

ലോകം ഭീതിയോടെ ഹാന്റവൈറസ് രോഗബാധയെ നോക്കിക്കാണുമ്പോള്‍ ഇന്ത്യയിലും ആശങ്ക. അറ്റ്‌ലാന്റിക് സമുദ്രത്തില്‍ കുടുങ്ങിക്കിടക്കുന്ന 'എംവി ഹോണ്ടിയസ്' എന്ന ഡച്ച് വിനോദസഞ്ചാരക്കപ്പലിലെ 149 പേരില്‍ രണ്ട് ഇന്ത്യന്‍ ജീവനക്കാരും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. കപ്പലിലെ ജീവനക്കാരാണ് ഇവരെന്നാണ് കമ്പനി നല്‍കുന്ന വിവരം. ജീവനക്കാരുടെ പേരുകളോ ആരോഗ്യനിലയോ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
കപ്പലിലുണ്ടായ രോഗബാധയെ തുടര്‍ന്ന് ഇതുവരെ മൂന്ന് യാത്രക്കാര്‍ മരിച്ചതായും നിരവധി പേര്‍ നിരീക്ഷണത്തിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. യാത്രക്കാരില്‍ വൈറസ് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കപ്പല്‍ നിലവില്‍ ആഫ്രിക്കന്‍ രാജ്യമായ കേപ് വെര്‍ഡെയുടെ തീരത്തിന് സമീപം നങ്കൂരമിട്ടിരിക്കുകയാണ്. കപ്പലിലുള്ളവരുടെ രാജ്യം തിരിച്ചുള്ള പട്ടിക കമ്പനി പുറത്തുവിട്ടിട്ടുണ്ടെങ്കിലും, രോഗബാധിതരുടെ വിശദാംശങ്ങള്‍ പരിമിതമായ രീതിയിലാണ് പുറത്തുവിടുന്നത്. യുകെ, യു.എസ്, ജര്‍മനി, സ്‌പെയിന്‍ ഉള്‍പ്പെടെ 23 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരും ജീവനക്കാരുമാണ് കപ്പലിലുണ്ടായിരുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
മരിച്ചവരിൽ ഡച്ച് ദമ്പതികളും ജർമൻ പൗരനും
മരിച്ച മൂന്ന് പേരിൽ രണ്ട് പേർ നെതർലൻഡ്സിൽ നിന്നുള്ള ദമ്പതികളാണെന്നും മറ്റൊരാൾ ജർമൻ പൗരനാണെന്നും റിപ്പോർട്ടുകളുണ്ട്. ഗുരുതരാവസ്ഥയിലായിരുന്ന ഒരു രോഗിയെ വിദഗ്‌ധ ചികിത്സയ്ക്കായി മാറ്റിയതായും മറ്റ് യാത്രക്കാരും ജീവനക്കാരും മെഡിക്കൽ നിരീക്ഷണത്തിലാണെന്നും അധികൃതർ അറിയിച്ചു. രോഗബാധയുടെ വ്യാപനം നിയന്ത്രിക്കാൻ ആരോഗ്യസംഘങ്ങൾ അടിയന്തര നടപടികൾ ആരംഭിച്ചിട്ടുണ്ട്.
രോഗബാധ റിപ്പോർട്ട് ചെയ്തത് മെയ് രണ്ടിന്
ലോകാരോഗ്യ സംഘടനയുടെ വിവരമനുസരിച്ച്, മെയ് രണ്ടിനാണ് കപ്പലിൽ ആദ്യമായി ഹാന്റ വൈറസ് ബാധ റിപ്പോർട്ട് ചെയ്തത്. അർജന്റീനയിലും ചിലിയിലും നിന്നാണ് കപ്പൽ യാത്ര ആരംഭിച്ചത്. യാത്രക്കാർ കപ്പലിൽ കയറുന്നതിന് മുൻപ് തന്നെ രോഗബാധ ഉണ്ടായിരിക്കാമെന്നാണ് ആരോഗ്യവിദഗ്‌ധരുടെ പ്രാഥമിക നിഗമനം. വൈറസ് ബാധയുടെ ഉറവിടം കണ്ടെത്തുന്നതിനും രോഗവ്യാപന ശൃംഖല പരിശോധിക്കുന്നതിനുമായി അന്വേഷണം പുരോഗമിക്കുകയാണ്.
