ദേശരാഷ്ട്രങ്ങളും ഹിന്ദുത്വയുടെ ദേശീയതാ വിശകലനങ്ങളും

''മനുഷ്യവളർച്ചാ ഗതിയിൽ എന്തെങ്കിലുമൊരു സംഭാവന നൽകുന്നുണ്ടെന്ന കാരണം കൊണ്ടാണ് ഏതു സാമൂഹികാശയവും പോരായ്മകളോടെയെങ്കിലും അംഗീകരിക്കപ്പെടുന്നത്. സംഘപരിവാറിൻ്റേതാവട്ടെ, മനുഷ്യസമൂഹത്തെ പിന്നിലേക്കു വലിച്ചുകൊണ്ടുപോകുന്ന ആശയസംഹിതയാണ്,'' എം എസ് ഷൈജു എഴുതുന്നു
ദേശരാഷ്ട്രങ്ങളും ഹിന്ദുത്വയുടെ ദേശീയതാ വിശകലനങ്ങളും
Published on

മൂന്നര ലക്ഷം വർഷം മുൻപാണ് ഇന്നത്തെ മനുഷ്യ കുലത്തിൻ്റെ ഉദയം. നരവംശശാസ്ത്ര പഠനങ്ങളും കാർബൺ ഡേറ്റിങ്ങും ഫോസിൽ പഠനങ്ങളുമെല്ലാം അങ്ങനെയാണ് വിശദീകരിക്കുന്നത്. ഏതാണ്ട് രണ്ടു ലക്ഷം വർഷം ബൃഹത്തായ ആഫ്രിക്കൻ കാടുകൾക്കുള്ളിൽ തന്നെയായിരുന്നു മനുഷ്യൻ്റെ ആവാസം. മനുഷ്യനിൽ അന്തർലീനമായ സാഹസിക താത്പരതയും അതിജീവന ത്വരയുമാണ് ജന്മദേശം വിട്ട് ബാഹ്യ ലോകത്തേക്കു പടരാൻ ആദിമ മനുഷ്യരെ പ്രേരിപ്പിച്ചത്. വിവിധ മനുഷ്യസമൂഹങ്ങളുടെയും നാഗരികതകളുടെയും സൃഷ്ടിപ്പിലേക്കു വഴിവെച്ചത് പതിനായിരക്കണക്കിനു വർഷങ്ങളുടെ ഇടവേളകളിൽ ആഫ്രിക്കൻ വൻകരയിൽനിന്ന് പുറത്തുകടന്ന മനുഷ്യസമൂഹങ്ങളുടെ അനുസ്യൂതമായ സഞ്ചാരവും അധിവാസങ്ങളുമായിരുന്നു. ആദ്യമാദ്യം പുറത്തുകടന്നവർ സമൂഹങ്ങളും നഗരങ്ങളും പണിത് ആദ്യമാദ്യം നാഗരികരായി. മുന്നേ വന്നവർ തങ്ങളെ പരിഷ്കൃതരും പിന്നാലെ വന്നവരെ അപരിഷ്‌കൃതരുമായി കരുതി. നഗരനിർമിതിയെയാണ് മനുഷ്യൻ്റെ വികാസത്തിൻ്റെ ലക്ഷണമായി കണക്കാക്കിയത്.

സമൂഹം, നഗരം, ദേശം, രാഷ്ട്രം, അധികാരം തുടങ്ങിയ ആശയങ്ങൾ ക്രമാനുഗതമായാണു മനുഷ്യരിൽ വികസിച്ചുവന്നത്. മനുഷ്യസമൂഹത്തിന്റെ സാമൂഹികവും രാഷ്ട്രീയവുമായ സംഘാടനചരിത്രത്തിൽ ഏറ്റവും നിർണായകമായ രണ്ട് ആശയങ്ങളാണ് ദേശവും രാഷ്ട്രവും. ഇവയെ രണ്ടിനെയും പലപ്പോഴും പരസ്പരം മാറി ഉപയോഗിക്കാറുണ്ടെങ്കിലും അർത്ഥതലത്തിലും ചരിത്രപരമായ ഉദ്ഭവത്തിലും ഇവ തമ്മിൽ മൗലികമായ വ്യത്യാസങ്ങളുണ്ട്. ചരിത്രപരമായ വീക്ഷണകോണിലൂടെ ഇവയെ വിശകലനം ചെയ്യുന്നത് അധികാരം, വംശീയത, വർഗം, ദേശീയത എന്നിവയുടെ അടിസ്ഥാന തത്വങ്ങൾ മനസ്സിലാക്കാൻ നമ്മെ സഹായിക്കും.

