മുത്തങ്ങയിലെ വംശീയ വിചാരണ!

പുലിതൂക്കി കോളനിയിലെ മാളുവിന്റെ എട്ട് മാസം മാത്രം പ്രായമുണ്ടായിരുന്ന കൈക്കുഞ്ഞിനെക്കുറിച്ച്, വിധി പറഞ്ഞ ജഡ്ജി എപ്പോഴെങ്കിലും കേട്ടുകാണുമോ?
മുത്തങ്ങയിലെ വംശീയ വിചാരണ!
Published on

കേരളം ഏറെ ബഹുമാനത്തോടെ നോക്കിക്കാണുന്ന മുതിര്‍ന്ന സാമൂഹിക പ്രവര്‍ത്തകരിലൊരാളാണ് ദളിത്-ആദിവാസി അവകാശ സമരങ്ങളിലൂടെ ശ്രദ്ധേയനായ എം ഗീതാനന്ദന്‍. അദ്ദേഹമിപ്പോള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ 5 വര്‍ഷം കഠിനതടവിന് ശിക്ഷിക്കപ്പെട്ടിരിക്കുകയാണ്. എം ഗീതാനന്ദനെ കൂടാതെ ആദിവാസി ഗോത്രമഹാസഭാ പ്രവര്‍ത്തകരായ ബിനു, രമേശന്‍, അനില്‍കുമാര്‍ എന്നിവരും വധശ്രമം, തട്ടിക്കൊണ്ടുപോകല്‍, ഗൂഡാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തപ്പെട്ട് തടവിലാണ്. രാഷ്ട്രീയ കേരളം ഏറെ ഉറ്റുനോക്കിയ മുത്തങ്ങ സമരത്തിന്റെ ഭാഗമായ കേസുകളുടെ വിധിയെത്തുടര്‍ന്നാണ് ഇക്കഴിഞ്ഞ ജൂലൈ 31 ന് എം ഗീതാനന്ദനും സഹപ്രവര്‍ത്തകരും ജയിലലടയ്ക്കപ്പെട്ടത്.

അന്യായ വിധി!

തീര്‍ത്തും ഏകപക്ഷീയവും വിവേചനപരവുമായ കോടതി വിധി എന്നാണ് മുത്തങ്ങ കേസിലെ വിധിക്കെതിരെ ആദിവാസി നേതാവ് സി കെ ജാനു പ്രതികരിച്ചത്. കാരണം, ഇരകളുടെ ജീവന് പോലും വിലകല്‍പിക്കാതെ പകരം വേട്ടക്കാര്‍ക്കേറ്റ പോറലുകള്‍ക്ക് മേല്‍ നടപടി സ്വീകരിക്കുന്ന സമീപനമായിരുന്നു മുത്തങ്ങ കേസില്‍ അധികാരികള്‍ പുലര്‍ത്തിയത്.

മുത്തങ്ങയിലെ വംശീയ വിചാരണ!
മാതംഗലീല: ജാതിരാഷ്ട്രീയത്തിൻ്റെ പകർന്നാട്ടങ്ങൾ

പുലിതൂക്കി കോളനിയിലെ മാളുവിന്റെ എട്ട് മാസം മാത്രം പ്രായമുണ്ടായിരുന്ന കൈക്കുഞ്ഞിനെക്കുറിച്ച്, വിധി പറഞ്ഞ ജഡ്ജി എപ്പോഴെങ്കിലും കേട്ടുകാണുമോ? വിശക്കുമ്പോള്‍ മണ്ണ് വാരിത്തിന്നാനൊക്കാത്തതിനാല്‍, കൃഷി ചെയ്യാനും കിടന്നുറങ്ങാനും ഒരു തുണ്ട് ഭൂമിക്ക് വേണ്ടി സമരത്തിന് പോയ മാളുവിനെ പൊലീസ് ഗ്രനേഡ് എറിഞ്ഞും ലാത്തികൊണ്ട് പൊതിരെ തല്ലിയും ആട്ടിയോടിച്ചതാണ്. ആര്‍ത്തിരമ്പി വന്ന കാക്കിപ്പടയെപ്പേടിച്ച് ചിതറിയോടിയ മാളുവും കൈക്കുഞ്ഞും രണ്ട് ദിവസത്തോളം പുറത്തേക്കുള്ള വഴിയറിയാതെ കാട്ടില്‍ പെട്ടു. മൂന്നാം ദിവസം പുറത്തെത്തുമ്പോഴേക്കും കുഞ്ഞ് വിശന്നുമരിച്ചിരുന്നു. ആ പിഞ്ചുശരീരം മണ്ണിലടക്കിത്തീരും മുമ്പേ മാളുവിനെ പൊലീസ് തൂക്കിയെടുത്ത് കൊണ്ടുപോയി ജയിലിലിട്ടു. കുഞ്ഞിന്റെ മരണവും ഭാര്യയുടെ അറസ്റ്റും സഹിക്കവയ്യാതെ മനോനില തെറ്റിയ നാരായണന്‍ മരണത്തിന് കീഴടങ്ങി.

