പകിട്ടുണ്ട്... യാത്രക്കാരില്ല, നഷ്ടത്തിൽ കിതച്ച് മെട്രോ റെയിലുകൾ; വരുമോ തിരുവനന്തപുരത്തും കോഴിക്കോട്ടും പദ്ധതി?

മൂന്നു മുന്നണികളും പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയ കേരളത്തിലെ കോഴിക്കോട്, തിരുവനന്തപുരം മെട്രോ റെയിൽ ലാഭം കൊയ്യുമോ?
Metro Rail - Representative Image
Metro Rail - Representative ImageAI Generated - Nano Banana
Published on

ഇന്ത്യയിലെ നഗര ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരമായി വമ്പൻ നിക്ഷേപത്തോടെ വികസിപ്പിച്ച മെട്രോ റെയിൽ പദ്ധതികൾ പ്രതീക്ഷിച്ച വിജയം കൈവരിച്ചില്ലെന്ന് പഠനം. 2014 മുതൽ, നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഏകദേശം 2600 കോടി ചെലവഴിച്ച് 20 നഗരങ്ങളിൽ മെട്രോ പദ്ധതികൾ വികസിപ്പിച്ചു. 2025ഓടെ, മെട്രോ ശൃംഖല 300 കിലോമീറ്ററിൽ നിന്ന് 1000 കിലോമീറ്ററിലും കൂടുതലായി വളർന്നു. കഴിഞ്ഞ ഒരു ദശാബ്ദത്തിൽ ശരാശരി ദിവസേനയുള്ള യാത്രക്കാരുടെ എണ്ണം 30 ലക്ഷത്തിൽനിന്ന് ഒരുകോടിയായി ഉയർന്നു. എന്നിട്ടും രാജ്യത്തെ മെട്രോ റെയിൽ പ്രതിസന്ധികളുടെ പാളങ്ങളിൽ ഇഴയുകയാണ്.

മെട്രോ ശൃംഖല അതിവേഗം വികസിച്ചിട്ടുണ്ടെങ്കിലും ഉയർന്ന ടിക്കറ്റ് നിരക്ക്, ആസൂത്രണ ഘട്ടത്തിൽ കണക്കുകൂട്ടിയതിലും കുറഞ്ഞ യാത്രക്കാർ, കോച്ചുകളുടെ കുറവ് മൂലമുള്ള സേവനപരമായ പരിമിതികൾ എന്നിവ പദ്ധതിയുടെ വിജയത്തെ ബാധിച്ചു. ഇതിനുപുറമെ, സ്റ്റേഷനുകളുടെ അപ്രാപ്യമായ സ്ഥാനവും ബസ്-മെട്രോ സർവീസുകൾ തമ്മിലുള്ള ഏകോപനമില്ലായ്മയും വലിയ വെല്ലുവിളിയായി തുടരുന്നു.

Metro Rail - Representative Image
ഡിജിറ്റല്‍ ഗോള്‍ഡില്‍ നിക്ഷേപം സുരക്ഷിതമാണോ? എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മുംബൈ, ബെംഗളൂരു, കൊച്ചി തുടങ്ങിയ നഗരങ്ങളിലെ മെട്രോകൾക്ക് ടിക്കറ്റ് വരുമാനം മാത്രം ഉപയോഗിച്ച് പ്രവർത്തനച്ചെലവ് പോലും നിറവേറ്റാൻ കഴിയാത്ത സ്ഥിതിയാണെന്നാണ് വിലയിരുത്തൽ. നിർമാണച്ചെലവ് ഉൾപ്പെടുത്തുമ്പോൾ നഷ്ടം വൻതോതിൽ ഉയരുന്നുമുണ്ട്. ഡൽഹി മെട്രോ പോലുള്ള ചില സംവിധാനങ്ങൾ മാത്രം ലാഭപരിധിയിലേക്ക് എത്തുന്നതായാണ് വിദഗ്ദ്ധരുടെ അഭിപ്രായം.

