

അയ്യോ, പ്രിയപ്പെട്ട ഫുട്‌ബോള്‍ ആരാധാകരെ, നമ്മുടെ ലയണല്‍ മെസ്സിയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും കിലിയന്‍ എംബാപ്പെയും നെയ്മറും ഹാരി കെയ്‌നുമെല്ലാം ഈ പെരുമഴക്കാലം മുഴുവന്‍ ഒരു കുടപോലും ചൂടാനില്ലാതെ മഴ നനഞ്ഞ് നില്‍ക്കുന്നത് നിങ്ങള്‍ കാണുന്നില്ലേ ?
ഫുട്‌ബോളിനോട് മലയാളികള്‍ കാണിക്കുന്ന ആവേശത്തെ നമിക്കുന്നു. കുട്ടിക്കാലം മുതല്‍ ഞാനും വലിയ ഫുട്‌ബോള്‍ ആരാധകനാണ്. പക്ഷേ നമ്മുടെ ഫുട്‌ബോള്‍ ആഘോഷ സംസ്‌കാരം വൃത്തികെട്ട നിലയിലായിരിക്കുന്നു. കേരളത്തിന്റെ മുക്കിലും മൂലയിലും ഫുട്‌ബോള്‍ ടീമുകളുടെ ഫ്‌ളക്‌സുകളും ആരാധനാ പാത്രങ്ങളുടെ കൂറ്റന്‍ കട്ടൗട്ടുകളും ഉയര്‍ന്നു. മാമാങ്കം കഴിഞ്ഞ് ആഴ്ചകള്‍ പിന്നിട്ടിട്ടും ഇപ്പോഴും ഫ്‌ളക്‌സുകള്‍ അങ്ങനെത്തന്നെ തല ഉയര്‍ത്തി നില്‍ക്കുന്നു. എണ്ണിനോക്കിയാല്‍ ലക്ഷക്കണക്കിന് ഫ്‌ളക്‌സുകളുണ്ടാകും.
ആവേശം നല്ലതാണ്. ഭ്രാന്ത് നല്ലതല്ല. ലോകകപ്പില്‍ പങ്കെടുക്കുന്ന രാജ്യങ്ങളില്‍ പോലും ഇങ്ങനെ ഫ്‌ളക്‌സ് വെയ്ക്കുന്ന രീതിയല്ല. അവിടെയൊക്കെ കര്‍ശന നിയമങ്ങളുണ്ട്. പൊതുസ്ഥലത്ത് ഫ്‌ളക്‌സ് ഉയര്‍ത്തിയാല്‍ കനത്ത ശിക്ഷകിട്ടും
ഇവ ഉയര്‍ത്തിയ കൂട്ടായ്മകള്‍, ക്ലബുകള്‍ കേരളത്തോട് പറയണം, ഈ ഫ്‌ളക്‌സുകള്‍ നിങ്ങള്‍ എങ്ങനെ സംസ്‌കരിക്കും? ഇതിനെ എന്ത് ചെയ്യും? ഇവ കേരളത്തിന്റെ പരിസ്ഥിതിക്കുണ്ടാക്കുന്ന അപകടത്തെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? കേരളത്തിലൂടെ സഞ്ചരിക്കുന്ന ഒരു വിദേശികള്‍ കരുതും കേരളത്തിന്റെ ടീം മത്സരിക്കുന്നുണ്ട് എന്ന്. (അഞ്ച് ലക്ഷം മനുഷ്യര്‍ മാത്രമുള്ള കേപ് വെര്‍ദെയുടെ ടീം അത്യഗ്രന്‍ കളി കളിച്ചിട്ടാണ് മടങ്ങിപ്പോടത്.)
