

ഗൗരി ലങ്കേഷിന്റെ ഒമ്പതാം രക്തസാക്ഷി ദിനമാണിന്ന്. 2017 സപ്തംബര്‍ അഞ്ചിനാണ് ആ ധീര വനിതയെ, തളരാത്ത ഫാസിസ്റ്റ് വിരുദ്ധ പോരാളിയെ ഹിന്ദുത്വ തീവ്രവാദികള്‍ വെടിയുതിര്‍ത്ത് വീഴ്ത്തിയത്. ധാല്‍ബോക്കര്‍ക്കും ഗോവിന്ദ പന്‍സാരെയ്ക്കും കല്‍ബുര്‍ഗിക്കും പിറകെ ഹിന്ദുത്വ തീവ്രവാദികള്‍ തങ്ങള്‍ക്ക് ഭീഷണിയാവും എന്നുകണ്ട് ഗൗരി ലങ്കേഷിന്റെയും ജീവനെടുക്കുകയായിരുന്നു. സംസ്‌കാരത്തിന്റെയും രാഷ്ട്രീയത്തിന്റെയും മണ്ഡലങ്ങളില്‍ ഒരുപോലെ ഇടപ്പെട്ട മാധ്യമ പ്രവര്‍ത്തകയും സോഷ്യല്‍ ആക്ടിവിസ്റ്റുമായിരുന്നു ഗൗരി ലങ്കേഷ്. പ്രകാശ് രാജ് പറഞ്ഞ പോലെ ഗൗരിയുടെത് ഒരു പത്രപ്രവര്‍ത്തകയുടെ മരണമല്ല ജനാധിപത്യത്തിന്റെയും ഭരണഘടനാതത്വങ്ങളുടെയും അറുംകൊലയാണെന്നു തങ്ങള്‍ക്കനഭിമതരായവരെ വെടിയുണ്ടകളുതിര്‍ത്ത് അവസാനിപ്പിക്കുന്ന ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ ഒടുവിലത്തെ ഇരയായി തീരുകയായിരുന്നു ഗൗരി ലങ്കേഷ്.
വര്‍ഗീയതയ്ക്കും അഴിമതിക്കുമെതിരെ അനുരഞ്ജനരഹിതമായ പോരാട്ടം നടത്തിയ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയായ ഗൗരി ലങ്കേഷിനെ ഒരു സംഘം അജ്ഞാതര്‍ വെടിവെച്ചുകൊന്നുവെന്നാണ് ആദ്യം പുറത്തുവന്ന വാര്‍ത്ത. സെപ്റ്റംബര്‍ അഞ്ച് ചൊവ്വാഴ്ച രാത്രി 8.30-ഓടെയായിരുന്നു ബൈക്കിലെത്തിയ ഘാതകര്‍ തന്റെ വീടിന്റെ ഗെയ്റ്റിന് സമീപം നില്‍ക്കുകയായിരുന്ന ഗൗരിക്കുനേരെ വെടിയുതിര്‍ത്തത്. കഴുത്തിലും ശിരസ്സിലും നെഞ്ചിലും വെടിയേറ്റ ഗൗരി അവിടെതന്നെ മരിച്ചുവീഴുകയായിരുന്നു. ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത് കാറിലെത്തിയ സംഘമാണ് ഗൗരിക്കുനേരെ തുരുതുരാ വെടിയുതിര്‍ത്തതെന്നാണ്.
അജ്ഞാതരെന്നും ഒരു സംഘം അക്രമികളെന്നും മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്ന ഘാതകര്‍ ആരായിരുന്നു? നരേന്ദ്ര ദാല്‍ബോക്കറും പന്‍സാരെയും കല്‍ബുര്‍ഗിയും ഇതിന് സമാനമായ രീതിയിലാണ് കൊല ചെയ്യപ്പെട്ടത്. ഇവരുടെയെല്ലാം കൊലപാതകത്തിലെ സമാനത ഒരുകാര്യം വ്യക്തമാക്കിത്തരുന്നു, തീവ്രഹിന്ദുത്വവാദികളാണ് ഗൗരി ലങ്കേഷിനെയും അതിനിഷ്ഠൂരമായി വധിച്ചത്. ഗൗരി ലങ്കേഷ് ഹിന്ദുത്വ ഫാസിസത്തിനെതിരെ വിട്ടുവീഴ്ച ചെയ്യാത്ത പോരാട്ടമാണ് നടത്തിയത്. മരണഭയമില്ലാതെ അവര്‍ കല്‍ബുര്‍ഗിയുടെ ഘാതകര്‍ക്കുനേരെ പോരാടി. മരണം എപ്പോഴും സംഘപരിവാര്‍ ഘാതകരിലൂടെ കന്നുവരുമെന്ന് അവര്‍ക്കറിയാമായിരുന്നു. എന്നിട്ടും മരണത്തെ കീഴ്പ്പെടുത്തിയ ആത്മബോധത്തോടെ അവര്‍ പൊരുതിനിന്നു.
