രാജ്യത്ത് ഇന്ധനം ആവശ്യത്തിന് സ്റ്റോക്കുണ്ട്, കണക്കു പറഞ്ഞ് കേന്ദ്രം; മോദിയുടെ മുന്നറിയിപ്പിൽ ആശങ്ക വേണോ?

കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 1.26 കോടി എൽപിജി സിലിണ്ടറുകൾ വീടുകളിലെത്തിച്ചെന്നും കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം വ്യക്തമാക്കി
രാജ്യത്ത് ഇന്ധനം ആവശ്യത്തിന് സ്റ്റോക്കുണ്ട്, കണക്കു പറഞ്ഞ്
കേന്ദ്രം;  മോദിയുടെ മുന്നറിയിപ്പിൽ ആശങ്ക വേണോ?
Published on

പശ്ചിമേഷ്യന്‍ സംഘര്‍ഷം ആഗോള തലത്തില്‍ ഉണ്ടാക്കിയ പ്രതിസന്ധിയെ മറികടക്കാന്‍ ഇന്ത്യയിലെ ജനങ്ങള്‍ സ്വയം നിയന്ത്രിക്കണമെന്ന് ഞായറാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വനം ചെയ്തത്. കോവിഡിന് സമാനമായ സ്വയം നിയന്ത്രണത്തിന് ആഹ്വാനം ചെയ്ത മോദിയുടെ വാക്കുകള്‍ ചെറിയരീതിയിലല്ല ജനങ്ങളെ ആശങ്കയിലാക്കിയത്. രാജ്യം ഉര്‍ജ്ജ, ഇന്ധന പ്രതിസന്ധിയിലേക്ക് നീങ്ങുകയാണോ എന്ന ആശങ്കയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം ജനങ്ങളില്‍ ഉണ്ടാക്കിയത്.

എന്നാല്‍, ചര്‍ച്ചകള്‍ ആ നിലയില്‍ തുടരുമ്പോള്‍, ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്ന് പറയുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇന്ധന ക്ഷാമത്തെയോര്‍ത്ത് ആശങ്കപ്പെടേണ്ടതില്ലെന്ന് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം വ്യക്തമാക്കി. എന്നാല്‍ നരേന്ദ്ര മോദി പറഞ്ഞ നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും രാജ്യത്തിന്റെ സാമ്പത്തികഭാരം കുറയ്ക്കുന്നതിനായി ഊര്‍ജസംരക്ഷണത്തിന് ജനങ്ങള്‍ മുന്‍ഗണന നല്‍കണമെന്നും മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുജാത ശര്‍മ്മ അറിയിച്ചു.

ആഗോള ഊർജവിതരണ ശൃംഖലയിലുണ്ടായ തടസ്സങ്ങൾക്കിടയിലും, രാജ്യത്ത് ഇന്ധനക്ഷാമമില്ലെന്നും ക്രൂഡ് ഓയിൽ ശേഖരം സ്ഥിരതയോടെയാണുള്ളതെന്നും റിഫൈനറികൾ പരമാവധി ശേഷിയിൽ പ്രവർത്തിക്കുന്നുവെന്നും അവർ വ്യക്തമാക്കി. അന്താരാഷ്ട്ര വിപണിയിൽ വിലയിൽ വലിയ ചാഞ്ചാട്ടം അനുഭവപ്പെടുന്നുണ്ടെങ്കിലും സാധാരണ ജനങ്ങൾക്ക് ബുദ്ധിമുട്ട് കുറയുന്ന രീതിയിൽ ഇന്ധനവിതരണം നിലനിർത്താൻ സർക്കാർ ഫലപ്രദമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. രാജ്യത്തെ ക്രൂഡ് ഓയിൽ ശേഖരം സുരക്ഷിത നിലയിലാണ്. റിഫൈനറികളും മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട്.

രാജ്യത്ത് ഇന്ധനം ആവശ്യത്തിന് സ്റ്റോക്കുണ്ട്, കണക്കു പറഞ്ഞ്
കേന്ദ്രം;  മോദിയുടെ മുന്നറിയിപ്പിൽ ആശങ്ക വേണോ?
ഇന്ധന പ്രതിസന്ധി ഇന്ത്യൻ സമ്പദ്ഘടനയുടെ നട്ടെല്ലൊടിച്ചോ? പ്രധാനമന്ത്രി ആഹ്വാനം ചെയ്ത കൊവിഡ് സമാന നിയന്ത്രണത്തിന്റെ പൊരുളെന്ത്!

പെട്രോൾ, ഡീസൽ, എൽപിജി എന്നിവയുടെ മതിയായ ശേഖരം രാജ്യത്തുടനീളം ലഭ്യമാണെന്നും രാജ്യത്തെ ഏതെങ്കിലുമൊരു പമ്പിലോ എൽപിജി വിതരണ കേന്ദ്രത്തിലോ ക്ഷാമം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ലഭിച്ച 1.14 കോടി ബുക്കിംഗുകളിൽ 1.26 കോടി എൽപിജി സിലിണ്ടറുകൾ വീടുകളിലെത്തിച്ചു. 17,000 ടണ്ണിലധികം കൊമേഴ്സ്യൽ എൽപിജിയും 762 ടൺ ഓട്ടോ എൽപിജിയും വിതരണം ചെയ്യാൻ കഴിഞ്ഞതായും സുജാത ശർമ്മ അറിയിച്ചു.

