

ആഭ്യന്തര സർവീസുകളിൽ ഭക്ഷണം നൽകുന്ന പ്രധാന ഇന്ത്യൻ വിമാനക്കമ്പനികളിൽ ഒന്നാണ് എയർ ഇന്ത്യ. എന്നാൽ ഈ സർവീസ് നിർത്താനുള്ള ആലോചനയിലാണ് കമ്പനിയെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.
നിലവിൽ ഇക്കോണമി ക്ലാസുകളിലെ മീൽസ് ഒഴിവാക്കാനാണ് കമ്പനി ആലോചിക്കുന്നത്. ബിസിനസ് ക്ലാസ്സിൽ സർവീസ് തുടരും. സാമ്പത്തിക സമ്മർദങ്ങൾക്കിടയിൽ ചെലവ് കുറയ്ക്കാൻ കമ്പനി ശ്രമിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. നിലവിൽ ഏകദേശം 27,000 കോടിയുടെ നഷ്ടത്തിലൂടെയാണ് കമ്പനി കടന്നുപോകുന്നത്.
രണ്ട് മണിക്കൂറിൽ താഴെ ദൈർഘ്യമുള്ള സർവീസുകളിലാണ് ആദ്യം സംവിധാനം ഏർപ്പെടുത്താൻ സാധ്യത. ഭക്ഷണം ഒഴിവാക്കുന്ന യാത്രക്കാർക്ക് ടിക്കറ്റ് നിരക്കി 250 രൂപയിലധികം കുറവ് ലഭിച്ചേക്കും. ചെലവ് നിയന്ത്രിക്കാനും യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിൽ കൂടുതൽ ഓപ്ഷനുകൾ നൽകാനുമാണ് കമ്പനിയുടെ ശ്രമം. യാത്രാ ചെലവ് കുറയ്ക്കാനാഗ്രഹിക്കുന്നവർക്ക് പറ്റിയ ഓപ്ഷനാവും ഇത്.
ഹ്രസ്വദൂര ആഭ്യന്തര സർവിസുകളിൽ ആദ്യം അവതരിപ്പിക്കുന്ന ഈ പദ്ധതി യാത്രക്കാരുടെ പ്രതികരണം അനുസരിച്ചാണ് മറ്റു സർവിസുകളിലേക്കും വ്യാപിക്കുക. ദീർഘദൂര അന്താരാഷ്ട്ര സർവിസുകളിൽ ‘നോ മീൽസ്’ ടിക്കറ്റുകൾ ഉൾപ്പെടുത്തില്ല.
പശ്ചിമേഷ്യൻ സംഘർഷവും തുടർന്ന് കുത്തനെ ഉയർന്ന ഇന്ധനവിലയും രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവുമെല്ലാം കമ്പനിയുടെ നടത്തിപ്പ് ചെലവിനെ കാര്യമായി തന്നെ ബാധിച്ചിരുന്നു. ഗൾഫ് രാജ്യങ്ങളിലേക്കുള്ള സർവീസുകളിലേക്കായി ആളുകൾ എയർ ഇന്ത്യയെ കൂടുതലായി ആശ്രയിച്ചതോടെ ഇത്തരം തടസ്സങ്ങളോടുള്ള ദുർബലത വർധിച്ചു. ആഭ്യന്തര വിപണിയിലെ കടുത്ത നിരക്കുമത്സരവും ചേർന്നതോടെ കമ്പനിയുടെ ലാഭവിഹിതം തുടർച്ചയായ സമ്മർദത്തിലായി.
'കോംപ്ലിമെന്ററി മീൽ' എന്നത് പതിറ്റാണ്ടുകളായി എയർ ഇന്ത്യയുടെ ബ്രാൻഡ് ഐഡന്റിറ്റി ആണ്. ഇൻഡിഗോ പോലുള്ള കമ്പനികൾ ഭക്ഷണത്തിന് പ്രത്യേക തുക ചാർജ് ചെയ്യുമ്പോൾ പോക്കറ്റിലൊതുങ്ങുന്ന നിരക്കിൽ ഭക്ഷണം ലഭ്യമാക്കാൻ എയർ ഇന്ത്യ ശ്രദ്ധിച്ചിരുന്നു.
