'ഫ്രീ ഉമർ ഖാലിദ് എന്ന മുദ്രാവാക്യം നിങ്ങൾ വിളിച്ചിരുന്നോ? എങ്കിൽ എത്ര തവണ വിളിച്ചു?, സമരത്തിന് നേതൃത്വം നൽകിയത് ആരാണ്? പ്രസംഗത്തിൽ ഏതെങ്കിലും സർക്കാർ സംവിധാനങ്ങളെ നിങ്ങൾ വിമർശിച്ചിരുന്നോ?', ഡൽഹിയിലെ ജന്തർമന്തറിൽ നടന്ന സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജൂലൈ 24-ന് ഗോവയിലെ മാപുസയില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തവര്‍ക്ക് ഗോവ പൊലീസ് വക നല്‍കിയ ചോദ്യാവലിയിലുള്ള ചോദ്യങ്ങളാണിവ.
പാർലമെന്റ് ആക്രമണ കേസ് പ്രതിയായിരുന്ന അഫ്‌സൽ ഗുരുവുമായി ബന്ധമുള്ളവനാണ് ഉമർ ഖാലിദ്, ആസാദ് മൈതാനിയിൽ നടന്ന പ്രതിഷേധത്തിൽ ഉമർ ഖാലിദിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട പ്ലക്കാർഡുകളാണ് ഉയർത്തിയത്. നീറ്റ് ചോദ്യപേപ്പർ ചോർച്ചയുടെ പേരിലുള്ള പ്രതിഷേധത്തിൽ എന്തിനാണ് ഉമർ ഖാലിദിനെ കൊണ്ടുവരുന്നത്?
ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്
ജൂലൈ 24-ന് ഗോവയിലെ മപൂസയിലാണ് നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെയും ജന്തർമന്തർ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും പ്രതിഷേധം നടന്നത്. ഇതിന് പിന്നാലെ പനാജിയിലെ ആസാദ് മൈതാനത്ത് നടന്ന മറ്റൊരു ഒത്തുചേരലിൽ ഫ്രീ ഉമർ ഖാലിദ് എന്ന് എഴുതിയ പ്ലക്കാർഡ് പിടിച്ചതിന് ഒരാളെ ശനിയാഴ്ച പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന്, 'സിറ്റിസൺസ് ഓഫ് മപൂസ' എന്ന പ്രാദേശിക സംഘടന നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മറ്റ് രണ്ട് പ്രതിഷേധക്കാരെ കൂടി ഞായർ, തിങ്കൾ ദിവസങ്ങളിലായി പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും 240 ചോദ്യങ്ങളടങ്ങിയ ചോദ്യാവലി പൂരിപ്പിച്ചു നൽകാൻ ആവശ്യപ്പെടുകയുമായിരുന്നുവെന്ന് 'ദി ഇന്ത്യൻ എക്സ്പ്രസ്' നടത്തിയ അന്വേഷണാത്മക റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ചോദ്യങ്ങളിൽ ഭൂരിഭാഗവും ഉമർ ഖാലിദുമായി ബന്ധപ്പെട്ടുള്ളതായിരുന്നു. 2020 നവംബറിൽ ഡൽഹി കലാപക്കേസിൽ യുഎപിഎ ചുമത്തി ജയിലിലടച്ച ജെഎൻയു മുൻ വിദ്യാർഥിയാണ് ഉമർ ഖാലിദ്.
ചോദ്യാവലിയിലെ പ്രധാന ചോദ്യങ്ങൾ ഇങ്ങനെ:
'ഫ്രീ ഉമർ ഖാലിദ്' എന്ന മുദ്രാവാക്യം നിങ്ങൾ വിളിച്ചിരുന്നോ? എങ്കിൽ എത്ര തവണ വിളിച്ചു? മറ്റാരെങ്കിലും ഈ മുദ്രാവാക്യം ഏറ്റുവിളിച്ചിരുന്നോ?
ഈ പ്രതിഷേധത്തിൽ പങ്കെടുക്കുന്നതിന് മുൻപ് ഉമർ ഖാലിദിന്റെ പശ്ചാത്തലത്തെക്കുറിച്ച് നിങ്ങൾക്ക് എന്തെങ്കിലും അറിയാമായിരുന്നോ?
സമരത്തിൽ ഉപയോഗിച്ച ബാനറുകൾ, പ്ലക്കാർഡുകൾ, ഉച്ചഭാഷിണികൾ എന്നിവ ആരാണ് സംഘടിപ്പിച്ചത്? ആരാണ് അതിനുള്ള പണം മുടക്കിയത്?
എങ്ങനെയാണ് സമരവേദിയില്‍ നിങ്ങള്‍ എത്തിയത്? സമരത്തിന് നേതൃത്വം നൽകിയത് ആരാണ്?
പ്രതിഷേധ വേദിയിൽ എത്ര പ്ലക്കാർഡുകൾ വിതരണം ചെയ്തു? പ്ലക്കാർഡുകൾ പിടിച്ചുനിൽക്കുന്ന നിങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നോ?
പ്രസംഗത്തിൽ ഏതെങ്കിലും സർക്കാർ സംവിധാനങ്ങളെ നിങ്ങൾ വിമർശിച്ചിരുന്നോ?
സമരവുമായി ബന്ധപ്പെട്ട ഏതെങ്കിലും വാട്ട്സ്ആപ്പ്, ടെലഗ്രാം, സിഗ്നൽ ഗ്രൂപ്പുകളിൽ നിങ്ങൾ അംഗമാണോ?