ചരിത്രപരമായ ഉത്ഭവം

​ദേശം നിർവചിക്കപ്പെടുന്നതു സാംസ്കാരികവും വൈകാരികവുമായ കൂട്ടായ്മയെന്നാണ്. അത് അടിസ്ഥാനപരമായി സാംസ്കാരികവും മനഃശാസ്ത്രപരവുമായ ഒരു നിർമിതിയാണ്. ചരിത്രപരമായ പ്രക്രിയയിലൂടെ രൂപപ്പെട്ട ഭാഷ, വംശം, സംസ്കാരം, ഭൂപ്രദേശം എന്നിവയാൽ ബന്ധിക്കപ്പെട്ട ജനതയുടെ കൂട്ടായ്മയാണിത്. എല്ലാ സാമൂഹിക അസ്ഥിത്വങ്ങൾക്കുമുള്ളതുപോലെ ദേശത്തിനും ​ചരിത്രപരമായ ഒരുത്ഭവമുണ്ട്. ഭരണകൂടങ്ങളുടെ ഉദയങ്ങളോടെയാണ് ആധുനികമായ അർത്ഥതലങ്ങളുള്ള ദേശബോധം രൂപപ്പെടുന്നത്. ഭരണകൂടങ്ങളും മുതലാളിത്തവും രൂപപ്പെടുത്തിയ പൊതു വിപണിക്ക് എപ്പോഴും അതിനു പറ്റിയ ഗുണഭോക്താക്കളെക്കൂടി ആവശ്യമുണ്ടായിരുന്നു. ആ ഗുണഭോക്താക്കളെയാണു ദേശീയത സങ്കല്പങ്ങൾ എല്ലാ കാലത്തും ഉറപ്പുവരുത്തിക്കൊണ്ടിരിക്കുന്നത്.

ദേശമെന്നതു മാനസികവും സാംസ്കാരികവുമായ ഒരാശയമാണ്. ഒരു ജനതയുടെ മാനസികവും സാംസ്കാരികവുമായ വളർച്ചയും ഉൽക്കർഷയും നേഷൻ്റെ മുഖ്യമായ താത്പര്യ മേഖലകളാണ്. ഭരണവർഗം തങ്ങളുടെ ആധിപത്യം ഉറപ്പിക്കാനാണ് ദേശബോധം എന്ന ആശയത്തെ ഒരു ആയുധമായി ഉപയോഗിക്കാറുള്ളത്
എം എസ് ഷൈജു

മനുഷ്യൻ്റെ സാമൂഹികജീവിതം വികസിച്ചപ്പോൾ ക്രയവിക്രയവും വിപണിയും ശക്തമായി. വിപണിയുടെ ഏകീകരണം മുതലാളിത്തത്തിൻ്റയും ഭരണവർഗത്തിൻ്റെയും ആവശ്യകതയായി മാറി. അധികാരത്തിൻ്റെയും വിപണിയുടെയും ഏകീകരണത്തിന് ഒരു പൊതുഭാഷയും സാംസ്കാരിക ഐക്യവും ആവശ്യമായി വന്നപ്പോൾ, ഭരണകൂടം തങ്ങളുടെ താൽപ്പര്യങ്ങൾക്കായി കെട്ടിപ്പടുത്ത ഒരു ഏകീകൃത അസ്തിത്വത്തെയാണ് ദേശബോധമെന്ന് ആദ്യമായി വിളിച്ചത്. തങ്ങൾക്കുകീഴിൽ ജീവിക്കുന്ന മനുഷ്യരെല്ലാം ദേശത്തോട് കൂറുള്ളവരാകണമെന്നതു ഭരണകൂടത്തിൻ്റെ സ്വാർത്ഥമായ ഒരു താത്പര്യം കൂടിയായിരുന്നു. ഒരു ദേശം മുഴുവൻ മുതലാളിത്തത്തിന്റെ വിപണിയായപ്പോൾ ആ ദേശം പൊതുവായി പങ്കുവെക്കുന്നതെല്ലാം ദേശബോധത്തിൻ്റെയും ഭാഗമായി. ചുരുക്കിപ്പറഞ്ഞാൽ ഭരണവർഗത്തിന്റെയും മുതലാളിത്തത്തിൻ്റെയും താൽപ്പര്യമായിരുന്നു ഏകീകൃതമായ ഒരു ദേശബോധത്തിൻ്റെ സൃഷ്ടിപ്പ്.

ദേശരാഷ്ട്രങ്ങളും ഹിന്ദുത്വയുടെ ദേശീയതാ വിശകലനങ്ങളും
ഞങ്ങൾക്ക് നിങ്ങളെ ഭയമില്ല

ദേശമെന്നത് അചഞ്ചലമായ ഒന്നല്ല. അതു ചരിത്രപരമായി രൂപപ്പെടുന്നതും മാറിക്കൊണ്ടിരിക്കുന്നതുമാണ്. രാഷ്ട്ര മീമാംസയിലും സമൂഹശാസ്ത്രത്തിലും ഏറ്റവും പ്രധാനപ്പെട്ടതും എന്നാൽ പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്നതുമായ രണ്ട് ആശയങ്ങളാണ് നേഷൻ അഥവാ ദേശം എന്നും സ്റ്റേറ്റ് അഥവാ രാഷ്ട്രം എന്നുമുള്ള പേരുകളിൽ നിലനിൽക്കുന്ന രാഷ്ട്രീയ അസ്ഥിത്വങ്ങൾ. പലപ്പോഴും പര്യായ പദങ്ങൾ പോലെ പ്രയോഗിക്കപ്പെടുന്ന ഇവ രണ്ടും തമ്മിൽ സാമൂഹികശാസ്ത്രപരമായി ഏറെ വ്യത്യാസമുണ്ട്. ഒരേ ചരിത്രം, ഭാഷ, സംസ്കാരം, വംശം, ആചാരങ്ങൾ എന്നിവ പങ്കുവെക്കുന്ന ജനതയുടെ ഒത്തൊരുമയെയാണ് സാങ്കേതികമായി ദേശം എന്ന് വിളിക്കുന്നത്. ഇത് കൃത്രിമമായോ നിയമങ്ങൾ കൊണ്ടോ സൃഷ്ടിക്കപ്പെടാൻ പറ്റാത്ത വിധം ജൈവികമായതാണ്. വിവിധ കാലങ്ങളിലൂടെ ജനങ്ങൾക്കിടയിൽ വളർന്നു വന്ന ഒരു തരം സങ്കുചിത ബോധത്തെയാണ് യഥാർത്ഥത്തിൽ ദേശബോധം സിദ്ധാന്തവൽക്കരിച്ച് വിശുദ്ധമാക്കുന്നത്.

