എട്ടു മാസത്തെ കഠിനാധ്വാനം, നീക്കം ചെയ്തത് ടൺ കണക്കിന് മാലിന്യങ്ങൾ, പഴയ രൂപത്തിലേക്ക് തന്നെ മാറിയ ഒരു നദി.. എന്നിട്ടും ആഴ്ചകൾക്കുള്ളിൽ തന്നെ അവിടെ മാലിന്യം നിറഞ്ഞിരിക്കുന്നു. മധ്യപ്രദേശിലെ അജ്നാർ നദിയിൽ പ്ലാസ്റ്റിക് കവറുകളും മറ്റ് അവശിഷ്ടങ്ങളും വീണ്ടും അടിഞ്ഞുകൂടിയത് കണ്ട് കടുത്ത നിരാശയിലാണ് 'ബിട്ടു തബാഹി' എന്നറിയപ്പെടുന്ന സുരേന്ദ്ര സിങ് ചൗധരി. രാജ്ഗഢ് ജില്ലയിലൂടെ ഒഴുകുന്ന ഈ നദിയുടെ തീരത്ത് ബിട്ടു മാസങ്ങളോളം ഒറ്റയ്ക്ക് നടത്തിയ ശുചീകരണ പ്രവർത്തനങ്ങളാണ് പാഴായത്. പുഴ വീണ്ടും മാലിന്യക്കൂമ്പാരമായെന്ന് വ്യക്തമാക്കുന്ന ഒരു വീഡിയോ ഇരുപതുകാരനായ ബിട്ടു കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്.
ഒരു ഉപകരങ്ങളുടെയും സഹായമില്ലാതെ ഒറ്റയ്ക്ക് പരിശ്രമിച്ച് എട്ടു മാസം കൊണ്ട് ടൺ കണക്കിന് മാലിന്യമാണ് പുഴയിൽ നിന്ന് ബിട്ടു നീക്കം ചെയ്തത്. "എന്റെ എട്ടു മാസത്തെ കഠിനാധ്വാനം ഇത്തരത്തിൽ പാഴായിപ്പോകുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല," ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോക്കൊപ്പം ബിട്ടു കുറിച്ചു. പ്ലാസ്റ്റിക് കവറുകളും മറ്റ് അവശിഷ്ടങ്ങളും നദീതീരത്ത് വീണ്ടും അടിഞ്ഞുകൂടിയത് വീഡിയോയിൽ വ്യക്തമായി കാണാം.
എന്നാൽ, കൂമ്പാരമായി കിടക്കുന്ന മാലിന്യം കണ്ട് പിന്തിരിയാൻ ബിട്ടു തയ്യാറായില്ല. നീന്താൻ അറിയില്ലായിരുന്നിട്ടും അജ്നാർ നദി ശുചീകരിക്കുന്ന ജോലി താൻ വീണ്ടും തുടങ്ങിയെന്ന് ബിട്ടു വീഡിയോയിൽ പറഞ്ഞു. നദിയിലെ ഒരു ഭാഗം വീണ്ടും വൃത്തിയാക്കാനായി വെള്ളത്തിലിറങ്ങി, മാലിന്യം നിറച്ച ചാക്കുകൾ ഒന്നിനുപുറകെ ഒന്നായി ബിട്ടു പുറത്തെടുക്കുന്നത് വീഡിയോയിൽ കാണാമായിരുന്നു.
നദിയിലെ കൂടുതൽ മാലിന്യങ്ങൾ വേഗത്തിൽ നീക്കം ചെയ്യാനുള്ള മികച്ച മാർഗ്ഗങ്ങൾ നിർദ്ദേശിക്കാൻ ബിട്ടു തന്റെ ഫോളോവേഴ്സിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നദിയിലെ പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റ് അവശിഷ്ടങ്ങളും കൈകൊണ്ട് നീക്കം ചെയ്താണ് ബിട്ടു ശ്രദ്ധ നേടിയത്.
വീഡിയോ വൈറലായതോടെ ബിട്ടുവിന്റെ ശ്രമങ്ങളെ അഭിനന്ദിച്ചും നദി വീണ്ടും മലിനമായതിൽ നിരാശ പ്രകടിപ്പിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. ഈ പ്രവർത്തനം തുടരാൻ പലരും പ്രോത്സാഹിപ്പിച്ചപ്പോൾ, നദികൾ വൃത്തിയായി സൂക്ഷിക്കേണ്ട ഉത്തരവാദിത്തം ഒരാളിൽ മാത്രം ഒതുങ്ങുന്നതല്ലെന്ന് മറ്റു ചിലർ ചൂണ്ടിക്കാട്ടി.
ബിട്ടു വൃത്തിയാക്കാൻ മുൻകൈയെടുത്ത ഒരേയൊരു സ്ഥലം അജ്നാർ നദി മാത്രമല്ല. നൂറോളം പേരടങ്ങുന്ന തന്റെ സംഘത്തോടൊപ്പം ചേർന്ന്, ബെംഗളൂരുവിനടുത്ത് കനകപുര റോഡിൽ നിന്ന് ഏകദേശം 20 കിലോമീറ്റർ അകലെയുള്ള തുരഹള്ളി വനമേഖലയും അദ്ദേഹം വൃത്തിയാക്കിയിരുന്നു.
Surendra Singh Choudhary, known as Bittu Tabahi, spent eight months single-handedly cleaning Madhya Pradesh's Ajnar River. He was left disheartened after finding the river choked with plastic waste again within just a few weeks. Despite the massive setback, he shared a video showing his renewed cleanup efforts, sparking widespread online conversations about civic responsibility and the continuous dumping of waste.