

പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തിന് മുന്നോടിയായി നടന്ന കേന്ദ്രസര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ നാടകീയ രംഗങ്ങള്‍. യോഗത്തില്‍ വിമത തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) എംപിമാര്‍ക്ക് പ്രത്യേക ഇരിപ്പിടം ക്രമീകരിച്ച സര്‍ക്കാര്‍ നടപടിയാണ് പുതിയ തര്‍ക്ക വിഷയം. വിഷയം ചൂടേറിയ വാഗ്വാദത്തിന് വഴിവയ്ക്കുകയും പ്രതിപക്ഷ നിരയായ ഇന്ത്യാ സംഖ്യത്തിലെ പ്രതിനിധികള്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോവുകയുമായിരുന്നു. വിമതരെ ഉള്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടി ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം വാക്കൗട്ട് നടത്തിയത്. പ്രതിഷേധം പ്രതീകാത്മകമാണെന്ന് വ്യക്തമാക്കിയ പ്രതിപക്ഷ നേതാക്കാള്‍ തുടര്‍ന്ന് യോഗത്തില്‍ പങ്കെടുത്തു.
പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തിന്റെ അജണ്ടയും, സമ്മേളനം പരിഗണിക്കുന്ന നിയമ നിര്‍മാണങ്ങളും ചര്‍ച്ച ചെയ്യാനായിരുന്നു പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു പാര്‍ലമെന്റ് അനക്‌സില്‍ സര്‍വകക്ഷിയോഗം വിളിച്ചു ചേര്‍ത്തത്.
യോഗത്തില്‍ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ പങ്കെടുത്തു. ഈ യോഗത്തിലാണ് ഏകദേശം 20 വിമത ടിഎംസി എംപിമാര്‍ ഉള്‍പ്പെടുന്ന നാഷണലിസ്റ്റ് കോണ്‍ഗ്രസ് ഓഫ് പ്രോഗ്രസീവ് ഇന്ത്യ (എന്‍സിപിഐ) പ്രതിനിധികളെ സര്‍ക്കാര്‍ പ്രത്യേകം പരിഗണിച്ചത്. വിമത സംഘത്തിന് യോഗത്തില്‍ അവര്‍ക്ക് പ്രത്യേക ഇരിപ്പിടം അനുവദിച്ചതോടെയാണ് പ്രതിപക്ഷം വാക്ക്ഔട്ട് നടത്തിയത്.
കോണ്‍ഗ്രസ്, സമാജ്വാദി പാര്‍ട്ടി, ഡിഎംകെ, ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച, ആം ആദ്മി പാര്‍ട്ടി, നാഷണല്‍ കോണ്‍ഫറന്‍സ്, ഇടതുപക്ഷ പാര്‍ട്ടികള്‍, ശിവസേന (യുബിടി) എന്നിവയുള്‍പ്പെടെയുള്ള എല്ലാ ഇന്ത്യാ ബ്ലോക്ക് പാര്‍ട്ടികളും വാക്കൗട്ടിന്റെ ഭാഗമായി.
പ്രതിപക്ഷ പ്രതിഷേധത്തിന്റെ കാതല്‍
ടിഎംസി വിട്ട് പുതിയെ പാര്‍ട്ടിയില്‍ ചേക്കേറിയ വിമത എംപിമാരെ പ്രത്യേക പാര്‍ലമെന്ററി പാര്‍ട്ടിയായി ലോക്‌സഭാ സ്പീക്കര്‍ അംഗീകരിച്ചിട്ടില്ലാത്തതിനാല്‍ സര്‍ക്കാര്‍ നിലപാട് ചട്ടവിരുദ്ധമാണെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ നിലപാട്.
