

ശരീരഭാരം കുറയ്ക്കാന്‍ ഉപയോഗിക്കുന്ന മരുന്നുകള്‍ക്ക് കാന്‍സര്‍ വരാനുള്ള സാധ്യതയും കാന്‍സര്‍ മൂലമുള്ള മരണസാധ്യതയും 30 ശതമാനം വരെ കുറയ്ക്കാന്‍ സാധിക്കുമെന്ന് പഠനങ്ങള്‍. അമിതവണ്ണത്തിനുള്ള ചികിത്സയ്ക്കായി നിലവില്‍ ദശലക്ഷക്കണക്കിന് ആളുകള്‍ ഈ മരുന്നുകള്‍ ഉപയോഗിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ഓങ്കോളജി കോണ്‍ഫറന്‍സില്‍ അവതരിപ്പിച്ച ഒരു കൂട്ടം പഠനങ്ങളിലാണ് കാന്‍സര്‍ തടയുന്നതിനും അതിനുള്ള ചികിത്സയ്ക്കും ഈ മരുന്നുകള്‍ക്ക് വലിയൊരു പങ്കുവഹിക്കാന്‍ കഴിഞ്ഞേക്കുമെന്ന് സൂചിപ്പിക്കുന്നത്.
സ്തനാര്‍ബുദം വരാനുള്ള സാധ്യത 30 ശതമാനം കുറയ്ക്കും
ശരീരഭാരം കുറയ്ക്കുന്ന മരുന്നുകള്‍ കഴിക്കാത്തവരുമായി താരതമ്യം ചെയ്യുമ്പോള്‍, ജിഎല്‍പി-1 വിഭാഗത്തില്‍പ്പെട്ട മരുന്നുകള്‍ കഴിച്ചവര്‍ക്ക് സ്തനാര്‍ബുദം വരാനുള്ള സാധ്യത 30% കുറവാണെന്ന് ഒരു പഠനത്തില്‍ കണ്ടെത്തി. സ്തനാര്‍ബുദത്തിനുള്ള സാധാരണ ചികിത്സകള്‍ക്കൊപ്പം വണ്ണക്കുറയ്ക്കാനുള്ള മരുന്നുകള്‍ കൂടി ഉള്‍പ്പെടുത്തുന്നത്, രോഗികള്‍ ഈ അസുഖം ബാധിച്ച് മരിക്കാനുള്ള സാധ്യത 30 ശതമാനം കുറയ്ക്കുന്നതായി മറ്റൊരു പഠനത്തിലും കണ്ടെത്തിയിട്ടുണ്ട്.
സ്തനം, ശ്വാസകോശം, കുടല്‍, കരള്‍ എന്നിവടങ്ങളില്‍ കാന്‍സര്‍ ബാധിച്ച രോഗികളില്‍ നടത്തിയ മൂന്നാമതൊരു പഠനം വ്യക്തമാക്കുന്നത്, ശരീരഭാരം കുറയ്ക്കുന്ന മരുന്നുകള്‍ കഴിക്കുന്നവരില്‍ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് രോഗം പടരാനുള്ള സാധ്യത 50 ശതമാനം വരെ കുറവാണെന്നാണ്.
1,10,000 സ്ത്രീകളില്‍ പഠനം
ചിക്കാഗോയില്‍ നടന്ന 'അമേരിക്കന്‍ സൊസൈറ്റി ഓഫ് ക്ലിനിക്കല്‍ ഓങ്കോളജി'യുടെ വാര്‍ഷിക യോഗത്തിലാണ് ഈ കണ്ടെത്തലുകള്‍ പങ്കുവെക്കപ്പെട്ടത്. രക്തത്തിലെ പഞ്ചസാരയുടെ അളവും വിശപ്പും നിയന്ത്രിക്കാന്‍ സഹായിക്കുന്ന, ശരീരത്തിലെ സ്വാഭാവിക ഹോര്‍മോണായ ഗ്ലൂക്കോണ്‍ പോലുള്ള പെപ്‌റ്റൈഡ്-1 നെ അനുകരിക്കുന്ന മരുന്നുകളുടെ ഒരു കൂട്ടമാണ് ജിഎല്‍പി-1 മരുന്നുകള്‍. തുടക്കത്തില്‍ ടൈപ്പ് 2 പ്രമേഹ ചികിത്സയ്ക്കായി ഉപയോഗിച്ചിരുന്ന ഇവ, ഇപ്പോള്‍ ശരീരഭാരം നിയന്ത്രിക്കുന്നതിനായി വ്യാപകമായി ഉപയോഗിച്ചുവരുന്നു.
നാല്‍പത്തിയഞ്ചിനും എണ്‍പതിനും ഇടയില്‍ പ്രായമുള്ള 1,10,000 സ്ത്രീകളില്‍ നടത്തിയ ഒരു പഠനത്തിലാണ് ജിഎല്‍പി-1 മരുന്നുകള്‍ കഴിച്ചവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് സ്തനാര്‍ബുദം വരാനുള്ള സാധ്യത 30 ശതമാനം കുറവാണെന്ന് കണ്ടെത്തിയത്. പെന്‍സില്‍വാനിയ സര്‍വകലാശാലയിലെ റേഡിയോളജി പ്രൊഫസറും അബ്രാംസണ്‍ കാന്‍സര്‍ സെന്ററിലെ സ്തന റേഡിയോളജിസ്റ്റുമായ ഡോ. എലിസബത്ത് മക്‌ഡൊണാള്‍ഡ് ആണ് ഈ കണ്ടെത്തലുകള്‍ അവതരിപ്പിച്ചത്.
