

ഇറാന്‍ യുദ്ധം സൃഷ്ടിച്ച അഭൂതപൂര്‍വമായ ഊര്‍ജ പ്രതിസന്ധി ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കിടയിലെ ഭിന്നതകള്‍ കൂടി വെളിവാക്കിയിരിക്കുകയാണ്. എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കില്‍ (OPEC) നിന്നുള്ള യുഎഇയുടെ പിന്മാറ്റം ഇതിലൊന്നാണ്. ആഗോള എണ്ണ വിതരണത്തിന്മേലുള്ള ഒപെക്കിന്റെ നിയന്ത്രണത്തെ ദുര്‍ബലപ്പെടുത്തുന്നതാണ് ഗ്രൂപ്പിലെ ഏറ്റവും വലിയ ഉല്‍പ്പാദക രാജ്യങ്ങളിലൊന്നായ യുഎഇയുടെ ഈ പിന്മാറ്റം. തീരുമാനം യുഎഇയും അയല്‍രാജ്യമായ സൗദി അറേബ്യയും തമ്മിലുള്ള ഭിന്നത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. നിലവില്‍ ഒപെക്കിന്റെ നേതൃസ്ഥാനം സൗദി അറേബ്യയ്ക്കാണ്.
ഗള്‍ഫ് വഴിയുള്ള എണ്ണ കയറ്റുമതി പുനരാരംഭിക്കുന്നതോടെ, ഒപെക് ക്വാട്ടകളുടെ നിയന്ത്രണമില്ലാതെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാന്‍ ഈ തീരുമാനം യുഎഇയെ സഹായിക്കും. രാജ്യത്തിന്റെ എണ്ണ തന്ത്രങ്ങള്‍ പരിശോധിച്ച ശേഷമാണ് ഈ തീരുമാനമെടുത്തതെന്നാണ് യുഎഇ ഊര്‍ജ മന്ത്രി സുഹൈല്‍ മുഹമ്മദ് അല്‍ മസ്റൂയി പറഞ്ഞത്. ഈ വിഷയം മറ്റ് രാജ്യങ്ങളുമായി ചര്‍ച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഗള്‍ഫ് രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം, ഒപെക് അവരുടെ പ്രാഥമിക വിഭവത്തിന്മേലുള്ള കൂട്ടായ പരമാധികാരത്തിന്റെ അടയാളമായിരുന്നു. അറബ് ഉല്‍പ്പാദക രാഷ്ട്രങ്ങള്‍ക്ക് ആഗോള സമ്പദ്‌വ്യവസ്ഥയില്‍ നിര്‍ണായക സ്വാധീനം ചെലുത്താനും തങ്ങളുടെ പൊതുവായ വരുമാന താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനും പാശ്ചാത്യ ഉപഭോക്താക്കളോട് ഏകോപിതമായി സംസാരിക്കാനുമുള്ള അറബ് ഉല്‍പ്പാദക രാജ്യങ്ങളുടെ ശേഷിയായിരുന്നു ഈ സംഘടന. ആ സങ്കല്‍പ്പം ഇപ്പോള്‍ തകര്‍ന്നിരിക്കുകയാണ്.
