

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമേനിയുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ട് ക്ഷണിച്ചത് ആഗോള ചർച്ചാ വിഷയമായിരിക്കുകയാണ്. നിലവിൽ അമേരിക്ക-ഇറാൻ പ്രതിസന്ധി തുടരുന്ന പശ്ചാതലത്തിൽ ഇരു രാജ്യങ്ങളോടുള്ള ഇന്ത്യയുടെ സമീപനം എന്തായിരിക്കും എന്നതാണ് ലോക രാജ്യങ്ങൾ ഉറ്റുനോക്കുന്നത്. ഇറാനുമായും അമേരിക്കയുമായും ഇന്ത്യക്ക് ഒട്ടേറെ നയതന്ത്രബന്ധമുള്ളതിനാൽ എങ്ങനെ വിഷയം കൈകാര്യം ചെയ്യും എന്നതാണ് ഇന്ത്യ ആലോചിക്കുന്നത്.
അമേരിക്ക, ഇസ്രയേൽ, യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങൾ എന്നിവയുമായുള്ള ഇന്ത്യയുടെ തന്ത്രപ്രധാന ബന്ധങ്ങളും കഴിഞ്ഞ വർഷങ്ങളിൽ ഏറെ ശക്തമായിട്ടുണ്ട്. അതിനാൽ സംസ്കാരച്ചടങ്ങിലെ പ്രതിനിധിത്വത്തെക്കുറിച്ചുള്ള തീരുമാനം അതീവ സൂക്ഷ്മതയോടെയായിരിക്കും ഇന്ത്യ കൈക്കൊള്ളുക. 2024 മെയ് മാസത്തിൽ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസി ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചപ്പോൾ ഇന്ത്യ ഒരു ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിക്കുകയും അന്നത്തെ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറിനെ ടെഹ്റാനിലേക്ക് അയക്കുകയും ചെയ്തിരുന്നു. ഇറാനുമായുള്ള ബന്ധത്തിന് ഇന്ത്യ നൽകുന്ന പരിഗണനയുടെ സൂചനയായിരുന്നു ആ നീക്കം.
എന്നാൽ ഖമേനിയുടെ മരണം അത്തരത്തിലായിരിക്കില്ല അമേരിക്ക കാണുന്നത്. അമേരിക്കയും ഇസ്രയേലും പങ്കെടുത്ത സൈനിക ഏറ്റുമുട്ടലിന്റെ ആദ്യദിനത്തിലാണ് ഖമേനി കൊല്ലപ്പെട്ടത്. ആക്രമണത്തിന് പിന്നാലെ ഇന്ത്യ തുടക്കത്തിൽ മൗനം പാലിച്ചെങ്കിലും പിന്നീട് ന്യൂഡൽഹിയിലെ ഇറാൻ എംബസിയിലെ അനുശോചനപുസ്തകത്തിൽ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഒപ്പുവെച്ചിരുന്നു. പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ മൂന്ന് രാജ്യങ്ങളേയും പിണക്കാതെ ഡിപ്ലോമാറ്റിക്കായ നീക്കമായിരുന്നു ഇന്ത്യ നടത്തിയിരുന്നത്.
ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രയേലും ചേർന്ന് നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട ഖമേനിയുടെ മൃതദേഹം ടെഹ്റാൻ, ഖോം, ഇറാഖിലെ ചില പ്രദേശങ്ങൾ എന്നിവിടങ്ങളിലെ പൊതുദർശനത്തിനും അനുസ്മരണച്ചടങ്ങുകൾക്കും ശേഷം മഷ്ഹദിൽ സംസ്കരിക്കും. ജൂലൈ 4 മുതൽ 9 വരെയുള്ള ദിവസങ്ങളിലായിരിക്കും ചടങ്ങുകൾ നടക്കുക.
ചടങ്ങിൽ മോദി നേരിട്ട് പങ്കെടുക്കാൻ സാധ്യതയില്ലെന്നാണ് ദേശീയ മാധ്യമങ്ങൾ വിലയിരുത്തുന്നത്. പകരം ഉന്നതതല പ്രതിനിധിയെ അയക്കുകയായിരിക്കും ചെയ്യുക. എന്നാൽ ഖമേനിയുടെ മരണം അമേരിക്കയുടേയും ഇസ്രയേലിന്റേയും ലക്ഷ്യമായിരുന്നതുകൊണ്ടുതന്നെ അത്തരമൊരു നീക്കത്തെ ഇരു രാജ്യങ്ങളും ഗൗരവമായിട്ടായിരിക്കും കാണുന്നത്. പശ്ചിമേഷ്യൻ യുദ്ധസമയത്ത് ഇറാൻ ഹോർമുസ് കടലിടുക്ക് പൂർണ്ണമായും അടച്ചിട്ടിരുന്നെങ്കിലും ഇന്ത്യയിലേക്കുള്ള കപ്പലുകളെ കടന്നുപോകാൻ സമ്മതിച്ചിരുന്നു. അതേസമയം അമേരിക്കയും ഇസ്രയേലും ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട തന്ത്രപ്രധാന പങ്കാളികളാണ്. ഇസ്രയേലുമായുള്ള പ്രതിരോധ സഹകരണം ഇക്കാലയളവിൽ വളരെയധികം ശക്തിപ്പെട്ടിട്ടുണ്ട്. അമേരിക്കയുമായി പ്രതിരോധം, സാങ്കേതികവിദ്യ, വ്യാപാരം, ഇൻഡോ-പസഫിക് തന്ത്രം തുടങ്ങിയ മേഖലകളിൽ ഇന്ത്യക്ക് അടുത്ത ബന്ധമുണ്ട്.
ഇന്ത്യ-ഇറാൻ ബന്ധം വെറും പ്രതീകാത്മകതയിൽ ഒതുങ്ങുന്നതല്ല. ഇന്ത്യയുടെ സുപ്രധാന തന്ത്രപ്രധാന പദ്ധതികളിലൊന്നായ ചാബഹാർ തുറമുഖ പദ്ധതി കഴിഞ്ഞ മാസങ്ങളിൽ നിരവധി വെല്ലുവിളികൾ നേരിട്ടിരുന്നു. 2026 ഏപ്രിലിൽ അമേരിക്ക നൽകിയിരുന്ന ഉപരോധ ഇളവ് അവസാനിച്ചതും മേഖലയിലെ സംഘർഷാവസ്ഥയും പദ്ധതിയെ ബാധിച്ചു. എന്നിരുന്നാലും പാകിസ്താനെ മറികടന്ന് അഫ്ഗാനിസ്ഥാൻ, മധ്യേഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലേക്കുള്ള പ്രവേശന കവാടമെന്ന നിലയിൽ ചാബഹാറിന് ഇന്ത്യയ്ക്ക് വലിയ പ്രാധാന്യമുണ്ട്. പദ്ധതിയുടെ ഭാവി ഉറപ്പാക്കാൻ ഇന്ത്യ ഇപ്പോഴും ടെഹ്റാനുമായും വാഷിങ്ടണുമായും ആശയവിനിമയം തുടരുകയാണ്.
Iran’s invitation to Prime Minister Narendra Modi to attend the funeral of late Supreme Leader Ayatollah Ali Khamenei has placed India in a delicate diplomatic position. With strong ties to Iran, the US, Israel and Gulf nations, New Delhi must carefully balance competing interests. While Modi is unlikely to attend personally, India may send a senior representative. The decision carries strategic implications, given India’s interests in the Chabahar Port project, regional energy security, and its growing defence and economic partnerships with the US and Israel.