രാജ്യത്ത് 60 ദിവസത്തേക്കാവശ്യമായ ക്രൂഡ് ഓയിലും 60 ദിവസത്തേക്കുള്ള നാച്ചുറൽ ​ഗ്യാസും 45 ദിവസത്തേക്കുള്ള റോളിങ് എൽപിജിയും സ്റ്റോക്കുണ്ടെന്ന് പശ്ചിമേഷ്യൻ യുദ്ധസാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി രൂപംകൊടുത്ത പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അധ്യക്ഷനായ ഐജിഒഎം സമിതിയും അറിയിച്ചു.

രാജ്യത്ത് ഇന്ധനം ആവശ്യത്തിന് സ്റ്റോക്കുണ്ട്, കണക്കു പറഞ്ഞ്
കേന്ദ്രം;  മോദിയുടെ മുന്നറിയിപ്പിൽ ആശങ്ക വേണോ?
'സ്വര്‍ണം വാങ്ങുന്നത് നിയന്ത്രിക്കണം', മോദിയുടെ ആഹ്വാനത്തിന് പിന്നിലെ യുക്തിയെന്ത് ?

അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോഡി ജനങ്ങളോടു മുന്നോട്ടുവെച്ച ഏഴ് നിർദേശങ്ങളും ജനങ്ങൾ പാലിക്കണമെന്ന് സുജാത ശർമ്മ മുന്നറിയിപ്പ് നൽകി. രാജ്യത്തിന്റെ സാമ്പത്തികഭാരം കുറയ്ക്കുന്നതിനായി നിത്യജീവിതത്തിൽ ഊർജസംരക്ഷണത്തിന് എല്ലാവരും മുൻഗണന നൽകണമെന്നും അവർ ആവശ്യപ്പെട്ടു.

പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ജനങ്ങൾ കൊവിഡ് കാലയളവിന് സമാനമായ സ്വയം നിയന്ത്രണം പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ നടത്തിയ പ്രസം​ഗത്തിൽ ആവശ്യപ്പെട്ടിരിന്നു. ഇന്ധന ഉപഭോ​ഗം ​ഗണ്യമായി കുറയ്ക്കാൻ‍ ജനങ്ങൾക്ക് സാധിക്കണമെന്നും ഇതിനായ ആവശ്യമായി എല്ലാ നടപടിക്രമങ്ങളും സ്വീകരിക്കണമെന്നും മോദി പറഞ്ഞു. സ്വകാര്യ വാഹനങ്ങൾ ഒഴിവാക്കി മെട്രോ കാര്യക്ഷമമായി ഉപയോഗപ്പെടുത്തണമെന്നും കാർപൂളിംഗ് പോലുള്ള സംവിധാനങ്ങൾക്ക് പ്രാമുഖ്യം നൽകണമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു. സ്വകാര്യ വാ​ഹനങ്ങൾ ​ഗണ്യമായി ഉപയോ​ഗിക്കപ്പെടുന്നത് ഓഫീസ് യാത്രകൾക്കായിട്ടാണ്. പ്രതിസന്ധി കാലത്ത് വർക്കം ഫ്രം ഹോം പ്രോത്സാഹിപ്പിക്കാൻ കമ്പനികൾ തയ്യാറാവണം. ഭക്ഷ്യ എണ്ണയുടെ ഉപയോ​ഗത്തിൽ വലിയ കുറവുണ്ടാവണം. അനാവശ്യ വിദേശ യാത്രകൾ പരമാവധി ഒഴിവാക്കുന്നത് വിദേശ നാണ്യ ശേഖരത്തെ സഹായിക്കുമെന്നും മോദി വ്യക്തമാക്കിയിരുന്നു.

ഇന്ധനം വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്നത് പരമാവധി കുറച്ചുകൊണ്ടുവരേണ്ടതുണ്ട്. ഇന്ധന ഇറക്കുമതിയെ അമിതമായി ആശ്രയിക്കുന്നത് കുറച്ചില്ലെങ്കിൽ സമ്പദ്ഘടനയ്ക്ക് പ്രതികൂല സാഹചര്യമുണ്ടാവും. ഒരു വർഷത്തേക്ക് സ്വർണ്ണം വാങ്ങുന്നത് പൂർണമായും നിർത്തിവെക്കണം. കുടുംബങ്ങളിലെ ചടങ്ങുകൾക്ക് സ്വർണ്ണം വാങ്ങാതെ ജനങ്ങൾ സഹകരിച്ചാലേ ഇത് സാധ്യമാകൂ. സ്വർണ്ണ ഇറക്കുമതി വർധിക്കുന്നത് വിദേശനാണ്യ ശേഖരം ഇടിയാൻ കാരണമാകും നിലവിലെ സാഹചര്യത്തിൽ അങ്ങനെ സംഭവിക്കാൻ പാടില്ല. അതുകൊണ്ടാണ് സ്വർണം വാങ്ങലിൽ സ്വയം നിയന്ത്രണം ഏർപ്പെടുത്താൻ അഭ്യർഥിക്കുന്നതെന്നും മോദി കൂട്ടിച്ചേർത്തു.

English Summary: India has assured that there is no fuel shortage despite global energy supply disruptions and international price volatility.
Crude oil stocks are stable, and refineries are running at full capacity to ensure continuous fuel supply. Adequate petrol, diesel, and LPG are available across the country with no reported shortages at any distribution points.

Madism Digital
madismdigital.com