മേയ് ഒന്ന് മുതല്‍ ഒപെക്കില്‍ നിന്നും ഒപെക് പ്ലസ് (OPEC+) സഖ്യത്തില്‍നിന്ന് പിന്മാറുന്നതായി യുഎഇ പ്രഖ്യാപിച്ചപ്പോള്‍, സ്വാഭാവികമായും എല്ലാവരും ഇതിനെ സാങ്കേതികമായ കാരണങ്ങള്‍ കൊണ്ടുള്ള പിന്മാറ്റമായാണ് കണ്ടത്. ഊര്‍ജ്ജ മന്ത്രി സുഹൈല്‍ അല്‍ മസ്റൂയി ഈ തീരുമാനത്തെ ഊര്‍ജനയത്തിന്റെ ഭാഷയില്‍ വളരെ ശ്രദ്ധാപൂര്‍വമാണ് അവതരിപ്പിച്ചത്. ഹോര്‍മുസ് കടലിടുക്ക് ഭാഗികമായി അടഞ്ഞുകിടക്കുന്നതിനാല്‍ വിപണിയിലുണ്ടാകുന്ന പെട്ടെന്നുള്ള വിലക്കയറ്റത്തെ ഇത് പരിമിതപ്പെടുത്തുമെന്ന് വിപണി നിരീക്ഷകര്‍ വിലയിരുത്തി. അബുദാബി നാഷണല്‍ ഓയില്‍ കമ്പനിയുടെ (ADNOC) പ്രതിദിനം 50 ലക്ഷം ബാരല്‍ എന്ന ഉല്‍പ്പാദന ലക്ഷ്യത്തിന് മേല്‍ ഒപെക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ദീര്‍ഘനാളായി നിലനിന്നിരുന്ന അതൃപ്തിയിലേക്കും വിശകലന വിദഗ്ധര്‍ വിരല്‍ചൂണ്ടി.
ഇവയെല്ലാം യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ ഈ സാങ്കേതിക വശങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് യഥാര്‍ത്ഥ പ്രശ്‌നത്തെ കാണാതെ പോകുന്നതിന് തുല്യമാണ്. യുഎഇയുടെ ഈ പുറത്തുപോക്ക്, സൗദിയും യുഎഇ തമ്മിലുള്ള ആഴത്തിലുള്ള പ്രാദേശിക വിള്ളലിന്റെ ദൃശ്യമായ അടയാളമാണ്. അതിലുപരിയായി ഗള്‍ഫ് ക്രമം എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ചുള്ള രണ്ട് വ്യത്യസ്ത കാഴ്ചപ്പാടുകള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ കൂടിയാണ്.
പരസ്യമായ ശത്രുത
സൗദി-എമിറാത്തി ഭിന്നത പുതിയതല്ലെങ്കിലും 2025 അവസാനത്തോടെ അത് ഒരു നിര്‍ണായക ഘട്ടത്തിലെത്തി. ഡിസംബര്‍ 29-ന് യമനിലെ മുകല്ല തുറമുഖത്ത് വെച്ച് എമിറാത്തി ആയുധങ്ങള്‍ വഹിച്ചിരുന്ന വാഹനവ്യൂഹത്തിന് നേരെ സൗദി അറേബ്യ വ്യോമാക്രമണം നടത്തുകയുണ്ടായി. ഇരു സഖ്യകക്ഷികള്‍ക്കിടയില്‍ ഇത്തരമൊരു സംഭവം മുന്‍പുണ്ടായിട്ടില്ല. തുടര്‍ന്ന് യമനില്‍നിന്ന് എല്ലാ യുഎഇ സൈന്യത്തെയും പിന്‍വലിക്കണമെന്ന് സൗദി പരസ്യമായി ആവശ്യപ്പെട്ടു.
ഇതൊരു ചെറിയ തര്‍ക്കമല്ല, മറിച്ച് ആഴത്തിലുള്ള തന്ത്രപരമായ വൈരുദ്ധ്യത്തിന്റെ പ്രകടനമാണ്. അറബ് രാഷ്ട്രങ്ങളുടെ പ്രാദേശിക അഖണ്ഡത നിലനിര്‍ത്താനും മേഖലയില്‍ ഒരു സ്ഥിരതയുള്ള ശക്തിയായി സ്വയം നിലകൊള്ളാനുമാണ് സൗദി അറേബ്യ ശ്രമിക്കുന്നത്. എന്നാല്‍ ലിബിയ, സുഡാന്‍, സൊമാലിയ, യമന്‍ എന്നിവിടങ്ങളില്‍ സർക്കാരേതര സംഘടനകള്‍ വഴി സ്വാധീനം ചെലുത്തുന്ന നയമാണ് 2015 മുതല്‍ യുഎഇ സ്വീകരിച്ചത്. സൗദി ആ നയത്തെ ഒരു പങ്കാളിയുടെ നയമായല്ല, മറിച്ച് സ്വന്തം സുരക്ഷാ അന്തരീക്ഷത്തിന് നേരെയുള്ള ഭീഷണിയായാണ് ഇപ്പോള്‍ കാണുന്നത്.