വ്യവസ്ഥയുടെ അധാര്‍മികതയോട് അവരെന്നും ഏറ്റുമുട്ടിയിരുന്നു. അഴിമതിക്കാരെയും അധികാരത്തിന്റെ ദുശ്ശാസനന്മാരെയും അരിഞ്ഞുവീഴ്ത്തുന്ന എഴുത്തായിരുന്നു അവരുടെ പോരാട്ടമാര്‍ഗം. സ്വന്തം പിതാവ് പി. ലങ്കേഷിനെപോലെ തൂലികയായിരുന്നു അവരുടെ പടവാള്‍. കന്നട ടാബ്ലോയ്ഡ് വാരികയായ ലങ്കേഷ് പത്രികയുടെ എഡിറ്ററും പ്രസാധകയുമായിരുന്നു ഗൗരി. കന്നട കവിയും പത്രപ്രവര്‍ത്തകനുമായ പിതാവ് ലങ്കേഷ് തുടങ്ങിവെച്ച പത്രമാണിത്. പിതാവിനെപോലെ അഗ്രസീവായ മാധ്യമ പ്രവര്‍ത്തനത്തിന്റെ വഴിയായിരുന്നു ഗൗരിയും തെരഞ്ഞെടുത്തത്. അരിഞ്ഞു വീഴ്ത്തുന്ന അന്വേഷണ റിപ്പോര്‍ട്ടുകളിലൂടെ അവര്‍ അഴിമതിക്കെതിരായി പോരാടുകയായിരുന്നു. അനീതിയോടും അധികാരജീര്‍ണതയോടും വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമായിരുന്നു തന്റെ പിതാവിനെ പോലെ അവരുടെയും വഴി.
2008-ല്‍ ബി.ജെ.പി എം.പി പ്രഹ്ലാദ് ജോഷിക്കും മറ്റുനേതാക്കള്‍ക്കുമെതിരെ അഴിമതി വാര്‍ത്ത പ്രസിദ്ധീകരിച്ചതോടെയാണ് അത്തരം നിക്ഷിപ്തതാല്‍പര്യക്കാരുടെ നോട്ടപ്പുള്ളിയായി ഗൗരി മാറുന്നത്. ഈ വാര്‍ത്ത മാധ്യമരംഗത്തും പൊതുസമൂഹത്തിലും ഗൗരിയെ ശ്രദ്ധേയമാകുകയും ചെയ്തിരുന്നു. ഈ വാര്‍ത്തക്കെതിരെ ബി.ജെ.പി നേതാക്കള്‍ ഫയല്‍ ചെയ്ത മാനനഷ്ടക്കേസില്‍ അവര്‍ ശിക്ഷിക്കപ്പെട്ടിരുന്നു. ആറുമാസം തടവും പതിനായിരം രൂപ പിഴയും കോടതി വിധിച്ചു. പിന്നീടവര്‍ ജാമ്യത്തിലിറങ്ങി. സാമൂഹ്യപ്രതിബദ്ധതയും തികഞ്ഞ മതനിരപേക്ഷ ജനാധിപത്യ നിലപാടുകള്‍ക്കുവേണ്ടി നിലകൊള്ളുകയും ചെയ്ത ഗൗരി ലങ്കേഷ് ഇടതുപക്ഷ സഹയാത്രികയായിരുന്നു.