ആവേശം നല്ലതാണ്. ഭ്രാന്ത് നല്ലതല്ല. ലോകകപ്പില്‍ പങ്കെടുക്കുന്ന രാജ്യങ്ങളില്‍ പോലും ഇങ്ങനെ ഫ്‌ളക്‌സ് വെയ്ക്കുന്ന രീതിയല്ല. അവിടെയൊക്കെ കര്‍ശന നിയമങ്ങളുണ്ട്. പൊതുസ്ഥലത്ത് ഫ്‌ളക്‌സ് ഉയര്‍ത്തിയാല്‍ കനത്ത ശിക്ഷകിട്ടും. ഫ്‌ളക്‌സ് പാടില്ല എന്ന ഹൈക്കോടതി ഉത്തരവിന് കീഴിലാണ് കേരളത്തിലെ ആരാധകരുടെ ഈ അതിക്രമങ്ങളെല്ലാം നടന്നത്. റോഡിലിറങ്ങി ആഘോഷിക്കുന്നതിന് പകരം സ്‌പോര്‍ട്‌സ് ബാറുകളിലും കഫേകളിലും ഒത്തുകൂടി ആഘോഷിക്കുന്ന പതിവാണ് പൊതുവേ കാണുന്നത്.
കുട്ടിക്കാലം മുതല്‍ ഞാന്‍ ബ്രസീല്‍ ആരാധകനാണ്. പ്രിയ കളിക്കാരന്‍ റൊണാള്‍ഡോ ആയിരുന്നു. ഈ ലോകകപ്പില്‍ ബ്രസീലും റൊണാള്‍ഡോയും മങ്ങിപ്പോയി. ഫൈനല്‍ വരെ കളിക്കണം എന്ന് ഞാന്‍ ആഗ്രഹിച്ച ടീം പക്ഷേ ജപ്പാനായിരുന്നു. അതിന്റെ കാരണം മറ്റൊന്നായിരുന്നു. ജപ്പാന്‍ കളിക്കുന്ന ദിവസം കളികഴിഞ്ഞാലും ഞാന്‍ ടി വി ഓഫ് ചെയ്യില്ല. ജപ്പാനികള്‍ സ്റ്റേഡിയം വൃത്തിയാക്കുന്നത് കാണാന്‍ വേണ്ടിയാണത്. കഴിഞ്ഞ ലോകകപ്പിലും ആ ദൃശ്യം മുടങ്ങാതെ കാണുകയുണ്ടായി. പത്ര - ദൃശ്യ മാധ്യമങ്ങളും ആ ദൃശ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.
പക്ഷേ ആരും യാഥാര്‍ഥ്യം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജപ്പാനികള്‍ പെറുക്കികളാണ്, വൃത്തിയാക്കുന്നവരാണ് എന്ന ധാരണയാണ് മാധ്യമങ്ങള്‍ മലയാളികള്‍ക്ക് നല്‍കിയത്. സത്യം അതല്ല. പെറുക്കിക്കളയണം എന്നല്ല, ഒന്നും, ഒരു കടലാസുതുണ്ട് പോലും പൊതു സ്ഥലത്തേക്ക് വലിച്ചെറിയരുത് എന്നതാണ് അവര്‍ നല്‍കുന്ന സന്ദേശം. ജപ്പാനികള്‍ പൊതുസ്ഥലത്ത് ഒരു കടലാസ് കഷ്ണം പോലും വലിച്ചെറിയില്ല.
ജപ്പാന്‍ സന്ദര്‍ശിച്ചിട്ടുള്ളവര്‍ക്ക് അത് വേഗം മനസ്സിലാകും. നമ്മളാണ് 'പെറുക്കികള്‍' . സേവന വാരത്തിനും ജൂണ്‍ അഞ്ചിനും പരിസ്ഥിതി ക്യാമ്പുകളിലും പരിസരം വൃത്തിയാക്കും. അടുത്ത ദിവസം മുതല്‍ എല്ലാം അവിടേക്ക് തന്നെ വലിച്ചെറിയും. പുഴകളിലേക്കും തോടുകളിലേക്കും വലിച്ചെറിയുന്നതെല്ലാം ഒരു വെള്ളപ്പൊക്കം വരുമ്പോള്‍ അപ്പാടെ കരയില്‍ കൊണ്ടു വെക്കുന്നത് കണ്ടിട്ടില്ലേ? ഇതെല്ലാം കടലിലേക്കെത്തുമ്പോള്‍ ഉണ്ടാകുന്ന ഭവിഷ്യത്തുകളെക്കുറിച്ച് ധാരാളം പഠനങ്ങള്‍ വരുന്നുണ്ട്. പക്ഷേ ആരു ശ്രദ്ധിക്കാന്‍!
