

ബിജെപി അധികാരമേറ്റ് രണ്ടാം ദിനത്തില്‍ തന്നെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് ചന്ദ്രനാഥ് റാത്തിന്റെ വധിച്ച പ്രതികളെ വലയിലാക്കി പൊലീസ്. ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് വിശാല്‍ ശ്രീവാസ്തവ, രാജ് സിംഗ്, മായങ്ക് എന്നീ പ്രതികള്‍ പിടിയിലായത്. ബുധനാഴ്ച രാത്രി 10:30-ഓടെ നടന്ന കൊലപാതകത്തില്‍ വിവിധ സംസ്ഥാനങ്ങളിലായി പഴുതടച്ച അന്വേഷണമാണ് ബംഗാല്‍ പൊലീസ് നടത്തിയത്.
തുടക്കത്തില്‍, പ്രതികളിലേക്ക് നയിക്കുന്ന തുമ്പുകളൊന്നും പൊലീസിന് മുന്നിലുണ്ടായിരുന്നില്ല. എന്നാല്‍ സംസ്ഥാനം കടക്കാന്‍ ശ്രമിക്കുന്നതിനിടെ ടോള്‍ പ്ലാസയില്‍ വെച്ച് പ്രതികള്‍ നടത്തിയ യുപിഐ ഇടപാടാണ് കേസില്‍ നിര്‍ണ്ണായക വഴിത്തിരിവായത്. ചന്ദ്രനാഥ് റാത്തിനെ വധിക്കുന്നതിന് മുന്‍പ് പ്രതികള്‍ ഒരു ക്രിസ്റ്റ കാറിലാണ് സഞ്ചരിച്ചിരുന്നത്. ഇതിന് ശേഷം ബൈക്കിലെത്തിയാണ് ചന്ദ്രനാഥിന്റെ കാറിന് നേരെ വെടിയുതിര്‍ത്തത്. കൃത്യത്തിന് ശേഷം ഇവര്‍ മൂന്ന് പേരും ചുവന്ന നിറത്തിലുള്ള മറ്റൊരു കാറിലേക്ക് മാറി. ആദ്യം ഉപയോഗിച്ചിരുന്ന വാഹനം ഉപേക്ഷിച്ച ശേഷമായിരുന്നു പ്രതികളുടെ പലായനം. പ്രതികളുടെ ഈ നീക്കമാണ് ആദ്യഘട്ടത്തില്‍ അന്വേഷണത്തെ കുഴക്കിയത്.
ഇതിനിടെയാണ്, ഡിജിറ്റല്‍ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത്. ഹൗറയിലെ ബാലി ടോള്‍ പ്ലാസയില്‍ പ്രതികള്‍ നടത്തിയ യുപിഐ (ഡജക) ഇടപാടാണ് കുറ്റവാളികളിലെയ്ക്ക് എത്താന്‍ പോലീസിനെ സഹായിച്ചത്. ടോള്‍ പ്ലാസ കടക്കുമ്പോള്‍ പ്രതികള്‍ സഞ്ചരിച്ചിരുന്ന വെള്ളി നിറത്തിലുള്ള കാറില്‍ നിന്നും നടത്തിയ ഡിജിറ്റല്‍ പേയ്‌മെന്റ് വഴി മൊബൈല്‍ നമ്പര്‍ പോലീസിന് ലഭിച്ചു. ഇതോടൊപ്പം ടോള്‍ പ്ലാസയിലെ സിസിടിവി ദൃശ്യങ്ങള്‍ കൂടി പരിശോധിച്ചതോടെ പ്രതികളുടെ നീക്കങ്ങളെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ധാരണ ലഭിച്ചത്.
ടോൾ പ്ലാസയിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണം ബീഹാറിലെ ബക്സർ ജില്ലയിലേക്കാണ് എത്തിയത്. ബംഗാൾ സ്പെഷ്യൽ ടാസ്ക് ഫോഴ്സും, ബീഹാർ പോലീസും സംയുക്തമായി നടത്തിയ റെയ്ഡിൽ വിശാൽ ശ്രീവാസ്തവ, മായങ്ക് മിശ്ര, വിക്കി മൗര്യ എന്നിവരെ കസ്റ്റഡിയിലെടുത്തു. പിടിയിലായവരിൽ പ്രധാനിയായ വിശാൽ ശ്രീവാസ്തവയുടെ പേരിൽ കൊലപാതകവും കവർച്ചയും ഉൾപ്പെടെ ഇരുപതിലധികം കേസുകൾ നിലവിലുണ്ടെന്ന് ബക്സർ എസ്പി സുഭം ആര്യ. ഇവരെ നിലവിൽ കൂടുതൽ ചോദ്യം ചെയ്യലിനായി ബംഗാൾ പോലീസിന് കൈമാറി.
മെയ് ആറിന് രാത്രി ചന്ദ്രനാഥ് റാഥ് ആക്രമിക്കപ്പെടുന്നത്. വീട്ടിലേക്ക് മടങ്ങുന്ന വഴിയിൽ കാർ തടഞ്ഞുനിർത്തിയ അക്രമി സംഘം വെടിയുതിർക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം പ്രതികൾ സഞ്ചരിച്ചിരുന്ന വെള്ളി നിറത്തിലുള്ള കാർ ഉപേക്ഷിക്കുകയും ചുവന്ന കാറിലും ബൈക്കുകളിലുമായി കടന്നുകളയുകയും ചെയ്തു. പിന്നീട് നടത്തിയ പരിശോധനയിലാണ് വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ വ്യാജമാണെന്നും എൻജിൻ നമ്പറുകൾ മാറ്റം വരുത്തിയതാണെന്നും കണ്ടെത്തൻ സാധിച്ചത്. കൊലപാതകത്തിന് ശേഷം ഏകദേശം 6 കിലോമീറ്റർ അകലെ നിന്നാണ് പ്രതികൾ ഉപയോഗിച്ച ഇരുചക്ര വാഹനങ്ങൾ കണ്ടെടുത്തത്.
ക്രിമിനൽ സംഘങ്ങൾക്കിടയിൽ അപൂർവ്വമായി മാത്രം കാണപ്പെടുന്ന ഓസ്ട്രിയൻ നിർമ്മിത ഗ്ലോക്ക് 47X (Glock 47X) പിസ്റ്റളാണ് കൊലപാതകത്തിന് ഉപയോഗിച്ചത്. പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ വിജയത്തിന് തൊട്ടുപിന്നാലെ നടന്ന ഈ കൊലപാതകം രാഷ്ട്രീയ വൃത്തങ്ങളിലും വലിയ ചർച്ചയായിട്ടുണ്ട്. കേസ് അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക സംഘം കൂടുതൽ വിവരങ്ങൾ പരിശോധിച്ചുവരികയാണ്
English Summary: A UPI transaction at a Howrah toll plaza became the key breakthrough in the murder investigation of Chandranath Rath, aide to Suvendu Adhikari. CCTV footage and digital payment data helped Bengal Police track and arrest three suspects in Bihar