

ഇന്ത്യൻ യുവതീയുവാക്കൾക്കിടയിൽ ഡേറ്റിങ് ആപ്പുകളുടെ ഉപയോഗം കുറച്ച് വർഷങ്ങളായി വളരെയധികം വർധിച്ചിട്ടുണ്ട്. കാഷ്വലായ ബന്ധങ്ങൾക്കുവേണ്ടി തുടങ്ങി, വെറുതെ ഒന്ന് സംസാരിക്കാൻ വേണ്ടി വരെ ഡേറ്റിങ് ആപ്പുകളിൽ സൈൻഇൻ ചെയ്യുന്ന ഒരുപാട് പേരുമുണ്ട്. എന്നാൽ ഏറ്റവും ശ്രദ്ധേയകരമായ കാര്യം, വിവാഹിതരായ ഇന്ത്യക്കാർ ധാരാളമായി ഡേറ്റിങ് ആപ്പുകൾ ഉപയോഗിക്കുന്നുണ്ടെന്നതാണ്.
കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് 4.5 കോടി ഇന്ത്യക്കാരാണ് രഹസ്യ കാറ്റഗറിയിൽ പെടുന്ന ഡേറ്റിങ് ആപ്പുകളിൽ അംഗത്വമെടുത്തത്. കഴിഞ്ഞ വർഷം മാത്രം 1.6 കോടി പേർ ജോയിൻ ചെയ്തു. രഹസ്യ ഡേറ്റിങ് ആപ്പ് എന്നാൽ പേരോ മറ്റ് വിവരങ്ങളോ വെളിപ്പെടുത്താതെ ഡേറ്റ് ചെയ്യാനാവുന്ന ആപ്പുകൾ എന്നാണർഥം. 'വിവേകപൂർണമായ', വിവാഹേതര ബന്ധങ്ങൾ തേടിയാണ് ഇത്തരം ആളുകളുടെ പോക്ക്.
ചില പ്ലാറ്റ്ഫോമുകൾ സ്വവർഗാനുരാഗികളുടെ ഡേറ്റിങ്ങിനായി പ്രത്യേകം പ്രവർത്തിക്കുമ്പോൾ, മറ്റുചിലത് മൂന്നാമതൊരാളെ പങ്കാളിയാക്കാൻ ആഗ്രഹിക്കുന്ന ദമ്പതികൾ ഉപയോഗിക്കുന്നവയാണെന്നാണ് ഇന്ത്യാ ടുഡേയുടെ ഒരു റിപ്പോർട്ട് വ്യക്തമാക്കുന്നത്. റിപ്പോർട്ടിനായി, പ്യുവർ, 3വേ, നിംഫ് എന്നീ ആപ്പുകൾ ഇവർ പഠനവിധേയമാക്കിയിരുന്നു.
പഠനറിപ്പോർട്ടിൽ വ്യക്തമാക്കുന്നത്, ഇന്ത്യൻ ഡേറ്റിങ് വിപണി ഒരു സാമൂഹിക മാറ്റത്തിലൂടെ കടന്നുപോകുന്നുവെന്നാണ്. ഒരുകാലത്ത് പൊരുത്തം, വൈകാരിക പിന്തുണ, പരസ്പര ആശ്രയം, ചിലപ്പോൾ അവിവാഹിതർക്കിടയിലെ ക്യാഷ്വൽ ബന്ധങ്ങൾ എന്നിവയെ കേന്ദ്രീകരിച്ചിരുന്നതാണ് ഡേറ്റിങ്. എന്നാൽ ഇപ്പോൾ അത് അജ്ഞാതത്വം, വ്യക്തമായ ലക്ഷ്യങ്ങളോടെയുള്ള ഇടപെടലുകൾ, ബന്ധങ്ങളിലെ വ്യത്യസ്തതകൾ എന്നിവയുമായി കൂടുതൽ ബന്ധപ്പെട്ടുവരികയാണ്.
ടിൻഡർ, ബംബിൾ പോലുള്ള മുഖ്യധാരാ ഡേറ്റിങ് ആപ്പുകൾ ഇന്ത്യൻ വിപണിയിൽ നേരത്തെ പ്രവേശിച്ചതും വലിയ ഉപയോക്തൃ അടിത്തറയും കാരണം ഇപ്പോഴും വലിയ സ്വാധീനം നിലനിർത്തുന്നുണ്ട്. എന്നാൽ കഴിഞ്ഞ ഒരു വർഷത്തിനിടെ ഇവയുടെ ഡൗൺലോഡ് നിരക്കിൽ ഇടിവുണ്ടായതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. അതേസമയം, “രഹസ്യ” അല്ലെങ്കിൽ പ്രത്യേക വിഭാഗങ്ങളെ ലക്ഷ്യമിടുന്ന പ്ലാറ്റ്ഫോമുകളായി കണക്കാക്കപ്പെടുന്ന 3Fun: Open-Minded Dating App, 3Way: Couples & Singles Hookup തുടങ്ങിയ ആപ്പുകൾ ഇതേ കാലയളവിൽ ഡൗൺലോഡുകളുടെ എണ്ണത്തിൽ സ്ഥിരമായ വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്.