ദേശമെന്നതു മാനസികവും സാംസ്കാരികവുമായ ഒരാശയമാണ്. ഒരു ജനതയുടെ മാനസികവും സാംസ്കാരികവുമായ വളർച്ചയും ഉൽക്കർഷയും നേഷൻ്റെ മുഖ്യമായ താത്പര്യമേഖലകളാണ്. ഭരണവർഗം തങ്ങളുടെ ആധിപത്യം ഉറപ്പിക്കാനാണ് ദേശബോധം എന്ന ആശയത്തെ ഒരു ആയുധമായി ഉപയോഗിക്കാറുള്ളത്. വർഗപരമായ മുന്നേറ്റങ്ങളെ തടഞ്ഞും സാമൂഹിക മാറ്റങ്ങൾക്കുള്ള ജനാഭിലാഷങ്ങളെ അവഗണിച്ചും വ്യവസ്ഥിതികളെ ചൂഷണബദ്ധമായി നിലനിർത്താനും ഭരണകൂടം ദേശീയതയെ ഉപയോഗിക്കാറുണ്ട്. എങ്കിൽ പോലും മനുഷ്യരുടെ പൊതുവായ വളർച്ചയ്ക്കും വിഭവങ്ങളുടെ നീതിപൂർവമായ വിതരണങ്ങൾക്കും ദേശീയത വലിയ പങ്ക് വഹിക്കുന്നുണ്ട്.

ദേശം, രാഷ്ട്രം എന്നീ സങ്കല്പങ്ങളെ ഒരുമിച്ചുചേർത്താണ് ദേശരാഷ്ട്രങ്ങൾ എന്നൊരു രാഷ്ട്രീയ സംജ്ഞ രൂപപ്പെട്ടത്. പ്രധാനമായും യൂറോപ്യൻ നവോത്ഥാനം, വ്യവസായ വിപ്ലവം, ആധുനികത, കൊളോണിയലിസം എന്നിവയുടെ ഉൽപ്പന്നമായാണ് ദേശരാഷ്ട്രങ്ങൾ വികസിച്ചുവന്നത്
എം എസ് ഷൈജു

ദേശരാഷ്ട്ര സങ്കല്പങ്ങൾ

​രാഷ്ട്രമെന്നത് കുറച്ചുകൂടി വ്യവസ്ഥാപിതമായ ഒരാശയമാണ്. അധികാരം വിനിയോഗിക്കുന്ന രാഷ്ട്രീയവും ഭരണപരവുമായ ഒരു സംവിധാനമാണത്. അതിർത്തികൾ, നിയമവ്യവസ്ഥ, സൈന്യം, ഉദ്യോഗസ്ഥവൃന്ദം എന്നിവയാണു രാഷ്ട്രത്തിന്റെ തൂണുകൾ. അതിർത്തികളാൽ നിർവചിക്കപ്പെട്ട കൃത്യമായ ഭൂമി, ആ ഭൂമിയിൽ താമസിക്കുന്ന ആളുകൾ, നിയമങ്ങൾ നടപ്പിലാക്കുകയും ഭരണം നടത്തുകയും ചെയ്യുന്ന സംവിധാനം, സ്വന്തം തീരുമാനങ്ങൾ എടുക്കാനുള്ള പൂർണ അധികാരം എന്നിവയൊക്കെയാണു രാഷ്ട്രത്തിന്റെ അടിസ്ഥാന സ്വഭാവങ്ങൾ.

ദേശരാഷ്ട്രങ്ങളും ഹിന്ദുത്വയുടെ ദേശീയതാ വിശകലനങ്ങളും
അരാഷ്ട്രീയരായ ജെൻസികൾ!