സൗദിയുടെ നിയന്ത്രണത്തിലുള്ള ഒരു സംവിധാനത്തില്‍ തുടരുന്നത് യുഎഇയെ സംബന്ധിച്ച് സൗദിയുടെ അധീശത്വം അംഗീകരിക്കുന്നതിന് തുല്യമാകുമായിരുന്നു. അതുകൊണ്ടുതന്നെ ഈ പിന്മാറ്റം സൗദിയുടെ മേല്‍ക്കോയ്മയില്‍ നിന്നുള്ള മോചനം കൂടിയാണ്. ചിലര്‍ ഈ വിടവാങ്ങലിനെ 2019-ലെ ഖത്തറിന്റെ പിന്മാറ്റവുമായി താരതമ്യം ചെയ്യുന്നുണ്ട്. ഖത്തര്‍ ഒപെക് വിട്ടത് ഒരു നിസ്സാര എണ്ണ ഉല്‍പ്പാദക രാജ്യം എന്ന നിലയിലാണ്. അവരുടെ പ്രധാന ശ്രദ്ധ ദ്രവീകൃത പ്രകൃതിവാതകത്തിലേക്ക് മാറിയിരുന്നു. ഖത്തറിന്റെ പിന്മാറ്റം രാഷ്ട്രീയത്തേക്കാള്‍ ഉപരിയായി മേഖലയിലുണ്ടായ മാറ്റമായിരുന്നു.
എന്നാല്‍ യുഎഇ ഒപെക്കിലെ മൂന്നാമത്തെ വലിയ ഉല്‍പ്പാദക രാജ്യമായിരുന്നു, മൊത്തം ഉല്‍പ്പാദനത്തിന്റെ ഏകദേശം 12 ശതമാനവും അവരുടേതാണ്. യുഎഇയുടെ പിന്മാറ്റം സംഘടനയുടെ ഒരവയവം മുറിച്ചുമാറ്റുന്നതു പോലെയാണ്. സംഘടനയ്ക്കുള്ളില്‍ നില്‍ക്കുന്നതിനേക്കാള്‍ പുറത്തുനില്‍ക്കുന്നതാണ് തങ്ങളുടെ താല്‍പ്പര്യമെന്ന് ഏറ്റവും പ്രധാനപ്പെട്ട അംഗങ്ങള്‍ പോലും ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്.
ഒപെക് നേരിടുന്ന ആഴത്തിലുള്ള വിശ്വാസ്യത തകര്‍ച്ചയാണ് യുഎയുടെ പിന്മാറ്റം തുറന്നുകാട്ടുന്നത്. ഉക്രെയ്ന്‍ അധിനിവേശത്തിന് ശേഷം, റഷ്യയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനും യുദ്ധത്തിന് പണം കണ്ടെത്താനും സഹായിക്കുന്ന ഒരു ഉപകരണമായിട്ടാണ് അമേരിക്ക ഒപെക് പ്ലസിനെ കാണുന്നത്. ഗള്‍ഫിലെ അമേരിക്കന്‍ സൈനിക പിന്തുണ എണ്ണവിലയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് ട്രംപ് ഭരണകൂടം വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഉല്‍പ്പാദന സ്വാതന്ത്ര്യം തിരഞ്ഞെടുക്കുന്നതിലൂടെ, അമേരിക്കയ്ക്ക് വ്യക്തമായി മനസ്സിലാക്കാവുന്ന രീതിയിലുള്ള ഒരു രാഷ്ട്രീയ നീക്കമാണ് യുഎഇ നടത്തുന്നതെന്ന് ഊര്‍ജരംഗത്തെ വിദഗ്ധനായ അനസ് അബ്ദുണ്‍ നിരീക്ഷിക്കുന്നു.