വിമത 20 എംപിമാരുടെ ലയനം സ്പീക്കര്‍ അംഗീകരിച്ചിട്ടില്ല. 20 അയോഗ്യതാ ഹര്‍ജികള്‍ ഇപ്പോഴും കോടചി പരിഗണനയിലാണ്. അപ്പോള്‍ പാര്‍ലമെന്ററി കാര്യ മന്ത്രി ഈ 20 വിമത എംപിമാരെ ക്ഷണിച്ചത് എന്തിന്റെ അടിസ്ഥാനത്തിലാണ്, അവര്‍ എങ്ങനെയാണ് ഈ യോഗത്തില്‍ പങ്കെടുക്കുന്നതെന്നാണ് വിഷയത്തില്‍ മെഹുവ മൊയ്ത്ര ഉയര്‍ത്തുന്ന ചോദ്യം. ടിഎംസിയുടെ നിലപാടിന് ഒപ്പം നിന്ന പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ക്ക് നന്ദി അറിയിച്ച് കൊണ്ടാണ് മെഹുവയുടെ പ്രതികരണം.
സ്പീക്കറുടെ അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് വിമതരെ അംഗീകരിക്കുന്ന തരത്തിലുള്ള സര്‍ക്കാര്‍ നിലപാട് ഭരണഘടനാ വിരുദ്ധമാണെന്ന് കോണ്‍ഗ്രസ് എംപി പ്രമോദ് തിവാരി ആരോപിച്ചു. ശിവസേന (യുബിടി) എംപി അരവിന്ദ് സാവന്തും സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് രംഗത്തെത്തി. ഏത് നിയമ വ്യവസ്ഥ പ്രകാരമാണ് വിമത എംപിമാര്‍ക്ക് പ്രത്യേക ഐഡന്റിറ്റി നല്‍കിയതെന്നാണ് അദ്ദേഹം ഉയര്‍ത്തിയ ചോദ്യം. സര്‍ക്കാര്‍ നടപടി ജനാധിപത്യത്തിന്റെ കൊലപാതകമാണെന്ന് എഎപിയുടെ രാജ്യസഭാ എംപി എന്‍ഡി ഗുപ്ത കുറ്റപ്പെടുത്തി. പാര്‍ട്ടിയുടെ എഎപിയുടെ 10 രാജ്യസഭാ എംപിമാരില്‍ ഏഴ് പേരെയും സമാനമായി 'ഹൈജാക്ക്' ചെയ്തതായും ഗുപ്ത അവകാശപ്പെട്ടു.
യോഗത്തില്‍ പങ്കെടുത്ത പ്രതിപക്ഷ നേതാക്കളില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ്, സിപിഎം നേതാവ് ജോണ്‍ ബ്രിട്ടാസ്, സമാജ്വാദി പാര്‍ട്ടിയുടെ ധര്‍മ്മേന്ദ്ര യാദവ്, ടിഎംസിയുടെ സൗഗത റോയ്, മഹുവ മൊയ്ത്ര, മഹുവ മാജി, കോണ്‍ഗ്രസിന്റെ പ്രമോദ് തിവാരി, ആര്‍എസ്പിയുടെ എന്‍കെ പ്രേമചന്ദ്രന്‍, എന്‍സിപി (എസ്പി) നേതാവ് സുപ്രിയ സുലെ, കോണ്‍ഗ്രസ് എംപി കെ സുരേഷ്, ജെഡിയുവിന്റെ സഞ്ജയ് ഝാ, ഡിഎംകെയുടെ തിരുച്ചി ശിവ, കോണ്‍ഗ്രസിന്റെ ഗൗരവ് ഗൊഗോയ്, ശിവസേന എംപി ശ്രീകാന്ത് ഷിന്‍ഡെ, അരവിന്ദ് സാവന്ത് എന്നിവരും ഉള്‍പ്പെടുന്നു.
സര്‍ക്കാരിനെ പ്രതിനിധീകരിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ആരോഗ്യ മന്ത്രി ജെ പി നദ്ദ, പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു, പാര്‍ലമെന്ററി കാര്യ സഹമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ എന്നിവര്‍ പങ്കെടുത്തു.
Dramatic scenes unfolded at the all-party meeting convened by the Central Government ahead of Parliament's Monsoon Session. The controversy erupted after the government arranged separate seating for rebel Trinamool Congress (TMC) MPs, a move that drew strong objections from opposition parties. The issue led to a heated exchange, prompting representatives of the INDIA alliance to stage a walkout, alleging that including the rebel MPs in this manner violated parliamentary norms. Describing their protest as symbolic, opposition leaders later returned and participated in the meeting.