ദേശം, രാഷ്ട്രം എന്നീ സങ്കല്പങ്ങളെ ഒരുമിച്ചുചേർത്താണ് ദേശരാഷ്ട്രങ്ങൾ എന്നൊരു രാഷ്ട്രീയ സംജ്ഞ രൂപപ്പെട്ടത്. പ്രധാനമായും യൂറോപ്യൻ നവോത്ഥാനം, വ്യവസായ വിപ്ലവം, ആധുനികത, കൊളോണിയലിസം എന്നിവയുടെ ഉൽപ്പന്നമായാണ് ദേശരാഷ്ട്രങ്ങൾ വികസിച്ചുവന്നത്. ദേശത്തിൻ്റെയും രാഷ്ട്രത്തിൻ്റെയും ഗുണങ്ങളുള്ള പുതിയ രാജ്യങ്ങൾ രൂപീകരിക്കപ്പെടാൻ നിദാനമായത് 1648ൽ യൂറോപ്പിൽ നടന്ന മുപ്പതുവർഷത്തെ യുദ്ധത്തെയും എൺപതുവർഷത്തെ യുദ്ധത്തെയും അവസാനിപ്പിക്കാൻ ഒപ്പിട്ട വെസ്റ്റ്ഫാലിയ ഉടമ്പടിയിലെ തത്വങ്ങളും മാർഗനിർദ്ദേശങ്ങളുമാണെന്നും വിലയിരുത്തപ്പെടുന്നുണ്ട്. കത്തോലിക്കരും പ്രൊട്ടസ്റ്റന്റുകളും തമ്മിലുള്ള മതപരമായ തർക്കങ്ങളും വിശുദ്ധ റോമൻ സാമ്രാജ്യത്തിനുള്ളിലെ അധികാര തർക്കങ്ങളുമായിരുന്നു ഈ യുദ്ധങ്ങളുടെ പ്രധാന കാരണങ്ങൾ. വെസ്റ്റ്ഫാലിയ ഉടമ്പടിക്കു മുൻപ് യൂറോപ്പിൽ പോപ്പിൻ്റെയോ വിശുദ്ധ റോമൻ സാമ്രാജ്യത്തിന്റെയോ സ്വാധീനം ഭരണകാര്യങ്ങളിൽ ശക്തമായിരുന്നു. എന്നാൽ വെസ്റ്റ്ഫാലിയൻ മാതൃകയോടെ, മതമെന്നതു രാഷ്ട്രത്തിന്റെ സ്വകാര്യ കാര്യമായി മാറി. മതവും വിശ്വാസവും മനുഷ്യൻ്റെ സ്വകാര്യവും സ്വതന്ത്രവുമായ കാര്യമാണെന്ന തത്വം അംഗീകരിക്കപ്പെട്ടതോടെ മതപരമായ അധികാരങ്ങളിൽനിന്ന് ഭരണകൂടം ക്രമേണ സ്വതന്ത്രമായി. ഇത് ആധുനിക മതേതര രാഷ്ട്രങ്ങളുടെ രൂപീകരണത്തിന് വഴിയൊരുക്കുകയും ചെയ്തു.

ദേശരാഷ്ട്ര സംഘർഷങ്ങൾ

ഒരേ സാംസ്കാരിക പശ്ചാത്തലമുള്ള ജനങ്ങൾ ഒരേ രാഷ്ട്രീയ ഭരണകൂടത്തിനു കീഴിൽ വരികയും ആ ഭരണകൂടം ആ ജനതയുടെ തനിമയെ പ്രതിനിധീകരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് യഥാർത്ഥ നേഷൻ സ്റ്റേറ്റ് സങ്കല്പം. അധികാരവും ഭരണവും ചേർന്ന് ജനങ്ങളുടെ സാംസ്‌കാരികതയെ നിർണയിക്കലല്ല നേഷൻ സ്റ്റേറ്റിൻ്റെ അടിസ്ഥാന സിദ്ധാന്തം. മറിച്ച്, ജനങ്ങളുടെ സാംസ്കാരികവും വംശീയവും പൈതൃകപരവുമായ അസ്തിത്വങ്ങളെ സംരക്ഷിക്കുന്ന നിലയിൽ ഭരണകൂടവും അധികാരവും മാറുന്നുവെന്നതാണ് ദേശരാഷ്ട്ര സങ്കല്പങ്ങളുടെ കേന്ദ്രഭാവം. ഒരു രാഷ്ട്രത്തിനു നിലനിൽക്കാൻ അതിന്റേതായ ഒരു ഭൂപ്രദേശവും അതിനുവേണ്ടുന്ന ഒരു ഗവൺമെന്റും മാത്രം മതി. എന്നാൽ ഒരു നേഷൻ നിലനിൽക്കാൻ അവിടുത്തെ ജനങ്ങൾക്കു തങ്ങൾ പരസ്പര ബന്ധമുള്ള ഒരേ ജനതയാണെന്നുള്ള ശക്തമായ ഒരു ബോധം ആവശ്യമാണ്. ഇന്ത്യൻ സാഹചര്യങ്ങളിൽ ഈ ബോധം എത്രത്തോളം ആരോഗ്യകരമായി നിലനിർത്താൻ ഭരണകൂടത്തിനു സാധിക്കുന്നുവെന്ന ചോദ്യങ്ങൾ കൂടി ഉയർത്തിക്കൊണ്ടാണ് രാജ്യത്തിൻ്റെ സമകാലിക രാഷ്ട്രീയം മുന്നോട്ടുപോകുന്നത്.