രണ്ടാം ലോക മഹായുദ്ധ കാലത്ത് അമേരിക്കയുടെ ബോംബിങ്ങില്‍ തകര്‍ന്ന ജപ്പാനിലെ മെയ്ജി ജിംഗു എന്ന പ്രശസ്ത ക്ഷേത്രം പത്തുവര്‍ഷത്തിന് ശേഷം അതേ വാസ്തുവില്‍ പുനര്‍നിര്‍മിച്ചു. ക്ഷേത്ര നിര്‍മാണത്തിന് മുന്‍പ് അവര്‍ ചെയ്തത്, 360 ഇനങ്ങളില്‍പ്പെട്ട അതേ ജപ്പാനിലെ ഒരു ലക്ഷത്തി ഇരുപതിനായിരം വിശേഷപ്പെട്ട മരങ്ങള്‍ കൊണ്ടുവന്ന് ക്ഷേത്രം നിര്‍മിക്കുന്ന സ്ഥലത്തിന് ചുറ്റുമായി നട്ടുപിടിപ്പിക്കുകയായിരുന്നു. ക്ഷേത്രത്തിന്റെ പണി പൂര്‍ത്തിയാകുമ്പോഴേക്കും ചുറ്റും ഒരു കൊടുങ്കാട് രൂപപ്പെട്ടിരുന്നു. ടോക്കിയോ നഗരത്തിന്റെ ഏറ്റവും 'വില'കൂടിയ സ്ഥലത്താണ് ഈ ക്ഷേത്രം നില കൊള്ളുന്നത്.
കേരളത്തില്‍ നമ്മള്‍ ഒരു ക്ഷേത്രമോ കാവോ പുനരുദ്ധരിക്കുമ്പോള്‍ ചെയ്യുന്നതെന്താണ്? അവിടെയുള്ള മരങ്ങളെല്ലാം മുറിച്ചുമാറ്റി കൂറ്റന്‍ കോണ്‍ക്രീറ്റ് കൂടാരങ്ങള്‍ പറയുന്നു. നാഗക്കാവുകളിലെല്ലാം പാമ്പിന് 'സുഖം' കിട്ടാന്‍ ഗ്രാനൈറ്റ് പതിപ്പിക്കുന്നു. മലയാളിയുടെ 'വികസന' സങ്കല്‍പ്പം ഇങ്ങനെയാണല്ലോ പുരോഗമിക്കുന്നത്!
രാഷ്ട്രീയ നേതാക്കള്‍ക്ക് എന്നാണ് പരിസ്ഥിതി വിവേകം ഉണ്ടാവുക?
ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ ജപ്പാനീസ് നല്‍കുന്ന സന്ദേശം നമുക്ക് എന്നാണ് മനസിലാകുക? ഇത് മനസിലാക്കിക്കൊടുക്കേണ്ട നമ്മുടെ മാധ്യമങ്ങള്‍ തന്നെ എന്താണ് ചെയ്യുന്നത്? ക്ലബ്ബുകളുടെ 'ഫ്‌ളക്‌സ് യുദ്ധ'ങ്ങളെ അതിരില്ലാതെ പ്രോത്സാഹിപ്പിക്കുന്നു. ഫ്‌ളക്‌സുകളുടെ വീതിയേയും ഉയരത്തേക്കുറിച്ചും കഥകള്‍ പറഞ്ഞ് ആരാധകരെ കോരിത്തരിപ്പിക്കുന്നു. വലിയ ചിത്രങ്ങള്‍ അച്ചടിക്കുന്നു. വിഷ്വലുകള്‍ ചാനലുകളില്‍ നിറയുന്നു. അപ്പോള്‍ സാംക്രമിക രോഗം പോലെ ഫ്‌ളക്‌സ് ലോകം പടരുന്നു.
