യു.എസിലെ കൈക്കൂലി കേസ് ഒഴിവാക്കാന്‍ 172 കോടിയിലേറെ പിഴ അടയ്ക്കാന്‍ സമ്മതിച്ച് അദാനി; നികുതിയിളവ് ലഭിക്കില്ല

ഈ പിഴത്തുക പൂര്‍ണ്ണമായും യുണൈറ്റഡ് സ്റ്റേറ്റ്‌സ് ട്രഷറിയിലേക്ക് പോകും. കൂടാതെ ഈ തുകയുടെ ഒരു ഭാഗംപോലും പ്രതികള്‍ക്ക് തിരികെ ലഭിക്കുകയുമില്ല
യു.എസിലെ കൈക്കൂലി കേസ് ഒഴിവാക്കാന്‍ 172 കോടിയിലേറെ പിഴ അടയ്ക്കാന്‍ സമ്മതിച്ച് അദാനി; നികുതിയിളവ് ലഭിക്കില്ല
Published on

യു.എസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്റെ (എസ്ഇസി) കൈക്കൂലി കേസ് ഒഴിവാക്കുന്നതിനായി ഇന്ത്യന്‍ ശതകോടീശ്വരന്‍ ഗൗതം അദാനിയും അദ്ദേഹത്തിന്റെ അനന്തരവന്‍ സാഗര്‍ അദാനിയും 18 മില്യണ്‍ യു.എസ് ഡോളര്‍ (172 കോടിയിലധികം) പിഴയൊടുക്കാന്‍ സമ്മതിച്ചതായി റിപ്പോര്‍ട്ട്. എന്നിരുന്നാലും തങ്ങള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ ഇരുവരും സമ്മതിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. അദാനി ഗ്രീന്‍ വികസിപ്പിച്ചെടുക്കുന്ന വന്‍കിട സൗരോര്‍ജ്ജ പദ്ധതിയ്ക്കായി അദാനിയും മറ്റുള്ളവരും ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കുകയോ വാഗ്ദാനം ചെയ്യുകയോ ചെയ്തു എന്നാണ് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷന്‍ സമര്‍പ്പിച്ച സിവില്‍ കേസിലെ ആരോപണം.

'ബാര്‍ ആന്‍ഡ് ബെഞ്ച്' റിപ്പോര്‍ട്ട് അനുസരിച്ച്, വ്യാഴാഴ്ച ഫെഡറല്‍ കോടതിയില്‍ സമര്‍പ്പിച്ച നിര്‍ദ്ദിഷ്ട കരാര്‍ പ്രകാരം ഗൗതം അദാനി 6 മില്യണ്‍ യു.എസ് ഡോളറും സാഗര്‍ അദാനി 12 മില്യണ്‍ യു.എസ് ഡോളറും പിഴയായി നല്‍കാമെന്നാണ് സമ്മതിച്ചിരിക്കുന്നത്. ഈ വ്യവസ്ഥയ്ക്ക് ഇനി കോടതി ജഡ്ജിയുടെ അംഗീകാരം ലഭിക്കേണ്ടതുണ്ട്. നിര്‍ദ്ദിഷ്ട കോടതി വിധിന്യായങ്ങള്‍ അനുസരിച്ച്, ഈ പിഴത്തുക പൂര്‍ണ്ണമായും യുണൈറ്റഡ് സ്റ്റേറ്റ്‌സ് ട്രഷറിയിലേക്ക് പോകും. കൂടാതെ ഈ തുകയുടെ ഒരു ഭാഗംപോലും പ്രതികള്‍ക്ക് തിരികെ ലഭിക്കുകയുമില്ല.

സിവില്‍ പിഴയായി നല്‍കുന്ന തുകയ്ക്ക് മറ്റേതെങ്കിലും സ്രോതസ്സുകളില്‍ നിന്ന് പ്രതിഫലമോ നഷ്ടപരിഹാരമോ തേടാനോ സ്വീകരിക്കാനോ അദാനിമാര്‍ക്ക് കഴിയില്ല. കൂടാതെ പിഴയടയ്ക്കലിന്റെ പേരില്‍ നികുതിയിളവുകളോ നികുതി ക്രെഡിറ്റുകളോ ക്ലെയിം ചെയ്യാനും അവര്‍ക്ക് സാധിക്കില്ല. സിവില്‍ നടപടികളില്‍ നിന്ന് മാത്രമായിരിക്കും ഈ പിഴത്തുക അദാനിമാരെ രക്ഷിക്കുക. എന്നിരുന്നാലും ആഗോള മൂലധന വിപണിയിലേക്ക് തിരികെ വരാനും തങ്ങളുടെ വിപുലീകരണ പദ്ധതികള്‍ പുനരാരംഭിക്കാനും അദാനി ഗ്രൂപ്പിന് കഴിയും.

യു.എസിലെ കൈക്കൂലി കേസ് ഒഴിവാക്കാന്‍ 172 കോടിയിലേറെ പിഴ അടയ്ക്കാന്‍ സമ്മതിച്ച് അദാനി; നികുതിയിളവ് ലഭിക്കില്ല
'അറബികൾക്ക് മരണം', 'ഗാസ ഒരു ശ്മശാനമാണ്'; പലസ്തീനികള്‍ക്കെതിരെ വംശീയ മുദ്രാവാക്യങ്ങള്‍, നിയമം മറികടന്ന് അൽ-അഖ്‌സയിൽ ഇസ്രായേല്‍ പതാക ഉയർത്തി

അതേസമയം, ശതകോടീശ്വരനായ ഗൗതം അദാനിയുടെ മോചനം ഉറപ്പാക്കാന്‍ മാത്രമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയുമായി വ്യാപാര കരാറില്‍ ഒപ്പിട്ടതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ചു. 'പദവി ദുരുപയോഗം ചെയ്ത പ്രധാനമന്ത്രി ഒപ്പിട്ടത് ഒരു വ്യാപാര കരാറല്ല, മറിച്ച് അദാനിയുടെ മോചനത്തിന് വേണ്ടിയുള്ള ഒരു വിലപേശലായിരുന്നു', രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു.