ഇന്ത്യയുടെ ​ദേശീയ സ്വത്വമെന്നതു ഭൂമിശാസ്ത്രപരമായ അതിർത്തിക്കുള്ളിലെ വൈവിധ്യങ്ങളുടെ കൂട്ടായ്മയാണ്. ലോകത്തെ മറ്റൊരു രാജ്യത്തോടും ഉപമിക്കാൻ കഴിയാത്ത വൈവിധ്യങ്ങളാണ് ഇന്ത്യക്കുള്ളത്. വംശീയവും സാംസ്കാരികവുമായ ഏകതാനതയുള്ള ജപ്പാൻ പോലെയുള്ള ഒരു രാജ്യവുമായി താരതമ്യപ്പെടുത്തി പരിശോധിക്കുമ്പോഴാണ് ഇന്ത്യയെന്ന രാജ്യത്തിൻ്റെ അനുപമമായ സവിശേഷതകൾ നമുക്കു കൂടുതൽ ബോധ്യപ്പെടുന്നത്
എം എസ് ഷൈജു

ഇന്ത്യ ബഹുസ്വരതയിലധിഷ്ഠിതമായ രാഷ്ട്രമാണ്. രാഷ്ട്ര രൂപീകരണവേളയിൽ നേഷൻ സ്റ്റേറ്റിൻ്റെ മാതൃകയിൽ ഇന്ത്യൻ ഭൂപ്രദേശങ്ങളെ വികസിപ്പിക്കാൻ കൂടുതൽ വിശാലവും വികസരവുമായ തത്വങ്ങൾ ആവിഷ്കരിക്കേണ്ടതുണ്ടായിരുന്നു. കാരണം, യൂറോപ്പ് പോലെയോ ദേശരാഷ്ട്രങ്ങൾ വികസിച്ച് വന്ന മറ്റിടങ്ങൾ പോലെയോ ആയിരുന്നില്ല ഇന്ത്യ. ഒരു രാഷ്ട്രമായി മാറ്റാൻ കഴിഞ്ഞാലും ഒരൊറ്റ ദേശമായി മാറ്റാൻ കഴിയാത്ത വിധം അനേകം സാംസ്കാരിക പാരമ്പര്യങ്ങളുടെ ബഹുത്വമുള്ള ഒരു ഭൂപ്രദേശമാണ് ഇന്ത്യ. ഇന്ത്യയിൽ ഒരൊറ്റ വംശമോ, ഒരൊറ്റ ഭാഷയോ, ഒരൊറ്റ മതമോ ഇല്ല. വ്യത്യസ്തമായ വംശീയതകളും ഭാഷാ വിഭാഗങ്ങളും മതങ്ങളും ഒത്തുചേരുന്ന ഒരു വലിയ സംസ്കാരത്തിന്റെ ഭാഗമായാണ് ഇന്ത്യൻ ഐഡന്റിറ്റി രൂപപ്പെട്ടിരിക്കുന്നത്. ഈ ഐഡൻ്റിറ്റിയെ ഉൾക്കൊള്ളാതെയുള്ള ഏത് രാഷ്ട്രീയ സിദ്ധാന്തങ്ങളും ഒരു ജനതയെന്ന നിലയിൽ ഇന്ത്യയിൽ സംഘർഷങ്ങളുണ്ടാക്കുമെന്നും ദേശീയതയെ വിഘടിപ്പിക്കുമെന്നും രാഷ്ട്ര ശില്പികൾ നേരത്തെ തന്നെ മനസിലാക്കിയിരുന്നു. വംശീയ ദേശീയതയേയും സാംസ്കാരിക ദേശീയതയെയും മുന്നിൽവെച്ച് പ്രത്യക്ഷപ്പെട്ട ആർ എസ് എസ് പോലെയുള്ള തീവ്രമായ ആശയ പ്രസ്ഥാനങ്ങൾ ആദ്യഘട്ടത്തിൽ തന്നെ അതിശക്തമായി നിരാകരിക്കപ്പെട്ടതിനു പിന്നിലെ കാരണങ്ങൾ ഈ തിരിച്ചറിവുകളായിരുന്നു.

