നിശ്ശബ്ദമാക്കപ്പെടുന്ന ഒരു ജനതയുടെ അതിജീവനത്തിന്റെ പോരാട്ടം; കെൻ-ബേത്വ പ്രക്ഷോഭവും ‘ചിതാ ആന്ദോളനും'

"ഈ മണ്ണും ഈ നദിയും ഇല്ലാതെ ഞങ്ങൾക്ക് ജീവിതമില്ല"
നിശ്ശബ്ദമാക്കപ്പെടുന്ന ഒരു ജനതയുടെ അതിജീവനത്തിന്റെ പോരാട്ടം; കെൻ-ബേത്വ പ്രക്ഷോഭവും ‘ചിതാ ആന്ദോളനും'
Published on

ജന്തർ മന്തറിലെ ശബ്ദമുഖരിതമായ പ്രതിഷേധങ്ങൾക്ക് ദേശീയ മാധ്യമങ്ങൾ വലിയ ശ്രദ്ധ നൽകുമ്പോൾ, മധ്യപ്രദേശിലെ കാടുകളിലും നദീതീരങ്ങളിലും മറ്റൊരു വലിയ അതിജീവന സമരം നിശബ്ദമായി നടക്കുകയാണ്. തങ്ങളുടെ മണ്ണും കാടും സംസ്കാരവും സംരക്ഷിക്കാൻ ആദിവാസികളും കർഷകരും നടത്തുന്ന ഈ പോരാട്ടം മാധ്യമങ്ങളുടെ മുൻപേജുകളിൽ ഇടംപിടിക്കുന്നില്ലെങ്കിലും അതിന്റെ പ്രാധാന്യം ഒട്ടും കുറയുന്നില്ല.

വരൾച്ച അനുഭവിക്കുന്ന ബേത്വ മേഖലയിലേക്ക് കെൻ നദിയിലെ വെള്ളം എത്തിക്കാനായി സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് കെൻ-ബേത്വ നദീസംയോജന പദ്ധതി. പുറമേക്ക് കേൾക്കുമ്പോൾ വികസനമെന്നു തോന്നിക്കുന്ന ഈ പദ്ധതി, പ്രദേശവാസികളായ ആയിരക്കണക്കിന് മനുഷ്യർക്ക് കടുത്ത ആശങ്കയാണ് ഉണ്ടാക്കുന്നത്. ഈ പദ്ധതി നടപ്പിലാകുന്നതോടെ അഭയാർത്ഥികളാകുന്ന ആയിരക്കണക്കിന് ആദിവാസി കുടുംബങ്ങൾക്ക് തലമുറകളായി കൈമാറിവന്ന വീടുകളും കൃഷിഭൂമിയും ഗ്രാമങ്ങളും ഉപേക്ഷിച്ച് കുടിയൊഴിയേണ്ടി വരും. മണ്ണുമായും വനവുമായും ബന്ധപ്പെട്ടു കിടക്കുന്ന അവരുടെ പരമ്പരാഗത ഉപജീവന മാർഗ്ഗങ്ങൾ പൂർണ്ണമായും ഇല്ലാതാകും. നിർദ്ദിഷ്ട അണക്കെട്ട് നിർമാണം പ്രകൃതിക്കും കടുത്ത ആഘാതമാണ് സൃഷ്ടിക്കുന്നത്. ഏകദേശം 9,000 ഹെക്ടർ ഭൂമി ഈ പദ്ധതി മൂലം വെള്ളത്തിനടിയിലാകും എന്നാണ് കണക്കാക്കുന്നത്. ഇതിൽ പ്രസിദ്ധമായ പന്ന ടൈഗർ റിസർവിന്റെ വലിയൊരു ഭാഗവും ഉൾപ്പെടുന്നു. കൂടാതെ, 10 ഗ്രാമങ്ങൾ പൂർണ്ണമായും ഭൂപടത്തിൽ നിന്ന് തന്നെ ഇല്ലാതായി മുങ്ങിപ്പോകാനും സാധ്യതയുണ്ട്.

നിശ്ശബ്ദമാക്കപ്പെടുന്ന ഒരു ജനതയുടെ അതിജീവനത്തിന്റെ പോരാട്ടം; കെൻ-ബേത്വ പ്രക്ഷോഭവും ‘ചിതാ ആന്ദോളനും'
നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്; വിദ്യാര്‍ഥികള്‍ക്കെതിരെ കേസ് എടുക്കില്ലെന്ന് സര്‍ക്കാര്‍, ചോദ്യപേപ്പര്‍ ചോര്‍ച്ച തടയാന്‍ പുതിയ നിയമം?