ഗൗതം അദാനിക്കെതിരായ തട്ടിപ്പ്, കൈക്കൂലി കേസുകള്‍ പിന്‍വലിക്കാന്‍ യു.എസ് നീതിന്യായ വകുപ്പും ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സ്വകാര്യ അഭിഭാഷകനായ റോബര്‍ട്ട് ഗിയുഫ്ര ജൂനിയറിന്റെ നേതൃത്വത്തിലുള്ള അദാനിയുടെ നിയമസംഘം അടുത്തിടെ വാഷിംഗ്ടണില്‍ നീതിന്യായ വകുപ്പ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കേസുമായി മുന്നോട്ട് പോകാന്‍ പ്രോസിക്യൂട്ടര്‍മാര്‍ക്ക് ആവശ്യമായ തെളിവുകളോ അധികാരപരിതിയോ ഇല്ലെന്നാണ് റിപ്പോര്‍ട്ട്.

അദാനി ഗ്രീന്‍ സ്ഥാപകനായ ഗൗതം അദാനിയും എക്‌സിക്യൂട്ടീവ് ഡയറക്ടറായ സാഗര്‍ അദാനിയും ചേര്‍ന്ന് നടത്തിയ വന്‍ കൈക്കൂലി പദ്ധതിയുടെ പേരിലാണ് ഇവര്‍ക്കെതിരെ കേസെടുത്തത് 2024 നവംബര്‍ 21-നാണ് എസ്.ഇ.സി പരാതി ഫയല്‍ ചെയ്തത്. കൂടാതെ അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയും, അസ്യൂര്‍ പവര്‍ ഗ്ലോബല്‍ ലിമിറ്റഡിന്റെ ഉദ്യോഗസ്ഥനായ സിറില്‍ കബനസിനെതിരെയുമായിരുന്നു എസ്.ഇ.സി കുറ്റപത്രം സമര്‍പ്പിച്ചത്.

യു.എസിലെ കൈക്കൂലി കേസ് ഒഴിവാക്കാന്‍ 172 കോടിയിലേറെ പിഴ അടയ്ക്കാന്‍ സമ്മതിച്ച് അദാനി; നികുതിയിളവ് ലഭിക്കില്ല
ഇനി പോര് മന്ത്രിക്കസേരകൾക്ക്; ആഭ്യന്തരത്തിൽ ഉറച്ച് ചെന്നിത്തല, എട്ട് വകുപ്പുകൾ ചോദിക്കാൻ കെസി പക്ഷം

ഈ പദ്ധതിയുടെ കാലയളവില്‍ അദാനി ഗ്രീന്‍ യു.എസ് നിക്ഷേപകരില്‍ നിന്ന് 175 മില്യണ്‍ ഡോളറി (1,460 കോടി) ലധികം സമാഹരിച്ചതായും അസ്യൂര്‍ പവറിന്റെ ഓഹരികള്‍ ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ വ്യാപാരം നടത്തിയിരുന്നതായും ആരോപണമുണ്ട്. എന്നാല്‍ അദാനി ഗ്രൂപ്പ് എല്ലാ ആരോപണങ്ങളും നിഷേധിച്ചിട്ടുണ്ട്. എസ്.ഇ.സി കേസ് തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ട് ഗൗതം അദാനിയും സാഗര്‍ അദാനിയും ബ്രൂക്ലിനിലെ ഫെഡറല്‍ കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.

കൂടാതെ, ഗൗതം അദാനിക്കും സാഗര്‍ അദാനിക്കും നിയമപരമായ സമന്‍സ് അയക്കാന്‍ എസ്.ഇ.സി വലിയ ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു. സമന്‍സ് അയക്കാനുള്ള എസ്.ഇ.സിയുടെ 14 മാസത്തെ ശ്രമങ്ങളെ ഇന്ത്യയുടെ നിയമ-നീതിന്യായ മന്ത്രാലയം എതിര്‍ക്കുകയും തടയുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് ഹേഗ് കണ്‍വെന്‍ഷന്‍ വഴിയുള്ള ഔദ്യോഗിക പാത മറികടന്ന് അദാനിമാരുടെ യു.എസ് അഭിഭാഷകര്‍ വഴിയോ ഇമെയില്‍ വഴിയോ സമന്‍സ് അയക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഈ വര്‍ഷം ജനുവരിയില്‍ എസ്.ഇ.സി ഫെഡറല്‍ കോടതിയെ സമീപിച്ചിരുന്നു.

English Summary: Indian billionaire Gautam Adani and his nephew Sagar Adani have reportedly agreed to pay a combined 18 million us dollar penalty to settle a civil bribery case filed by the U.S Securities and Exchange Commission (SEC). However, both have neither admitted nor denied the allegations. The settlement applies only to civil proceedings and does not automatically end potential criminal investigations.

Madism Digital
madismdigital.com