കൂലിക്ക് പകരം പേപ്പർ കൂപ്പൺ, ഇഷ്ടികച്ചൂളകളില്‍ അടിമപ്പണി; നിസാമാബാദിൽ നിന്ന് മോചിപ്പിച്ചത് കുട്ടികള്‍ അടക്കം നൂറുകണക്കിന് തൊഴിലാളികളെ

രക്ഷപ്പെടുത്തിയത് 200-ലധികം കുട്ടികളെ
കൂലിക്ക് പകരം പേപ്പർ കൂപ്പൺ, ഇഷ്ടികച്ചൂളകളില്‍ അടിമപ്പണി; നിസാമാബാദിൽ നിന്ന് മോചിപ്പിച്ചത് കുട്ടികള്‍ അടക്കം നൂറുകണക്കിന് തൊഴിലാളികളെ
Published on

തെലങ്കാനയിലെ നിസാമാബാദ് ജില്ലയിലുള്ള ഇഷ്ടികച്ചൂളകളില്‍ നിന്ന് അടിമവേല ചെയ്തിരുന്ന 200-ലധികം കുട്ടികള്‍ ഉള്‍പ്പെടെ 518 തൊഴിലാളികളെ അധികൃതര്‍ രക്ഷപ്പെടുത്തി. സമീപകാലത്തെ ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനമാണിത്. കടുത്ത പോഷകാഹാരക്കുറവ്, അമിതക്ഷീണം അടക്കമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഇവര്‍ക്കുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. മനുഷ്യക്കടത്തിന് ഇരകളായ ഇവര്‍ ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്നാട്, ഒഡീഷ സ്വദേശികളാണ്.

റവന്യൂ, പോലീസ്, തൊഴില്‍, ആരോഗ്യം, ശിശുസംരക്ഷണം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ സംയുക്തമായാണ് ഓപ്പറേഷന്‍ നടത്തിയത്. പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജ് ഭരത് ലക്ഷ്മി നേരിട്ട് റെയ്ഡിന് നേതൃത്വം നല്‍കുകയും രക്ഷാപ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കുകയും ചെയ്തു. ഇഷ്ടികചൂളയില്‍ നിന്നും രക്ഷപ്പെട്ട തുപ്പാകുല ബാബു എന്ന തൊഴിലാളി സഹായം അഭ്യര്‍ത്ഥിച്ച് സംസ്ഥാന ലീഗല്‍ സര്‍വീസസ് അതോറിറ്റിയെ സമീപിച്ചതോടെയാണ് ചൂഷണ വിവരം പുറത്തറിയുന്നത്. ഇദ്ദേഹത്തിന്റെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നിരവധി ഇഷ്ടികച്ചൂള യൂണിറ്റുകളില്‍ നിന്നും അടിമപ്പണിയും തൊഴില്‍ചൂഷണവും നേരിട്ടിരുന കുട്ടികളെയും തൊഴിലാളികളെയും കണ്ടെത്തിയത്.

യാത്രയ്ക്കും മറ്റ് അടിസ്ഥാന ആവശ്യങ്ങള്‍ക്കുമായി ചെറിയ തുകകള്‍ മുന്‍കൂറായി നല്‍കിയാണ് തൊഴിലാളികളെ ഈ കെണിയില്‍ വീഴ്ത്തിയിരുന്നത്. പിന്നീട് ഈ തുക ചൂണ്ടിക്കാട്ടി ഇവരെ തടഞ്ഞുവെക്കുകയും നിര്‍ബന്ധിതമായി ജോലി ചെയ്യിക്കുകയുമായിരുന്നു. അവധി നല്‍കാതെ ദിവസവും പുലര്‍ച്ചെ മൂന്നു മണി മുതല്‍ രാത്രി 11 മണി വരെ തങ്ങളെക്കൊണ്ട് പണിയെടുപ്പിച്ചിരുന്നതായും 46 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടുള്ളപ്പോള്‍ പോലും ചൂളയുടെ പരിസരം വിട്ടുപോകാന്‍ അനുവദിച്ചിരുന്നില്ലെന്നും തൊഴിലാളികള്‍ പറഞ്ഞു.

