ശുദ്ധീകരണ വാദങ്ങളിലേക്ക് പരമ്പരാഗത വിഭാഗങ്ങളും സ്വയം എത്തിച്ചേർന്നിരിക്കുന്നു
'ഗൾഫ്‌ സ്വാധീനവും പാരമ്പര്യ പൗരോഹിത്യത്തിന്റെ രൂപാന്തരങ്ങളും'
Published on

കേരളത്തിന്റെ സാമൂഹിക മണ്ഡലത്തിൽ അടുത്തകാലത്തായി ഉയർന്നുവന്ന രണ്ട് പ്രധാന ചർച്ചകൾ ഒറ്റനോട്ടത്തിൽ വ്യത്യസ്തമെന്ന് തോന്നാമെങ്കിലും പരസ്പരം ആഴത്തിൽ കണ്ണിചേരുന്നതാണ്. സൗദി അറേബ്യയിൽ നിന്നുള്ള കുടിയേറ്റം പ്രവാസികളിൽ ലിംഗസമത്വ വിരുദ്ധവും യാഥാസ്ഥിതികവുമായ മനോഭാവം വളർത്തുന്നുവെന്ന ലോകബാങ്ക് ഗവേഷണം പങ്കുവെച്ചുകൊണ്ട് ഡോ. ശശി തരൂർ നടത്തിയ പ്രതികരണമാണ് അതിലൊന്ന്. കേരളീയ പൊതുസമൂഹത്തിന്റെ ബഹുസ്വരതയുടെ അടയാളമായ ഓണാഘോഷത്തിൽ പങ്കെടുക്കുന്നതിനെതിരെ പരമ്പരാഗത മുസ്‌ലിം പണ്ഡിതർ പുറപ്പെടുവിച്ച ഫത്‌വകളും സാമൂഹിക മാധ്യമങ്ങളിലെ വിലക്കുകളുമാണ് രണ്ടാമത്തേത്. വിദേശത്തുനിന്നുള്ള യാഥാസ്ഥിതികതയെയും തദ്ദേശീയ പൗരോഹിത്യത്തിന്റെ സ്വയംമാറ്റങ്ങളെയും ഒരുമിച്ച് ചേർത്തുവെച്ചുള്ള ഒരു പുനർവായന ഈ സന്ദർഭത്തിൽ അനിവാര്യമാകുന്നു.

സലഫി പ്രസ്ഥാനങ്ങളെ നേരിടാൻ അവരുടെ അതേ കർശന പ്രമാണവാദ ശൈലി പാരമ്പര്യ സുന്നി പണ്ഡിതരും പകർത്തിയതോടെ, കേരളീയ ഇസ്‌ലാമിന്റെ തദ്ദേശീയവും ബഹുസ്വരവുമായ അടിത്തറ ദുർബലപ്പെട്ടു

ഓണാഘോഷവും പൗരോഹിത്യത്തിന്റെ വിലക്കുകളും

ഓണക്കാലത്ത് കേരളത്തിലെ വിദ്യാലയങ്ങളിലും കോളേജ് കാമ്പസുകളിലും നടന്ന ആഘോഷങ്ങളിൽ മുസ്‌ലിം പെൺകുട്ടികൾ പങ്കെടുത്തതിനെതിരെയും സെറ്റുസാരിയും ശിരോവസ്ത്രവുമണിഞ്ഞ്‌ നൃത്തം ചെയ്തതിനെതിരെയും സൈബർ ഇടങ്ങളിലും മതവേദികളിലും വലിയ രീതിയിലുള്ള വിദ്വേഷ പ്രചാരണങ്ങളാണ് അരങ്ങേറിയത്. അന്യമതസ്ഥരുടെ ആഘോഷങ്ങളിൽ പങ്കുചേരുന്നത് മതവിരുദ്ധമാണെന്നും വിശ്വാസം നഷ്ടപ്പെടുന്ന കാര്യമാണെന്നുമുള്ള തിട്ടൂരങ്ങൾ നിരന്തരം പുറത്തുവന്നു.

ശ്രദ്ധേയമായ കാര്യം, ഇത്തരം വിലക്കുകൾ മുന്നോട്ടുവെച്ചതിൽ തീവ്ര സലഫി ഗ്രൂപ്പുകളേക്കാൾ മുൻപന്തിയിൽ നിന്നത് കേരളത്തിലെ പരമ്പരാഗത സുന്നിപൗരോഹിത്യമായിരുന്നു എന്നതാണ്.