നെയ്ക്കുപ്പയിലെ ഞേണനെക്കുറിച്ചും ജഡ്ജിക്ക് കേള്‍ക്കേണ്ടി വന്നുകാണില്ല. ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാന്‍ പിടിച്ചുകൊണ്ടുപോയി തല്ലിച്ചതച്ച് അവശനാക്കി പറഞ്ഞുവിട്ടതിന്റെ മൂന്നാം നാള്‍ ചോര ചര്‍ദ്ദിച്ച് മരിച്ചതാണ്. പൊലീസിന്റെ അടിയേറ്റ് രോഗം മൂര്‍ച്ഛിച്ച് മരിച്ച പെരുവന്‍. ലാത്തിപ്രയോഗത്തിന്റെ കൊടുംഭീകരതയെ അതിജീവിക്കാനാവാതെ മുന്നോട്ടുള്ള നാളുകളില്‍ ഊരുകളില്‍ കിടന്ന് ചുമച്ചും ശ്വാസം മുട്ടിയും ചത്തുമലച്ചുപോയവര്‍. മൂന്നാം മുറ സഹിക്കവയ്യാതെ മനോനില തെറ്റി തൂങ്ങിമരിച്ച ഗോപാലന്‍. നട്ടെല്ല് തളര്‍ന്നുപോയി ആജീവനാന്തം കിടപ്പിലായ ചാലിഗദ്ദയിലെ മാതന്‍ പാക്കനെ പോലുള്ള അനവധി ആദിവാസി മൂപ്പന്‍മാര്‍. കാട്ടിലും ക്യാംപിലും ജയിലിലും കാക്കിധിക്കാരത്തിന്റെ വംശീയാക്രമണമേറ്റ് അംഗവൈകല്യം സംഭവിച്ചവര്‍. ഇവരെയാരെക്കുറിച്ചും കോടതി ഒരിക്കലുമറിഞ്ഞിട്ടേയില്ല.

അടിവയറ്റില്‍ പൊലീസിന്റെ ചവിട്ടേറ്റതിന്റെ പ്രത്യാഘാതങ്ങള്‍ കാരണം പിന്നീടൊരിക്കലും ഊരുകളില്‍ നിവര്‍ന്നുനില്‍ക്കാന്‍ കഴിയാതെ പോയ അമ്മമാര്‍. മര്‍ദനത്തിന്റെ ഇനിയും മാഞ്ഞുപോയിട്ടില്ലാത്ത അടയാളങ്ങളുമായി രോഗശയ്യയില്‍ കഴിയുന്ന അനവധി മൃതപ്രായര്‍. ഇവരെക്കുറിച്ചൊന്നും ഒരു രേഖയും ഒരു കേസ് ഷീറ്റിലും കാണില്ല. മൂന്ന് വയസ്സുള്ള കുഞ്ഞിന്റെ തലതല്ലിപ്പൊട്ടിച്ചതടക്കം മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന എത്രയെത്ര ദുരനുഭവങ്ങള്‍ മുത്തങ്ങയില്‍ അരങ്ങേറി. ഇവര്‍ക്കാര്‍ക്കെങ്കിലും നീതി ലഭിച്ചോ? ഒരു കേസെങ്കിലും പൊലീസുകാര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്‌തോ? അവിശ്വസനീയമായ പൊലീസ് ക്രൂരതകളുടെ നടത്തിപ്പുകാരില്‍ ആര്‍ക്കെങ്കിലും, ഒരു ദിവസം പോയിട്ട് ഒരു മണിക്കൂറെങ്കിലും ഏതെങ്കിലും കോടതിവരാന്തയില്‍ കയറിയിറങ്ങേണ്ടി വന്നിട്ടുണ്ടോ? ഇല്ല.

