

ഡൽഹി സത്യനികേതനിലെ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണസംഖ്യ ആറായിരിക്കുകയാണ്. ആൺകുട്ടികളുടെ പിജി ഹോസ്റ്റലായി പ്രവർത്തിച്ചിരുന്ന, നാല്‍പത് വർഷത്തോളം പഴക്കമുള്ള കെട്ടിടമാണ് നിലംപതിച്ചത്. കെട്ടിടത്തിന്റെ പഴക്കവും ബലക്കുറവും ചർച്ചയാകുമ്പോഴും മുകൾ നിലകൾ നിലനില്‍ക്കെ ബേസ്മെന്റ് പ്രവർത്തികൾ നടത്തിയതാണ് അപകടം വരുത്തിവച്ചതെന്ന നിഗമനങ്ങൾ ശരിവയ്ക്കപ്പെടുകയാണ്. ഭിത്തി വിണ്ടുതുടങ്ങിയ, ഒരു കാറ്റടിച്ചാൽ പോലും താഴെ വീഴുമോ എന്ന് താമസക്കാർ ഭയക്കുന്ന ആ കെട്ടിടത്തിന്റെ അടിഭാഗം പൊളിക്കാൻ ആരാണ് കെട്ടിട ഉടമയ്ക്ക് അനുമതി നൽകിയത്?
ഡൽഹി യൂണിവേഴ്‌സിറ്റിയുടെ സൌത്ത് ക്യാംപസിന് സമീപം ഹോസ്റ്റൽ ഡേസ് എന്ന പേരിലാണ് തകർന്നുവീണ കെട്ടിടമുണ്ടായിരുന്നത്. അഞ്ച് നിലകളായിരുന്നു ഹോസ്റ്റലിന്. ഓരോ നിലയിലുമായി ആകെ പതിനഞ്ച് മുറികൾ. ഓരോ മുറിയിലും രണ്ടോ മൂന്നോ പേർ വീതമായി താമസക്കാരും. ഞായറാഴ്ചയായതിനാൽ ഇവരിൽ മിക്കവരും മുറിയിൽ തന്നെയുണ്ടായിരുന്നു. താഴത്തെ നിലയിൽ എന്തോ പണി നടക്കുന്നതിന്റെ ശബ്ദം കേട്ടിരുന്നെങ്കിലും എന്താണ് കാര്യമെന്ന് തിരക്കാൻ അവർ മിനക്കെട്ടില്ല. ദൌർഭാഗ്യവശാൽ അതവരുടെ ദുർമരണത്തിന് കാരണവുമായി.
താമസക്കാരെ അറിയിക്കാതെ കെട്ടിട ഉടമ ബേസ്മെന്റ് പ്രവൃത്തികൾ നടത്തുകയായിരുന്നു എന്നാണ് ദേശീയ മാധ്യമങ്ങളിലെ റിപ്പോർട്ട്. മുകൾനിലകൾ ഉണ്ടായിരിക്കെ ബേസ്മെന്റ് പണിയുന്നത് ഇന്ത്യയിൽ പ്രത്യക്ഷത്തിൽ അനുവദനീയമല്ല.
നിലവിലുള്ള ഒരു വീടിന്റെ അംഗീകൃത പ്ലാനിൽ ബേസ്‌മെന്റ് ഉൾപ്പെടുത്തിയിട്ടില്ല എങ്കിൽ, പിന്നീട് അനുമതിയില്ലാതെ അത് നിർമ്മിക്കാൻ സാധിക്കില്ല. ഇത്തരം മാറ്റങ്ങൾ വരുത്തണമെങ്കിൽ ബന്ധപ്പെട്ട അധികാരികളിൽ നിന്ന് പുതുക്കിയ ബിൽഡിംഗ് പ്ലാനിന്റെ അനുമതി ആവശ്യമായി വന്നേക്കാം. ഈ അനുമതി തത്തുല്യമായ നിയമങ്ങൾക്കും വ്യവസ്ഥകൾക്കും വിധേയമായിരിക്കും. ഇതിനായി ബന്ധപ്പെട്ട അധികാരികളുടെ അനുമതി, പുതുക്കിയ ബിൽഡിംഗ് പ്ലാൻ, സ്ട്രക്ചറൽ സേഫ്റ്റി അസസ്സ്‌മെന്റുകൾ (സുരക്ഷാ പരിശോധനകൾ) എന്നിവ അടക്കമുള്ള പ്രക്രിയകൾ പൂർത്തിയാക്കേണ്ടി വരും.