രവീന്ദ്രനാഥ ടാഗോർ
രവീന്ദ്രനാഥ ടാഗോർ

നേഷൻ സ്റ്റേറ്റിലെ വൈവിധ്യങ്ങൾ

രാഷ്ട്രരൂപീകരണ പശ്ചാത്തലത്തിൽ രവീന്ദ്രനാഥ ടാഗോറിനെപ്പോലെയുള്ള ചിന്തകർ വാദിച്ചത് പാശ്ചാത്യ അർത്ഥത്തിലുള്ള നേഷൻ സ്റ്റേറ്റ് എന്ന ആശയത്തേക്കാൾ വലുതാണ് ഇന്ത്യയുടെ സാംസ്കാരിക പശ്ചാത്തലമെന്നാണ്. ഇത് ഒരു ഭരണകൂടം എന്നതിലുപരി ഒരു മഹാ സംസ്കാരത്തെ പ്രതിനിധീകരിക്കുന്നുവെന്നും ഇന്ത്യയെ ഒരു നേഷൻ സ്റ്റേറ്റ് എന്ന് വിളിക്കുന്നതിനേക്കാൾ ബഹുദേശീയ രാഷ്ട്രം (മൾട്ടി നേഷൻ സ്റ്റേറ്റ്) അല്ലെങ്കിൽ നാഗരിക രാഷ്ട്രം (കൾച്ചറൽ സ്റ്റേറ്റ്) എന്ന് വിളിക്കുന്നതാണ് സാമൂഹികശാസ്ത്രപരമായി കൂടുതൽ ഉചിതമെന്നും ടാഗോർ വിശ്വസിച്ചിരുന്നു. ഇന്ത്യയുടെ ​ദേശീയ സ്വത്വമെന്നതു ഭൂമിശാസ്ത്രപരമായ അതിർത്തിക്കുള്ളിലെ വൈവിധ്യങ്ങളുടെ കൂട്ടായ്മയാണ്. ലോകത്തെ മറ്റൊരു രാജ്യത്തോടും ഉപമിക്കാൻ കഴിയാത്ത വൈവിധ്യങ്ങളാണ് ഇന്ത്യക്കുള്ളത്. വംശീയവും സാംസ്കാരികവുമായ ഏകതാനതയുള്ള ജപ്പാൻ പോലെയുള്ള ഒരു രാജ്യവുമായി താരതമ്യപ്പെടുത്തി പരിശോധിക്കുമ്പോഴാണ് ഇന്ത്യയെന്ന രാജ്യത്തിൻ്റെ അനുപമമായ സവിശേഷതകൾ നമുക്കു കൂടുതൽ ബോധ്യപ്പെടുന്നത്. ആധുനിക ദേശരാഷ്ട്ര സങ്കൽപ്പത്തിൽ ജപ്പാനെപ്പോലെ വംശീയമായ ഏകതയല്ല, മറിച്ച് ജനാധിപത്യപരമായ മൂല്യങ്ങളും ഭരണഘടനയും പങ്കുവെക്കപ്പെട്ട ചരിത്രവുമാണ് ഇന്ത്യയെ ഒരു രാഷ്ട്രമായി നിലനിർത്തുന്നത്.

ഇന്ത്യയും ജപ്പാനും തമ്മിലുള്ള പ്രധാന വ്യത്യാസം അവയുടെ രാഷ്ട്രനിർമിതി നടന്ന രീതിയിലാണ്. സാമൂഹികശാസ്ത്രപരമായി പരിശോധിച്ചാൽ ഇവ രണ്ടും രണ്ടു വ്യത്യസ്ത മാതൃകകളെയാണ് പ്രതിനിധീകരിക്കുന്നത്. ജപ്പാൻ സാംസ്കാരികമായി ഏകതാനമായ ഒരു രാഷ്ട്രമാണ്. ജപ്പാനിലെ ഭൂരിഭാഗം ജനങ്ങളും ഒരേ വംശീയത, ഒരേ ഭാഷ, സമാനമായ സാംസ്കാരിക മൂല്യങ്ങൾ എന്നിവ പങ്കുവെക്കുന്നവരാണ്. ജപ്പാൻ്റെ ഭൂമിശാസ്ത്രപരമായ സ്ഥാനമാണ് സാംസ്കാരിക കലക്കങ്ങളില്ലാതെ ഏകതാനമായി അതിനെ നിലനിർത്തിയത്. അതുപോലെ തന്നെ ഇന്ത്യൻ ഭൂപ്രദേശത്തിൻ്റെ ഭൂമിശാസ്ത്രപരമായ സ്ഥാനമാണ് ഇത്രയേറെ ബഹുത്വങ്ങൾ നിറഞ്ഞ ഒരു സാംസ്കാരിക സവിശേഷത അതിനു സമ്മാനിച്ചത്. ​ജപ്പാന്റെ ദേശീയതയെന്നത് ഒരു ജനത, ഒരു രാജ്യം എന്ന തത്വത്തിൽ അധിഷ്ഠിതമാണ്. ഈ തത്വം മൂലം അവിടെയുള്ള ആരും ജപ്പാൻ്റെ ദേശീയ സങ്കല്പങ്ങളിൽനിന്ന് ബഹിഷ്കൃതരാകുന്നില്ല. അതായത് ദേശീയതകൊണ്ട് അപരരാക്കാൻ കഴിയുന്ന ആരും അവിടെയില്ല. ജപ്പാനീസ് എന്നത് ഒരു വംശീയവും സാംസ്കാരികവുമായ ഐഡന്റിറ്റിയാണ്. ചുരുക്കിപ്പറഞ്ഞാൽ ജപ്പാൻ ഒരു സിവിൽ സ്വഭാവത്തേക്കാൾ ഉപരിയായി പൊതുവായ പാരമ്പര്യത്തെയും സംസ്കാരത്തെയും അടിസ്ഥാനമാക്കിയുള്ള ഒരു ദേശീയതയാണ് പുലർത്തുന്നത്. ജപ്പാൻ വംശീയമായ ഏകതയിൽനിന്ന് രാഷ്ട്രത്തെ നിർവചിക്കുമ്പോൾ, ഇന്ത്യ ജനാധിപത്യപരമായ ബഹുസ്വരതയിൽനിന്നാണ് അതിന്റെ ദേശീയതയെ നിർവചിക്കുന്നത്. ഇന്ത്യയുടെ രാഷ്ട്രനിർമിതിയെന്നതു പലതരം വംശീയ, ഭാഷ, മത വിഭാഗങ്ങളെ ഒരു ഭരണഘടനയുടെ കീഴിൽ ഒന്നിപ്പിക്കാനുള്ള നിരന്തരമായ ശ്രമമാണ്. രണ്ടു രാജ്യങ്ങളും രൂപപ്പെട്ട ചരിത്രപശ്ചാത്തലങ്ങളെ മുൻ നിർത്തി ദേശീയതയെന്ന സങ്കല്പത്തെ നോക്കിക്കാണുകയെന്നതു മാത്രമാണ് ഈ വൈരുധ്യങ്ങളെ ഉൾക്കൊള്ളാൻ ആകെയുള്ള വഴി. ഈ ചരിത്രപരതയെ പൂർണമായും തിരസ്‌കരിച്ചുകൊണ്ട് ഒരു വംശീയമായ ദേശീയത സങ്കല്പം ഉയർത്തുന്നുവെന്നതാണു സംഘപരിവാർ ദേശത്തോടും രാഷ്ട്രത്തിനും കാണിക്കുന്ന അപരാധം.