മുത്തങ്ങയിലെ വംശീയ വിചാരണ!
ദേശരാഷ്ട്രങ്ങളും ഹിന്ദുത്വയുടെ ദേശീയതാ വിശകലനങ്ങളും

വംശീയ വിചാരണ

നീണ്ട 23 വര്‍ഷത്തെ വിചാരണ കാലയളവിന് ശേഷം, വിനോദ് എന്ന പൊലീസുകാരന്റെ മരണത്തില്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്ന ആദിവാസികളെ കൊലക്കുറ്റത്തില്‍ നിന്നും കോടതി കുറ്റവിമുക്തരാക്കി. പകരം നാല് പേരെ വധശ്രമം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി ശിക്ഷിച്ചു. മുഴുവന്‍ ആളുകളും കൊലക്കേസില്‍ കുറ്റവാളികളെന്ന് കണ്ടെത്തിയിരുന്നുവെങ്കില്‍ പോലും അവര്‍ക്ക് ലഭിക്കേണ്ടിയിരുന്നതിനേക്കാള്‍ കഠിനമായ ശിക്ഷ എന്നോ അവര്‍ ഏറ്റുവാങ്ങിയതാണ്. അത്രമേല്‍ മനുഷ്യവിരുദ്ധമായിരുന്നു 13 വര്‍ഷം എറണാകുളം സിബിഐ കോടതിയിലെയും വീണ്ടുമൊരു ദശാബ്ദത്തോളം കല്‍പറ്റ കോടതിയിലെയും വിചാരണക്കാലം.

വിനോദ് എന്ന പൊലീസുകാരന്റെ മരണത്തിന്റെ പേരില്‍ എന്തെല്ലാം നടന്നു? സ്ത്രീകളും കുട്ടികളുമടക്കമുള്ള നൂറുകണക്കിന് ആദിവാസികള്‍ പൊലീസ് കസ്റ്റഡിയില്‍ ക്രൂരമായി മര്‍ദിക്കപ്പെട്ടു. പ്രതിപ്പട്ടികയില്‍ ചേര്‍ത്ത 57 ആദിവാസികളെ അവരുടെ ജീവിതാവസാന കാലം വരെ സ്വസ്ഥമായി ഉറങ്ങാനനുവദിക്കാതെ നിയമക്കുരുക്കിലിട്ട് വേട്ടയാടി. വണ്ടിക്കൂലിയില്ലാത്തതിനാല്‍ കോടതിയിലെത്താനാവാതെ പോയവരെപ്പോലും വാറണ്ടുകളുമായി പിന്നാലെ പാഞ്ഞ് ഉപദ്രവിച്ചു. കോളനികളിലെത്തി സ്ത്രീകളെയും കുട്ടികളെയും ഭീഷണിപ്പെടുത്തി. കൂലിപ്പണിയെടുത്ത് കുഞ്ഞുങ്ങളെപ്പോറ്റാനനുവദിക്കാതെ ജീവിതത്തിന്റെ നല്ലൊരു കാലം കോടതി വരാന്തകളില്‍ തളച്ചിട്ട് ഇഞ്ചിഞ്ചായി ഉപദ്രവിച്ചു. വൈകുവോളം നീളുന്ന കേസുവിളികള്‍ക്കിടയില്‍ കയ്യിലൊരു ചായപ്പൈസ പോലുമില്ലാതെ തളര്‍ന്നുനില്‍ക്കുന്ന പാവങ്ങളെ വിചാരണക്കൂട്ടിലും വരാന്തകളിലും കോടതിവളപ്പുകളിലും പട്ടിണിക്കോലങ്ങളായി നിര്‍ത്തി 23 വര്‍ഷം ശിക്ഷിച്ചു.

സംഘര്‍ഷ സ്ഥലത്ത് പോലും, സംഭവിച്ചത് ഒരു പൊലീസുകാരന്റെ മരണം മാത്രമായിരുന്നോ? ജോഗി എന്ന ആദിവാസി പൊലീസ് വെടിവെപ്പില്‍ സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടില്ലേ? ചാലിഗദ്ദക്കാരുടെ പ്രിയപ്പെട്ട ജോഗിയണ്ണന്റെ മരണം ഇന്നും സര്‍ക്കാര്‍ രേഖകളില്‍ ഒരു ദുരൂഹമരണം മാത്രമാണ്. പൊലീസുകാരന്റേത് കൊലപാതകവും ആദിവാസിയുടേത് ദുരൂഹമരണവുമാകുന്നിടത്ത് നിന്ന് തുടങ്ങി, മുത്തങ്ങ സംഭവത്തിലുടനീളം നാം കണ്ടത്, നമ്മുടെ നിയമപാലക- നീതി നിര്‍വഹണ സംവിധാനങ്ങളുടെ സമീപനങ്ങളില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന ക്രൂരമായ വംശീയത മാത്രമാണ്.

