

ഫേസ്ബുക്കിലെ '@followers' ടാഗ് വഴി പ്രചരിക്കുന്ന ലിങ്കുകൾ ഉപയോക്താക്കളെ കൊണ്ടെത്തിക്കുന്നത് ഞെട്ടിക്കുന്ന അശ്ലീല കാഴ്ചകളിലേക്ക്. ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുന്നവർക്ക് മുന്നിൽ പൂർണ്ണനഗ്നമായ ചിത്രങ്ങളും 'ഒൺലി ഫാൻസ്' (OnlyFans) അക്കൗണ്ടുകളിലെ അശ്ലീല വീഡിയോകളുമാണ് ദൃശ്യമാകുന്നത്. പ്ലാറ്റ്‌ഫോമിന്റെ അച്ചടക്ക നിയന്ത്രണങ്ങളെല്ലാം കാറ്റിൽ പറത്തുന്ന ഈ പ്രവണത വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്.
സാധാരണഗതിയിൽ അശ്ലീല ഉള്ളടക്കങ്ങൾക്ക് കർശന നിയന്ത്രണമുള്ള ഫേസ്ബുക്കിൽ, ഇത്ര പരസ്യമായി ഇത്തരം പോസ്റ്റുകൾ വരുന്നത് സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമാവുകയാണ്. അൽഗോരിതത്തിലെ പാളിച്ചയാണോ അതോ ബോധപൂർവമായ നീക്കമാണോ എന്ന കാര്യത്തിൽ ഉപയോക്താക്കൾക്കിടയിൽ വലിയ ആശങ്ക നിലനിൽക്കുന്നു.
ഫേസ്ബുക്ക് അതിന്റെ അല്‍ഗോരിതത്തില്‍ വരുത്തിയ പുതിയ മാറ്റങ്ങള്‍ പ്രകാരം പുതുതായി വന്ന സവിശേഷതയാണ് 'അറ്റ് ഫോളോവേഴ്‌സ്' എന്ന മെന്‍ഷന്‍. ഒരു പോസ്റ്റിന്റെ കമന്റ് വിഭാഗത്തിലായി പോസ്റ്റ് ചെയ്യുന്ന വ്യക്തിതന്നെ ഫോളോവേഴ്‌സിനെ മെന്‍ഷന്‍ ചെയ്യുന്ന രീതിയാണിത്. ഇങ്ങനെ മെന്‍ഷന്‍ ചെയ്യുന്നതുവഴി, എല്ലാ ഫോളോവേഴ്‌സിലേക്കും പോസ്റ്റ് എത്തുന്നു. പോസ്റ്റുകളുടെ റീച്ച് വര്‍ധിപ്പിക്കാന്‍ ഈ പുതിയ സവിശേഷത ആളുകളെ സഹായിക്കുന്നു.
ഫേസ്ബുക്കിന്റെ നിലവിലുള്ള സുരക്ഷാ നിയമങ്ങളെപ്പോലും വെല്ലുവിളിക്കുന്ന രീതിയിലാണ് അൽഗോരിതത്തിൽ വന്നിരിക്കുന്ന ഈ മാറ്റം. അശ്ലീല ഉള്ളടക്കങ്ങൾക്ക് ഫേസ്ബുക് ഏർപ്പെടുത്തിയിട്ടുള്ള കർശനമായ നിയന്ത്രണങ്ങളൊന്നും ഇത്തരം ലിങ്കുകൾ വഴി എത്തുന്ന പോസ്റ്റുകൾക്ക് ബാധകമാകുന്നില്ല എന്നതാണ് വസ്തുത.
നഗ്നതാ പ്രദർശനത്തിന് ഫേസ്ബുക് വ്യക്തമായ പരിധികളും വിലക്കുകളും നിശ്ചയിച്ചിട്ടുണ്ടെങ്കിലും, 'അറ്റ് ഫോളോവേഴ്‌സ്' (@followers) ടാഗ് വഴി പ്രചരിക്കുന്ന ലിങ്കുകളിൽ പൂർണ്ണനഗ്നമായ ദൃശ്യങ്ങൾ പോലും യാതൊരു തടസ്സവുമില്ലാതെ കാണാൻ സാധിക്കുന്നു. ഫേസ്ബുക്കിന്റെ സെൻസർഷിപ്പ് സംവിധാനങ്ങളെ മറികടന്നുകൊണ്ട് ഇത്തരം പോസ്റ്റുകൾ വ്യാപകമായി പ്രചരിക്കുന്നത് ഉപയോക്താക്കൾക്കിടയിൽ വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്..
ഫേസ്ബുക്കിന്റെ പോളിസി അനുസരിച്ച് നഗ്നത പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾക്കും ലൈംഗിക ചുവയുള്ള പോസ്റ്റുകൾക്കും കർശനമായ വിലക്കുണ്ട്. എന്നാൽ പലപ്പോഴും കൃത്രിമബുദ്ധിയുടെ (AI) തെറ്റായ നിഗമനങ്ങൾ കാരണം സ്തനദാനം പ്രോത്സാഹിപ്പിക്കുന്ന ചിത്രങ്ങളും കലാപരമായ നഗ്നതയും വരെ അശ്ലീലമായി മുദ്രകുത്തി നീക്കം ചെയ്യപ്പെടാറുണ്ട്. ഇത് വലിയ പ്രതിഷേധങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്.
ആരോഗ്യ സംബന്ധമായ കാര്യങ്ങൾക്കോ പഠന ആവശ്യങ്ങൾക്കോ വേണ്ടിയുള്ള ഉള്ളടക്കങ്ങൾക്ക് നിയമങ്ങളിൽ ഇളവുകൾ നൽകാറുണ്ടെങ്കിലും, സാധാരണ നിലയിൽ ലൈംഗിക അവയവങ്ങൾ പ്രദർശിപ്പിക്കുന്ന പോസ്റ്റുകൾക്ക് ഫേസ്ബുക്കിൽ അനുമതിയില്ല. എന്നാൽ ഇത്തരം സുരക്ഷാ മാനദണ്ഡങ്ങളെല്ലാം അപ്രസക്തമാക്കിക്കൊണ്ടാണ് പുതിയ അൽഗോരിതം മാറ്റത്തിലൂടെ അശ്ലീല പോസ്റ്റുകൾ പ്രചരിക്കുന്നത്.
English Summary: Facebook is facing criticism after users reported that clicking the “@Followers” link displays explicit content, raising concerns over its algorithm changes and content moderation policies.