

പറന്നുയർന്ന് നിമിഷങ്ങൾക്കുള്ളിൽ വെന്തുവെണ്ണീറായ 260 മനുഷ്യർ- അതിലൊരാൾ മുൻ മുഖ്യമന്ത്രിയും. അഹമ്മദാബാദ് വിമാന ദുരന്തത്തിന് ഇന്ന് ഒരാണ്ട് തികയുമ്പോൾ വിമാനം എങ്ങനെ അപകടത്തിൽ പെട്ടു എന്നതിന് ഉത്തരം തേടുകയാണ് ഒരു ജനതയാകെ.
2025 ജൂൺ 12-ന് ഇന്ത്യയെ നടുക്കിയ വിമാനദുരന്തം സംഭവിക്കുന്നത്. അഹമ്മദാബാദിൽ നിന്ന് ലണ്ടനിലെ ഗാറ്റ്വിക്കിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ AI171 വിമാനം പറന്നുയർന്നതിന് തൊട്ടുപിന്നാലെ തകർന്നുവീണത് ഇന്ത്യയുടെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ വ്യോമദുരന്തങ്ങളിലൊന്നായിയിരുന്നു.
ഉച്ചയ്ക്ക് 1.38 ഓടെ അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ബോയിങ് 787-8 ഡ്രീംലൈനർ മിനിറ്റുകൾക്കകം നിയന്ത്രണം നഷ്ടപ്പെട്ട് നഗരത്തിലെ മേഘാണിനഗർ മേഖലയിലെ മെഡിക്കൽ കോളജ് ഹോസ്റ്റൽ സമുച്ചയത്തിലേക്ക് പതിക്കുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ 241 പേരും മരിച്ചു. ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു. ഹോസ്റ്റൽ കെട്ടിടത്തിലുണ്ടായിരുന്നവരും ദുരന്തത്തിൽ കൊല്ലപ്പെട്ടു. ആകെ മരണസംഖ്യ 260ലധികമാണെന്നാണ് ഔദ്യോഗിക കണക്കുകൾ.
ദുരന്തത്തിന് പിന്നാലെ പുറത്തുവന്ന പ്രാഥമിക അന്വേഷണ റിപ്പോർട്ട് വിമാനത്തിന്റെ രണ്ട് എൻജിനുകളിലേക്കുള്ള ഇന്ധനവിതരണം നിയന്ത്രിക്കുന്ന ഫ്യൂവൽ കൺട്രോൾ സ്വിച്ചുകൾ "റൺ" നിലയിൽ നിന്ന് "കട്ട്ഓഫ്" നിലയിലേക്ക് മാറിയെന്നാണ് സൂചിപ്പിച്ചത്. ഇതോടെ എൻജിനുകൾക്ക് ഇന്ധനം ലഭിക്കാതെ വന്നതാകാമെന്ന നിഗമനവും ഉയർന്നു. എന്നാൽ ഇത് എങ്ങനെ സംഭവിച്ചുവെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല.
അന്തിമ അന്വേഷണ റിപ്പോർട്ട് ഒരു വർഷത്തിനുള്ളിൽ പുറത്തുവരേണ്ടതായിരുന്നുവെങ്കിലും എൻജിനുകളുടെയും മറ്റ് സാങ്കേതിക ഘടകങ്ങളുടെയും പരിശോധന പൂർത്തിയാകാത്തതിനാൽ റിപ്പോർട്ട് വൈകുമെന്നാണ് വിവരം. അതിനാൽ ദുരന്തത്തിന്റെ യഥാർത്ഥ കാരണം സംബന്ധിച്ച നിർണായക ഉത്തരങ്ങൾ ഇപ്പോഴും പുറത്തുവന്നിട്ടില്ല.
അഹമ്മദാബാദ് വിമാനദുരന്തം ഒരു വിമാനാപകടം മാത്രമായിരുന്നില്ല. നൂറുകണക്കിന് കുടുംബങ്ങളുടെ ജീവിതം ഒരുനിമിഷം കൊണ്ട് മാറ്റിമറിച്ച ദുരന്തമായിരുന്നു അത്. മരിച്ചവരുടെ കുടുംബങ്ങൾക്കുള്ളിൽ മുറിവുകൾ ഇന്നും ഉണങ്ങിയിട്ടില്ല. ഒരു വർഷം പിന്നിട്ടിട്ടും അഹമ്മദാബാദിലെ ആ ഉച്ചനേരത്ത് ഉയർന്ന പുകമറയ്ക്കപ്പുറമുള്ള സത്യം ലോകം ഇപ്പോഴും കാത്തിരിക്കുകയാണ്.
English Summary: The Ahmedabad air disaster was not just a plane crash. It was a tragedy that changed the lives of hundreds of families in an instant. Even a year later, the wounds carried by the victims' families remain far from healed. One year on, the world is still waiting for the truth hidden behind the plume of smoke that rose over Ahmedabad that afternoon.