ഈ സമരത്തിലൂടെ എന്ത് നേടിയെടുക്കാനാണ് നിങ്ങള്‍ ഉദ്ദേശിച്ചത്?
എന്നിങ്ങനെ പോകുന്നു പൊലീസിന്റെ ചോദ്യങ്ങൾ. ഇതുൾപ്പെടെ ആകെ 240 ചോദ്യങ്ങള്‍ക്കാണ് പ്രതിഷേധക്കാർക്ക് മറുപടി നൽകേണ്ടി വന്നത്. ഇതിന് പുറമെ, ഫോണിലെ വിവരങ്ങൾ മായ്ച്ചുകളഞ്ഞോ എന്നും, പരിശോധനയ്ക്കായി ഫോൺ പൊലീസിന് കൈമാറാൻ സാധിക്കുമോ എന്നും ചോദ്യാവലിയിൽ ചോദിക്കുന്നുണ്ട്. സമാനമായ മറ്റ് സമരങ്ങളിൽ പങ്കെടുത്തതിന്റെ വിവരങ്ങളും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാൽ, പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ വിളിച്ചുവരുത്തിയതെന്നും, ചോദ്യം ചെയ്യലിന് ശേഷം ഇവരെ വിട്ടയച്ചതായും നോർത്ത് ഗോവ എസ് പി ഹരിശ്ചന്ദ്ര മഡ്കൈക്കർ പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി തൃപ്തികരമായ മറുപടി ലഭിക്കുന്നതുവരെ ചോദ്യങ്ങൾ ചോദിക്കുക എന്നത് സാധാരണ നടപടിയാണെന്നും ചോദ്യാവലിയെ ന്യായീകരിച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കി.
ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും വിദ്യാര്‍ഥി പ്രതിഷേധത്തെ ചോദ്യം ചെയ്ത് രംഗത്തു വന്നിരുന്നു. നീറ്റ് ചോദ്യപേപ്പർ ചോർച്ചക്കെതിരെ നടന്ന സമരത്തിൽ ഉമർ ഖാലിദിനെ മോചിപ്പിക്കണമെന്ന പ്ലക്കാർഡുകൾ എന്തിനാണ് കൊണ്ടുവന്നതെന്ന് പ്രമോദ് സാവന്ത് ചോദിച്ചു.
നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രതിഷേധിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അവകാശമുണ്ടെങ്കിലും അവരുടെ പ്രവര്‍ത്തികള്‍ വളരെ തരംതാഴ്ന്ന നിലയിലാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആക്ഷേപം. ''പാർലമെന്റ് ആക്രമണ കേസ് പ്രതിയായിരുന്ന അഫ്‌സൽ ഗുരുവുമായി ബന്ധമുള്ളവനാണ് ഉമർ ഖാലിദ്, ആസാദ് മൈതാനിയിൽ നടന്ന പ്രതിഷേധത്തിൽ ഉമർ ഖാലിദിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട പ്ലക്കാർഡുകളാണ് ഉയർത്തിയത്. നീറ്റ് ചോദ്യപേപ്പർ ചോർച്ചയുടെ പേരിലുള്ള പ്രതിഷേധത്തിൽ എന്തിനാണ് ഉമർ ഖാലിദിനെ കൊണ്ടുവരുന്നത്? രാജ്യത്തിന്റെ താത്പര്യം മാനിച്ചും ഉത്തരവാദിത്തം ഏറ്റെടുത്തും ധർമേന്ദ്ര പ്രധാൻ രാജിവച്ചിട്ടുണ്ട്. നമ്മുടെ കുട്ടികളിൽ രാജ്യസ്നേഹം ഉണർത്തേണ്ടതായി വന്നിരിക്കുകയാണ്. അവർ ഒരിക്കലും സാമൂഹിക സൗഹാർദ്ദം തകർക്കുന്നവരാകരുത്''- പ്രമോദ് സാവന്ത് പറഞ്ഞു.
നീറ്റ് പരീക്ഷാ വിവാദം കേന്ദ്ര സർക്കാരിനെയും ബിജെപിയെയും വലിയ പ്രതിരോധത്തിലാക്കിയ വിഷയമാണ്. വിദ്യാർഥികളുടെ ഈ സ്വാഭാവിക രോഷത്തിൽ നിന്നും പൊതുസമൂഹത്തിന്റെ ശ്രദ്ധ തിരിക്കാനുള്ള ഏറ്റവും എളുപ്പവഴിയാണ് പ്രതിഷേധക്കാരെ 'തീവ്രവാദികളോ' 'രാജ്യദ്രോഹികളോ' ആയി മുദ്രകുത്തുക എന്നത്. ഇവിടെ ഉമർ ഖാലിദിന്റെ പേര് അതിനുള്ള ഒരു രാഷ്ട്രീയ കരുവാക്കി മാറ്റുകയാണ് ഗോവ സർക്കാർ.
Following a protest in Mapusa, Goa, expressing solidarity with the Jantar Mantar demonstrations (and addressing NEET irregularities), the Goa police summoned at least two protesters for questioning. The police action was triggered by a complaint from a local group called "Citizens of Mapusa" and an incident where a man was detained in Panaji for holding a "Free Umar Khalid" placard. The summoned protesters were required to fill out an exhaustive 240-point questionnaire. The questions heavily focused on their association with Umar Khalid (a former JNU student jailed under the UAPA for his alleged role in the 2020 Delhi riots) and the organizational details of the protest.