'ഗൾഫ്‌ സ്വാധീനവും പാരമ്പര്യ പൗരോഹിത്യത്തിന്റെ രൂപാന്തരങ്ങളും'
ഇതിഹാസങ്ങള്‍, അയ്യോ, മഴ നനയുന്നു; ഫുട്‌ബോളും ഫ്‌ളക്‌സ് ആഘോഷങ്ങളും

സുന്നി ഇ.കെ. വിഭാഗം നേതാക്കളായ അമ്പലക്കടവ് ഹമീദ് ഫൈസിയും നാസർ ഫൈസി കൂടത്തായിയും ഓണാഘോഷങ്ങളിലെ മുസ്‌ലിം പങ്കാളിത്തത്തെയും സ്ത്രീകളുടെ സാന്നിധ്യത്തെയും 'ഇസ്‌ലാമിക സ്വത്വത്തിന് നിരക്കാത്ത അനാചാരം' എന്ന നിലയിലാണ് പരസ്യമായി വിമർശിച്ചത്. പെൺകുട്ടികൾ പൊതുവേദികളിൽ നൃത്തം ചെയ്യുന്നതിനെയും ആഘോഷങ്ങളിൽ അന്യമത ചിഹ്നങ്ങൾ ഉപയോഗിക്കുന്നതിനെയും അവർ കടുത്ത ഭാഷയിൽ ആക്ഷേപിച്ചു. കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരും സമാനമായ രീതിയിൽ മുസ്‌ലിംകൾ അന്യമത ആചാരങ്ങളോട് കലരുന്നതിനെതിരെയുള്ള കർശനമായ മുന്നറിയിപ്പുകൾ നൽകി. സ്ത്രീകൾ പൊതുവിടങ്ങളിൽ ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനെതിരെയുള്ള യാഥാസ്ഥിതിക നിലപാടുകൾ ഇരു സമസ്തകളുടെയും വേദികളിൽ ഒരുപോലെ ആവർത്തിക്കപ്പെട്ടു.

തകിടം മറിയുന്ന ആഖ്യാനങ്ങൾ

ചരിത്രപരമായി, സലഫിസത്തിന്റെ പ്രധാന സിദ്ധാന്തങ്ങളിലൊന്ന് അവിശ്വാസികളുമായി വിശ്വാസ, സാംസ്കാരിക വിഷയങ്ങളിൽ അകൽച്ച പാലിക്കണം എന്നതാണ്. തദ്ദേശീയമായ സംസ്കാരങ്ങളുമായി ഇസ്‌ലാം കലരുന്നത് ബഹുദൈവാരാധനയുടെ ഭാഗമാണെന്നും, അത്തരം സാംസ്കാരികമായ കലർപ്പുകൾ പുത്തനാചാരങ്ങൾ ആണെന്നും വാദിച്ചാണ് സലഫികൾ തുടക്കം മുതലേ ഓണം പോലുള്ള ആഘോഷങ്ങളെയും ദർഗകളിലെ പ്രാദേശിക സാംസ്കാരിക സങ്കലനങ്ങളെയും എതിർത്തുപോന്നത്.

മറുവശത്ത്, പരമ്പരാഗത സുന്നി വിഭാഗങ്ങൾ തദ്ദേശീയ സംസ്കാരങ്ങളുമായി എക്കാലത്തും പൊരുത്തപ്പെട്ടുനിന്നവരായിരുന്നുവെന്നാണ് പൊതുവെ വിലയിരുത്തപ്പെടാറുള്ളത്. ദർഗകളിലെ ചന്ദനക്കുടം, നേർച്ചകൾ, കൊടികയറ്റം തുടങ്ങിയ ആചാരങ്ങളിലെ സാംസ്കാരിക വിനിമയം, മുസ്‌ലിം സ്ത്രീകളുടെ പരമ്പരാഗത വസ്ത്രരീതികൾ (തട്ടവും കാച്ചിയും സാരിയും), ഓണം പോലുള്ള പ്രാദേശിക ഉത്സവങ്ങളോടുള്ള സൗഹാർദ്ദപരമായ സമീപനം എന്നിവയെല്ലാം ഇതിന് തെളിവുകളായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. എന്നാൽ, സമീപകാല യാഥാർത്ഥ്യങ്ങൾ ഈ ആഖ്യാനത്തെ പൂർണ്ണമായി തകിടം മറിക്കുന്നു.

