മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് ഇന്ത്യാ മുന്നണി നടത്തുന്ന പ്രതിഷേധം ശക്തമാകുന്നു. പാർലമെന്റ് സ്ട്രീറ്റിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് മുന്നൂറിലധികം പ്രതിപക്ഷ എംപിമാരുടെ നേതൃത്വത്തിൽ നടത്തിയ മാർച്ച് വലിയ സംഘർഷങ്ങൾക്കാണ് വഴിവെച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷണറെ കാണാൻ ഇന്ത്യാ സഖ്യം എംപിമാർക്ക് അവസരം നൽകണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
ഇക്കാര്യത്തിൽ തീരുമാനമായില്ലെങ്കിൽ പ്രതിഷേധം തുടരുമെന്നും വേണമെങ്കിൽ ബലപ്രയോഗത്തിലൂടെ തന്നെ നീക്കാമെന്നും രാഹുൽ വ്യക്തമാക്കി. ഇവിടെ ഇരിക്കരുതെന്ന് പൊലീസ് പറയുകയാണെന്നും, പിന്നെ എവിടെ പോകുമെന്നും രാഹുൽ ചോദിച്ചു. നിലവിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നൽകാനുള്ള നീക്കം നടക്കുകയാണ്. ഇതിനായുള്ള നിവേദനം തയ്യാറാക്കുന്നതായും, ഒരു മണിക്കൂറിനുള്ളിൽ ഇവർ കമ്മീഷനെ കണ്ടേക്കുമെന്നുമാണ് പുതിയ സൂചന.
നിതി ആയോഗിനും ആകാശവാണി ഭവനും സമീപം പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ച് മാർച്ച് തടഞ്ഞതോടെയാണ് സംഘർഷാവസ്ഥ ഉടലെടുത്തത്. സുരക്ഷാ ബാരിക്കേഡുകൾക്ക് മുകളിൽ വലിഞ്ഞുകയറിയ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും തൃണമൂൽ നേതാവ് അഭിഷേക് ബാനർജിയും ദേശീയ പതാക വീശി പ്രതിഷേധിച്ചത് പ്രവർത്തകരിൽ വലിയ ആവേശം പടർത്തി. തുടർന്ന് മാർച്ച് മുന്നോട്ട് കൊണ്ടുപോകാൻ അനുവദിക്കാതിരുന്നതോടെ സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, തൃണമൂൽ നേതാക്കളായ അഭിഷേക് ബാനർജി, കല്യാൺ ബാനർജി, ഡെറിക് ഒബ്രിയാൻ, കോൺഗ്രസ് എംപി ഇമ്രാൻ മസൂദ്, എ എ റഹീം, പി സന്തോഷ് തുടങ്ങിയ നിരവധി പ്രതിപക്ഷ എംപിമാരെ ഡൽഹി പൊലീസ് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുക്കുകയും വിവിധ പൊലീസ് സ്റ്റേഷനുകളിലേക്ക് മാറ്റുകയും ചെയ്തു.
പൊലീസ് നടപടിക്കിടെ, തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് എത്താനുള്ള ശ്രമത്തിന്റെ ഭാഗമായി രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കോൺഗ്രസ് നേതാവ് പവൻ ഖേരയും ഏതാനും പ്രവർത്തകരും ആകാശവാണി ഭവന്റെ പരിസരത്തേക്ക് പ്രവേശിച്ചു. ഇവിടേക്ക് അതിക്രമിച്ചുകയറാൻ ശ്രമിച്ച എൻഎസ്‌യുഐ, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തു.
ആകാശവാണി ഭവനിലെ ആൽമരച്ചുവട്ടിൽ കുത്തിയിരുന്ന് സത്യഗ്രഹം തുടരുന്ന രാഹുൽ ഗാന്ധി, കേന്ദ്ര സർക്കാരിന്റെ നടപടികളെ രൂക്ഷമായാണ് വിമർശിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്, സിഇസി ജ്ഞാനേഷ് കുമാർ എന്നിവർ ചേർന്ന് രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയയെ തകർക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. വോട്ട് മോഷണം നടത്തിയില്ലെങ്കിൽ ഒരു മിനിറ്റിനുള്ളിൽ തങ്ങളെ കാണാൻ കമ്മീഷണർമാർ തയ്യാറാകുമായിരുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
അതേസമയം, പ്രതിഷേധിക്കുന്ന പ്രതിപക്ഷ എംപിമാരിൽ നിന്ന് കൂടിക്കാഴ്ചയ്ക്കായി ഔദ്യോഗികമായി ഒരു അപേക്ഷയും ലഭിച്ചിട്ടില്ലെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആദ്യ പ്രതികരണം. എസ്ഐആർ നടപടികളുമായി ബന്ധപ്പെട്ട തീരുമാനങ്ങളെല്ലാം കമ്മീഷനിലെ മൂന്നംഗ പാനൽ ഏകകണ്ഠമായാണ് എടുത്തതെന്നും ഭിന്നതകളുണ്ടെന്ന വാദം അടിസ്ഥാനരഹിതമാണെന്നും കമ്മീഷൻ അറിയിച്ചു.