ആദ്യത്തെ ഫ്‌ളക്‌സ് ഉയരുമ്പോള്‍ തന്നെ മാധ്യമങ്ങള്‍ വിലക്കിയിരുന്നെങ്കില്‍ 'സംസ്‌കരിക്കാന്‍' കഴിയാതെ ഫുട്‌ബോള്‍ ഇതിഹാസങ്ങളിങ്ങനെ പെരുമഴ നനയില്ലായിരുന്നു. ലക്ഷക്കണക്കിന് ഫ്‌ളക്‌സുകള്‍ക്ക് മലയാളി ചെലവാക്കിയ തുക എത്ര കോടികള്‍ വരും? ഈ തുക കൊണ്ട് പാവങ്ങള്‍ക്ക് വീടുകള്‍ നിര്‍മ്മിക്കാമായിരുന്നു?
രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും വലിയ ഉത്തരവാദിത്തമുണ്ട്. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും തിരഞ്ഞെടുപ്പില്‍ ഫ്‌ളക്‌സുകള്‍ വയ്ക്കുന്നതില്‍ പാര്‍ട്ടികള്‍ മത്സരിച്ചു. രാഷ്ട്രീയ നേതാക്കള്‍ക്ക് എന്നാണ് പരിസ്ഥിതി വിവേകം ഉണ്ടാവുക? ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിലെ മാതൃകാ വിജയം ചാണ്ടി ഉമ്മന്റേതാണ് എന്ന് ഞാന്‍ കരുതുന്നു.
ഒരു ഫ്‌ളെക്‌സ് പോലും വയ്ക്കാതെ, ഒരു നോട്ടീസില്‍ പോലും തന്റെ മുഖം വയ്ക്കാതെ, പരിസ്ഥിതി സൗഹൃദ വാഹനമായ സൈക്കിളില്‍ വീടുകളിലെത്തി വോട്ടുചോദിച്ച അദ്ദേഹത്തിന് സ്വപ്‌നതുല്യമായ (അര ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം) വിജയമാണ് നാട്ടുകാര്‍ സമ്മാനിച്ചത്. അതുകൊണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ ഇനി മുതല്‍ ഫ്‌ളക്‌സുകള്‍ വയ്ക്കില്ല എന്ന് തീരുമാനിക്കണം. മുഖ്യമന്ത്രി അതിന് നേതൃത്വമെടുക്കണം. അടുത്ത ഇലക്ഷന് മാസങ്ങള്‍ക്ക് മുൻപേ ആ തീരുമാനം ഉണ്ടാകണം.
'ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ? ' എന്ന മനോഹര ഗാനം നാം ഇടയ്ക്കിടെ കേള്‍ക്കുകയും പാടുകയും ചെയ്യാറുണ്ട്. പക്ഷേ അത് ചുണ്ടുകൊണ്ടും ചെവികൊണ്ടുമാണ്. എന്നാല്‍ ആ ഗാനം ഹൃദയം കൊണ്ട് പാടുകയും ഹൃദയം കൊണ്ട് കേള്‍ക്കുകയും ചെയ്യുന്ന ഒരു സ്ഥിതി വിശേഷം ഉണ്ടാവുക തന്നെ വേണം.
Kerala's passion for football is unmatched, with fans passionately celebrating global stars such as Lionel Messi, Cristiano Ronaldo, Kylian Mbappé, Neymar and Harry Kane. However, the culture surrounding these celebrations has increasingly become a public nuisance, with huge numbers of flex boards and massive cut-outs of football stars remaining across the state weeks after major tournaments. The article questions the environmental and social impact of this fan culture, while acknowledging the deep love Malayalis have for the sport.