ഉമര്‍ ഖാലിദിന് മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യം; ചികിത്സയിലുള്ള അമ്മയെ സന്ദർശിക്കാൻ അനുമതി

ജസ്റ്റിസുമാരായ പ്രതിഭ എം സിങ്, മധു ജെയിന്‍ എന്നിവരാണ് ഹര്‍ജി പരിഗണിച്ചത്
ഉമര്‍ ഖാലിദിന് മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യം; ചികിത്സയിലുള്ള അമ്മയെ സന്ദർശിക്കാൻ അനുമതി
Published on

2020-ലെ ഡല്‍ഹി കലാപക്കേസില്‍ ഉമര്‍ ഖാലിദിന് ഡല്‍ഹി ഹൈക്കോടതി മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചു. ശസ്ത്രക്രിയയ്ക്ക് വിധേയയാകാന്‍ പോകുന്ന തന്റെ അമ്മയെ സന്ദര്‍ശിക്കുന്നതിനായാണ് ജൂണ്‍ ഒന്നു മുതല്‍ മൂന്നു വരെ ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്.

ജസ്റ്റിസുമാരായ പ്രതിഭ എം സിങ്, മധു ജെയിന്‍ എന്നിവരാണ് ഹര്‍ജി പരിഗണിച്ചത്. അന്വേഷണ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരിക്കണമെന്നും ഒരു മൊബൈല്‍ ഫോണ്‍ മാത്രമെ ഉപയോഗിക്കാന്‍ പാടുള്ളൂവെന്നുമുള്ള ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

അന്തരിച്ച തന്റെ അമ്മാവന്റെ നാല്‍പതാം ദിവസത്തെ ചടങ്ങുകളില്‍ പങ്കെടുക്കാനും രോഗിയായ അമ്മയെ പരിചരിക്കുന്നതിനുമായി 15 ദിവസത്തെ ജാമ്യം ആവശ്യപ്പെട്ട് ഉമര്‍ ഖാലിദ് നല്‍കിയ അപേക്ഷ നേരത്തെ ഡല്‍ഹി കോടതി തള്ളിയിരുന്നു. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ സെക്ഷന്‍ 483, സിആര്‍പിസിയിലെ സെക്ഷന്‍ 439 എന്നിവ പ്രകാരം സമര്‍പ്പിച്ച ഹര്‍ജി കര്‍ക്കര്‍ദൂമ കോടതിയിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജി സമീര്‍ ബജാജ് ആണ് നിരസിച്ചത്.

ഉമര്‍ ഖാലിദിന് നേരത്തെ പലതവണ ഇടക്കാല ജാമ്യം അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം എല്ലാ നിബന്ധനകളും പാലിച്ചിട്ടുണ്ടെന്നും വിചാരണക്കോടതി സമ്മതിച്ചു. എങ്കിലും ഓരോ അപേക്ഷയും അതിന്റെ യോഗ്യതയുടെ അടിസ്ഥാനത്തില്‍ സ്വതന്ത്രമായി വിലയിരുത്തേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി. അമ്മാവന്റെ മരണാന്തര ചടങ്ങില്‍ പങ്കെടുക്കുക എന്നത് അത്ര അത്യാവശ്യമുള്ള കാര്യമല്ലെന്നും അമ്മയുടെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് അവരെ പിന്തുണയ്ക്കാന്‍ കുടുംബത്തില്‍ മറ്റ് നിരവധി അംഗങ്ങളുണ്ടെന്നുമാണ് കോടതി പറഞ്ഞത്.

ഉമര്‍ ഖാലിദിന് മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യം; ചികിത്സയിലുള്ള അമ്മയെ സന്ദർശിക്കാൻ അനുമതി
'തിരഞ്ഞെടുപ്പ് വിജയങ്ങള്‍ ബിജെപിയെ മടിയന്മാരാക്കി'; സാമ്പത്തിക പരിഷ്‌കാരങ്ങളില്‍ മന്ദതയെന്ന് വിദഗ്ധർ

അമ്മാവന്‍ ഖുര്‍ഷിദ് അഹമ്മദ് ഖാന്റെ നാല്‍പ്പതാം ചരമദിന ചടങ്ങുകളില്‍ പങ്കെടുക്കാനും ശസ്ത്രക്രിയ ആവശ്യമുള്ള അമ്മയെ പരിചരിക്കാനും വേണ്ടി 15 ദിവസത്തെ ജാമ്യത്തിനാണ് ഉമര്‍ ഖാലിദ് അപേക്ഷ നല്‍കിയത്. ഖാലിദിന്റെ കുടുംബത്തില്‍ മാതാപിതാക്കളും അഞ്ച് സഹോദരിമാരുമാണുള്ളതെന്നും 71 കാരനായ പിതാവിന് അമ്മയെ പരിചരിക്കാന്‍ കഴിയുന്ന സാഹചര്യമല്ലെന്നും വിവാഹിതരായ സഹോദരിമാര്‍ സ്വന്തം വീടുകളില്‍ നിന്നും മാറിയാണ് താമസിക്കുന്നതെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. കുടുംബത്തിലെ മൂത്ത മകനും ഏക മകനുമെന്ന നിലയില്‍ ശസ്ത്രക്രിയയ്ക്ക് മുമ്പും ശേഷവും അമ്മയെ പരിചരിക്കാന്‍ ഖാലിദിന്റെ സാന്നിധ്യം ആവശ്യമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

നേരത്തെ 2022, 2024, 2025 വര്‍ഷങ്ങളില്‍ ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം ലഭിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി ഡല്‍ഹി കോടതി അദ്ദേഹത്തിന് 14 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. യാത്രകള്‍ക്കും സോഷ്യല്‍ മീഡിയ ഉപയോഗത്തിനും കര്‍ശനമായ നിയന്ത്രണങ്ങള്‍ ഉള്‍പ്പെടെയുള്ള വ്യവസ്ഥകളോടെയായിരുന്നു ജാമ്യം. 2020 സെപ്റ്റംബര്‍ മുതല്‍ ഉമര്‍ ഖാലിദ് ജയിലിലാണ്. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിലാണ് ഉമര്‍ ഖാലിദ് ജയിലില്‍ കഴിയുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധവുമായി ബന്ധപ്പെട്ട് കലാപം ആസൂത്രണം ചെയ്യാന്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ്.

English Summary: The Delhi High Court has granted three days of interim bail to Umar Khalid in connection with the 2020 Delhi riots conspiracy case. The bail has been allowed from June 1 to June 3 to enable him to visit and support his mother, who is scheduled to undergo surgery. The bench imposed conditions including remaining under the monitoring of investigating authorities and restricting him to the use of only one mobile phone.

Madism Digital
madismdigital.com