നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ രാജ്യവ്യാപകമായി നടന്ന വിദ്യാർത്ഥി സമരങ്ങളിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കാമെന്ന വാഗ്ദാനം ലംഘിക്കപ്പെടുന്നുവെന്നാരോപിച്ച് കോക്രോച്ച് ജനതാ പാർട്ടി. കേന്ദ്ര സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിക്കപ്പെടുന്നില്ലെന്നും, കേസുകൾ പിൻവലിച്ചില്ലെങ്കിൽ വീണ്ടും പ്രതിഷേധമെന്ന് സംഘടന മുന്നറിയിപ്പ് നൽകി. അതേസമയം, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ സർക്കാരുകൾ പ്രതിഷേധക്കാർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
സമാധാനപരമായി പ്രതിഷേധിച്ചവർക്കെതിരെയുള്ള ക്രിമിനൽ കേസുകൾ പൂർണ്ണമായും പിൻവലിക്കാമെന്ന് കേന്ദ്രം വാക്കാൽ പറഞ്ഞതല്ലാതെ, രേഖാമൂലം വ്യക്തമായ നിർദ്ദേശങ്ങളൊന്നും നൽകിയിട്ടില്ല. ഈ സാഹചര്യത്തിൽ കേന്ദ്ര സർക്കാരും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും കോടതി ഉത്തരവ് ആയുധമാക്കി പ്രതിഷേധക്കാരെ വീണ്ടും വേട്ടയാടാൻ സാധ്യതയുണ്ടെന്ന് സിജെപി നേതാവ് സൗരവ് ദാസ് ആശങ്ക പ്രകടിപ്പിച്ചു. ബിഹാർ, അസം എന്നീ സംസ്ഥാനങ്ങൾ ചെയ്തതുപോലെ കേസുകൾ പൂർണ്ണമായും പിൻവലിക്കണമെന്നാണ് സിജെപിയുടെ പ്രധാന ആവശ്യം.
സമരത്തിൽ പങ്കെടുത്ത പ്രായപൂർത്തിയാകാത്ത വിദ്യാർഥികളെ മോചിപ്പിക്കാൻ സുപ്രീം കോടതി അടുത്തിടെ നിർദേശിച്ചിരുന്നുവെങ്കിലും, നിലവിലുള്ള എഫ്ഐആറുകളിന്മേലുള്ള അന്വേഷണവുമായി അധികാരികൾക്ക് മുന്നോട്ട് പോകാമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. കേന്ദ്ര സർക്കാർ നൽകിയ വാഗ്ദാനങ്ങൾക്ക് വിരുദ്ധമാണ് ഈ നിർദ്ദേശമെന്ന് സിജെപി ആരോപിക്കുന്നു. രേഖാമൂലമുള്ള ഉത്തരവുകളുടെ അഭാവത്തിൽ, സുപ്രീം കോടതിയുടെ ഈ നിർദ്ദേശം ഉപയോഗിച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ വിദ്യാർഥികളെ വേട്ടയാടാനും ബുദ്ധിമുട്ടിക്കാനും സാധ്യതയുണ്ടെന്ന് സിജെപി വക്താക്കൾ ചൂണ്ടിക്കാട്ടി.
കേസുകൾ പിൻവലിച്ചില്ലെങ്കിൽ വീണ്ടും പ്രതിഷേധമെന്ന് സംഘടന കൃത്യമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എക്സിക്യൂട്ടീവ് അധികാരങ്ങൾ ഉപയോഗിച്ച് സർക്കാരിന് ഈ എഫ്ഐആറുകൾ ഒറ്റയടിക്ക് പിൻവലിക്കാൻ കഴിയുമെന്നും, സർക്കാരിന്റെ ഭാഗത്തുനിന്നും ഇക്കാര്യത്തിൽ പൂർണ്ണ സുതാര്യതയാണ് പ്രതീക്ഷിക്കുന്നതെന്നും സിജെപി വ്യക്തമാക്കി.
അതേസമയം, നീറ്റ് പ്രതിഷേധങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് സമാധാനപരമായി സമരം ചെയ്തവർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കാനുള്ള നടപടികൾ മഹാരാഷ്ട്ര സർക്കാർ ആരംഭിച്ചു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ആഭ്യന്തര വകുപ്പിന് ഇതിനുള്ള നിർദ്ദേശം നൽകി. കേസ് പിൻവലിക്കുന്നതിനുള്ള നിയമപരമായ നടപടികൾ പൂർത്തിയാകുന്നതുവരെ എഫ്ഐആറിൽ പേരുള്ള വിദ്യാർഥികളെ കസ്റ്റഡിയിലെടുക്കില്ലെന്നും, ആരുടെയും വീടുകളിൽ പരിശോധന നടത്തില്ലെന്നും മഹാരാഷ്ട്ര ആഭ്യന്തര വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
വിദ്യാർഥികൾക്കെതിരെ കർശന നടപടികൾ ഉണ്ടാകില്ലെന്ന് പശ്ചിമ ബംഗാൾ സർക്കാരും അറിയിച്ചു. എന്നാൽ ക്രിമിനൽ പശ്ചാത്തലമുള്ളവർക്ക് ഈ ഇളവ് ലഭിക്കില്ല. കൊൽക്കത്തയിൽ നടന്ന പ്രതിഷേധത്തിൽ അക്രമം നടത്തിയെന്നാരോപിച്ച് അറസ്റ്റിലായ 16 പേർക്ക് കഴിഞ്ഞ ദിവസം കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇവർ വിദ്യാർഥികളല്ലെന്നും കുഴപ്പക്കാരാണെന്നുമാണ് പൊലീസ് വാദിച്ചത്.
കേന്ദ്രസർക്കാർ ഔദ്യോഗികമായി രേഖാമൂലം ഉത്തരവിറക്കാത്തതിനാൽ ഏത് നിമിഷവും വിദ്യാർഥികൾക്കെതിരെ നടപടിയുണ്ടാകാം എന്ന ഭയമാണ് സിജെപിയുടെ പുതിയ പ്രതിഷേധ നീക്കങ്ങൾക്ക് കാരണം.
The Cockroach Janta Party has issued a stern warning of renewed protests if the cases registered against students during recent agitations are not completely withdrawn. This development follows a recent Supreme Court observation that, while directing the release of minors involved in the protests, allowed authorities to continue investigating the existing FIRs. The core of the CJP's grievance lies in the Central Government's failure to provide written assurances regarding the withdrawal of cases. The CJP alleges that the government has reneged on its verbal commitment to quash the FIRs.