പുതിയ നീക്കം ആവിഷ്കരിക്കുമ്പോഴും ഉടനടി ഭക്ഷണ സർവീസ് എയർ ഇന്ത്യ നിർത്തലാക്കില്ല എന്നാണ് വിവരം. ആദ്യമൊന്ന് പരീക്ഷിച്ച്, വിശദമായ വിലയിരുത്തൽ നടത്തിയതിന് ശേഷം മാത്രമാവും പതിയെ മാറ്റം കൊണ്ടുവരിക. ഇതിൽ യാത്രക്കാരുടെ അഭിപ്രായവും കമ്പനി തേടും.
ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ടിക്കറ്റ് നിരക്കുകൾ യാത്രക്കാർക്ക് താങ്ങാനാകുന്ന നിലയിൽ നിലനിർത്തുന്നതിനോടൊപ്പം ലാഭക്ഷമത വർധിപ്പിക്കുകയെന്ന വെല്ലുവിളി കൂടി നിലവിൽ വിമാനക്കമ്പനികൾ നേരിടുന്നുണ്ട്. ഇതുമൂലം വിമാന സർവീസ് ഷെഡ്യൂളുകൾ മുതൽ വിമാനത്തിനുള്ളിലെ സേവനങ്ങൾ വരെ പ്രവർത്തനത്തിന്റെ എല്ലാ വശങ്ങളും പുനഃപരിശോധിക്കാൻ കമ്പനികൾ നിർബന്ധിതരായി.
കാറ്ററിംഗ് ഏറ്റവും വലിയ ചെലവല്ലെങ്കിലും ആയിരക്കണക്കിന് വിമാന സർവീസുകളിലുടനീളം ഇത് ദൈനംദിനമായ ചെലവാണ്. ചില റൂട്ടുകളിൽ അത് ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്താൽ കാലക്രമേണ ഗണ്യമായ ലാഭം നേടാനാകും.
ഇനി റിസ്ക് എന്തെന്നാൽ, ഇപ്പോഴുള്ള ബ്രാൻഡ് നെയിമിന് കളങ്കം വരുത്താതെ നിലനിന്നു പോകാൻ മീൽസ് ഒഴിവാക്കുന്നതിലൂടെ എയർ ഇന്ത്യക്ക് സാധിക്കുമോ എന്നതാണ്. ടാറ്റ ഗ്രൂപ്പിന് കീഴിൽ പറയത്തക്ക പുരോഗതി കൈവരിക്കാൻ ഇനിയും എയർ ഇന്ത്യക്ക് കഴിഞ്ഞിട്ടില്ല.
സൗജന്യ ഭക്ഷണസേവനം, ഭാഗികമായെങ്കിലും, ഒഴിവാക്കുന്നത് എയർ ഇന്ത്യയും കുറഞ്ഞ ചെലവിലുള്ള വിമാനക്കമ്പനികളും തമ്മിലുള്ള വ്യത്യാസം കുറയുന്നതിന് ഇടയാക്കാം. ഇരു വിഭാഗങ്ങൾക്കുമിടയിൽ വലിയ വ്യത്യാസമില്ലെന്ന് യാത്രക്കാർ കരുതാൻ തുടങ്ങിയാൽ, കമ്പനിയുടെ പ്രധാന മത്സരമികവുകളിലൊന്ന് നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്.
ഭക്ഷണം ഓപ്ഷനലാക്കിയാൽ അടുത്തതായി ഏത് സേവനങ്ങളാണ് ഒഴിവാക്കപ്പെടുക എന്ന ആശങ്കയും യാത്രക്കാരിൽ ഉയരാം.
English Summary: Domestic flights are one of the few segments where Air India continues to offer complimentary meals. However, according to the latest reports, the airline is considering discontinuing this service.
The proposal currently under consideration is to remove meals for Economy Class passengers, while continuing the service in Business Class. The move is part of the airline’s efforts to cut costs amid mounting financial pressure. Air India is currently grappling with losses of around ₹27,000 crore.