''ഞങ്ങളുടേത് ഒരു നിരീക്ഷണാത്മക പഠനമാണ്. അതിനാല്‍ ജിഎല്‍പി-1 മരുന്നുകളും സ്തനാര്‍ബുദ സാധ്യത കുറയുന്നതും തമ്മിലുള്ള ബന്ധം ഇത് കൃത്യമായി സ്ഥിരീകരിക്കുന്നില്ല. എങ്കിലും, കാന്‍സര്‍ പ്രതിരോധ മാര്‍ഗമെന്ന നിലയില്‍ ശരീരഭാരം കുറയ്ക്കുന്ന ഈ മരുന്നുകളെക്കുറിച്ച് കൂടുതല്‍ ഗവേഷണം നടത്തുന്നത് ഗുണം ചെയ്യുമെന്നതിലേക്കാണ് പഠനം വിരല്‍ചൂണ്ടുന്നത്,'' ഡോ. എലിസബത്ത് മക്‌ഡൊണാള്‍ഡ് പറഞ്ഞു.
ജിഎല്‍പി-1 മരുന്നുകളും സ്തനാര്‍ബുദവും
ജിഎല്‍പി-1 മരുന്നുകള്‍ ശരീരഭാരം കുറയ്ക്കാന്‍ വളരെ ഫലപ്രദമാണ്. കൂടാതെ ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുന്നത് സ്തനാര്‍ബുദത്തെ പ്രതിരോധിക്കാനുള്ള ഒരു മാര്‍ഗ്ഗമായി മെഡിക്കല്‍ ലോകം ശുപാര്‍ശ ചെയ്യാറുണ്ട്. പ്രത്യേകിച്ച് ആര്‍ത്തവവിരാമത്തിന് ശേഷം അമിതവണ്ണമുണ്ടാകുന്നത് സ്തനാര്‍ബുദത്തിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ്.
ശരീരത്തിലുണ്ടാകുന്ന നേരിയ തോതിലുള്ള വീക്കങ്ങള്‍ സ്തനാര്‍ബുദത്തിന് കാരണമായേക്കാമെന്ന് ഗവേഷകര്‍ പണ്ടേ സംശയിച്ചിരുന്നു. ജിഎല്‍പി-1 മരുന്നുകള്‍ വിവിധ മാര്‍ഗങ്ങളിലൂടെ ശരീരത്തിലെ ഇത്തരം വീക്കങ്ങള്‍ കുറയ്ക്കുന്നു. കൂടാതെ ട്യൂമര്‍ വളര്‍ച്ചയെ തടയാന്‍ സഹായിക്കുന്ന മറ്റ് ഉപാപചയ (metabolic), എപിജെനെറ്റിക് (epigenetic) ഫലങ്ങളും ഈ മരുന്നുകള്‍ നല്‍കുന്നുണ്ട്.
ഇറ്റലിയിലെ മെല്‍ഡോളയിലുള്ള ഐആര്‍സിസിഎസ് ഇസ്റ്റിറ്റിയൂട്ടോ റൊമാഗ്‌നൊളോ പെര്‍ ലോ സ്റ്റുഡിയോ ഡീ റ്റുമറി ഡിനോ അമാഡോറി (IRCCS Istituto Romagnolo per lo Studio dei Tumori Dino Amadori) എന്ന കാന്‍സര്‍ സെന്ററിന്റെ നേതൃത്വത്തില്‍ 27,000 സ്തനാര്‍ബുദ രോഗികളിലാണ് രണ്ടാമത്തെ പഠനം നടത്തിയത്. സാധാരണ ചികിത്സയോടൊപ്പം ശരീരഭാരം കുറയ്ക്കുന്ന മരുന്നുകള്‍ കൂടി നല്‍കിയപ്പോള്‍ രോഗികളുടെ മരണസാധ്യതയില്‍ 30 ശതമാനം കുറവുണ്ടായതായി ഗവേഷകര്‍ കണ്ടെത്തി.
ക്ലീവ്ലാന്‍ഡ് ക്ലിനിക്കിന്റെ നേതൃത്വത്തില്‍ 12,000 കാന്‍സര്‍ രോഗികളിലാണ് മൂന്നാമത്തെ പഠനം നടത്തിയത്. വണ്ണക്കുറയ്ക്കല്‍ മരുന്നുകള്‍ കഴിച്ച ശ്വാസകോശം, സ്തനം, കുടല്‍, കരള്‍ എന്നിവടങ്ങളില്‍ കാന്‍സര്‍ ബാധിച്ചവര്‍ക്ക്, മരുന്ന് കഴിക്കാത്തവരെ അപേക്ഷിച്ച് രോഗം അതിന്റെ നാലാം ഘട്ടത്തിലേക്ക് എത്താനുള്ള സാധ്യത 38% മുതല്‍ 50% വരെ കുറവാണെന്ന് കണ്ടെത്തി.
English Summary: New studies presented at the annual meeting of the American Society of Clinical Oncology suggest that GLP-1 weight-loss drugs may significantly reduce the risk of developing cancer and improve survival rates among cancer patients. Researchers found that women taking GLP-1 medications had a 30% lower risk of developing breast cancer compared to non-users.