കല്‍ബുര്‍ഗിയുടെ വധത്തില്‍ പ്രതിഷേധിച്ച് കര്‍ണാടകയിലും ദേശീയതലത്തിലും ഉയര്‍ന്നുവന്ന പ്രക്ഷോഭങ്ങളുടെ മുന്‍പന്തിയില്‍ ഗൗരിയുണ്ടായിരുന്നു. കല്‍ബുര്‍ഗിയുടെ കൊലപാതകത്തിന് രണ്ടുവര്‍ഷം തികഞ്ഞ ദിവസങ്ങള്‍ക്കുള്ളിലാണ് ഗൗരി ലങ്കേഷിന്റെ നിഷ്ഠൂരമായ കൊലപാതകം നടന്നത്. ഉന്നമിട്ടവര്‍ ആ പോരാളിയെ വീഴ്ത്തുകയായിരുന്നു. തീവ്രഹിന്ദുത്വനിലപാടുകളെയും അന്ധവിശ്വാസങ്ങളെയും തന്റെ ലേഖനങ്ങളിലൂടെയും പ്രസംഗങ്ങളിലൂടെയും ഗൗരി തുടര്‍ച്ചയായി എതിര്‍ത്തുപോന്നിരുന്നു. ഇതെല്ലാമാകാം ഹിന്ദുത്വശക്തികളുടെ ശത്രുവാക്കി അവരെ മാറ്റിയത്.
കോര്‍പ്പറേറ്റ് മൂലധനവും ഹിന്ദുത്വവും ചേര്‍ന്ന് നടത്തുന്ന ഹിംസാത്മകമായ സംഘപരിവാര്‍ രാഷ്ട്രീയം രാജ്യത്തിന്റെ ആത്മാവിനെതന്നെ കാര്‍ന്നുതിന്നുകയാണെന്ന് അവര്‍ മനസ്സിലാക്കിയിരുന്നു. ഹിന്ദുരാഷ്ട്രവാദത്തെ വിമര്‍ശിക്കുകയും അതിനോട് വിയോജിക്കുകയും ചെയ്യുന്നവരെ ശാരീരികമായി ഇല്ലാതാക്കുന്ന ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ പൈശാചികതയാണ് ഗൗരി ലങ്കേഷിന്റെ കൊലപാതക സംഭവം വെളിവാക്കുന്നത്.
മതനിരപേക്ഷതയോടും ജനാധിപത്യത്തോടും അദമ്യമായ ആഭിമുഖ്യം പുലര്‍ത്തിയ അവര്‍ മരിക്കുന്നതിന് 16 മണിക്കൂര്‍ മുമ്പ് കേരളത്തിന്റെ മതസാഹോദര്യത്തെ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പുകഴ്ത്തിയിരുന്നു. കന്യാസ്ത്രീകള്‍ തിരുവാതിര കളിക്കുന്ന ശശി തരൂര്‍ പോസ്റ്റ് ചെയ്ത വീഡിയോ ഷെയര്‍ ചെയ്തിരുന്നു. ഇനി കേരളത്തില്‍ വരുമ്പോള്‍ ആരെങ്കിലും സ്വാദിഷ്ടമായ ബീഫ് നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ അവര്‍ ആഗ്രഹം പ്രകടിപ്പിച്ചു. അതിനവരെ സംഘപരിവാര്‍ കശ്മലര്‍ അനുവദിച്ചില്ല. ഫേസ്ബുക്ക് പോസ്റ്റില്‍ അവര്‍ കുറിച്ചത് ഇങ്ങനെയാണ്; 'കേരളത്തില്‍ ഇന്ന് ഓണം ആഘോഷിക്കുകയാണ്. കേരളത്തിലെ മതസൗഹാര്‍ദ്ദത്തിന്റെ ഉദാഹരണമാണ് ഓണം. അതുകൊണ്ടാണ് അവരുടെ നാടിനെ ദൈവത്തിന്റെ സ്വന്തം നാടെന്നുവിളിക്കുന്നത്. പ്രിയപ്പെട്ട മലയാളി സുഹൃത്തുക്കളെ, നിങ്ങളുടെ മതേതര സ്പിരിറ്റ് കാത്തുസൂക്ഷിക്കണം'. മതനിരപേക്ഷവും ജനാധിപത്യവുമാണ് രാജ്യത്തിന്റെ ആത്മാവെന്ന് അവര്‍ വിശ്വസിച്ചു. ഒരു ജനതയുടെ ആശയാദര്‍ശങ്ങളുടെ ആത്മാവിനെ രക്ഷിക്കാനുള്ള പോരാട്ടമാണ് മറ്റെന്തിനേക്കാളും പ്രധാനമെന്നും അവര്‍ സ്വന്തം ജീവിതംകൊണ്ട് കാണിച്ചുതന്നു.