'ഗൾഫ്‌ സ്വാധീനവും പാരമ്പര്യ പൗരോഹിത്യത്തിന്റെ രൂപാന്തരങ്ങളും'
മുത്തങ്ങയിലെ വംശീയ വിചാരണ!

ഓണാഘോഷങ്ങൾക്കെതിരെയുള്ള വിലക്കുകൾ, പെൺകുട്ടികളുടെ മുഖാവരണവും കറുത്ത പർദ്ദയും നിർബന്ധമാക്കൽ, പൊതുവിടങ്ങളിലും നേതൃപദവികളിലും സ്ത്രീകൾക്ക് പ്രവേശനം നിഷേധിക്കൽ തുടങ്ങിയ വിഷയങ്ങളിലെല്ലാം സലഫികളെപ്പോലും പിന്നിലാക്കുന്ന കർക്കശമായ പ്യൂരിറ്റനിസ്റ്റ് (Puritanist) സമീപനമാണ് ഇന്ന് കേരളത്തിലെ പാരമ്പര്യ പണ്ഡിത നേതൃത്വം സ്വീകരിക്കുന്നത്. തങ്ങൾ എതിർത്തുപോന്ന സലഫിസത്തിന്റെ അതേ ശുദ്ധീകരണ വാദങ്ങളിലേക്ക് പരമ്പരാഗത വിഭാഗങ്ങളും സ്വയം എത്തിച്ചേർന്നിരിക്കുന്നു.

ഗൾഫ് പ്രവാസവും സമ്പദ്‌വ്യവസ്ഥയുടെ ആശയക്കൈമാറ്റവും

ഈ സന്ദർഭത്തിലാണ് ശശി തരൂർ പങ്കുവെച്ച ലോകബാങ്ക് പഠനത്തിന്റെ രാഷ്ട്രീയ പ്രസക്തി വ്യക്തമാകുന്നത്. എന്നാൽ, ആ പഠനം മുന്നോട്ടുവെച്ച യാഥാസ്ഥിതികതയുടെ കാരണം സൗദി അറേബ്യയിൽ നിന്ന് മടങ്ങിയെത്തിയവരിലോ സലഫി സംഘടനകളിലോ മാത്രം ഒതുക്കിനിർത്തുന്നത് അപൂർണ്ണമായ നിഗമനമായിരിക്കും.

സൗദിയിൽ മാത്രമല്ല; കുവൈത്ത്, ഖത്തർ, യുഎഇ തുടങ്ങിയ ഇതര ഗൾഫ് രാജ്യങ്ങളിലുള്ള ഇസ്‌ലാമിക സംഘടനകളിലും ചാരിറ്റി ശൃംഖലകളിലും ഇതേ യാഥാസ്ഥിതിക പ്യൂരിറ്റൻ ചിന്തകൾ തന്നെയാണ് നിലനിൽക്കുന്നത്. ഈ നാടുകളിലെല്ലാം ജീവിക്കുന്ന സാധാരണ പ്രവാസികളിലേക്ക് ഈ കാഴ്ച്ചപ്പാടുകൾ സ്വാഭാവികമായി പ്രവഹിക്കുന്നുണ്ട്.

1980-കൾ മുതൽ കേരളത്തിലെ പാരമ്പര്യ സുന്നി പ്രസ്ഥാനങ്ങളും ഗൾഫ് സമ്പദ്‌വ്യവസ്ഥയുടെ വലിയ ഉപഭോക്താക്കളാണ്. കേരളത്തിൽ ഇന്ന് കാണുന്ന കൂറ്റൻ മതസ്ഥാപനങ്ങളും, എഞ്ചിനീയറിംഗ്/മെഡിക്കൽ കോളേജുകളും, മസ്ജിദുകളുമെല്ലാം ഗൾഫ് പ്രവാസികളുടെ സംഭാവനകളാലും അവിടുത്തെ ഔദ്യോഗിക-സർക്കാരിതര ചാരിറ്റി സംഘടനകളുടെ പിന്തുണയും സാമ്പത്തിക സഹായവും കൊണ്ട്‌ പടുത്തുയർത്തപ്പെട്ടതാണ്.