കൊച്ചി മെട്രോ അനുബന്ധ വരുമാനമാർഗങ്ങളിലൂടെയാണ് മൊത്തം നഷ്ടം കുറയ്ക്കുന്നത്. 2025 വരെ തുടർച്ചയായി മൂന്നുവർഷമായി കൊച്ചി മെട്രോ പ്രവർത്തന ലാഭത്തിലാണ്. 2024-25 സാമ്പത്തിക വർഷത്തിൽ 33.34 കോടി രൂപയാണ് കൊച്ചിമെട്രോയുടെ പ്രവര്‍ത്തന ലാഭം. തൊട്ടുമുന്‍വര്‍ഷത്തേക്കാള്‍ 10.4 കോടി രൂപയുടെ വര്‍ധനയാണിത്.

2024-25 കാലയളവില്‍ കൊച്ചി മെട്രോ 182.37 കോടി രൂപയുടെ പ്രവര്‍ത്തന വരുമാനമാണ് നേടിയത്. ഇതില്‍ ടിക്കറ്റില്‍ നിന്നുള്ള വരുമാനം 111.88 കോടി രൂപയാണ്. 55.41 കോടി രൂപയാണ് ടിക്കറ്റിതര വരുമാനം. കണ്‍സള്‍ട്ടന്‍സിയില്‍നിന്ന് 1.56 കോടി രൂപയും നേടി. ഇതര മാര്‍ഗങ്ങളില്‍ നിന്ന് 13.52 കോടി രൂപയും വരുമാനം നേടി. 2023-24 സാമ്പത്തിക വർഷത്തിൽ കൊച്ചി മെട്രോയുടെ നഷ്‌ടം നൂറ് കോടിയോളം വർധിച്ചിരുന്നു. മുൻ വർഷത്തെ നഷ്‌ടമായ 335.7 കോടിയുടെ നഷ്‌ടം 433.49 കോടിയായാണ് വർധിച്ചത്.

കേരളത്തിൽ കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ പുതിയ മെട്രോ റെയിൽ പദ്ധതികൾ എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ മുന്നണികൾ ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയിരുന്നു. കൊച്ചി മെട്രോ മാതൃകയിൽ കോഴിക്കോട് മെട്രോ പദ്ധതി കഴിഞ്ഞവർഷത്തെ ബജറ്റിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചത്. വെസ്റ്റ്ഹിൽ-രാമനാട്ടുകര, ബീച്ച്-മെഡിക്കൽ കോളേജ് റൂട്ടുകളാണ് പരിഗണനയിലുള്ളത്. പദ്ധതിച്ചെലവിൽ 20 ശതമാനം വീതം സംസ്ഥാന- കേന്ദ്രസർക്കാരുകളുടെ വിഹിതവും ബാക്കി 60 ശതമാനം വായ്പയുമാണ് ലക്ഷ്യമിടുന്നത്.

തിരുവനന്തപുരത്ത് 31 കിലോ മീറ്ററിലായുള്ള ആദ്യ അലൈൻമെന്റിന് സർക്കാർ കഴിഞ്ഞവർഷം നവംബറിൽ അനുമതി നൽകയിരുന്നു. ടെക്നോപാർക്കിന്റെ മൂന്ന് ഫെയ്‌സുകൾ, വിമാനത്താവളം, തമ്പാനൂർ ബസ് സ്റ്റാൻഡ്‌, റെയിൽവേ സ്റ്റേഷൻ, സെക്രട്ടേറിയറ്റ്, മെഡിക്കൽ കോളേജ് എന്നിവ ബന്ധിപ്പിക്കുന്നതരത്തിലുള്ള അലൈൻമെന്റിനാണ് അംഗീകാരം നൽകിയത്.

അതേസമയം, ഇരു പദ്ധതികളുടെയും സാമ്പത്തികവും പ്രായോഗികവുമായ സാധ്യതകൾ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ചെലവ് നിയന്ത്രിക്കുകയും യാത്ര സൗകര്യവും കണക്റ്റിവിറ്റിയും മെച്ചപ്പെടുത്തുകയും ചെയ്യാതെ നിലവിലുള്ള മെട്രോ സംവിധാനങ്ങൾ ജനപ്രിയമാകില്ലെന്നതാണ് നിലവിലെ അനുഭവങ്ങൾ കാണിക്കുന്നത്.