ഇതിലൂടെ, ഊര്‍ജനയത്തിന് അപ്പുറമുള്ള ഒരു വലിയ തിരഞ്ഞെടുപ്പാണ് യുഎഇ നടത്തുന്നത്. തങ്ങളുടെ പ്രാദേശിക സഖ്യങ്ങള്‍ തകരുകയും പുതിയൊരു സുരക്ഷാ ഉറപ്പ് ആവശ്യമായി വരികയും ചെയ്യുന്ന ഈ സമയത്ത്, എണ്ണ ബാരലുകള്‍ നല്‍കി അമേരിക്കയുടെ തന്ത്രപരമായ പിന്തുണ അവര്‍ വിലയ്ക്ക് വാങ്ങുകയാണ്. ഇറാന്‍ തങ്ങളുടെ ഭൂപ്രദേശത്തിനും കപ്പലുകള്‍ക്കും നേരെ നേരിട്ട് ആക്രമണം നടത്തുകയും, സൗദി അറേബ്യയുമായുള്ള ബന്ധം പരസ്യമായ ഏറ്റുമുട്ടലിലേക്ക് നീങ്ങുകയും ചെയ്തതോടെ അബുദാബിയുടെ കണക്കുകൂട്ടലുകള്‍ പാടേ മാറി. അമേരിക്കയ്ക്ക് ഇപ്പോള്‍ യുഎഇക്ക് വെറുമൊരു പങ്കാളി മാത്രമല്ല, മറിച്ച് ഒരു അനിവാര്യതയാണ്.
ആരാണ് യഥാര്‍ത്ഥ പരാജിതര്‍
ഇവിടെ യഥാര്‍ത്ഥ പരാജിതന്‍ സൗദി അറേബ്യയല്ല, കാരണം അവരുടെ സമ്പദ്വ്യവസ്ഥയ്ക്ക് ഈ ആഘാതത്തെ മറികടക്കാന്‍ സാധിക്കും. മറിച്ച്, ആഗോള ഊര്‍ജക്രമത്തെ രൂപപ്പെടുത്താന്‍ അറബ് എണ്ണ ഉല്‍പ്പാദക രാജ്യങ്ങള്‍ക്ക് കൂട്ടായ ശേഷിയുണ്ടെന്ന ആശയമാണ് ഇവിടെ പരാജയപ്പെടുന്നത്. ഓരോ പിന്മാറ്റവും ഈ സംഘടനയെ സൗദിയുടെ താല്‍പ്പര്യങ്ങള്‍ മാത്രം സംരക്ഷിക്കുന്ന ഒന്നാക്കി മാറ്റുന്നു.
ഇനി ഉയരുന്ന പ്രധാന ചോദ്യം മറ്റ് അംഗങ്ങള്‍ ഇത് പിന്തുടരുമോ എന്നതല്ല. മറിച്ച്, മൂന്നാമത്തെ വലിയ ഉല്‍പ്പാദകരുടെ അസാന്നിധ്യത്തിലും പ്രാദേശിക യുദ്ധങ്ങളുടെ പശ്ചാത്തലത്തിലും സഖ്യങ്ങളുടെ പുനര്‍ക്രമീകരണത്തിനിടയിലും ഒപെക്കിന് ഇനിയും അതിന്റെ ചരിത്രപരമായ ദൗത്യം നിര്‍വഹിക്കാനാകുമോ എന്നതാണ്.
English summary: The UAE’s decision to exit OPEC and the wider OPEC+ alliance on May 1, 2026, marks a historic turning point in Middle Eastern geopolitics. While officially framed as a technical strategy to increase production capacity, the move signals a profound collapse of Gulf unity.