

ഇന്ത്യയിലെ സൗരോർജ ശേഖരണത്തിൽ പലമടങ്ങ് വർദ്ധന ഉണ്ടായിരിക്കുന്നതായി റിപ്പോർട്ട്. വേനൽകാലത്തെ അധികവൈദ്യുത ഉപയോഗത്തിനായി പ്രധാനമായും നമ്മൾ ആശ്രയിച്ചത് സൗരോർജത്തെയാണ്. എന്നാൽ ഇത്തരത്തിൽ അമിത സൗരോർജ ഉത്പാദനം പവര്ഗ്രിഡിന് സമ്മര്‍ദമുണ്ടാക്കുന്നതായി റിപ്പോർട്ട്. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയുടെ പുതിയ പ്രവർത്തന പഠന റിപ്പോർട്ടിലാണ് ഇക്കാര്യങ്ങളുള്ളത്
മേയോടെ സൗരോർജ ഉത്പാദനശേഷി 157 ഗിഗാവാട്ട് (GW) കവിഞ്ഞു. ആകെ വൈദ്യുതി ഉത്പാദന ശേഷിയിൽ സൗരോർജത്തിന്റെ വിഹിതം 2015-16ലെ വെറും രണ്ട് ശതമാനത്തിൽ നിന്ന് 2026 മേയോടെ 29 ശതമാനമായാണ് ഉയർന്നത്. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി (EAC-PM) അംഗമായ സഞ്ജീവ് സന്യാൽ, ഐആർഎസ് ഉദ്യോഗസ്ഥനായ സത്‍വിക് ദേവ് എന്നിവർ തയ്യാറാക്കിയ റിപ്പോർട്ടിൽ 2023, 2025, 2026 എന്നീ വർഷങ്ങളിലെ വേനൽക്കാല കണക്കുകൾ ഉദ്ധരിച്ചുകൊണ്ട്, ഊർജ സംഭരണ സംവിധാനങ്ങൾ ആവശ്യത്തിനു വർധിപ്പിക്കാതെ നെറ്റ് ലോഡ് നിയന്ത്രിക്കുന്ന നയങ്ങൾ നടപ്പാക്കാതെയും സൗരോർജ സംഭരണം ഇനിയും തുടർന്നാൽ അത് വൈദ്യുതി ഗ്രിഡിന് കൂടുതൽ ലോഡ് കൂടുകയും ഗ്രിഡിന്റെ പ്രവർത്തനങ്ങളെ തന്നെ ബാധിക്കുമെന്ന മുന്നറിയിപ്പും നൽകിയിരുന്നു.
പക്ഷേ ഈ പഠനത്തിൽ 2024-നെഉൾപ്പെടുത്തിയിട്ടില്ല. കാരണം, ചരിത്രത്തിലെ തന്നെ ഏറ്റവും ചൂടേറിയ വർഷമായതിനാൽ തന്നെ 2024 കണക്കുകളെ മറ്റു വർഷങ്ങളിലെ വേനൽ ചൂടുമായി താരതമ്യം ചെയ്യാൻ സാധിക്കാത്തതിനാലാണ് ഇത്. സഞ്ജീവ് സന്യാൽ ചൊവ്വാഴ്ച എക്‌സിൽ പങ്കുവെച്ച കുറിപ്പ് പ്രകാരം ദേശീയ വൈദ്യുതി ഗ്രിഡ് നേരിടുന്ന മൂന്ന് പ്രധാന വെല്ലുവിളികളാണുള്ളത്.
1. വൈദ്യുതി വിലയിലെ വലിയ വ്യത്യാസം
2026 മേയിൽ ഇന്ത്യൻ എനർജി എക്സ്ചേഞ്ചിന്റെ (IEX) ഡേ-അഹെഡ് മാർക്കറ്റിൽ ഉച്ചസമയത്ത് ഒരു യൂണിറ്റ് വൈദ്യുതിയുടെ ശരാശരി വില 1.11 രൂപ മാത്രമായിരുന്നപ്പോൾ, രാത്രിയിൽ അത് 9.71 രൂപയായി ഉയർന്നു.
2. സൗരോർജം പാഴാകുന്നത്
മേയിൽ പ്രതിദിനം ഏകദേശം 24 ഗിഗാവാട്ട്-മണിക്കൂർ (GWh) സൗരോർജം ഉപയോഗിക്കാനാകാതെ നഷ്ടമായി.
3. രാത്രികാല വൈദ്യുതിക്ഷാമം
ഏപ്രിൽ-മേയ് മാസങ്ങളിൽ സൗരോർജം ലഭ്യമല്ലാത്ത സമയങ്ങളിലെ ഉയർന്ന വൈദ്യുതി ആവശ്യകത നിറവേറ്റാൻ 36 ദിവസങ്ങളിൽ ഗ്രിഡിനു സാധിച്ചില്ല. എന്നാൽ, സൗരോർജം ലഭ്യമായ സമയത്തെ ഉയർന്ന ആവശ്യകതയിൽ ഇത്തരമൊരു കുറവുണ്ടായത് ആറ് ദിവസം മാത്രമായിരുന്നു.
മേയ് 21-ന് ഗ്രിഡ് പ്രവർത്തിച്ചത് എങ്ങനെ?