എന്നാൽ, പ്രതിപക്ഷ പാർട്ടികൾ തെരുവിൽ ശക്തിപ്രകടനം നടത്തിയപ്പോഴും സഖ്യത്തിനുള്ളിലെ ആഭ്യന്തര ഭിന്നതകൾ ഈ പ്രതിഷേധത്തിനിടെ പരസ്യമായി പുറത്തുവന്നു. മാർച്ചിൽ നിന്ന് പൂർണ്ണമായും വിട്ടുനിന്ന പ്രധാന സഖ്യകക്ഷിയായ ഡിഎംകെ, തമിഴ്‌നാട്ടിലെ വോട്ടർപ്പട്ടിക തിരുത്തലുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയുടെ നിലപാടിനെതിരെ ആഞ്ഞടിച്ചു. എസ്ഐആറിന് ശേഷം തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകളെല്ലാം പിരിച്ചുവിടണമെന്ന കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പ്രസ്താവനയെ രാഹുൽ ഗാന്ധി പിന്തുണയ്ക്കാത്തത് എന്തുകൊണ്ടാണെന്ന് ഡിഎംകെ വക്താവ് ശരവണൻ അണ്ണാദുരൈ ചോദിച്ചു. തമിഴ്‌നാട്ടിലെ കാര്യങ്ങൾ സംസാരിക്കാൻ രാഹുൽ ഗാന്ധി നടൻ വിജയ്‍യെ ഭയക്കുകയാണോ എന്നും അദ്ദേഹം ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്നും ഡിഎംകെ ആരോപിച്ചു.
കോൺഗ്രസും പ്രതിപക്ഷവും രാജ്യത്ത് മനഃപൂർവം അരാജകത്വം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നാണ് ബിജെപിയുടെ വിമർശനം. തെരഞ്ഞെടുപ്പുകളിലെ കനത്ത തോൽവികൾ അംഗീകരിക്കാൻ കഴിയാത്തതുകൊണ്ടാണ് പ്രതിപക്ഷം ഇത്തരം സമരങ്ങളുമായി ഇറങ്ങിയിരിക്കുന്നതെന്ന് ബിജെപി നേതാക്കളായ രവിശങ്കർ പ്രസാദും പ്രദീപ് ഭണ്ഡാരിയും കുറ്റപ്പെടുത്തി. കള്ള പ്രചാരണങ്ങളിലൂടെ സുപ്രീം കോടതിയെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും പോലുള്ള പരമോന്നത ഭരണഘടനാ സ്ഥാപനങ്ങളെ തകർക്കാനും, സ്വന്തം കുടുംബത്തെ വീണ്ടും അധികാരത്തിലെത്തിക്കാനും വേണ്ടിയാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സംഘം ശ്രമിക്കുന്നതെന്ന് ബിജെപി തിരിച്ചടിച്ചു.
പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ നവംബർ 25 വരെ രാജ്യവ്യാപകമായി പദയാത്രകളും റാലികളും നടത്താൻ തീരുമാനിച്ചതോടെ ഈ രാഷ്ട്രീയ പോരാട്ടം വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാകും. ഇതിനുപുറമേ, കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് ഒക്ടോബർ 10 മുതൽ ഡൽഹി ജന്തർമന്തറിൽ സമരം തുടങ്ങുമെന്ന് യുവജന സംഘടനയായ കോക്രോച്ച് ജനതാ പാർട്ടിയും പ്രഖ്യാപിച്ചിട്ടുണ്ട്. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പ്രതിഷേധങ്ങൾ നിയന്ത്രിക്കുന്ന പൊലീസുകാർക്ക് ബോഡി ക്യാമറകൾ നിർബന്ധമാക്കണമെന്നാവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ ഒരു പൊതുതാൽപ്പര്യ ഹർജിയും സമർപ്പിക്കപ്പെട്ടിട്ടുണ്ട്.
INDIA bloc MPs, led by Rahul Gandhi, held a massive protest in New Delhi demanding the resignation of Chief Election Commissioner Gyanesh Kumar over alleged irregularities in the voter list revision (SIR). The march to the Election Commission headquarters was halted by the police, leading to a sit-in by Rahul and Priyanka Gandhi at Akashvani Bhavan. Several prominent opposition leaders were detained. The protesting MPs are preparing to submit a memorandum to the EC. Meanwhile, the BJP accused the opposition of creating anarchy, and internal rifts surfaced as the DMK criticized the Congress's stance.