

പൂനെയിലെ പ്രമുഖ ഐടി ഹബ്ബായ ഹിഞ്ജവാഡിയില്‍ പ്രവര്‍ത്തിച്ചിരുന്ന 'തിങ്ക് ടെക് ഇന്ത്യ ഒപിസി പ്രൈവറ്റ് ലിമിറ്റഡ്'എന്ന ഐടി കമ്പനി മുന്‍കൂട്ടി അറിയിക്കാതെ അടച്ചുപൂട്ടി. ഇതോടെ ആയിരത്തോളം വരുന്ന ജീവനക്കാര്‍ക്ക് ഒറ്റ രാത്രികൊണ്ട് ജോലി നഷ്ടമായി. കഴിഞ്ഞ എട്ട് മാസത്തിനിടെ പൂനെയില്‍ പൂട്ടുന്ന അഞ്ചാമത്തെ ഐടി കമ്പനിയാണിത്. ഈ കാലയളവില്‍ മാത്രം പൂനെയില്‍ അയ്യായിരത്തോളം ഐടി ജീവനക്കാര്‍ക്കാണ് ജോലി നഷ്ടപ്പെട്ടത്.
തൊഴില്‍ തട്ടിപ്പ്, പണം തട്ടിയെടുക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി കമ്പനി ഉടമയും സിഇഒയുമായ ഹര്‍ഷല്‍ താക്കറെയെ ഹിഞ്ജവാഡി പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജൂണ്‍ 8 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ശമ്പളം നല്‍കാതിരിക്കല്‍, ചെക്ക് മടങ്ങല്‍, സാമ്പത്തിക ക്രമക്കേട് തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് തിങ്ക് ടെക് ഇന്ത്യ കമ്പനിക്കെതിരെ ഉയര്‍ന്നിട്ടുള്ളത്.
തട്ടിപ്പിന്റെ രീതി ഇങ്ങനെ
25 വയസ്സുകാരനായ ഒരു ഇന്റേണ്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സമാനമായ പരാതികളുമായി മുപ്പതിലധികം ഇന്റേണ്‍മാരും ജീവനക്കാരും അധികൃതരെ സമീപിച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. സിഇഒയ്ക്ക് പുറമെ കമ്പനിയുടെ ട്രെയിനിങ് ആന്‍ഡ് ഡെവലപ്മെന്റ് മേധാവിക്കെതിരെയും എച്ച്ആര്‍ മാനേജര്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. ഏപ്രില്‍ മാസത്തില്‍ കമ്പനി പെട്ടെന്ന് പ്രവര്‍ത്തനം നിര്‍ത്തുകയായിരുന്നുവെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു. ഓഫീസില്‍ പ്രവേശിക്കാനോ, കുടിശ്ശികയുള്ള ശമ്പളം കൈപ്പറ്റാനോ, മാനേജ്മെന്റുമായി ആശയവിനിമയം നടത്താനോ ജീവനക്കാര്‍ക്ക് സാധിച്ചിട്ടില്ല.
2025-ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ കമ്പനി ജോലിയില്‍ പ്രവേശിക്കുന്ന ഓരോ ഇന്റേണ്‍മാരില്‍ നിന്നും ലാപ്ടോപ്പ് നല്‍കാനെന്ന പേരില്‍ 15,000 രൂപ വീതം സെക്യൂരിറ്റി ഡെപ്പോസിറ്റായി വാങ്ങിയിരുന്നു. ആദ്യത്തെ രണ്ട് മാസം ശമ്പളമില്ലാത്ത ഇന്റേണ്‍ഷിപ്പ് ആയിരിക്കുമെന്നും അതിനുശേഷം പ്രതിമാസം 15,000 രൂപ വീതം സ്‌റ്റൈപ്പന്‍ഡ് നല്‍കുമെന്നുമായിരുന്നു വാഗ്ദാനം. തുടക്കത്തില്‍ ശമ്പളവും സ്‌റ്റൈപ്പന്‍ഡും കൃത്യമായി നല്‍കി ജീവനക്കാരുടെ വിശ്വാസം പിടിച്ചുപറ്റിയെങ്കിലും 2026 ജനുവരി മുതല്‍ പേയ്മെന്റുകള്‍ പൂര്‍ണ്ണമായി നിലച്ചുവെന്ന് ജീവനക്കാര്‍ പറയുന്നു. കുടിശ്ശിക തീര്‍ക്കാന്‍ നല്‍കിയ ചെക്കുകള്‍ ബാങ്കില്‍ നിന്ന് മടങ്ങിയത് ജീവനക്കാരുടെ ആശങ്ക വര്‍ദ്ധിപ്പിച്ചു.