നിയമം പറയുന്നതെന്ത്?
ഡൽഹിയിലെ ബേസ്‌മെന്റ് നിർമ്മാണവുമായി ബന്ധപ്പെട്ട നിയമങ്ങൾ പ്രധാനമായും യൂണിഫൈഡ് ബിൽഡിംഗ് ബൈ-ലോസ് (UBBL), 2016ന് കീഴിലാണ് വരുന്നത്. കൂടാതെ മാസ്റ്റർ പ്ലാൻ ഫോർ ഡൽഹി-2021ലും ഇതിന് അനുയോജ്യമായ വകുപ്പുകളുണ്ട്. ബേസ്‌മെന്റ് നിർമ്മാണവുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ യൂണിഫൈഡ് ബിൽഡിംഗ് ബൈ-ലോസിലെ ക്ലോസ് 7.4-ൽ പ്രതിപാദിച്ചിട്ടുമുണ്ട്.
സാങ്ഷനിംഗ് അതോറിറ്റിയുടെ (സെൻട്രൽ/ലോക്കൽ അധികാരികൾ) അനുമതിയോടെ മാത്രമേ ബേസ്‌മെന്റ് നിർമ്മിക്കാൻ പാടുള്ളൂ എന്ന് ഈ നിയമങ്ങൾ വ്യക്തമാക്കുന്നു. കൂടാതെ, ഈ നിർമാണം മാസ്റ്റർ പ്ലാനിന്റെയും അതാത് സോണൽ ഡെവലപ്‌മെന്റ് പ്ലാനിന്റെയും വ്യവസ്ഥകൾ പാലിക്കുന്നതായിരിക്കണം. സ്ഥലം സ്വന്തമായുണ്ട് എന്നതുകൊണ്ട് മാത്രം ഒരാൾക്ക് സ്വന്തം ഇഷ്ടപ്രകാരം ഭൂമിക്കടിയിൽ നിർമ്മാണം നടത്താനുള്ള അവകാശമില്ല. ബേസ്‌മെന്റ് നിർമ്മിക്കുന്നതിന് കെട്ടിട പ്ലാനിന്റെ അനുമതി നിർബന്ധമാണ്.
ഉദാഹരണത്തിന്, ഒരു വീട് ഇതിനകം നിർമ്മിക്കപ്പെടുകയും അതിന്റെ ഫൌണ്ടേഷൻ തറനിരപ്പിൽ നിന്ന് അടിയിലേക്ക് ഏതാനും അടി ആഴത്തിൽ ഇറങ്ങിനിൽക്കുകയും ചെയ്യുന്നു എന്ന് കരുതുക. ഉടമസ്ഥന് ഇപ്പോൾ ആ വീടിന് താഴെയായി 8 അല്ലെങ്കിൽ 10 അടി ആഴത്തിൽ മണ്ണെടുത്ത് നിർമ്മാണം നടത്തണം. ഇതിനായി ആദ്യം ചെയ്യേണ്ടത് നിലവിലുള്ള ഫൗണ്ടേഷന്റെ ആഴവും രൂപകൽപ്പനയും നിർണ്ണയിക്കുക എന്നതാണ്.
മണ്ണെടുക്കുമ്പോൾ ഫൗണ്ടേഷന് താങ്ങായി നിൽക്കുന്ന മണ്ണ് മാറ്റപ്പെട്ടാൽ, വീടിന്റെ ചില ഭാഗങ്ങൾ താഴേക്ക് ഇരുത്തിപ്പോകാൻ സാധ്യതയുണ്ട്. ഇത് ഭിത്തികളിലും ബീമുകളിലും അല്ലെങ്കിൽ മറ്റ് സ്ട്രക്ചറൽ ഭാഗങ്ങളിലും വിള്ളലുകൾ വീഴാൻ ഇടയാക്കും. ഗുരുതരമായ സാഹചര്യങ്ങളിൽ, വീടിന്റെ മൊത്തത്തിലുള്ള സുരക്ഷിതത്വത്തെയും നിലനിൽപ്പിനെയും തന്നെ അത് ബാധിച്ചേക്കാം.