'ചിതാ ആന്ദോളൻ'... പ്രതിഷേധത്തിന്റെ വേറിട്ട മുഖം

ഗോണ്ട്, കോൾ വിഭാഗങ്ങളിൽപ്പെട്ട ആദിവാസി സ്ത്രീകളുടെ നേതൃത്വത്തിലാണ് ഈ പ്രക്ഷോഭം ശക്തമാകുന്നത്. 2026 ഏപ്രിൽ 8-നാണ് സമരം പുതിയൊരു തലത്തിലേക്ക് കടന്നത്. ചിതകളിൽ കിടന്നുള്ള സമരം നൂറുകണക്കിന് പ്രതിഷേധക്കാർ കെൻ നദീതീരത്ത് മുളകൾ കൊണ്ടുണ്ടാക്കിയ മഞ്ചകളിൽ (ചിതകളിൽ) പൂർണ്ണമായും നിശ്ചലരായി കിടന്ന് പ്രതിഷേധിച്ചു. ഇതോടെയാണ് ഈ സമരത്തിന് "ചിതാ ആന്ദോളൻ" എന്ന പേര് ലഭിച്ചത്. കൈക്കുഞ്ഞുങ്ങളുള്ള അമ്മമാർ ഉൾപ്പെടെയുള്ള ഗ്രാമീണരാണ് തങ്ങളുടെ ജീവിതവും മണ്ണും വേർപിരിക്കാനാവാത്തതാണെന്ന് കാണിക്കാൻ സ്വന്തം ശരീരങ്ങളെ സമരായുധമാക്കിയത്. ചിതാ ആന്ദോളനിൽ മാത്രം ഒതുങ്ങുന്നതല്ല ഈ അതിജീവന പോരാട്ടം. നദീതീരത്തെ മണ്ണ് ശരീരത്തിലാകെ പൂശി തങ്ങൾ ഈ മണ്ണിന്റെ മക്കളാണെന്ന് പ്രഖ്യാപിക്കുന്ന മിട്ടി ആന്ദോളൻ സമരം. നദിയിലെ അരപ്പൊക്കം വെള്ളത്തിൽ മണിക്കൂറുകളോളം നിലയുറപ്പിച്ചും കിടന്നും നടത്തുന്ന ജൽ ആന്ദോളൻ സമരം .

"ഈ മണ്ണും ഈ നദിയും ഇല്ലാതെ ഞങ്ങൾക്ക് ജീവിതമില്ല", എന്ന ശക്തമായ സന്ദേശമാണ് അവർ ലോകത്തിന് നൽകുന്നത്. മാറ്റിപ്പണിയാൻ വീടുകൾ നിർമ്മിച്ച് നൽകിയേക്കാം, എന്നാൽ തലമുറകളായി കെട്ടിപ്പടുത്ത ജീവിതരീതിയും സംസ്കാരവും പ്രകൃതിബന്ധവും വേറൊരിടത്തേക്ക് മാറ്റിസ്ഥാപിക്കാൻ കഴിയില്ലെന്ന് ഇവർ ഓർമിപ്പിക്കുന്നു

രണ്ട് പോരാട്ടങ്ങൾ, ഒരേ സന്ദേശം

ജന്തർ മന്തറിൽ രാജ്യത്തിന്റെ യുവത്വം വിദ്യാഭ്യാസത്തിനും അനീതിക്കുമെതിരെ പോരാടുമ്പോൾ, മധ്യപ്രദേശിലെ വനമേഖലകളിൽ ആദിവാസികൾ പോരാടുന്നത് തങ്ങളുടെ നിലനിൽപ്പിനും ചരിത്രം കാത്തുസൂക്ഷിക്കാൻ കൂടിയാണ്. ഒന്നിൽ നഷ്ടപ്പെടുന്നത് ഒരു തലമുറയുടെ ഭാവിയാണെങ്കിൽ, മറ്റൊന്നിൽ നഷ്ടപ്പെടുന്നത് ഒരു ജനതയുടെ സംസ്‌കാരമാണ്. കാരണങ്ങൾ വ്യത്യസ്തമാണെങ്കിലും രണ്ടിന്റെയും സന്ദേശം ഒന്നുതന്നെയാണ്. ഭരണകൂടങ്ങൾ ജനങ്ങളുടെ ശബ്ദത്തിന് കാതോർക്കണം. താൽക്കാലികമായെങ്കിലും നിർമ്മാണ പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കാൻ കഴിഞ്ഞ ഈ സമരം, ഇനിയും അവഗണിക്കപ്പെടാൻ പാടില്ലാത്ത പ്രകൃതിയുടെയും മനുഷ്യന്റെയും നിലവിളി കൂടിയാണ്.

Summary

The Ken–Betwa river-linking project has triggered widespread protests by tribal communities in Madhya Pradesh, who fear displacement, environmental destruction, and the loss of their cultural heritage. Through symbolic movements like Chita Andolan, Mitti Andolan, and Jal Andolan, protesters are demanding that their voices be heard alongside other national movements.

Madism Digital
madismdigital.com