ഇന്ധനക്ഷാമം പരിഹരിക്കപ്പെടുമോ? മോദിയുടെ യുഎഇ സന്ദർശനത്തില്‍ പ്രതീക്ഷയോടെ രാജ്യം

പശ്ചിമേഷ്യയിലെ സംഘർഷവും ഇന്ധന സുരക്ഷാ ആശങ്കയും ശക്തമായ സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യുഎഇ സന്ദർശിക്കും
ഇന്ധനക്ഷാമം പരിഹരിക്കപ്പെടുമോ? മോദിയുടെ യുഎഇ സന്ദർശനത്തില്‍ പ്രതീക്ഷയോടെ രാജ്യം
Published on

ഇന്ധന ക്ഷാമം കടുത്ത ആശങ്കയിലായ സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യുഎഇ സന്ദർശിക്കും. പശ്ചിമേഷ്യയിൽ തുടരുന്ന അമേരിക്ക-ഇസ്രയേൽ-ഇറാൻ സംഘർഷ പശ്ചാത്തലത്തിൽ നടക്കുന്ന സന്ദർശനത്തിന് ഊർജസുരക്ഷാ ചർച്ചകളുടെ പ്രാധാന്യം വർധിച്ചിരിക്കുകയാണ്. ഹോർമുസ് കടലിടുക്കിനെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വവും കടൽഗതാഗത ഭീഷണിയും ആഗോള എണ്ണ വിപണിയെ ബാധിക്കുന്ന സാഹചര്യത്തിലാണ് അബുദാബിയിൽ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുന്നത്.

ഇന്ധനക്ഷാമം പരിഹരിക്കപ്പെടുമോ? മോദിയുടെ യുഎഇ സന്ദർശനത്തില്‍ പ്രതീക്ഷയോടെ രാജ്യം
ഇന്ത്യ-വിയറ്റ്‌നാം ബന്ധം: സ്വരം മയത്തിലാക്കി മോദി, ഏഷ്യയില്‍ ശക്തനാവാന്‍ തോ ലാം

ഇന്ത്യയ്ക്ക് ആവശ്യമായ ക്രൂഡ് ഓയിലിന്റെ വലിയൊരു വിഹിതം വിദേശ രാജ്യങ്ങളിൽനിന്നാണ് എത്തുന്നത്. അതുകൊണ്ടുതന്നെ പശ്ചിമേഷ്യയിൽ ഉണ്ടാകുന്ന ഏത് സംഘർഷവും ഇന്ത്യയിലെ ഇന്ധനവിലയെയും പണപ്പെരുപ്പത്തെയും ചരക്കുകടത്ത് ചെലവിനെയും വിദേശനാണ്യ നിലയെയും നേരിട്ട് ബാധിക്കും. ഈ സാഹചര്യത്തിൽ ഇന്ധനവും എൽഎൻജിയും ദീർഘകാലത്തേക്ക് ലഭ്യമാക്കുന്നതിനുള്ള കരാറുകൾ കൂടുതൽ ശക്തിപ്പെടുത്താന്‍ പ്രധാനമന്ത്രിയുടെ യുഎഇ സന്ദർശനത്തിന് സാധിക്കുമെന്നാണ് പ്രതീക്ഷ.

നിലവിൽ ഇന്ത്യയ്ക്ക് 5.33 മില്യൺ മെട്രിക് ടൺ ശേഷിയുള്ള മൂന്ന് പ്രധാന എണ്ണ ശേഖരണ കേന്ദ്രങ്ങളാണ് ഉള്ളത്. ഇതുകൂടാതെ 6.5 മില്യൺ മെട്രിക് ടൺ ശേഷിയുള്ള രണ്ട് കേന്ദ്രങ്ങൾ കൂടി പദ്ധതിയിലുണ്ട്. അബുദാബി നാഷണൽ ഓയിൽ കമ്പനിക്ക് നിലവിലുള്ള സംഭരണ ശേഷിയുടെ ഒരു ഭാഗം ഇതിനകം പാട്ടത്തിന് നൽകിയിട്ടുണ്ട്. ഈ സഹകരണം കൂടുതൽ വ്യാപിപ്പിക്കുന്നതിനുള്ള സാധ്യതകൾ ഇരു രാജ്യങ്ങളും പരിശോധിക്കുമെന്നാണ് സൂചന.

