

ഒമാൻ ഉൾക്കടലിൽ ഏർപ്പെടുത്തിയ നാവിക ഉപരോധം ലംഘിക്കാൻ ശ്രമിച്ച ഇറാനിയൻ ചരക്കുകപ്പൽ യുഎസ് നാവികസേന പിടിച്ചെടുത്തതോടെ പശ്ചിമേഷ്യയിൽ വീണ്ടും സ്ഥിതിഗതികൾ രൂക്ഷമാകുന്നു. 'തൂസ്ക' (TOUSKA) എന്ന ചരക്കുകപ്പലാണ് എസ് യുദ്ധക്കപ്പലുകൾ വെടിവെച്ചശേഷം പിടിച്ചെടുത്തത്.
വിമാനവാഹിനിക്കപ്പലിനു സമാനമായി 900 അടിയോളം നീളമുള്ള ഇറാൻ പതാക ഘടിപ്പിച്ച കൂറ്റൻ ചരക്കുകപ്പലാണ് യുഎസ് പിടിച്ചെടുത്തത്. കപ്പൽ പിടിച്ചെടുത്ത കാര്യം യുഎസും ഇറാനും സ്ഥിരീകരിച്ചു.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ ഔദ്യോഗിക പ്ലാറ്റ്‌ഫോമിലൂടെയാണ് കപ്പൽ പിടിച്ചെടുത്ത കാര്യം സ്ഥിരീകരിച്ചത്. 900 അടിയോളം നീളമുള്ള ഈ കൂറ്റൻ ചരക്കുകപ്പൽ, അമേരിക്കൻ നാവികസേനയുടെ തുടർച്ചയായ മുന്നറിയിപ്പുകൾ അവഗണിച്ചതിനെത്തുടർന്നാണ് നടപടി സ്വീകരിച്ചതെന്ന് യുഎസ് സൈനിക വക്താക്കൾ അറിയിച്ചു.
അമേരിക്കൻ നാവികസേന കപ്പലായ യുഎസ്എസ് സ്പ്രുവാൻസ് ഉപയോഗിച്ച് ചരക്കുകപ്പൽ ഒമാൻ കടലിടുക്കിൽ തടഞ്ഞെന്നാണ് യുഎസ് അവകാശപ്പെടുന്നത്. കപ്പലിനുനേരെ യുഎസ് ഡിസ്ട്രോയർ നിരവധി റൗണ്ട് വെടിയുതിർത്തതായി റിപ്പോർട്ടുകളുണ്ട്. കപ്പലിന്റെ എൻജിൻ റൂം നശിപ്പിച്ചു. നിലവിൽ യുഎസ് നാവികരുടെ കസ്റ്റഡിയിലാണ് കപ്പലും അതിലെ ക്യാപ്റ്റൻ ഉൾപ്പെടെയുള്ള ജീവനക്കാരും.
"ഞങ്ങളുടെ നാവിക ഉപരോധം മറികടന്ന് മുന്നോട്ടുപോകാൻ ശ്രമിച്ച തൂസ്കയെ ഫലപ്രദമായി തടയാൻ സൈന്യത്തിന് സാധിച്ചു," എന്ന് ട്രംപ് പ്രസ്താവനയിൽ വ്യക്തമാക്കി.
അമേരിക്കയുടെ നടപടിയെ 'സായുധ കടൽക്കൊള്ള' (Armed Piracy) എന്നാണ് ഇറാൻ ഔദ്യോഗികമായി വിശേഷിപ്പിച്ചത്. സംഭവത്തിന് വൈകാതെ തന്നെ മറുപടി നൽകുമെന്ന് ഇറാനിയൻ ഔദ്യോഗിക മാധ്യമം റിപ്പോർട്ട് ചെയ്തു.
പുതിയ സംഭവം വരാനിരിക്കുന്ന സമാധാന ചർച്ചകളെയും ബാധിച്ചിട്ടുണ്ട്. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ നേതൃത്വത്തിൽ പാകിസ്ഥാനിൽ നടക്കാനിരുന്ന രണ്ടാം വട്ട ചർച്ചകളിൽ പങ്കെടുക്കില്ലെന്ന് ഇറാൻ സൂചന നൽകി. അമേരിക്ക ഏർപ്പെടുത്തിയ നിയമവിരുദ്ധമായ നാവിക ഉപരോധം പിൻവലിക്കാതെ ഒരു ചർച്ചയ്ക്കും തയ്യാറല്ലെന്ന കർശന നിലപാടിലാണ് ടെഹ്‌റാൻ.
തൂസ്ക പിടിച്ചെടുത്ത നടപടി കേവലമൊരു കപ്പൽ വേട്ടയല്ല, മറിച്ച് ഗൾഫ് മേഖലയിലെ അമേരിക്കൻ സ്വാധീനം ഉറപ്പിക്കാനുള്ള കൃത്യമായ നീക്കമായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ഇറാന്റെ അടുത്ത നീക്കം എന്തായിരിക്കും എന്നതിനെ ആശ്രയിച്ചിരിക്കും മേഖലയിലെ സമാധാനം.
English Summary: The U.S. Navy reportedly seized an Iran-linked cargo ship, M/V Tooska, in the Gulf of Oman after it allegedly attempted to bypass a U.S. naval blockade despite a fragile ceasefire. The vessel was intercepted and brought under U.S. control following warnings to stop, with reports indicating its engine room was disabled during the operation.