

പശ്ചിമേഷ്യൻ സംഘർഷങ്ങൾ ലോക സമാധാനത്തെയും സമ്പദ് വ്യവസ്ഥയെയും പിടിച്ചു കുലുക്കുമ്പോൾ, പ്രതിസന്ധിയെ അതിജീവിക്കാനുള്ള ഇന്ത്യയുടെ തന്ത്രങ്ങള്‍ ഭാഗികമായി വിജയംകണ്ടിരിക്കുകയാണ്. റഷ്യൻ ക്രൂഡ് ഓയിലിന് യുഎസ് ഉയർത്തിയ പച്ചക്കൊടി ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ യുദ്ധ പ്രതിസന്ധിയില്‍നിന്ന് രക്ഷിക്കും. റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതി തടസ്സം നേരിടാതെ തുടരാനായാല്‍ ഇന്ത്യയുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കാനാവും. ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ ഏകദേശം 40 ശതമാനവും ഹോർമുസ് കടലിടുക്കിലൂടെ വഴിയാണ്. യുദ്ധ സാഹചര്യത്തില്‍ ഇറക്കുമതിയില്‍ ഗണ്യമായ കുറവ് സംഭവിച്ചിരുന്നു, പിന്നാലെയാണ് റഷ്യന്‍ എണ്ണ രക്ഷയ്ക്കെത്തുന്നത്.
ആഗോള അനിശ്ചിതത്വങ്ങൾക്കിടയിൽ, റഷ്യൻ എണ്ണയ്ക്ക് ലഭിച്ച ഇളവുകൾ ഇന്ത്യയ്ക്ക് 'സുരക്ഷിത ബഫർ' ആയി മാറും. രാജ്യത്തിൻറെ ഊർജസുരക്ഷ ശക്തിപ്പെടുത്തുന്നതിനും റഷ്യൻ എണ്ണയുടെ കടന്നുവരവ് സഹായിക്കും. വിപണിയിൽ ആവശ്യത്തിന് ക്രൂഡ് ലഭ്യത ഉറപ്പാക്കപ്പെടുന്നതോടെ രാജ്യത്ത് പെട്ടെന്നുണ്ടാകുന്ന എണ്ണ ക്ഷാമം ഒഴിവാക്കാൻ കഴിയും, ആഗോള വിപണിയിലെ സമ്മർദ്ദം കുറയുന്നതോടെ വിലസ്ഥിരതയിലേക്കും ഇത് നയിക്കും. കൂടാതെ, ഇന്ത്യൻ എണ്ണശുചീകരണശാലകളിൽ തുടർച്ചയായ പെട്രോളിയം വിതരണവും ഉറപ്പാകുന്നതിനാൽ പെട്രോളിയം ഉത്പന്നങ്ങൾ തടസ്സമില്ലാതെ നിർമിക്കാനും, വിതരണം ചെയ്യാനും കഴിയും.
അതേസമയം, ബ്രെന്റ് ക്രൂഡ് വിലയെക്കാൾ ബാരലിന് 5 മുതൽ 15 ഡോളർ വരെ അധികം നൽകിയാണ് നിലവിൽ വ്യാപാരം നടത്തുന്നത്. ഇത് രാജ്യത്തിന്റെ ക്രൂഡ് ഓയിലിന്റെ ആവശ്യവും സമ്മർദ്ദവുമാണ് വ്യക്തമാക്കുന്നത്. ലഭ്യത ഉറപ്പാക്കുന്നതിൽ ഗുണകരമായിരുന്നെങ്കിലും, ഉയർന്ന വിലയിൽ വാങ്ങേണ്ട സാഹചര്യം മൊത്തത്തിലുള്ള ഇറക്കുമതി ചെലവിൽ കൂടുതൽ ഭാരമാകാൻ ഇടയാക്കുന്നുവെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. എന്നിരുന്നാലും, ഇറക്കുമതി തുടരുന്നതിനാൽ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്താൻ ഈ വ്യാപരബന്ധം സഹായിക്കും.
കഴിഞ്ഞ മാസങ്ങളിൽ ഇന്ത്യയിലേക്ക് റഷ്യൻ എണ്ണയുടെ ഇറക്കുമതി ഗണ്യമായി ഉയർന്നതായി യൂറോപ്യൻ തിങ്ക് ടാങ്കായ സെന്റർ ഫോർ റിസർച്ച് ഓൺ എനർജി ആൻഡ് ക്ലീൻ എയർ വിലയിരുത്തിയിട്ടുണ്ട്. ഫെബ്രുവരിയുമായി താരതമ്യപ്പെടുത്തുമ്പോൾ മാർച്ചിൽ റഷ്യൻ ക്രൂഡ് ഇന്ത്യ വാങ്ങിയത് മൂന്നിരട്ടിയിലധികം വർധിച്ച് 5.3 ബില്യൺ യൂറോയായി ഉയർന്നു. ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ ഇന്ത്യയുടെ പങ്ക് 38 ശതമാനമായി ഉയർന്നിരുന്നു. ഇതോടെ, ചൈനയെ മറികടന്ന് രണ്ടാമത്തെ വലിയ എണ്ണ ഇറക്കുമതിക്കാരായി ഇന്ത്യ മാറി.
English Summary: US extension of waiver on Russian and Iranian oil imports provides short-term relief to India by stabilizing crude supply and avoiding shortages but rising global oil prices and geopolitical tensions continue to pose economic challenges and inflation risks.