ദീർഘകാലത്തേക്ക് ക്രൂഡ് ഓയിൽ ലഭ്യത ഉറപ്പാക്കുക, എൽഎൻജി ലഭ്യത വർധിപ്പിക്കുക, എണ്ണ സംഭരണ ശേഷി വികസിപ്പിക്കുന്നതിൽ യുഎഇയുടെ പങ്കാളിത്തം ഉറപ്പാക്കുക, കടൽഗതാഗത മാർഗങ്ങളിൽ തടസ്സം ഉണ്ടായാൽ വിതരണ ക്രമീകരണങ്ങളിൽ കൂടുതൽ ഇളവ് നൽകുക എന്നിവയാണ് ഇന്ത്യ മുന്നോട്ടുവയ്ക്കാൻ സാധ്യതയുള്ള പ്രധാന ആവശ്യങ്ങൾ. 2022-ൽ ഇന്ത്യയും യുഎഇയും സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ ഒപ്പുവെച്ചതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം കൂടുതൽ ശക്തമായി. നിലവിൽ ഇന്ത്യയുടെ മൂന്നാമത്തെ വ്യാപാര പങ്കാളിയാണ് യുഎഇ. അടിസ്ഥാന സൗകര്യ വികസനം, ക്ലീൻ എനർജി, ഗതാഗത-വിതരണ മേഖല, ഭക്ഷ്യ വിതരണം, പ്രതിരോധ-സൈബർ സുരക്ഷ മേഖലകൾ തുടങ്ങിയ വിഷയങ്ങളിലും ചർച്ചകൾ നടക്കുമെന്നാണ് വിലയിരുത്തൽ.

ഇന്ധനക്ഷാമം പരിഹരിക്കപ്പെടുമോ? മോദിയുടെ യുഎഇ സന്ദർശനത്തില്‍ പ്രതീക്ഷയോടെ രാജ്യം
സൗദിയല്ല, ഇനി അമേരിക്ക; ഒപെകിലെ യുഎഇയുടെ പിന്മാറ്റത്തിന് കാരണം എണ്ണ മാത്രമല്ല

ഇന്ത്യയുടെ എണ്ണ-വാതക ഇറക്കുമതിയുടെ വലിയൊരു ഭാഗം ഹോർമുസ് കടലിടുക്കിലൂടെ തന്നെയാണ് കടന്നുപോകുന്നത്. ഈ മേഖലയിലെ ഏതെങ്കിലും സുരക്ഷാ ഭീഷണി ചരക്കുകടത്ത് ചെലവ് ഉയരാനും വിതരണത്തിൽ കാലതാമസം ഉണ്ടാകാനും രാജ്യത്തെ ഇന്ധനവിലയിൽ സമ്മർദം വർധിക്കാനും ഇടയാക്കും. അതിനാൽ കടൽസുരക്ഷയും തടസ്സമില്ലാത്ത ഗതാഗത മാർഗങ്ങളും ചർച്ചയിലെ പ്രധാന വിഷയങ്ങളായിരിക്കും. യുഎഇയിൽ 45 ലക്ഷത്തിലധികം ഇന്ത്യക്കാർ ജോലി ചെയ്യുന്നുണ്ട്. ഇവർ ഇന്ത്യയിലേക്ക് വലിയ തോതിൽ വിദേശ കറൻസി അയക്കുന്നവരായതിനാൽ പ്രവാസി സമൂഹത്തിന്റെ സാന്നിധ്യം ഇരു രാജ്യങ്ങളുടെയും ബന്ധത്തിൽ നിർണായക സ്വാധീനം ചെലുത്തുന്നുണ്ട്. അതിനാൽ യുഎഇയിലെ സാമ്പത്തിക-സുരക്ഷാ സ്ഥിരത ഇന്ത്യയ്ക്കും അതീവ പ്രധാനമാണെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥകൾ വർധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയുടെ ഊർജസുരക്ഷ ഉറപ്പാക്കാനുള്ള കൂട്ടായ ശ്രമങ്ങളുടെ ഭാഗമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദർശനത്തെ വിലയിരുത്തുന്നത്.

English Summary: Prime Minister Narendra Modi will visit the UAE today amid rising energy security concerns due to West Asia tensions. Talks will focus on crude oil supply, LNG stability, and strengthening India–UAE energy and trade cooperation.

Madism Digital
madismdigital.com