​ഇന്ത്യയെന്ന സങ്കല്പത്തിൻ്റെ അടിസ്ഥാനം വൈവിധ്യത്തിലെ ഏകത്വമെന്ന സങ്കല്പമാണ്. സംഘപരിവാറിന്റെ പ്രത്യയശാസ്ത്രം ഇതിനെ വൈവിധ്യത്തിലെ ഏകശിലാരൂപം എന്നാക്കി മാറ്റാനാണ് ശ്രമിക്കുന്നത്. എല്ലാ വൈവിധ്യങ്ങളും ഏറ്റവും മുഖ്യമായ ഒരു ഏകത്വത്തിന് കീഴൊതുങ്ങണമെന്നതാണ് ഇതിൻ്റെ ഉള്ളടക്കം
എം എസ് ഷൈജു

ദേശീയത: പരിവർത്തനങ്ങളും അട്ടിമറികളും

സമകാലിക ഇന്ത്യയിൽ ദേശീയതയെ സംബന്ധിച്ചുള്ള ആശയപരമായ ഒരു പരിവർത്തനം വളരെ സാവകാശത്തിലും ആഴത്തിലും നടന്നുകൊണ്ടിരിക്കുന്നുവന്നാണ് മുകളിൽ പരാമർശിച്ച വിഷയങ്ങളെല്ലാം പരിശോധിക്കുമ്പോൾ നമുക്കു മനസിലാകുന്നത്. രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന ഈ മാറ്റത്തെ വെറുമൊരു രാഷ്ട്രീയ തന്ത്രമായി മാത്രം കാണാതെ ഇതിനെയൊരു ജ്ഞാനശാസ്ത്രപരമായ അട്ടിമറിയായി വേണം നാം വിശകലനം ചെയ്യാൻ.​ ഒരു ജനാധിപത്യ രാജ്യത്ത് രാഷ്ട്രബോധത്തിന്റെ കാതൽ പൗരനാണ്. പൗരനെന്നാൽ ഭരണകൂടത്തിന്റെ അവകാശങ്ങളും കടമകളും ഒരേസമയം തിരിച്ചറിയുന്ന, നിയമത്തിനു മുന്നിൽ തുല്യനായ സ്വതന്ത്ര വ്യക്തിയാണ്. എന്നാൽ സംഘപരിവാർ മുന്നോട്ടുവെക്കുന്ന ദേശീയത പൗരനെ വെറുമൊരു ഭക്തനാക്കി മാറ്റുകയാണ് ചെയ്യുന്നത്. ഭക്തന് ചോദ്യം ചെയ്യാനുള്ള അവകാശമില്ല. മറ്റുള്ളവർ രൂപപ്പെടുത്തി നൽകുന്നതിനെ ജീവിത പദ്ധതിയായി വിയോജിപ്പുകളില്ലാതെ സ്വീകരിക്കുക എന്ന ദൗത്യം മാത്രമാണ് ഭക്തനുള്ളത്. സംഘപരിവാർ മാത്രമല്ല, ലോകത്തെ എല്ലാ മതാധിഷ്ഠിത ദേശീയതകളും പൗരനെ ഭക്തനാക്കി മാറ്റാനാണു ശ്രമിക്കുന്നത്. പൗരന് എപ്പോഴും ചോദ്യം ചെയ്യാനുള്ള അവകാശമുണ്ട്. പക്ഷേ സംഘപരിവാറിൻ്റെ ദേശീയത സങ്കൽപങ്ങളിൽ ചോദ്യം ചെയ്യുകയെന്നതു ദേശവിരുദ്ധവും ഭരണകൂടത്തോടും വിശ്വാസത്തോടുമുള്ള അന്ധമായ കൂറ് ദേശസ്നേഹവുമായി വ്യാഖ്യാനിക്കപ്പെടുകയാണ്. ഇത് ജനാധിപത്യമെന്ന ആശയത്തെ ഒരു ഭരണസംവിധാനത്തിൽനിന്ന് ആചാരപരമായ ബാധ്യതയായി ചുരുക്കുകയാണ് യഥാർത്ഥത്തിൽ ചെയ്യുന്നത്.