കൂലിക്ക് പകരം പേപ്പർ കൂപ്പൺ, ഇഷ്ടികച്ചൂളകളില്‍ അടിമപ്പണി; നിസാമാബാദിൽ നിന്ന് മോചിപ്പിച്ചത് കുട്ടികള്‍ അടക്കം നൂറുകണക്കിന് തൊഴിലാളികളെ
'ഇറാനിൽ പുരോഗതിയില്ലെങ്കിൽ എണ്ണവിപണി റെഡ് സോണിലേക്ക്, പ്രതിസന്ധി അതിരൂക്ഷമാവും'; മുന്നറിയിപ്പുമായി ഊർജ ഏജൻസി

വെളുത്ത ബോണ്ട് പേപ്പറുകളില്‍ നിര്‍ബന്ധിപ്പിച്ച് ഒപ്പിടുവിച്ചിരുന്നതായും രക്ഷപ്പെടാന്‍ ശ്രമിച്ചാല്‍ അറസ്റ്റ് ചെയ്യിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പലരും ആരോപിച്ചു. കഴിഞ്ഞ നാല് വര്‍ഷമായി കൂലി ലഭിക്കാതെയാണ് ജോലി ചെയ്യുന്നതെന്നും ആഴ്ചയില്‍ ഭക്ഷണസാധനങ്ങള്‍ വാങ്ങാന്‍ 200 രൂപയുടെ ഗ്രോസറി വൗച്ചര്‍ മാത്രമായിരുന്നു ലഭിച്ചിരുന്നതെന്നും തമിഴ്നാട്ടില്‍ നിന്നുള്ള ഒരു തൊഴിലാളി പറഞ്ഞു. കൂലി നല്‍കുന്നതിന് പകരം സാധനങ്ങള്‍ വാങ്ങാന്‍ കഴിയുന്ന പേപ്പര്‍ കൂപ്പണുകളാണ് നല്‍കിയിരുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

ചില കുടുംബങ്ങള്‍ 25 വര്‍ഷത്തോളമായി ഇത്തരത്തില്‍ അടിമപ്പണി ചെയ്യുന്നുണ്ട്. രാത്രികാലങ്ങളില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കുടുംബങ്ങളില്‍ നിന്ന് മാറ്റിപ്പാര്‍പ്പിച്ചിരുന്നതായും കൂടുതല്‍ സമയം ജോലി ചെയ്യിക്കാന്‍ മാതാപിതാക്കളെ സമ്മര്‍ദ്ദത്തിലാക്കാന്‍ കുട്ടികളെ ഉപയോഗിച്ചിരുന്നതായും ഉദ്യോഗസ്ഥര്‍ക്ക് പരാതി ലഭിച്ചിട്ടുണ്ട്. ചൂളയുടെ പരിസരത്ത് തന്നെ മരണങ്ങളും ശവസംസ്‌കാരങ്ങളും നടന്നിട്ടുള്ളതായും റിപ്പോര്‍ട്ടുകളുണ്ട്.

അടിസ്ഥാന സൗകര്യങ്ങള്‍ പോലും നിഷേധിക്കപ്പെട്ടു

പൊടിയും ഇഷ്ടികച്ചൂളയിലെ ചാരവും നിറഞ്ഞ ഇടുങ്ങിയ ടാര്‍പോളിന്‍ ഷെഡ്ഡുകളിലാണ് തൊഴിലാളികള്‍ താമസിച്ചിരുന്നതെന്ന് അധികൃതര്‍ പറഞ്ഞു. ഇവര്‍ക്ക് കൃത്യമായ കുടിവെള്ളമോ ശുചിമുറി സൗകര്യങ്ങളോ ആരോഗ്യപരിപാലനമോ ലഭ്യമായിരുന്നില്ല. നവജാത ശിശുക്കളും ഗര്‍ഭിണികളും ഉള്‍പ്പെടെയുള്ളവര്‍ ഈ വൃത്തിഹീനമായ ചുറ്റുപാടിലാണ് ജീവിച്ചിരുന്നത്. ചൂളകളുടെ പുറത്തേക്ക് ഇവര്‍ക്ക് സഞ്ചാര സ്വാതന്ത്രം ഉണ്ടായിരുന്നില്ല.