പൊലീസ് അതിക്രമങ്ങളെത്തുടര്‍ന്ന് ഏതാണ്ട് 25ഓളം ആദിവാസികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ജീവനവശേഷിച്ചവര്‍ മരണം വരെ നരകിച്ചിട്ടുമുണ്ട്. പക്ഷേ കേസൊന്നേയുള്ളൂ. പൊലീസുകാരനെ കൊന്ന കേസ്. 23 വര്‍ഷങ്ങള്‍ക്കിപ്പുറം, കേരളത്തിന്റെ വരേണ്യ രാഷ്ട്രീയം സൗകര്യത്തോടെ അനുവദിച്ചുകൊടുത്ത ഒരു വംശഹത്യയുടെ അവസാന ഊഴം കാത്തിരിക്കുകയാണ് ശേഷിക്കുന്ന കുറ്റാരോപിതര്‍.

എന്തിന് സമരം ചെയ്തു?

കേരള രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും ക്രൂരമായ പൊലീസ് അടിച്ചമര്‍ത്തലിന് വിധേയരാക്കപ്പെട്ടവര്‍ക്ക് വര്‍ഷങ്ങള്‍ക്കിപ്പുറവും അധികാരികളോട് പറയാനുള്ളത് ഭൂരാഹിത്യം സൃഷ്ടിക്കുന്ന ജീവിത സംഘര്‍ഷങ്ങളെക്കുറിച്ച് മാത്രമാണ്. കൃഷിചെയ്യാനും കിടന്നുറങ്ങാനും ഇന്നും സുരക്ഷിതമായ ഒരു തുണ്ട് ഭൂമി സ്വന്തമായി ഇല്ലാത്തതിന്റെ സങ്കടങ്ങള്‍. മണ്ണിന് വേണ്ടി പതിറ്റാണ്ടുകള്‍ സമരം ചെയ്തിട്ടും ഇങ്ങനെ പുഴയോരങ്ങളില്‍ തുണ്ടുഭൂമികളിലായി കഴിയേണ്ടി വരുന്നതിന്റെ പ്രശ്നങ്ങള്‍. മഴക്കാലങ്ങളില്‍ പുഴ കോളനിയിലൂടെ പരന്നൊഴുകുന്നതിന്റെ പ്രയാസങ്ങള്‍. എല്ലാ കൊല്ലവും മഴക്കാലത്ത് ഊരുകളില്‍ വെള്ളപ്പൊക്കമാണ്. വെള്ളം കയറുമ്പോഴെല്ലാം ഉദ്യോഗസ്ഥര്‍ വന്ന് ആദിവാസികളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റും. അടുത്ത മഴയ്ക്ക് മുന്നെ മാറ്റിപ്പാര്‍പ്പിക്കാമെന്ന പൊള്ളയായ വാക്കുകള്‍ കേട്ട് ഓരോ ദുരിതകാലാവസാനവും ക്യാമ്പുകളില്‍ നിന്ന് ഊരുകളിലേക്ക് മടങ്ങിവരേണ്ടി വരുന്നവര്‍.

വയനാടന്‍ മലകളില്‍ മഴപെയ്യുന്ന ഒരു രാത്രിയിലും ഭയരഹിതമായി ഉറങ്ങാന്‍ സാധിക്കാത്ത രീതിയിലാണ് ഇന്ന് പുഴയോരക്കോളനികളിലെ ആദിവാസി ജീവിതം. പുഴ ഏതു നിമിഷവും അവരുടെ കൂരകളിലേക്കിരച്ചുകയറിയേക്കാം. സുരക്ഷിതമായ ഭൂമി ലഭിക്കാതെ ഈ കുടുംബങ്ങള്‍ക്ക് മെച്ചപ്പെട്ട ഒരു ജീവിതം സാധ്യമേയല്ല. ദുരിതാശ്വാസ ക്യാമ്പുകളില്‍ ക്ഷേമ സന്നാഹങ്ങളുമായെത്തിയ ഉദ്യോഗസ്ഥരോട് ആദിവാസികള്‍ പറയുന്നത്. ഒരെയൊരു കാര്യം മാത്രമാണ്. സുരക്ഷിതമായ മണ്ണ് വേണമെന്ന്. മണ്ണിന് വേണ്ടി ആദിവാസികളെന്തിന് സമരം ചെയ്തുവെന്ന് വ്യക്തമാക്കുന്നതാണ് ഓരോ പ്രളയകാലത്തെയും ആദിവാസി ഊരുകളുടെ ചിത്രം. വയനാടിന്റെ വിശാലതകളില്‍ അതിരുകളില്ലാത്ത ഭൂമിയുടെയും വിഭവങ്ങളുടെയും അധിപരായി ജീവിച്ചിരുന്ന ആദിവാസികള്‍ ഇന്ന് പുറമ്പോക്കുകളിലിരുന്ന് അവരുടെ നഷ്ടപ്പെട്ട ഭൂമിയുടെ കണക്ക് ചോദിക്കുകയാണ്.

