

പശ്ചിമേഷ്യൻ സംഘർഷാവസ്ഥ നിലനിൽക്കവേ അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിച്ച് ഖത്തർ. ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി(QCAA)യാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഇതോടെ സംഘർഷത്തെ തുടർന്ന് നേരിട്ട തടസങ്ങൾ മാറി, സാധാരണ നിലയിലേക്ക് രാജ്യത്ത് അന്താരാഷ്ട്ര വിമാന സർവീസുകൾ സുഗമമായി നടക്കുമെന്നാണ് സൂചന. നിലവിൽ ആരംഭിച്ച സർവീസുകളോ വിമാനക്കമ്പനികളുടെ പേരുകളോ പുറത്തു വിട്ടിട്ടില്ല
ദേശീയ ഏജൻസികളുമായുള്ള കൃത്യമായ ഏകോപനത്തിലൂടെയും വിപുലമായ തയ്യാറെടുപ്പുകൾക്കും ശേഷമാണ് അധികൃതർ ഇത്തരമൊരു സുപ്രധാന തീരുമാനമെടുത്തത്. ഖത്തറിലൂടെയുള്ള വിമാന സർവീസുകൾ സാധാരണ നിലയിലാക്കാനും അന്താരാഷ്ട്ര കണക്റ്റിവിറ്റി കൂടുതൽ കരുത്തുറ്റതാക്കാനുമാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. പ്രവർത്തനാനുമതി ലഭിക്കുന്നതിനനുസരിച്ച് ഓരോ വിമാനക്കമ്പനികളും ഘട്ടം ഘട്ടമായി സർവീസുകൾ പുനഃസ്ഥാപിക്കുമെന്ന് ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.
ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രയേലും ഇറാനിൽ നടത്തിയ ആക്രമണത്തെ തുടർന്നുണ്ടായ സംഘർഷത്തിനുശേഷം, ഏപ്രിൽ 8ന് വാഷിങ്ടണും ടെഹ്റാനും രണ്ട് ആഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു. നിലവിൽ, സംഘർഷം കുറയുകയും നയതന്ത്ര ചർച്ചകൾ പുരോഗമിക്കുകയും ചെയ്യുന്നതിനാലാണ് ഖത്തറിന്റെ ഈ നീക്കം.
ഗൾഫ് രാജ്യങ്ങളിലാകെ ഇറാൻ നടത്തിയ പ്രതികാര ഡ്രോൺ-മിസൈൽ ആക്രമണങ്ങളെ തുടർന്ന് ഖത്തർ മുമ്പ് വ്യോമപരിധി അടച്ചിരുന്നു. പിന്നീട് മാർച്ച് 7ന് ഭാഗികമായി വീണ്ടും തുറന്ന് ദേശീയ വിമാനക്കമ്പനിയായ ഖത്തർ എയർവേയ്സ് ഉൾപ്പെടെയുള്ള പരിമിത സർവീസുകൾക്ക് മാത്രം അനുമതി നൽകിയിരുന്നു.
English Summary: Qatar has resumed international flight operations after airspace reopening, as announced by the Qatar Civil Aviation Authority (QCAA). The move follows recent Middle East conflict disruptions, Iran-related tensions, and a ceasefire between Washington and Tehran, aiming to restore connectivity and normalize global air travel