ഇപിഎസിന്റെ ജന്മദിനത്തില്‍ എഐഎഡിഎംകെയില്‍ പിളര്‍പ്പ്; എംഎല്‍എമാര്‍ ടിവികെയിലേക്ക്, ചുക്കാന്‍ പിടിച്ചത് ലീമ റോസ് മാര്‍ട്ടിന്‍

രാജ്യസഭ എംപിയും മുതിര്‍ന്ന നേതാവുമായ സി.വി ഷണ്‍മുഖമാണ് ഈ നീക്കത്തിന്റെ രാഷ്ട്രീയ മുഖമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. മുന്‍ മന്ത്രി എസ്.പി വേലുമണിയാണ് സംഘടനാപരവും സാമ്പത്തികവുമായ കേന്ദ്രബിന്ദു.
ഇപിഎസിന്റെ ജന്മദിനത്തില്‍ എഐഎഡിഎംകെയില്‍ പിളര്‍പ്പ്; എംഎല്‍എമാര്‍ ടിവികെയിലേക്ക്, ചുക്കാന്‍ പിടിച്ചത് ലീമ റോസ് മാര്‍ട്ടിന്‍
Published on

ജെ ജയലളിതയുടെ മരണശേഷം എഐഎഡിഎംകെയെ വേട്ടയാടിക്കൊണ്ടിരുന്ന പിളര്‍പ്പ് ഒടുവില്‍ യാഥാര്‍ത്ഥ്യമായി. മുതിര്‍ന്ന നേതാക്കളായ എസ്പി വേലുമണിയുടെയും സിവി ഷണ്‍മുഖത്തിന്റെയും നേതൃത്വത്തിലുള്ള ഒരു വലിയ വിഭാഗം എംഎല്‍എമാര്‍ വിജയിയുടെ തമിഴക വെട്രി കഴകം (ടിവികെ) സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിക്കാനും മന്ത്രിസഭയില്‍ ചേരാനും തീരുമാനിച്ചു. ഇതോടെ എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയും മുന്‍ മുഖ്യമന്ത്രിയുമായ എടപ്പാടി കെ. പളനിസ്വാമി (ഇപിഎസ്) വിഭാഗം ഒരു ചെറിയ ന്യൂനപക്ഷമായി ഒതുങ്ങി.

പാര്‍ട്ടിയുടെ ഔദ്യോഗികമായ പിളര്‍പ്പ് ഇപിഎസിന്റെ ജന്മദിനത്തില്‍ തന്നെ സംഭവിച്ചത് വളരെ നിര്‍ഭാഗ്യകരമാണ്. ഇപിഎസിനൊപ്പമുള്ള എംഎല്‍എമാരും വൈകാതെ കൂറുമാറുമെന്നും ഇപ്പോള്‍ ഡിഎംകെയിലുള്ള ഒ. പനീര്‍ശെല്‍വത്തിന്റെ അവസ്ഥയിലേക്ക് അദ്ദേഹം എത്തുമെന്നും എഐഡിഎംകെ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ആര്‍.ബി ഉദയകുമാര്‍, ഒ.എസ് മണിയന്‍, അഗ്രി കൃഷ്ണമൂര്‍ത്തി, തളവായ് സുന്ദരം, കെ.പി മുനുസ്വാമി എന്നിവര്‍ മാത്രമാണ് ഇപ്പോള്‍ ഇപിഎസിനൊപ്പം ഉറച്ചുനില്‍ക്കുന്ന മുതിര്‍ന്ന നേതാക്കള്‍.

ചൊവ്വാഴ്ച രാവിലെയോടെയാണ് വിമത നേതാക്കള്‍ പാര്‍ട്ടി വിടുന്നതായി പ്രഖ്യാപിച്ചത്. വൈകീട്ടോടെ ടിവികെ നേതാക്കളെ കാണുമെന്നാണ് വിവരം. സര്‍ക്കാരിന്റെ സ്ഥിരത നിലനിര്‍ത്താന്‍ എഐഎഡിഎംകെയുടെ പിന്തുണ വിജയ് ഔദ്യോഗികമായി സ്വീകരിക്കുമെന്നും സൂചനയുണ്ട്. തിരഞ്ഞെടുപ്പില്‍ 47 സീറ്റുകളാണ് എഐഎഡിഎംകെ നേടിയത്.

ഇപിഎസിന്റെ ജന്മദിനത്തില്‍ എഐഎഡിഎംകെയില്‍ പിളര്‍പ്പ്; എംഎല്‍എമാര്‍ ടിവികെയിലേക്ക്, ചുക്കാന്‍ പിടിച്ചത് ലീമ റോസ് മാര്‍ട്ടിന്‍
മുഖ്യമന്ത്രിയാവാൻ ജോസഫ് വിജയ്; തമിഴ്നാട്ടിൽ ടിവികെ തരം​ഗം, തകർന്നടിഞ്ഞ് ‍ഡിഎംകെ