ലോകത്തെ ഏതു സാമൂഹികാശയങ്ങളും പോരായ്മകളോടെയെങ്കിലും അംഗീകരിക്കപ്പെടുന്നത് അവ മനുഷ്യൻ്റെ വളർച്ചയുടെ ഗതിയിൽ ഏതെങ്കിലും ഒരു സംഭാവന നൽകുന്നുണ്ടെന്ന കാരണംകൊണ്ട് മാത്രമാണ്. അത്തരമൊരു പരിഗണനയേ നൽകാൻ കഴിയാത്ത വിധം മനുഷ്യസമൂഹത്തെ പിന്നിലേക്കു വലിച്ചു കൊണ്ടുപോകുന്ന ആശയസംഹിതയാണ് സംഘപരിവാറിൻ്റേത്
എം എസ് ഷൈജു

​ഇന്ത്യയെന്ന സങ്കല്പത്തിൻ്റെ അടിസ്ഥാനം വൈവിധ്യത്തിലെ ഏകത്വമെന്ന സങ്കല്പമാണ്. സംഘപരിവാറിന്റെ പ്രത്യയശാസ്ത്രം ഇതിനെ വൈവിധ്യത്തിലെ ഏകശിലാരൂപം എന്നാക്കി മാറ്റാനാണ് ശ്രമിക്കുന്നത്. എല്ലാ വൈവിധ്യങ്ങളും ഏറ്റവും മുഖ്യമായ ഒരു ഏകത്വത്തിന് കീഴൊതുങ്ങണമെന്നതാണ് ഇതിൻ്റെ ഉള്ളടക്കം. ആശയങ്ങൾ, ഭക്ഷണരീതികൾ, ആരാധനാക്രമങ്ങൾ, ചരിത്ര വായനകൾ എന്നിവയിൽ ഒരു ക്രമവൽക്കരണം അവർ നിർമിക്കുന്നു. അങ്ങനെ വരുമ്പോഴുള്ള പ്രശ്‌നമെന്തെന്നാൽ ഈ ക്രമവൽക്കരണത്തിനു പുറത്തുനിൽക്കുന്നതെല്ലാം അപരവത്കരിക്കപ്പെടുകയാണ്. ശരിക്ക് പറഞ്ഞാൽ ഇത് വലിയൊരു രാഷ്ട്രീയ പ്രശ്നമാണ്. കാരണം ഇന്ത്യ പോലുള്ള രാജ്യത്ത് ബഹുസ്വരതയെ നിഷേധിക്കുന്നതു ഭരണഘടനാപരമായ പ്രതിസന്ധിയിലേക്കാണു വഴിവെക്കുക.

ലോകത്തെ ഏതു സാമൂഹികാശയങ്ങളും പോരായ്മകളോടെയെങ്കിലും അംഗീകരിക്കപ്പെടുന്നത് അവ മനുഷ്യൻ്റെ വളർച്ചയുടെ ഗതിയിൽ ഏതെങ്കിലും ഒരു സംഭാവന നൽകുന്നുണ്ടെന്ന കാരണംകൊണ്ട് മാത്രമാണ്. അത്തരമൊരു പരിഗണനയേ നൽകാൻ കഴിയാത്ത വിധം മനുഷ്യസമൂഹത്തെ പിന്നിലേക്കു വലിച്ചു കൊണ്ടുപോകുന്ന ആശയസംഹിതയാണ് സംഘപരിവാറിൻ്റേത്. രാഷ്ട്രബോധത്തെ ഭരണഘടന നൽകുന്ന പൗരബോധത്തിൽനിന്നു മാറ്റി അതിനെ വൈകാരികവും സാംസ്കാരികവുമായ ഒരു വികലമായ ദേശീയതാബോധത്തിലേക്ക്' ചുരുക്കുകയാണ് അവർ ചെയ്യുന്നത്. ഇതിലൂടെ അവർ ഉദ്ദേശിക്കുന്നത് ഒറ്റ ലക്ഷ്യം മാത്രമാണ്. ഇന്ത്യയുടെ ബഹുസ്വരതയെ ഇല്ലാതാക്കി, ഏകശിലാരൂപത്തിലുള്ള ഒരു ഹിന്ദുത്വ രാഷ്ട്രം കെട്ടിപ്പടുക്കുക എന്നതാണത്. അതിനായി പൗരനെ ഒരു രാഷ്ട്രീയഘടകമായി കാണുന്നതിനു പകരം, ദേശത്തിൻ്റെയും രാഷ്ട്രത്തിൻ്റെയും പേരിൽ മത, സാംസ്കാരിക തത്വങ്ങളുടെ അനുയായിയായി മാറ്റാനാണ് സംഘപരിവാർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

Summary

MS Shaiju writes that a nation is a cultural and historical community, while a state is a political and administrative entity. He traces the evolution of nation-states and argues that nationalism has been used both to unite societies and to serve political power. He explains that India's nationhood is rooted in its civilizational diversity and constitutional framework rather than a single religion, language, or ethnicity.

He argues that India's unity is founded on its commitment to pluralism rather than religious or cultural uniformity. The essay criticizes the Hindutva conception of nationalism, contending that it undermines India's pluralistic identity and democratic values. It concludes that preserving constitutional citizenship and respect for diversity is essential to safeguarding India's national character.

Madism Digital
madismdigital.com