എന്താണ് ഹാന്റ വൈറസ്?
എലികൾ പോലുള്ള കാർന്നുതിന്നുന്ന ജീവികളുടെ മൂത്രം, ഉമിനീർ, വിസർജ്യം എന്നിവയിലൂടെ മനുഷ്യരിലേക്ക് പകരുന്ന അപൂർവ വൈറസ് രോഗമാണ് ഹാന്റ വൈറസ്. ബാധിച്ച ജീവികളുടെ വിസർജ്യങ്ങളിൽ നിന്നുള്ള സൂക്ഷ്മകണങ്ങൾ വായുവിലൂടെ ശ്വസിക്കുമ്പോഴും രോഗം പകരാം. പനി, ശരീരവേദന, ശ്വാസതടസം, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങളാണ് സാധാരണയായി കാണപ്പെടുന്നത്. ഗുരുതരാവസ്ഥയിൽ ശ്വാസകോശത്തെയും ഹൃദയത്തെയും ബാധിക്കാൻ സാധ്യതയുണ്ട്. കപ്പലിലെ രോഗബാധയ്ക്ക് കാരണം ‘ആൻഡീസ് വൈറസ്’ എന്ന വകഭേദമാണെന്നാണ് കരുതുന്നത്. അപൂർവ സാഹചര്യങ്ങളിൽ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും ഈ വൈറസ് പകരാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യവിദഗ്‌ധർ പറയുന്നത്.
യാത്രക്കാരുടെ ഗുരുതര ആരോപണം
ആദ്യ മരണം റിപ്പോർട്ട് ചെയ്ത ശേഷവും കപ്പലിൽ മതിയായ സുരക്ഷാ നടപടികൾ സ്വീകരിച്ചില്ലെന്നാണ് യാത്രക്കാരുടെ ആരോപണം. 12 ദിവസത്തോളം ഐസൊലേഷൻ നടപടികളില്ലാതെ വിനോദപരിപാടികളും കൂട്ടഭക്ഷണ വിതരണവും സാധാരണ പോലെ നടന്നുവെന്നാണ് ചിലർ ആരോപിക്കുന്നത്. ആദ്യ മരണം “സ്വാഭാവിക മരണം” ആണെന്നാണ് അധികൃതർ യാത്രക്കാരെ അറിയിച്ചതെന്നും പിന്നീട് മാത്രമാണ് വൈറസ് ബാധയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നതെന്നും റിപ്പോർട്ടുകളുണ്ട്.
വിവിധ തുറമുഖങ്ങളിൽ ഇറങ്ങിയവരെ കണ്ടെത്താൻ ശ്രമം
കപ്പൽ യാത്രയ്ക്കിടെ വിവിധ തുറമുഖങ്ങളിൽ ഇറങ്ങിയ യാത്രക്കാരെ കണ്ടെത്താനുള്ള ശ്രമവും ആരോഗ്യ അധികൃതർ ആരംഭിച്ചിട്ടുണ്ട്. രോഗബാധ കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിക്കാതിരിക്കാൻ നിരീക്ഷണവും പരിശോധനയും ശക്തമാക്കിയിട്ടുണ്ട്. നിലവിൽ കേപ് വെർഡെ തീരത്ത് നിരീക്ഷണത്തിൽ തുടരുന്ന കപ്പലിന്റെ സ്ഥിതി അന്താരാഷ്ട്ര ആരോഗ്യ ഏജൻസികൾ അടുത്തതായി നിരീക്ഷിച്ചുവരികയാണ്.
English Summary: A hantavirus outbreak aboard the Dutch cruise ship MV Hondius in the Atlantic Ocean has caused three deaths and raised global health concerns. Two Indian crew members are reportedly on board while several passengers remain under medical observation near Cape Verde.