കൂലിക്ക് പകരം പേപ്പർ കൂപ്പൺ, ഇഷ്ടികച്ചൂളകളില്‍ അടിമപ്പണി; നിസാമാബാദിൽ നിന്ന് മോചിപ്പിച്ചത് കുട്ടികള്‍ അടക്കം നൂറുകണക്കിന് തൊഴിലാളികളെ
ഇടിമുറിയും വെടിവെപ്പും അസഭ്യവർഷവുമല്ല പുതിയ സർക്കാരിന്റെ പൊലീസ് നയം; നിര്‍ണായക തീരുമാനങ്ങളുമായി ചെന്നിത്തല

രക്ഷപ്പെടുത്തിയതിന് ശേഷം ഇരകളെ മാമിഡിപ്പള്ളിയിലെ വിജയലക്ഷ്മി ഫങ്ഷന്‍ ഹാളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ഇവിടെ വെച്ചാണ് ഉദ്യോഗസ്ഥര്‍ മൊഴികള്‍ രേഖപ്പെടുത്തിയത്. മെയ് 19-ന് 34 കുടുംബങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ആര്‍മൂര്‍ പോലീസ് ആദ്യം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പിന്നീട് അന്വേഷണം വിപുലീകരിച്ചതോടെയാണ് 518 പേരെ രക്ഷപ്പെടുത്താനായത്. സംഭവവുമായി ബന്ധപ്പെട്ട് ചൂള ഉടമകളായ കിരണ്‍ റെഡ്ഡി, തിരുപ്പതി റെഡ്ഡി, മല്ലികാര്‍ജുന്‍ റെഡ്ഡി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

പ്രതികള്‍ക്കെതിരെ ഭാരതീയ ന്യായ സംഹിതയുടെ സെക്ഷന്‍ 146 (കലാപമുണ്ടാക്കല്‍), 127(2) (അന്യായമായി തടങ്കലില്‍ വെക്കല്‍), 115(2) (മനഃപൂര്‍വ്വം പരിക്കേല്‍പ്പിക്കല്‍) എന്നിവയ്ക്കൊപ്പം ബോണ്ടഡ് ലേബര്‍ സിസ്റ്റം (അബോളിഷന്‍) ആക്ട് സെക്ഷന്‍ 16, ബാലവേല ആക്ട് സെക്ഷന്‍ 14, ജുവനൈല്‍ ജസ്റ്റിസ് ആക്ട് സെക്ഷന്‍ 79 തുടങ്ങി നിരവധി ശക്തമായ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. രക്ഷപ്പെടുത്തിയ കുടുംബങ്ങളെ സുരക്ഷിതമായി സ്വന്തം നാട്ടിലെത്തിക്കാന്‍ അന്തര്‍സംസ്ഥാന ഏകോപന ശ്രമങ്ങള്‍ നടന്നു വരികയാണെന്ന് അധികൃതര്‍ അറിയിച്ചു. ഇതിനോടകം തന്നെ വലിയൊരു വിഭാഗം കുടുംബങ്ങളെ ആന്ധ്രാപ്രദേശിലെ നെല്ലൂര്‍ ജില്ലയിലേക്ക് തിരിച്ചയച്ചിട്ടുണ്ട്.

English Summary: Authorities in Telangana’s Nizamabad district rescued 518 bonded labourers, including more than 200 children, from brick kilns in one of the largest rescue operations in recent years. Officials reported that many of the rescued workers were suffering from severe malnutrition, exhaustion, and other health complications. The victims, believed to be trafficked, belonged to Andhra Pradesh, Telangana, Tamil Nadu, and Odisha

Madism Digital
madismdigital.com