

രാജ്യത്ത് അനധികൃത ലോണ്‍ ആപ്പുകള്‍ വഴിയുള്ള സാമ്പത്തിക തട്ടിപ്പുകള്‍ സംസ്ഥാനത്ത് വ്യാപമാകുന്നുവെന്ന് റിപ്പോർട്ട്. ആധാര്‍ കാര്‍ഡ് മാത്രം നല്‍കിയാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ പണം ലഭ്യമാക്കാമെന്ന വാഗ്ദാനം മുന്നോട്ടുവെച്ചാണ് മിക്ക ആപ്ലിക്കേഷനുകളും പ്രവര്‍ത്തിക്കുന്നത്. ഇത്തരം ആപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും ലോണ്‍ എടുക്കുന്നതിന് മുന്‍പ് എല്ലാ മാനദണ്ഡങ്ങളും പൂർണമായും പരിശോധിക്കണമെന്നും കേരള പൊലീസ് നിർദേശിച്ചിട്ടുണ്ട്.
മോഹനവാഗ്ദാനങ്ങള്‍ക്കു പിന്നിലെ വലയങ്ങള്‍
സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ആകര്‍ഷകമായ പരസ്യങ്ങളാണ് ഇത്തരം ലോണ്‍ ആപ്പുകളുടെ പ്രധാന ആയുധം. “ചുരുങ്ങിയ രേഖകള്‍, തല്‍ക്ഷണം വായ്പ” എന്ന രീതിയിലുള്ള വാഗ്ദാനങ്ങളിലൂടെ ഉപയോക്താക്കളെ ആകര്‍ഷിക്കുന്നു. പിന്നീട് കടുത്ത സാമ്പത്തിക ബാധ്യതകളിലേക്കാണ് ഇത് നയിക്കുന്നത്. ഇത്തരം ആപ്പുകള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്നതെന്നും, വായ്പയ്ക്ക് അമിതമായ പലിശ ഈടാക്കുന്നതുമാണ്.
ഭീഷണിയും ബ്ലാക്ക്‌മെയിലും
വായ്പ അനുവദിക്കുന്ന സമയത്തെ സൗമ്യത തിരിച്ചടവ് വൈകിയാല്‍ പൂര്‍ണമായും മാറും. ഉപഭോക്താവിന്‍റെ സ്വകാര്യ വിവരങ്ങള്‍ ദുരുപയോഗം ചെയ്ത് ഭീഷണിപ്പെടുത്തലും ബ്ലാക്ക്‌മെയിലും നടത്തുന്നത് ഇത്തരം സംഘങ്ങളുടെ സ്ഥിരം രീതിയാണ്. ഫോണിലെ ചിത്രങ്ങള്‍ മാറ്റം വരുത്തി അശ്ലീല ഉള്ളടക്കം സൃഷ്ടിച്ച് പ്രചരിപ്പിക്കുകയോ, ബന്ധുക്കള്‍ക്കും സുഹൃത്തുകള്‍ക്കുമെത്തിക്കുകയോ ചെയ്യുന്ന സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ചെറിയ തുകയ്ക്ക് വായ്പ എടുത്താലും അമിത പലിശയും പിഴയും ചേര്‍ന്ന് വലിയ തുകയായി മാറും, ഇതാണ് പലരെയും കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാക്കുന്നത്.
യുവാക്കളും കൗമാരക്കാരും പ്രധാന ഇരകള്‍
ലോണ്‍ ആപ്പുകളുടെ കുരുക്കില്‍പ്പെടുന്നവരില്‍ കൂടുതലും യുവാക്കളാണെന്നതാണ് ആശങ്കാജനകമായ വിവരം. സാമ്പത്തിക പ്രതിസന്ധി നേരിടുന്നവരെ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ഇത്തരം സംഘങ്ങള്‍ കൗമാരക്കാരെയും ഇരയാക്കുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നുണ്ട്. കടബാധ്യതയും സാമൂഹിക അപമാനവും കാരണം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടായ കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഡാറ്റ ചോര്‍ച്ചയ്ക്ക് വഴിയൊരുക്കുന്ന അനുമതികള്‍
ലോണ്‍ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനിടെ കോണ്‍ടാക്റ്റുകള്‍, ഗാലറി, ലൊക്കേഷന്‍ എന്നിവയിലേക്ക് ആക്‌സസ് ആവശ്യപ്പെടുന്നത് സാധാരണമാണ്. എന്നാല്‍ ഈ അനുമതികള്‍ ഉപയോക്താവിന്റെ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കാനാണ് ഉപയോഗിക്കപ്പെടുന്നത്. പിന്നീട് ഈ വിവരങ്ങള്‍ ഭീഷണിപ്പെടുത്തലിനും മാനസിക പീഡനത്തിനും ഉപയോഗിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.