മുത്തങ്ങയിലെ വംശീയ വിചാരണ!
മുത്തങ്ങ സമരം: പൊലീസുകാരന്‍ കൊല്ലപ്പെട്ട കേസില്‍ ഗീതാനന്ദന്‍ ഉള്‍പ്പെടെ 56 പ്രതികളെ വെറുതെ വിട്ടു

കേരളത്തിലെ സമതല ജീവിതത്തിനുണ്ടായ സാമൂഹിക സാമ്പത്തിക അഭിവൃദ്ധികളില്‍ നിന്നും കാതങ്ങള്‍ പിന്നിലേക്ക് ആദിവാസി ജീവിതം തഴയപ്പെട്ടതിന്റെ ഏറ്റവും മര്‍മ കാരണം അവരുടെ നഷ്ടപ്പെട്ട ഭൂമിയാണ്. നഷ്ടപ്പെട്ട ഭൂ ഉടമസ്ഥത തിരിച്ചുലഭിക്കാതെ കേരളത്തിലെ ഗോത്ര ജനതയ്ക്ക് അതിജീവനം സാധ്യമാകുമായിരുന്നില്ല. ഭൂമിക്ക് മേല്‍ ഉടമസ്ഥതയും ആധിപത്യവും ജീവിത സമ്പന്നതയുമുണ്ടായിരുന്ന ഗോത്ര ജനതയെ മലമടക്കുകളിലെയും പുറമ്പോക്കുകളിലെയും പുഴയോരങ്ങളിലും കോളനിജീവിതത്തിലേക്ക് തള്ളിവിട്ടത് ഭൂതകാല കേരളത്തിലെ വിവിധ രാഷ്ട്രീയ പ്രക്രിയകള്‍ കൂടിയാണ്.

കേരളത്തിന്റെ രാഷ്ട്രീയപ്പതിറ്റാണ്ടുകള്‍ മാറി മറിയുമ്പോഴും ആദിവാസികള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ഒരു മുന്നണിയും പാലിച്ചിട്ടില്ല. ലക്ഷക്കണക്കിന് ഹെക്ടര്‍ ഭൂമി സ്വകാര്യവ്യക്തികള്‍ അനധികൃതമായി കൈവശപ്പെടുത്തിയിരിക്കുന്നു എന്ന് സര്‍ക്കാര്‍ കമ്മീഷനുകള്‍ തന്നെ കണ്ടെത്തിയിട്ടുള്ള കേരളത്തില്‍ ആദിവാസി ഭൂസംഘര്‍ഷങ്ങള്‍ കൂടുതല്‍ രൂക്ഷമായി തന്നെ തുടരുകയാണ്. ഏതൊരു സമൂഹത്തിന്റെയും പുരോഗതിയെ അടയാളപ്പെടുത്തേണ്ടത് ആ സമൂഹത്തിലെ ഏറ്റവും ദുര്‍ബലരായ സാമൂഹ്യ വിഭാഗങ്ങളുടെ സാഹചര്യങ്ങളെ പരിശോധിച്ചുകൊണ്ടാണ്. അങ്ങനെയെങ്കില്‍ കേരളത്തിലെ ആദിവാസി സമൂഹത്തെ പരിശോധിക്കുമ്പോള്‍ ഐക്യകേരളം അമ്പതുകളില്‍ നിന്ന് ഒരുപിടി മുന്നോട്ടുപോയില്ലെന്ന് നാം വിധിയെഴുതേണ്ടി വരും. ഇനി അതല്ല, കേരളം മുന്നോട്ടു സഞ്ചരിച്ചു എന്ന യാഥാര്‍ത്ഥ്യത്തെ നമുക്ക് അയാളപ്പെടുന്നതണമെങ്കില്‍ ആ വികസനക്കുതിപ്പില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന, അരികുവിഭാഗങ്ങളോടുള്ള ക്രൂരമായ അവഗണനകളെ രാഷ്ട്രീയമായി ചോദ്യം ചെയ്യാതിരിക്കാനാവില്ല.

Summary

The article strongly critiques the recent court verdict that sentenced prominent Dalit-Adivasi activist M. Geethanandan and three others to five years in prison for their involvement in the historic Muthanga land agitation. It characterizes the judicial and police response as a "racial trial" and a one-sided witch-hunt against the marginalized.

Madism Digital
madismdigital.com