

പശ്ചിമേഷ്യന്‍ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ വിമാന ഇന്ധനത്തിന്റെ വില കുത്തനെ ഉയർന്നതോടെ രാജ്യത്തെ വിമാനക്കമ്പനികൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് റിപ്പോർട്ട്. ആഗോള എണ്ണ വിപണിയിലെ അസ്ഥിരതയെ തുടർന്ന് എയർ ടർബൈൻ ഫ്യൂവൽ (എടിഎഫ്) വിലയിൽ ഉണ്ടായ വർധനയാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ഇന്ത്യൻ വ്യോമയാന മേഖലയിലെ നിലവിലെ അവസ്ഥ ആശങ്കാജനകമാണെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസ് (എഫ്ഐഎ) വ്യക്തമാക്കി. എയർ ഇന്ത്യ, ഇൻഡിഗോ, സ്‌പൈസ് ജെറ്റ് തുടങ്ങിയ പ്രധാന വിമാനക്കമ്പനികളെ പ്രതിനിധീകരിക്കുന്ന സംഘടനയായ എഫ്ഐഎ ഈ സാഹചര്യത്തിൽ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് കത്തയച്ച് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടിട്ടുണ്ട്.
പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് വിമാന ഇന്ധനത്തിന്റെ വില കിലോലിറ്ററിന് രണ്ട് ലക്ഷം രൂപയ്ക്കും മുകളിലെത്തിയിരിക്കുകയാണ്. ഇതോടെ രാജ്യത്തെ പല വിമാനക്കമ്പനികളും വന്‍ നഷ്ടത്തിലേക്ക് നീങ്ങുന്ന സാഹചര്യമാണ് രൂപപ്പെട്ടിരിക്കുന്നത്. മുൻപ് വിമാനക്കമ്പനികളുടെ ആകെ പ്രവർത്തനച്ചെലവിൽ 30 മുതൽ 40 ശതമാനം വരെ മാത്രമായിരുന്ന ഇന്ധനച്ചെലവ്, ഇപ്പോൾ 55 മുതൽ 60 ശതമാനം വരെ ഉയർന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഈ പശ്ചാത്തലത്തിൽ എടിഎഫിന് മേൽ ഈടാക്കുന്ന 11 ശതമാനം എക്സൈസ് ഡ്യൂട്ടി താൽക്കാലികമായി ഒഴിവാക്കുകയും വിവിധ സംസ്ഥാനങ്ങൾ ഈടാക്കുന്ന ഉയർന്ന വാറ്റ് കുറയ്ക്കുകയും ചെയ്യണമെന്ന് എഫ്ഐഎ ആവശ്യപ്പെട്ടു.
ഹോർമൂസ് കടലിടുക്ക് ചുറ്റിപ്പറ്റിയുള്ള പ്രതിസന്ധിയും ഉപരോധ സാധ്യതകളും മൂലം ക്രൂഡ് ഓയിൽ വില ഉയർന്നതാണ് വിമാന ഇന്ധനത്തിന്റെ വില വർധനയ്ക്ക് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതേസമയം, അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില താഴുന്ന ഘട്ടങ്ങളിലും എടിഎഫിന് ഉയർന്ന വില നൽകേണ്ടി വരുന്നതിലെ വ്യത്യാസവും വിമാനക്കമ്പനികൾ ചോദ്യം ചെയ്യുന്നു. ഇതിനുപുറമേ, പശ്ചിമേഷ്യൻ പ്രതിസന്ധിയെ തുടർന്ന് കേന്ദ്ര സർക്കാർ വിമാന ഇന്ധനത്തിന്മേലുള്ള എക്സൈസ് നികുതി വർധിപ്പിച്ചതും ചെലവ് കൂടാൻ കാരണമായതായി വിലയിരുത്തപ്പെടുന്നു.
ഇന്ധനവില ഉയർന്ന നിലയിൽ തുടർന്നാൽ അതിന്റെ പ്രത്യാഘാതം നേരിട്ട് യാത്രക്കാരിലേക്ക് എത്തുമെന്നതാണ് മേഖലയുടെ ആശങ്ക. പ്രവർത്തനച്ചെലവ് നിയന്ത്രിക്കാനാവാതെ വരുമ്പോൾ വിമാന ടിക്കറ്റ് നിരക്കുകൾ വൻതോതിൽ ഉയരാൻ സാധ്യതയുണ്ട്. കൂടാതെ ലാഭകരമല്ലാത്ത റൂട്ടുകളിലെ സർവീസുകൾ നിർത്തലാക്കുകയോ വിമാനങ്ങളുടെ എണ്ണം കുറയ്ക്കുകയോ ചെയ്യേണ്ട സാഹചര്യം ഉണ്ടാകാമെന്നും വിലയിരുത്തപ്പെടുന്നു. ഇത് യാത്രാ സൗകര്യങ്ങളെ നേരിട്ട് ബാധിക്കുന്നതാണ്.
സർക്കാരിന്റെ ഭാഗത്തുനിന്ന് സമയോചിതമായ ഇടപെടൽ ഉണ്ടായില്ലെങ്കിൽ രാജ്യത്തെ വ്യോമയാന മേഖല വലിയ തകർച്ച നേരിടേണ്ടി വരുമെന്നും ചില വിമാനക്കമ്പനികൾ പ്രവർത്തനം അവസാനിപ്പിക്കേണ്ടിവരുമെന്ന ആശങ്കയും ഉയരുന്നു. നിലവിലെ സാഹചര്യത്തിൽ വ്യോമയാന മേഖലയെ സ്ഥിരതയിലേക്ക് തിരികെ കൊണ്ടുവരാൻ അടിയന്തര നയപരമായ ഇടപെടലുകൾ അനിവാര്യമാണെന്ന് രംഗത്തെ സംഘടനകൾ ആവർത്തിച്ച് ആവശ്യപ്പെടുന്നു.
English Summar: Rising aviation fuel prices due to Middle East tensions have pushed Indian airlines into a financial crisis. Fuel costs now make up a major share of expenses, prompting airlines to seek government intervention, tax cuts, and relief measures. Continued price hikes may lead to higher ticket fares and reduced services.