സാമ്പത്തികമായ സഹായങ്ങൾ സ്വീകരിക്കുമ്പോൾ, അതിനൊപ്പമുള്ള യാഥാസ്ഥിതിക അറബ് സാംസ്കാരിക മാതൃകകളെയും സ്ത്രീവിരുദ്ധ, പ്യൂരിറ്റൻ നിലപാടുകളെയും പ്രതിരോധിക്കാൻ പാരമ്പര്യ പൗരോഹിത്യത്തിന് കഴിഞ്ഞില്ല. സലഫി പ്രസ്ഥാനങ്ങളെ നേരിടാൻ അവരുടെ അതേ കർശന പ്രമാണവാദ ശൈലി പാരമ്പര്യ സുന്നി പണ്ഡിതരും പകർത്തിയതോടെ, കേരളീയ ഇസ്‌ലാമിന്റെ തദ്ദേശീയവും ബഹുസ്വരവുമായ അടിത്തറ ദുർബലപ്പെട്ടു.

'ഗൾഫ്‌ സ്വാധീനവും പാരമ്പര്യ പൗരോഹിത്യത്തിന്റെ രൂപാന്തരങ്ങളും'
ദേശരാഷ്ട്രങ്ങളും ഹിന്ദുത്വയുടെ ദേശീയതാ വിശകലനങ്ങളും

കേരളീയ മുസ്‌ലിം ജീവിതത്തിൽ സ്ത്രീവിരുദ്ധതയും സാംസ്കാരിക സങ്കുചിതത്വവും വളരുന്നുണ്ടെന്ന നിരീക്ഷണത്തിൽ വാസ്തവമുണ്ട്. എന്നാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്തം സൗദി പ്രവാസികളുടെ ചുമലിൽ മാത്രം കെട്ടിവെക്കുന്നത് ലളിതവത്കരണമാണ്. സൗദി ഇതര ഗൾഫ് പ്രവാസവും, അതിലുപരി ഗൾഫ് ധനസഹായത്തിലൂടെ പുഷ്ടിപ്പെടുകയും സലഫിവത്കരിക്കപ്പെടുകയും ചെയ്ത കേരളത്തിലെ മുഖ്യധാരാ പാരമ്പര്യ പൗരോഹിത്യവും ഈ പിന്തിരിപ്പൻ മാറ്റത്തിൽ തുല്യ പങ്കാളികളാണ്. അന്യമത വിദ്വേഷവും ലിംഗവിവേചനവും പ്രസംഗിക്കുന്ന പണ്ഡിത സഭകളാണ് കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യത്തെ പിന്നോട്ട് വലിക്കുന്നത്. അതുകൊണ്ടുതന്നെ, ആത്മപരിശോധന നടത്തേണ്ടത് പ്രവാസികൾ മാത്രമല്ല; മറിച്ച് കേരളത്തിലെ മുഴുവൻ മത സാമൂഹിക നേതൃത്വങ്ങളുമാണ്.

,, World Bank Research, , , , Conservatism, Religious Conservatism, , Onam Celebrations, Fatwa, Muslim Clerics,, , Kerala Pluralism, , Gender Attitudes, Gulf Migration

Malayalam Keywords

കേരള സമൂഹം,, , സൗദി അറേബ്യ കുടിയേറ്റം, കേരളത്തിലെ പ്രവാസികൾ, , ലിംഗസമത്വം, യാഥാസ്ഥിതികത, മത യാഥാസ്ഥിതികത, ഓണം, ഓണാഘോഷം, , , കേരള മുസ്‌ലിം സമൂഹം, സാമൂഹിക മാധ്യമങ്ങൾ, കേരളത്തിന്റെ ബഹുസ്വരത, മതപൗരോഹിത്യം, മതാധികാരം, ലിംഗ മനോഭാവം, സാമൂഹിക മാറ്റം

Summary

Two recent debates in Kerala’s social sphere may appear unrelated at first, but they are deeply interconnected. One concerns Dr. Shashi Tharoor’s response to World Bank research suggesting that migration from Saudi Arabia may contribute to more conservative and gender-inequitable attitudes among migrants. The other centres on fatwas and social-media restrictions issued by sections of traditional Muslim clerics against participation in Onam celebrations, an important expression of Kerala’s pluralistic social culture.

Together, these developments invite a broader examination of the ways in which conservative ideas travel across borders and interact with local religious authority. The debate raises questions about migration, changing social attitudes, gender equality, religious conservatism and Kerala’s long-standing tradition of pluralism.

Madism Digital
madismdigital.com