വിഷയത്തിൽ കൂടുതൽ വ്യക്തത ലഭിക്കാനായി ഡേറ്റിങ് ആപ്പുകളിൽ ജോയിൻ ചെയ്തപ്പോഴുണ്ടായ വ്യത്യസ്ത അനുഭവങ്ങളും ഇന്ത്യാ ടുഡേ റിപ്പോർട്ടിൽ വിവരിക്കുന്നുണ്ട്. 'തുറന്ന മനസ്സുള്ള ആളുകൾക്കായുള്ള ഏറ്റവും മികച്ച ഡേറ്റിങ് ആപ്പ്' എന്ന് സ്വയം വിശേഷിപ്പിക്കുന്ന PURE-ൽ അജ്ഞാതമായ ഒരു സ്ത്രീ യൂസർനെയിമും മുഖം കാണിക്കാത്ത ഒരു പ്രൊഫൈൽ ചിത്രവും ഉപയോഗിച്ച് സൃഷ്ടിച്ച അക്കൗണ്ടിന് ആദ്യ മണിക്കൂറിനുള്ളിൽ തന്നെ അഞ്ഞൂറിലധികം ലൈക്കുകൾ (കണക്ഷൻ അഭ്യർഥനകൾ) ലഭിച്ചതായാണ് പറയുന്നത്.
പ്രൊഫൈലുകൾ യഥാർത്ഥ ആളുകളുടേതാണെന്ന് തോന്നിക്കുന്നവയായിരുന്നു. വ്യക്തികളുടെ ചിത്രങ്ങളുണ്ടായിരുന്നെങ്കിലും പലപ്പോഴും യഥാർഥ പേരുകൾ നൽകിയിരുന്നില്ല. വിവാഹിതർ, ജോലി ചെയ്യുന്നവർ, തൊഴിലില്ലാത്തവർ, ബൈസെക്ഷ്വൽ വ്യക്തികൾ, സ്വയം തുറന്ന മനസ്സുള്ളവരെന്ന് വിശേഷിപ്പിക്കുന്നവർ തുടങ്ങി വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ളവരാണ് അവയിൽ ഉണ്ടായിരുന്നത്.
പരിശോധിച്ചവയിൽ താരതമ്യേനെ രഹസ്യസ്വഭാവം കുറവുള്ളതായി തോന്നിയത് ടിൻഡർ ആണത്രേ. ഏറ്റവും അസഹനീയമായി തോന്നിയത് ബംബിളും.
വിവാഹിതരായ ആളുകൾ ഡേറ്റിങ് മേഖലയെ അപ്പാടെ ചൂഷണം ചെയ്യുന്നുവെന്നാണ് റിപ്പോർട്ട് പറയുന്നത്. ഏകപങ്കാളിത്ത ബന്ധം (monogamy) ഇപ്പോഴും ലോകത്ത് പ്രബലമായി തുടരുന്നുണ്ടെങ്കിലും, ബദൽ ബന്ധങ്ങളുമായി ബന്ധപ്പെട്ട ചർച്ചകളോട് ആളുകൾ കൂടുതൽ തുറന്ന സമീപനം സ്വീകരിക്കുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. സാഹചര്യസമ്മർദം കൊണ്ട് വിവാഹം കഴിക്കേണ്ടി വന്നവർ, ചെറുപ്രായത്തിലേ വിവാഹിതരായവർ, സംതൃപ്തമല്ലാത്ത ലൈംഗികബന്ധം എന്നിവയൊക്കെയാണ് ആളുകൾ വിവാഹേതര ബന്ധത്തിലേക്കു കടക്കാനുള്ള കാരണങ്ങളായി പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്.
English Summary: The use of dating apps among young Indians has grown significantly over the past few years. Many people sign up for dating apps for casual relationships, while others join simply to have conversations and meet new people. However, the most striking trend is that a large number of married Indians are also using these platforms.
Over the past five years, around 45 million Indians have joined dating apps that fall into the “secret” or anonymous category. In the last year alone, 16 million people signed up. A secret dating app refers to a platform that allows users to date without revealing their names or other personal details.
Many users are reportedly turning to these apps in search of “discreet” relationships, including extramarital affairs.