Metro Rail - Representative Image
നിയമങ്ങൾ കടലാസിലൊതുങ്ങുമ്പോൾ തെരുവിലിറങ്ങി തൊഴിലാളികൾ, ഇന്ത്യയിലെ സാമ്പത്തിക അസമത്വത്തിന്റെ നേർചിത്രം; നോയിഡ സമരം നൽകുന്ന മുന്നറിയിപ്പ്

2023ൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഡൽഹി നടത്തിയ പഠനം പ്രകാരം, വിവിധ മെട്രോ പാതകളിൽ യഥാർത്ഥ യാത്രക്കാരുടെ എണ്ണം പ്രതീക്ഷിച്ചതിന്റെ 25-35 ശതമാനം മാത്രമാണ്. ഈ കണക്കുകളിൽ 2024ലും 2025ലും വലിയ മാറ്റമുണ്ടാക്കിയിട്ടില്ലെന്നാണ് വിലയിരുത്തൽ. മറ്റ് പഠനങ്ങളും ഇതേ കണ്ടെത്തലുകളാണ് സ്ഥിരീകരിക്കുന്നത്. ഒബ്സർവേർ റിസർച്ച് ഫൗണ്ടേഷന്റെ കണക്കുകൾ പ്രകാരം, കാണ്‍പൂര്‍പോലുള്ള നഗരങ്ങളിൽ യാത്രക്കാരുടെ എണ്ണം പ്രതീക്ഷിച്ചതിന്റെ രണ്ടു ശതമാനം വരെ കുറഞ്ഞതായാണ് കണക്കുകൾ. തെക്കൻ നഗരമായ ചെന്നൈയിൽ ആദ്യഘട്ടത്തിൽ ഇത് 37 ശതമാനമായിരുന്നു.

കൂടാതെ, ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ട്രാൻസ്പോർടാഷൻ ആൻഡ് ടെവേലോപ്മെന്റ്റ് പോളിസി പങ്കുവെച്ച വിവരങ്ങൾ പ്രകാരം, പുണെ, നാഗ്പൂർ പോലുള്ള നഗരങ്ങളിൽ യഥാർത്ഥ യാത്രക്കാരുടെ എണ്ണം പ്രതീക്ഷിച്ചതിന്റെ 20-50 ശതമാനം മാത്രമാണ്. ഗതാഗതക്കുരുക്കും മലിനീകരണവും വർധിക്കുന്നതിനാൽ ഭാവിയിൽ മെട്രോ ഉപയോഗം ഉയരുമെന്ന പ്രതീക്ഷ ഉണ്ടെങ്കിലും, യാഥാർത്ഥ്യത്തിൽ ഇത് വിജയകരമാക്കാൻ അടിസ്ഥാന സൗകര്യങ്ങളിലും പദ്ധതി ആസൂത്രണത്തിലും വലിയ മാറ്റങ്ങൾ അനിവാര്യമാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. അതേസമയം, പൊതുഗതാഗത സംവിധാനമെന്ന നിലയിൽ സാമ്പത്തിക നഷ്ടക്കണക്കിനപ്പുറം സാമൂഹ്യസേവനമെന്ന നിലയിലാണ് മെട്രോ പദ്ധതികളെ വിലയിരുത്തലും ശക്തമാണ്.

English Summary: India’s metro rail projects, developed with billions of dollars in investment, are struggling due to low ridership, high ticket fares, poor connectivity, and operational inefficiencies. Despite rapid expansion, cities like Mumbai, Bengaluru, and Kochi are unable to recover costs, raising concerns over the feasibility of upcoming metro projects in cities like Kozhikode and Thiruvananthapuram

Related Stories

No stories found.
Madism Digital
madismdigital.com