ആഭ്യന്തര ഓഡിറ്റിങ്ങും ഫണ്ട് ലഭിക്കാനുള്ള കാലതാമസവും കാരണമായി ചൂണ്ടിക്കാട്ടി ശമ്പളം ഉടന്‍ നല്‍കാമെന്ന് മാനേജ്മെന്റ് ആവര്‍ത്തിച്ച് ഉറപ്പ് നല്‍കിയിരുന്നതായി മുന്‍ ജീവനക്കാര്‍ പറയുന്നു. സര്‍ക്കാര്‍ നല്‍കുന്ന സബ്സിഡികളും ആനുകൂല്യങ്ങളും കൈപ്പറ്റിയ ശേഷമാണ് കമ്പനി ഈ ചതി ചെയ്തത്. കൂടാതെ കമ്പനിയുടെ ഓഫീസ് വെറും 50 പേര്‍ക്ക് മാത്രം ഇരിക്കാന്‍ സൗകര്യമുള്ളതാണെന്നും ഭൂരിഭാഗം പേരും വര്‍ക്ക് ഫ്രം ഹോം രീതിയിലാണ് ജോലി ചെയ്തിരുന്നതെന്നും ഇരയായ ഒരു ഇന്റേണ്‍ വെളിപ്പെടുത്തി.
അതേസമയം, യുവാക്കള്‍ ഇത്രയും വലിയ ചതിക്ക് ഇരയായിട്ടും സംസ്ഥാന വ്യവസായ മന്ത്രാലയമോ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയമോ, തൊഴില്‍ വകുപ്പോ വിഷയത്തില്‍ ഇടപെടുകയോ പ്രതികരിക്കുകയോ ചെയ്തിട്ടില്ലെന്ന് ഫോറം ഫോര്‍ ഐടി എംപ്ലോയീസ് കുറ്റപ്പെടുത്തി.
തുടർക്കഥയാകുന്ന തട്ടിപ്പുകൾ
പൂനെയിൽ കഴിഞ്ഞ എട്ട് മാസത്തിനിടെ സമാനമായ രീതിയിൽ അഞ്ച് കമ്പനികളാണ് പൂട്ടിയത്. ഇതിൽ മൂന്നെണ്ണം ഹിഞ്ജവാഡിയിലും രണ്ടെണ്ണം വിമാൻ നഗർ-ഖരാഡി ഐടി ഹബ്ബിലുമാണ്. നാല് മാസം മുമ്പ് പൂട്ടിപ്പോയ 'ഫ്ലൈനോട്ട്' എന്ന കമ്പനി ഓരോ ജീവനക്കാരനിൽ നിന്നും 1.50 ലക്ഷം രൂപ വീതമാണ് സെക്യൂരിറ്റി ഡെപ്പോസിറ്റായി വാങ്ങിയത്. രണ്ട് ഘട്ടങ്ങളായുള്ള ഇൻ്റർവ്യൂ നടത്തി, ഉദ്യോഗാർത്ഥികളിൽ വിശ്വാസം ജനിപ്പിച്ച ശേഷമാണ് ഈ തട്ടിപ്പ് സംഘങ്ങൾ ലക്ഷക്കണക്കിന് രൂപയുമായി മുങ്ങുന്നത്.
English Summary: A major IT company operating in Pune's Hinjawadi IT hub, Thynk Tech India OPC Pvt Ltd, has abruptly shut down, leaving an estimated 800 to 1,000 employees without jobs overnight. The closure marks the fifth IT company to shut down in Pune in the last eight months, resulting in nearly 5,000 IT professionals losing their jobs during this period.