

തിരുവനന്തപുരം: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെ തുടർന്ന് ഗൾഫ് രാജ്യങ്ങളിൽ നിന്ന് വരുന്ന പ്രവാസികൾ നേരിടുന്ന യാത്രാപ്രതിസന്ധിയിൽ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലഭ്യമായ വിമാന സർവീസുകളിൽ അമിത ടിക്കറ്റ് നിരക്കാണ് ഈടാക്കുന്നതെന്നും ഇത് പ്രവാസികളെ ഗുരുതരമായി ബാധിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് പ്രതികരണം.
പെരുന്നാൾ ആഘോഷങ്ങൾക്കായി നാട്ടിലെത്താൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് വിമാന സർവീസുകളുടെ കുറവ് വലിയ വെല്ലുവിളിയായിരിക്കുകയാണ്. ലഭ്യമായ വിമാനങ്ങളിൽ അമിത തിരക്കും നിയന്ത്രണമില്ലാത്ത നിരക്കുകളും സ്ഥിതിഗതികൾ വഷളാക്കുന്നു. നാട്ടിലെത്തിയാൽ തിരികെ ജോലിസ്ഥലത്തേക്ക് മടങ്ങാനാകുമോ എന്ന ആശങ്കയും പ്രവാസികളിൽ ശക്തമാണ്. സമയബന്ധിതമായി മടങ്ങാൻ സാധിക്കാത്ത പക്ഷം തൊഴിൽ നഷ്ടമാകുമോ എന്ന ഭയവും ഉയരുന്നുണ്ട്.
കേരളത്തിലെ പ്രവാസി സമൂഹത്തിന്റെ പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ച് കൂടുതൽ വിമാന സർവീസുകൾ ഏർപ്പെടുത്തണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പ്രവാസികൾ സംസ്ഥാനത്തിന്റെ അഭേദ്യ ഘടകമാണെന്നും, ഈദ് പോലുള്ള ആഘോഷ വേളയിൽ അവർക്ക് ആശ്വാസം നൽകാൻ ബന്ധപ്പെട്ട വകുപ്പുകൾ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിസന്ധിക്കാലത്ത് പ്രവാസികളെ സഹായിക്കാൻ മുന്നിട്ടിറങ്ങിയ ലോകകേരള സഭാംഗങ്ങളെയും ഗൾഫ് രാജ്യങ്ങളിലെ സംഘടനകളെയും മുഖ്യമന്ത്രി അഭിനന്ദിച്ചു. ഇത്തരം കൂട്ടായ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും, ഏത് പ്രതിസന്ധിയിലും പ്രവാസികളോടൊപ്പം കേരളം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
English Summary: Pinarayi Vijayan urges central intervention over Gulf travel crisis, citing high airfares and limited flights affecting expatriates.