അതിനാൽ, ഇത്തരം പണികളിലേക്ക് കടക്കുന്നതിന് മുൻപ് നിലവിലുള്ള വീട് ഒരു സ്ട്രക്ചറൽ എഞ്ചിനീയറെക്കൊണ്ട് പരിശോധിക്കേണ്ടതുണ്ട്. എഞ്ചിനീയർക്ക് നിലവിലുള്ള ഫൗണ്ടേഷൻ, തൂണുകൾ (Columns), ബീമുകൾ, മണ്ണിന്റെ അവസ്ഥ എന്നിവ വിലയിരുത്താനും ബേസ്‌മെന്റ് സുരക്ഷിതമായി നിർമ്മിക്കുന്നതിന് ആവശ്യമായ സാങ്കേതിക മാർഗ്ഗങ്ങൾ നിർദ്ദേശിക്കാനും സാധിക്കും.
പ്ലോട്ടിന്റെ വലുപ്പം, മറ്റ് കെട്ടിട നിർമ്മാണ മാനദണ്ഡങ്ങൾ എന്നിവയ്ക്ക് വിധേയമായാണ് ബേസ്‌മെന്റ് നിർമ്മാണം സാധ്യമാകുന്നത്. അതിനാൽ, എല്ലാ സാഹചര്യങ്ങളിലും പ്ലോട്ടിന്റെ മുഴുവൻ വിസ്തൃതിയിലും ബേസ്‌മെന്റ് നിർമ്മിക്കാൻ കഴിയുമെന്ന് കരുതുന്നത് തെറ്റാണ്. പ്ലോട്ടിന്റെ വലുപ്പം, ഗ്രൗണ്ട് കവറേജ്, സെറ്റ്‌ബാക്കുകൾ, നിലവിലുള്ള ബിൽഡിംഗ് പ്ലാൻ, ഭൂമിയുടെ ഉപയോഗം എന്നീ ഘടകങ്ങളെ ആശ്രയിച്ചായിരിക്കും യഥാർത്ഥ സാഹചര്യം വ്യക്തമാകുക. ഈ കാരണം കൊണ്ടുതന്നെ, ബേസ്‌മെന്റ് പ്ലാൻ തയ്യാറാക്കുന്നതിന് മുൻപ് ലൈസൻസുള്ള ഒരു ആർക്കിടെക്റ്റിനെയോ യോഗ്യതയുള്ള ബിൽഡിംഗ് പ്രൊഫഷണലിനെയോ കൊണ്ട് പ്ലോട്ട് പരിശോധിപ്പിക്കുന്നതാണ് ഉചിതം.
ഈ പറഞ്ഞ പരിശോധനകളോ മാനദണ്ഡങ്ങളോ ഡൽഹിയിൽ പാലിക്കപ്പെട്ടില്ല എന്നാണ് പ്രാഥമിക നിഗമനം. നിർമാണപ്രവർത്തനങ്ങൾക്ക് കെട്ടിട ഉടമ അനുമതി തേടിയിട്ടുണ്ടോ, ഇനി അനുമതി ലഭിച്ചിട്ടുണ്ടെങ്കിൽ തന്നെ മൺസൂൺ സീസണിൽ അത്തരം പ്രവൃത്തികൾക്ക് ആര് അനുമതി നൽകി എന്നതൊക്കെ പൊലീസ് അന്വേഷിച്ചു വരികയാണ്.
In the Delhi Satya Niketan building collapse, the death toll has risen to six. The nearly 40-year-old building, which was being used as a boys’ PG hostel, collapsed. While the building’s age and structural weakness have come under scrutiny, evidence is increasingly pointing to basement work being carried out while the upper floors were still standing as the cause of the disaster. As residents feared that the cracked and fragile building could collapse even in a strong gust of wind, the question remains: Who gave the building owner permission to demolish its foundation?