

പശ്ചിമേഷ്യയില്‍ തുടരുന്ന സംഘര്‍ഷാവസ്ഥ ആഗോള വ്യോമയാന മേഖലയെ പ്രതികൂലമായി ബാധിക്കുന്നതിനിടെ വിമാന ടിക്കറ്റ് നിരക്കുകള്‍ വീണ്ടും ഉയരാനിടയുണ്ടെന്ന ആശങ്ക ശക്തമാകുന്നു. വിമാന ഇന്ധനച്ചെലവിലെ വര്‍ധനയും സര്‍വീസുകളിലെ അനിശ്ചിതത്വവും യാത്രാ ചെലവ് വര്‍ധിപ്പിക്കുന്ന പ്രധാന ഘടകങ്ങളായി മാറിയിരിക്കുകയാണ്. ബലിപെരുന്നാള്‍ ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ക്കായി നാട്ടിലെത്തിയ പ്രവാസികള്‍ക്ക് ഉള്‍പ്പെടെ ടിക്കറ്റ് നിരക്ക് വര്‍ധന പ്രതിസന്ധി സൃഷ്ടിക്കുകയാണ്.
സംഘർഷ മേഖലകളിലെ സുരക്ഷാ പ്രശ്നങ്ങളെ തുടർന്ന് ചില വിമാന കമ്പനികൾ സർവീസുകളിൽ മാറ്റം വരുത്തുകയും ചില റൂട്ടുകളിൽ സർവീസുകൾ കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ യാത്രാ പദ്ധതികൾ തയ്യാറാക്കുന്നവർക്കിടയിൽ ആശങ്ക ഉയർന്നിട്ടുണ്ട്. അന്താരാഷ്ട്ര വ്യോമഗതാഗത മേഖലയെ നിരീക്ഷിക്കുന്ന സംഘടനകൾ പുറത്തുവിടുന്ന കണക്കുകൾ പ്രകാരം യാത്രാ ആവശ്യകതയിലും ചില മേഖലകളിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
ഗൾഫ് രാജ്യങ്ങളിൽ വേനലവധിയും സ്കൂൾ അവധിയും ആരംഭിക്കുന്ന സാഹചര്യത്തിൽ നിരവധി പ്രവാസികൾ നാട്ടിലേക്കുള്ള യാത്രയ്ക്കായി ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനുള്ള ഒരുക്കങ്ങളിലാണ്. ഈ സമയത്ത് നിരക്കുകൾ ഉയരുന്നത് കുടുംബങ്ങളുടെയും പ്രവാസികളുടെയും സാമ്പത്തിക ബാധ്യത വർധിപ്പിക്കുമെന്നാണ് വിലയിരുത്തൽ. പശ്ചിമേഷ്യയിലെ സാഹചര്യം എത്രത്തോളം നീണ്ടുനിൽക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ലാത്തതിനാൽ വരും ആഴ്ചകളിലും വിമാനയാത്രാ മേഖലയിലെ അനിശ്ചിതത്വം തുടരുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഇതോടെ ടിക്കറ്റ് നിരക്കുകളിലും യാത്രാ ക്രമീകരണങ്ങളിലും കൂടുതൽ മാറ്റങ്ങൾ ഉണ്ടായേക്കാമെന്ന ആശങ്ക നിലനിൽക്കുന്നു.
English Summary: Ongoing tensions in West Asia could lead to higher airfares due to rising aviation fuel costs, route disruptions, and airline service changes. The situation is causing concern among Gulf expatriates planning summer travel to India.