മേയ് 21-നാണ് ഇന്ത്യയിലെ വൈദ്യുതി ആവശ്യകത ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലെത്തിയത്. ഉച്ചയ്ക്കു 3.45-ന് 270.8 ജിഗാവാട്ട് (GW) ആയിരുന്നു പരമാവധി വൈദ്യുതി ആവശ്യം. ഈ ആവശ്യകതയുടെ വലിയൊരു പങ്കും അന്ന് സൗരോർജത്തിലൂടെയാണ് നിറവേറ്റപ്പെട്ടത്. താപവൈദ്യുത നിലയങ്ങളെയോ ജലവൈദ്യുത നിലയങ്ങളെയോ അത്ര ആശ്രയിക്കേണ്ടി വന്നില്ല.
ഉച്ചയ്ക്ക് 3.45 മുതൽ വൈകിട്ട് 6.30 വരെ, ജോലി സമയം അവസാനിച്ചതോടെ വൈദ്യുതി ആവശ്യം ഏകദേശം 34 ജിഗാവാട്ട് കുറഞ്ഞ് 236.7 ജിഗാവാട്ടായി. എന്നാൽ വൈകുന്നേരമായതോടെ സ്ഥിതി മാറി. ആളുകൾ വീടുകളിലേക്കു മടങ്ങി ലൈറ്റുകളും ഫാനുകളും എയർ കണ്ടീഷണറുകളും മറ്റു വൈദ്യുത ഉപകരണങ്ങളും ഉപയോഗിക്കാൻ തുടങ്ങിയതോടെ വൈദ്യുതി ആവശ്യം വീണ്ടും ഉയർന്നു. രാത്രി 10.45-ഓടെ ഇത് വീണ്ടും ഏകദേശം 252 ജിഗാവാട്ട് എന്ന രണ്ടാമത്തെ ഉയർന്ന നിലയിലെത്തി. ഈ സമയത്ത് സൗരോർജം ലഭ്യമല്ലാതിരുന്നതിനാൽ. മുഴുവൻ വൈദ്യുതി ആവശ്യവും കൽക്കരി ഉപയോഗിക്കുന്ന താപവൈദ്യുത നിലയങ്ങളെ ആശ്രയിച്ചാണ് നിറവേറ്റിയത്.
റിപ്പോർട്ട് അനുസരിച്ച് പറയുന്നതനുസരിച്ച്, ഓരോ മണിക്കൂറിലും ഏറ്റവും കൂടുതൽ വൈദ്യുതി നൽകുന്നത് താപവൈദ്യുത നിലയങ്ങളാണ്. ഇവയുടെ ഉൽപാദനം 138 മുതൽ 185 ഗിഗാവാട്ട് വരെയാണ്. രാത്രി സൗരോർജം ലഭ്യമല്ലാത്തതിനാൽ, രാജ്യത്തെ ആകെ വൈദ്യുതി ആവശ്യത്തിന്റെ ഏകദേശം നാലിൽ മൂന്നു ഭാഗവും താപവൈദ്യുത നിലയങ്ങളാണ് നിറവേറ്റുന്നത്. പകൽ സമയത്ത് സൗരോർജം ലഭ്യമാകുന്നതിനാൽ താപവൈദ്യുത നിലയങ്ങളിലേക്കുള്ള ആവശ്യകത ഗണ്യമായി കുറയുന്നു. എന്നാൽ, വൈകുന്നേരത്തെ ഉയർന്ന വൈദ്യുതി ആവശ്യകത യിൽ സൗരോർജ ഉൽപാദനം കുറഞ്ഞിരിക്കും. ഇതിന്റെ ഫലമായി പകൽസമയത്ത് വൈദ്യുതി ആവശ്യത്തിൽ വലിയ ഇടിവും വൈകുന്നേരം പെട്ടെന്ന് വലിയ ഉയർച്ചയും ഉണ്ടാകും.
ഈ സാഹചര്യം കൈകാര്യം ചെയ്യാൻ, ഗ്രിഡിന് വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ പതിനായിരക്കണക്കിനു മെഗാവാട്ട് അധിക വൈദ്യുതി താപവൈദ്യുത നിലയങ്ങൾ പോലുള്ള മറ്റ് സ്രോതസുകളിൽ നിന്ന് എടുക്കേണ്ടതായി വരുന്നുവെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. സൗരോർജം സംഭരിക്കാനുള്ള എനർജി സ്റ്റോറേജ് സംവിധാനവും മതിയായ അടിസ്ഥാനസൗകര്യം നിലവിൽ ഇന്ത്യയിൽ ഇല്ലാത്തതാണ് ഇതിന് പ്രധാന കാരണം. അതിനാൽ തന്നെ പകൽ ഉൽപാദിപ്പിക്കുന്ന അധിക സൗരോർജം പിന്നീട് ഉപയോഗിക്കാനായി സംഭരിക്കാൻ കഴിയുന്നില്ല. രാത്രിയിൽ വൈദ്യുതി ആവശ്യം ഉയരുമ്പോൾ, ആ കുറവ് നികത്താൻ പ്രധാനമായും താപവൈദ്യുത നിലയങ്ങളെ ആശ്രയിക്കേണ്ട സാഹചര്യമാണുള്ളത്.
India's solar power capacity has grown rapidly in recent years, playing a crucial role in meeting the country's soaring electricity demand, especially during the summer. However, a new working paper by the Economic Advisory Council to the Prime Minister (EAC-PM) warns that this rapid expansion is also creating fresh challenges for the power grid. While solar energy significantly reduces dependence on conventional power sources during the day, the lack of adequate energy storage means much of the excess solar power cannot be used later. As a result, the grid faces increased stress during evening and night-time peak demand, highlighting the urgent need for large-scale energy storage and better grid management.