രാജ്യവ്യാപകമായി സംഘപരിവാര്‍ ഉയര്‍ത്തുന്ന ഫാസിസ്റ്റ് ഭീഷണിക്കും ഭരണകൂട ഭീകരതക്കുമെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടിയ ഗൗരിയെപോലുള്ളവരുടെ ജീവിതം കവരുന്നതിലൂടെ ഫാസിസ്റ്റ് വിരുദ്ധപോരാട്ടങ്ങളെ നിശബ്ദമാക്കാമെന്നാണ് സംഘപരിവാര്‍ വ്യാമോഹിക്കുന്നത്. ഫാസിസ്റ്റുകള്‍ ആശയത്തെയും ഭിന്നാഭിപ്രായങ്ങളെയും ആയുധംകൊണ്ട് നേരിടുന്നവരാണല്ലോ. ആശയമില്ലാത്ത ഭീരുക്കളുടെ ശക്തിഗാഥയാണ് ഫാസിസം. കയ്യൂക്കാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്ന ജനാധിപത്യവിരുദ്ധമായ പ്രത്യയശാസ്ത്രമാണ് നാസികളെയും ഫാസിസ്റ്റുകളെയും പോലെ ആര്‍.എസ്.എസിനെയും നയിക്കുന്നത്. ജന്തര്‍ മന്ദറിലെ ജെന്‍സി പോരാട്ട മുള്‍പ്പെടെ ഫാസിസ്റ്റധികാരത്തിന്റെ അഴിമതിക്കും ദുര്‍വാഴ്ചക്കുമെതിരെ പ്രക്ഷോഭങ്ങള്‍ കനത്ത് വരുന്ന സന്ദര്‍ത്തിലാണ് ഗൗരി ലങ്കേഷിന്റെ രക്തസാക്ഷി ദിനം കടന്നുപോകുന്നത്.
കര്‍ണാടകയിലും ഗോവയിലും മഹാരാഷ്ട്രയിലും തിമര്‍ത്താടുന്ന തീവ്രഹിന്ദുത്വ സംഘടനകളുടെ നോട്ടപ്പുള്ളിയായിരുന്നു ഗൗരി ലങ്കേഷ്. എന്‍.ഐ.എ അന്വേഷിക്കുന്ന നിരവധി കൊലപാതകകേസുകളിലും സ്ഫോടന പരമ്പരകളിലും പ്രതിസ്ഥാനത്തേക്ക് വരുന്നത് സനാതന്‍സംസ്ഥ എന്ന തീവ്രഹിന്ദുത്വ സംഘടനയാണ്. ഹിന്ദുരാഷ്ട്ര നിര്‍മ്മിതിക്കുള്ള ചാവേര്‍ സംഘങ്ങളായിട്ടാണ് സനാതന്‍സംസ്ഥ എന്ന തീവ്രഹിന്ദുത്വ സംഘടന രൂപംകൊണ്ടിട്ടുള്ളത്. വളരെ ചെറിയ പ്രായത്തില്‍ തന്നെ ഹിപ്നോട്ടിക്കല്‍ രീതികളുപയോഗിച്ച് റിക്രൂട്ട് ചെയ്യപ്പെടുന്നവരാണ് ഈ സംഘത്തിലെ ചാവേറുകള്‍. ഹിന്ദുരാഷ്ട്രമില്ലാതെ ഹിന്ദുമതവിശ്വാസം സാക്ഷാത്കരിക്കാന്‍ ആവില്ലെന്ന വിശ്വാസഭ്രാന്താണ് സനാതന്‍സംസ്ഥ അതിന്റെ അംഗങ്ങളില്‍ സൃഷ്ടിക്കുന്നത്.
