

ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നീക്കമായി സാംസ്കാരിക സഹകരണ ധാരണാപത്രത്തിന് സൗദി അറേബ്യയുടെ ശൂറ കൗൺസിൽ അംഗീകാരം നൽകി. ശൂറ കൗൺസിലിന്റെ 26-ാമത് സാധാരണ യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. കൗൺസിൽ ഡെപ്യൂട്ടി സ്പീക്കർ ഡോ. മിഷാൽ ബിൻ ഫഹദ് അൽ സുലാമി അധ്യക്ഷത വഹിച്ച യോഗം, സൗദി സാംസ്കാരിക മന്ത്രാലയവും ഇന്ത്യൻ സാംസ്കാരിക മന്ത്രാലയവും ചേർന്ന് രൂപപ്പെടുത്തിയ സഹകരണ പദ്ധതികൾക്ക് ഔദ്യോഗിക അനുമതി നൽകി.
ധാരണാപത്രം പ്രാബല്യത്തിൽ വന്നതോടെ കല, സാഹിത്യം, പൈതൃക സംരക്ഷണം തുടങ്ങിയ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിൽ കൂടുതൽ വ്യാപകമായ സഹകരണത്തിന് വഴിയൊരുങ്ങും. ചരിത്രപരമായി അടുത്ത ബന്ധം പുലർത്തുന്ന രാജ്യങ്ങളായ ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള സാംസ്കാരിക വിനിമയം ശക്തിപ്പെടുത്തുകയാണ് ഈ നീക്കത്തിന്റെ ലക്ഷ്യം. കലാകാരന്മാർക്കും സാംസ്കാരിക പ്രവർത്തകർക്കും സംയുക്ത വേദികൾ ഒരുക്കുന്നതിനും, പ്രദർശനങ്ങൾക്കും വിവിധ വിനിമയ പരിപാടികൾക്കും ഇതിലൂടെ പ്രോത്സാഹനം ലഭിക്കും.
വിഷൻ 2030 പദ്ധതിയുടെ ഭാഗമായി സൗദി അറേബ്യയിൽ സാംസ്കാരിക മേഖലയിലെ പുരോഗതിക്ക് ഈ സഹകരണം നിർണായക പിന്തുണയാകുമെന്ന് വിലയിരുത്തപ്പെടുന്നു. അന്താരാഷ്ട്ര തലത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദബന്ധം കൂടുതൽ ദൃഢമാക്കുന്നതിനൊപ്പം, പരസ്പര സംസ്കാരങ്ങളെ അടുത്തറിയാനും വിലമതിക്കാനും വരുംതലമുറകൾക്ക് മികച്ച അവസരമായി ഈ ധാരണാപത്രം മാറുമെന്നാണ് പ്രതീക്ഷ.
English Summary: India and Saudi Arabia strengthen bilateral ties as the Shura Council approves a cultural cooperation agreement to boost exchange in arts, literature, and heritage