

ഉഷ്ണതരംഗത്തിൽ ചുട്ടുപൊള്ളുകയാണ് ഉത്തരേന്ത്യയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളും. ഉച്ചയ്ക്ക് മുമ്പ് തന്നെ താപനില 40 ഡിഗ്രിക്ക് മുകളിൽ പോകുന്നതാണ് ഡൽഹി അടക്കമുള്ള സ്ഥലങ്ങളിലെ കാഴ്ച.
ഇന്നത്തെ മാത്രം കണക്കെടുത്താൽ ലോകത്തിലെ ഏറ്റവും ചൂടേറിയ അമ്പത് സ്ഥലങ്ങളിൽ അമ്പതും ഇന്ത്യയിലാണ്. ഇതിൽ തന്നെ ഒഡിഷയിലെ ബലാൻഗീർ ആണ് മുന്നിൽ. ഇന്ന് രാവിലെ 45 ഡിഗ്രി ആയിരുന്നു ഇവിടെ ചൂട്.
ഉത്തർപ്രദേശിലെ നഗരങ്ങളാണ് പട്ടികയിൽ കൂടുതലും. വാരാണസി, ബാന്ദ, ബറേലി, അയോധ്യ എന്നിവിടങ്ങളിലെല്ലാം താപനില ഉച്ചയ്ക്ക് മുമ്പേ 43 ഡിഗ്രി വരെയെത്തും. പല സ്ഥലങ്ങളിലും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ടുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇൻഡോ-ഗംഗാറ്റിക് സമതലങ്ങളിലെ വരണ്ട വടക്കുപടിഞ്ഞാറൻ കാറ്റുകൾ, തെളിഞ്ഞ ആകാശം, കാലതാമസമുള്ള പ്രീ-മൺസൂൺ മഴ എന്നിവയാണ് ഈ അതിതീവ്ര കാലാവസ്ഥയ്ക്ക് കാരണമാകുന്നത്.
ഒഡിഷയിൽനിന്ന് ഛത്തീസ്ഗഢ്, മധ്യപ്രദേശ് വഴി ഉത്തർപ്രദേശ്, ബിഹാർ, ഹരിയാന, മഹാരാഷ്ട്ര എന്നിവിടങ്ങളിലേക്കാണ് ഉഷ്ണതരംഗം വ്യാപിച്ചിരിക്കുന്നത്. ഇതോടെ ഉപഭൂഖണ്ഡത്തിന് മുകളിൽ വലിയൊരു 'ഹീറ്റ് ഡോം' രൂപപ്പെട്ടതായി കാലാവസ്ഥാ വിദഗ്ധർ വിലയിരുത്തുന്നു. വിദർഭയിലെ നിരവധി നഗരങ്ങളിൽ ഈ ആഴ്ച തന്നെ താപനില 46 ഡിഗ്രി സെൽഷ്യസിന് മുകളിലെത്തിയിരുന്നു.
പല സംസ്ഥാനങ്ങളിലും നിർജലീകരണം, ചൂട് മൂലമുള്ള ക്ഷീണം, സൂര്യാഘാതം തുടങ്ങിയ കേസുകൾ വർധിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. പുറംജോലി ചെയ്യുന്ന തൊഴിലാളികൾ, കുട്ടികൾ, വയോധികർ എന്നിവരാണ് കൂടുതൽ ബാധിക്കപ്പെടുന്നത്. ഉച്ചസമയങ്ങളിൽ നേരിട്ട് സൂര്യപ്രകാശം ഒഴിവാക്കാനും, മതിയായ വെള്ളം കുടിക്കാനും, അത്യാവശ്യ യാത്രകൾ പരിമിതപ്പെടുത്താനും അധികൃതർ ജനങ്ങളോട് നിർദേശിച്ചു.
ആഗോള താപനില പട്ടികയിൽ ബലാംഗിർ ഒന്നാമതെത്തിയതിൽ ഒട്ടും അതിശയോക്തിയില്ല. പശ്ചിമ ഒഡീഷയിലെ തിത്ലാഗഡ്-ബലാംഗിർ മേഖല ഇന്ത്യയിലെ ഏറ്റവും കടുത്ത ചൂട് അനുഭവപ്പെടുന്ന പ്രദേശങ്ങളിലൊന്നായി ചരിത്രപരമായി അറിയപ്പെടുന്നു.
എന്നാൽ, ലോകത്തിലെ ഏറ്റവും ചൂടേറിയ 50 നഗരങ്ങളും ഒരേ ദിവസം ഒരേ രാജ്യത്തിനുള്ളിലായിരുന്നത് ഇന്ത്യയിലെ 2026ലെ ഉഷ്ണതരംഗത്തിന്റെ അസാധാരണ തീവ്രതയും വ്യാപ്തിയും വ്യക്തമാക്കുന്നതാണെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
English Summary: North India and the northeastern states are reeling under an intense heatwave. In places including Delhi, temperatures are crossing 40 degrees Celsius even before noon. Most cities on the list are from Uttar Pradesh, with places such as Varanasi, Banda, Bareilly and Ayodhya expected to record temperatures of up to 43 degrees Celsius before afternoon. Weather departments have also issued orange alerts in several regions.