ആപ്പ് വിശ്വാസ്യത ഉറപ്പാക്കണം
ലോണ്‍ നല്‍കുന്ന ആപ്പ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത ബാങ്കുകളുമായോ നോണ്‍-ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനികളുമായോ ബന്ധമുള്ളതാണോ എന്ന് പരിശോധിക്കുന്നത് നിര്‍ണായകമാണ്. ഔദ്യോഗിക വെബ്സൈറ്റ്, ഓഫീസ് വിലാസം തുടങ്ങിയ വിവരങ്ങള്‍ ലഭ്യമാണോ എന്നും ഉറപ്പാക്കണം.
അനാവശ്യ അനുമതികള്‍ക്ക് ‘നോ' പറയുക
ഒരു ലോണ്‍ ആപ്പിന് കോണ്‍ടാക്റ്റ് ലിസ്റ്റിലേക്കോ ഫോട്ടോകളിലേക്കോ പ്രവേശനം ആവശ്യമായ സാഹചര്യം സാധാരണയായി ഇല്ല. ഇത്തരം അനുമതികള്‍ ആവശ്യപ്പെടുന്ന ആപ്പുകള്‍ ഒഴിവാക്കുന്നതാണ് സുരക്ഷിതം. സ്വകാര്യ വിവരങ്ങള്‍ പിന്നീട് ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത കൂടുതലാണ്.
വായ്പ വ്യവസ്ഥകള്‍ വ്യക്തമായി പരിശോധിക്കുക
അമിത പലിശനിരക്കും വളരെ കുറഞ്ഞ തിരിച്ചടവ് കാലാവധിയും വ്യാജ ആപ്പുകളുടെ പ്രധാന ലക്ഷണങ്ങളാണ്. വായ്പ അനുവദിക്കുന്നതിന് മുമ്പ് ‘പ്രോസസിംഗ് ഫീ’ എന്ന പേരില്‍ പണം ആവശ്യപ്പെടുന്നുണ്ടെങ്കില്‍ അതും തട്ടിപ്പിന്റെ സൂചനയായിരിക്കാം.
റിവ്യൂകള്‍ മാത്രം ആശ്രയിക്കരുത്
ഗൂഗിള്‍ പ്ലേ സ്റ്റോറിലെ റേറ്റിംഗും റിവ്യൂകളും പൂര്‍ണമായും വിശ്വാസയോഗ്യമല്ല. വ്യാജ റിവ്യൂകള്‍ സൃഷ്ടിക്കപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ നെഗറ്റീവ് അഭിപ്രായങ്ങളും വിശദമായി പരിശോധിക്കേണ്ടതുണ്ട്.
അപരിചിത ലിങ്കുകള്‍ ഒഴിവാക്കുക
എസ്എംഎസ്, വാട്‌സ്ആപ്പ് തുടങ്ങിയവ വഴി ലഭിക്കുന്ന ലോണ്‍ ലിങ്കുകളില്‍ ക്ലിക്ക് ചെയ്ത് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് ഒഴിവാക്കണം. വിശ്വാസ്യതയുള്ള പ്ലാറ്റ്‌ഫോമുകള്‍ വഴിയാണ് ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടത്.
English Summary: Illegal loan apps are rapidly spreading financial fraud in India by luring users with instant loans. Kerala Police warns that these apps misuse personal data, charge high interest, and resort to threats and blackmail, especially targeting youth