അപരമതങ്ങളോടും ഹിന്ദുരാഷ്ട്രത്തെ എതിര്‍ക്കുന്നവരോടും ഹിംസാത്മകമായ വിദ്വേഷവും ഉന്മാദവുമാണ് സനാതന്‍സംസ്ഥപോലുള്ള ഹിന്ദുത്വസംഘങ്ങള്‍ വളര്‍ത്തിയെടുക്കുന്നത്. രാജ്യത്തെ ഞെട്ടിച്ച പല സംഭവങ്ങളിലും ഈ സംഘടനയ്ക്കുള്ള പങ്ക് വ്യക്തമായിട്ടും ഇത്തരം സംഘടനകളെ നിരോധിക്കാനോ അവരുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനോ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകാത്തത് ആര്‍.എസ്.എസ് സമ്മര്‍ദ്ദം മൂലമാണ്.
ഗൗരിലങ്കേഷിന്റെ മരണം മാധ്യമലോകത്തിനും നമ്മുടെ ജനാധിപത്യ പ്രക്രിയക്കും വലിയ നഷ്ടമാണ് ഉണ്ടാക്കിയിട്ടുള്ളത്. ജനാധിപത്യവാദികളെയാകെ അസ്വസ്ഥപ്പെടുത്തുന്നതാണ്. കര്‍ണാടകയിലെ കമ്യൂണല്‍ ഹാര്‍മണി ഫോറം പ്രവര്‍ത്തകനും ഗൗരി ലങ്കേഷിന്റെ അടുത്ത സുഹൃത്തുമായ കെ.എല്‍ അശോക് പറഞ്ഞതുപോലെ ഇതൊരു പത്രപ്രവര്‍ത്തകയുടെ മരണമല്ല, ജനാധിപത്യത്തിന്റെയും ഭരണഘടനാതത്വങ്ങളുടെയും അറുംകൊലയാണ്.
വര്‍ഗീയഫാസിസത്തിനെതിരെ ശബ്ദിക്കുന്ന ബുദ്ധിജീവികളെയും എഴുത്തുകാരെയും നിശബ്ദമാക്കാമെന്ന വ്യാമോഹമാണ് ഇത്തരം കൊലപാതകങ്ങളിലേക്ക് സംഘപരിവാര്‍ സംഘടനകളെ നയിക്കുന്നത്. ഹിന്ദുരാഷ്ട്രാഭിമാനത്തെ വിമര്‍ശിക്കുന്നവരെ വെടിയുണ്ടകള്‍ കൊണ്ട് അവസാനിപ്പിച്ചുകളയാമെന്ന ഫാസിസ്റ്റ് രാഷ്ട്രീയത്തിന് മറുപടിനല്‍കേണ്ട സന്ദര്‍ഭമാണിത്. ഫാസിസ്റ്റ് രാഷ്ട്രീയത്തിനെതിരെ ജനാധിപത്യത്തിന്റെ ഉദ്ധതമായ ശിരസ്സുകള്‍ ഉയരേണ്ട സമയം. മുഷ്ടികള്‍ ഉയരേണ്ട സമയം.
ഫാസിസ്റ്റ് രാഷ്ട്രീയത്തെ മരണംവരെ ഗൗരിലങ്കേഷ് എതിര്‍ത്തുപോന്നു. ആ പോരാട്ടത്തിലവര്‍ രക്തസാക്ഷിയായി. മരണത്തിന് തോല്‍പിക്കാനാവാത്ത ചരിത്രത്തിന്റെ സമരാഹ്വാനവുമായി ഗൗരി ലങ്കേഷ് നമ്മളില്‍ ജീവിക്കും. സ്വതന്ത്രമാധ്യമപ്രവര്‍ത്തനത്തിനും ജനാധിപത്യത്തിനുവേണ്ടിയുള്ള അവസാനിക്കാത്ത പോരാട്ടവീര്യമായി.
On the ninth death anniversary of journalist and activist Gauri Lankesh, the article remembers her as a fearless voice against communalism, corruption, Hindutva extremism and attacks on democratic values. Gauri Lankesh was shot dead outside her Bengaluru home on September 5, 2017. Her killing came after the murders of Narendra Dabholkar, Govind Pansare and M.M. Kalburgi, creating widespread concern over attacks on rationalists, journalists and critics of Hindutva politics. The article traces Gauri's career as the editor and publisher of Lankesh Patrike, a Kannada publication founded by her father P. Lankesh. Through investigative journalism and outspoken public interventions, she challenged corruption, communal politics and social injustice. Her reporting also brought her into conflict with political leaders, including BJP leaders who filed a defamation case against her.