പിന്നണിയില്‍ പ്രവര്‍ത്തിച്ചവര്‍

രാജ്യസഭ എംപിയും മുതിര്‍ന്ന നേതാവുമായ സി.വി ഷണ്‍മുഖമാണ് ഈ നീക്കത്തിന്റെ രാഷ്ട്രീയ മുഖമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. മുന്‍ മന്ത്രി എസ്.പി വേലുമണിയാണ് സംഘടനാപരവും സാമ്പത്തികവുമായ കേന്ദ്രബിന്ദു. എന്നാല്‍ മറ്റൊരാള്‍ കൂടി ഈ തകര്‍ച്ചയ്ക്ക് പിന്നില്‍ നിശബ്ദമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്റെ ഭാര്യയും അടുത്തിടെ എഐഎഡിഎംകെയില്‍ ചേരുകയും ചെയ്ത ലീമ റോസ് മാര്‍ട്ടിന്‍. ടിവികെയും വിമത വിഭാഗവും തമ്മിലുള്ള ആശയവിനിമയത്തിന് വഴിയൊരുക്കിയത് ലീമയാണെന്നാണ് പറയപ്പെടുന്നത്.

വിജയിയുടെ അടുത്ത രാഷ്ട്രീയ സഹകാരിയും മന്ത്രിയും ടിവികെയുടെ പ്രധാന തന്ത്രജ്ഞനുമായ ആദവ് അര്‍ജുന ലീമയുടെ മരുമകനാണ്. എഐഎഡിഎംകെയും ടിവികെയും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് ആദ്യമായി പരസ്യപ്പെടുത്തിയതും പാര്‍ട്ടിയിലെ ഏറ്റവും ജൂനിയര്‍ എംഎല്‍എയായി കണക്കാക്കുന്ന ലീമയായിരുന്നു. മെയ് 5-ന് രാത്രി അവര്‍ നടത്തിയ പ്രസ്താവന അന്ന് വിചിത്രമായി തോന്നിയെങ്കിലും വരാനിരിക്കുന്ന വലിയ പിളര്‍പ്പിന്റെ ആദ്യ സൂചനയായിരുന്നു അത്.

കോര്‍പ്പറേറ്റ് സ്വാധീനവും സാമ്പത്തിക ആരോപണങ്ങളും

തമിഴ്നാട് രാഷ്ട്രീയത്തില്‍ കോര്‍പ്പറേറ്റ് സ്വാധീനം വര്‍ദ്ധിക്കുന്നതിന്റെ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിമതരുടെ കൂറുമാറ്റത്തെ കാണുന്നത്. കൂറുമാറുന്ന എംഎല്‍എമാര്‍ക്ക് വലിയ തോതില്‍ സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടെന്ന് എതിര്‍പക്ഷത്തുള്ളവര്‍ ആരോപിക്കുന്നു. തുകയുടെ ആദ്യ പകുതി കൈമാറിക്കഴിഞ്ഞെന്നും ബാക്കി തുക ഈ ആഴ്ച അവസാനത്തോടെ നല്‍കുമെന്നും സൂചനകളുണ്ട്. എന്നിരുന്നാലും ഈ ആരോപണങ്ങള്‍ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

ഇപിഎസിന്റെ ജന്മദിനത്തില്‍ എഐഎഡിഎംകെയില്‍ പിളര്‍പ്പ്; എംഎല്‍എമാര്‍ ടിവികെയിലേക്ക്, ചുക്കാന്‍ പിടിച്ചത് ലീമ റോസ് മാര്‍ട്ടിന്‍
'പുതിയ തുടക്കം, പുതുയുഗം', സിനിമ സ്റ്റൈലിൽ രാഷ്ട്രീയം പറഞ്ഞ് വിജയ്

തേവര്‍, ഗൗണ്ടര്‍, വണ്ണിയര്‍ തുടങ്ങിയ ജാതി സമവാക്യങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു മുന്‍ കാലങ്ങളില്‍ എഐഎഡിഎംകെയിലെ പ്രതിസന്ധികള്‍. എന്നാല്‍ ഇത്തവണ അത് രാഷ്ട്രീയ അതിജീവനത്തിനും അധികാരത്തിനും വേണ്ടിയുള്ള പോരാട്ടമായി മാറിയിരിക്കുന്നു. 2017 മുതല്‍ എഐഎഡിഎംകെയെ തകര്‍ക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന ആരോപണം നിലനിന്നിരുന്നു. എന്നാല്‍ അക്കാലമത്രയും വെല്ലുവിളികളെ അതിജീവിച്ച് പാര്‍ട്ടിയെ ചേര്‍ത്ത് നിര്‍ത്താനുള്ള ശ്രമങ്ങള്‍ ഇപിഎസ് നടത്തികൊണ്ടിരുന്നു. എന്നാല്‍ ഇന്ന്, സ്വന്തം ജന്മദിനത്തില്‍ തന്നെ ആ പ്രതിരോധം തകരുന്നത് അദ്ദേഹത്തിന് നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളു.

English Summary: AIADMK has split dramatically on Tamil Nadu former Chief Minister Edappadi K. Palaniswami’s birthday, with a major group of MLAs led by S.P Velumani and C.V Shanmugam deciding to support Tamilaga Vettri Kazhagam and join the government led by Vijay. The rebellion has reduced the EPS faction to a minority within the party. Party insiders say Leema Rose Martin played a key behind the scenes role in connecting the rebel camp with TVK leaders.

Madism Digital
madismdigital.com